കുടുംബത്തെയും ശ്രദ്ധിക്കുക

ശമീര്‍ മദീനി

2018 ഫെബ്രുവരി 10 1439 ജുമാദില്‍ ഊല 24
''സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ച കാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും'' (ക്വുര്‍ആന്‍ 66:6).

നമ്മള്‍ കുടുംബമായി കഴിയുന്നവരാണ്. ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ തുടങ്ങി പലരുമുണ്ടാകും വീട്ടില്‍. നമ്മെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കു വേണ്ടി നാം അധ്വാനിക്കുന്നു. അവരുടെ പലവിധ ആവശ്യങ്ങള്‍ക്കു വേണ്ടി പണം കണ്ടെത്തുവാന്‍ നാം പാടുപെടുന്നു; കടം വാങ്ങിയിട്ടും ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നു. കാരണം നാം അവരെ സ്‌നേഹിക്കുന്നു. അല്ലാഹു നമ്മെ ഏല്‍പിച്ച ഉത്തരവാദിത്തം കൂടിയാണത്. അതില്‍ വീഴ്ച വരുത്തുന്നത് കുറ്റകരമാണെന്ന് മുഹമ്മദ് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.

ഈ സ്‌നേഹവും ഉത്തരവാദിത്ത ബോധവും ആത്മാര്‍ഥവും സത്യസന്ധവുമാണെങ്കില്‍ വേറെ ചില കാര്യങ്ങളും നാം ശ്രദ്ധിക്കേണ്ടതുണ്ട്. സ്രഷ്ടാവിന്റെ നിയമ ശാസനകള്‍ അംഗീകരിക്കുവാനും അനുസരിക്കുവാനും അവരെ പരിശീലിപ്പിക്കുകയും പാകപ്പെടുത്തുകയും വേണം. ആരാധനകളുടെയും സ്വഭാവ-പെരുമാറ്റങ്ങളുടെയും സംസാരങ്ങളുടെയും കൂട്ടുകെട്ടുകളുടെയും വസ്ത്രധാരണത്തിന്റെയുമെല്ലാം കാര്യത്തില്‍ നമുക്ക് അവരെ ശ്രദ്ധിക്കുവാനും നേരെ നയിക്കുവാനും കഴിയണം. സ്‌നേഹവും വാത്സല്യവുമൊന്നും അതിന് തടസ്സമാവരുത്. നമുക്ക് അവരോടുള്ളത് യഥാര്‍ഥ സ്‌നേഹമാണെങ്കില്‍ അവര്‍ നരകത്തില്‍ പ്രവേശിക്കുന്നത് നാം ഇഷ്ടപ്പെടുമോ? അതാണ് ഉപരിസൂചിത ക്വുര്‍ആന്‍ വചനത്തില്‍ സൂചിപ്പിക്കുന്നത്.

ഏഴ് വയസ്സു മുതല്‍ മക്കളോട് നമസ്‌കരിക്കുവാന്‍ കല്‍പിക്കണമൈന്നും പത്തു വയസ്സായിട്ടും അതിനവര്‍ പാകപ്പെട്ടിട്ടില്ലെങ്കില്‍ അടിക്കണമെന്നും നബി(സ്വ)യുടെ ഉപദേശങ്ങളില്‍ കാണാം. (അഹ്മദ്, അബൂദാവൂദ്). തലോടുന്ന കരങ്ങള്‍ക്ക് ഗുണകാംക്ഷയോടെ തല്ലാനും അവകാശമുണ്ടെന്നര്‍ഥം.

''നിന്റെ കുടുംബത്തോട് നീ നമസ്‌കരിക്കാന്‍ കല്‍പിക്കുകയും, അതില്‍ (നമസ്‌കാരത്തില്‍) നീ ക്ഷമാപൂര്‍വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്. ധര്‍മനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം'' (ക്വുര്‍ആന്‍ 20:13).

ഭാര്യയും മക്കളും ആവശ്യപ്പെടുന്നതും സെലക്ട് ചെയ്യുന്നതുമായ വസ്ത്രങ്ങളെല്ലാം വാങ്ങിക്കൊടുക്കാന്‍ പാടുണ്ടോ എന്നാലോചിക്കണം. സ്രഷ്ടാവായ അല്ലാഹുവിനെ ധിക്കരിക്കുന്ന വിധത്തില്‍ ഒരു സൃഷ്ടിയെയും നാം അനുസരിക്കുകയോ പ്രീതിപ്പെടുത്തുകയോ ചെയ്യാന്‍ പാടില്ല.

മൂന്ന് വിഭാഗമാളുകള്‍ സ്വര്‍ഗത്തില്‍ കടക്കുകയില്ലെന്ന് നബി(സ്വ) അറിയിച്ചു. മദ്യപാനി, മാതാപിതാക്കളെ ഉപദ്രവിക്കുന്നവര്‍, കുടുംബത്തില്‍ വൃത്തികേടുകള്‍ വകവെച്ചുകൊടുക്കുന്നവര്‍ (ദയ്യൂഥ്) എന്നിവരാണ് അവര്‍.

ചെറിയ കുട്ടികളെ സ്‌നേഹിക്കുകയും ലാളിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ തന്നെ അവരില്‍ തെറ്റുകള്‍ കണ്ടാല്‍ ഗുണദോഷിക്കുവാനും നമുക്ക് സാധിക്കണം. 'അവര്‍ കുട്ടികളല്ലേ' എന്ന് പറഞ്ഞ് അവയ്ക്കു നേരെ കണ്ണു ചിമ്മി  തെറ്റുകളെ നിസ്സാരവത്കരിക്കരുത്. നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും ജീവിതത്തില്‍  സ്‌നേഹനിധികളായ മക്കളെ പരിശീലിപ്പിക്കുകയും തെറ്റുകള്‍ തിരുത്തുകയും ചെയ്ത നിരവധി സംഭവങ്ങള്‍ കാണാം.

നബി(സ്വ)യുടെ പേരക്കുട്ടിയായ ഹസന്‍(റ) സകാത്തിന്റെ കാരക്കയില്‍നിന്നും എടുത്ത് ഭക്ഷിക്കാനൊരുങ്ങുന്നത് കണ്ട പ്രവാചകന് ﷺ ഓടിച്ചെന്ന് തടയുകയും ഉപദേശിക്കുകയും ചെയ്തത് (ബുഖാരി, മുസ്‌ലിം) ഒരു ഉദാഹരണം മാത്രം.

നമുക്ക് അവരോടൊപ്പം സ്വര്‍ഗത്തില്‍ സമ്മേളിക്കണമെങ്കില്‍ റബ്ബിന്റെ വിധിവിലക്കുകള്‍ പാലിക്കുന്ന വിഷയത്തിലും അവരെ നാം ശ്രദ്ധിക്കേണ്ടതുണ്ട്.