വിജയം കൈവരിക്കാന്‍...

ശമീര്‍ മദീനി

2018 മെയ് 12 1439 ശഅബാന്‍ 26
''സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവുകാണിക്കുകയും പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം''  (ക്വുര്‍ആന്‍ 3:200) 

ബന്ധപ്പെടുന്ന എല്ലാ മേഖലകൡലും വിജയവും നേട്ടവും കൈവരിക്കാന്‍ നാം ആഗ്രഹിക്കുന്നു. കച്ചവടത്തിലും ജോലിസ്ഥലത്തും പഠനത്തിലും കുടുംബജീവിതത്തിലും എന്നു വേണ്ട, ഇഹത്തിലും പരത്തിലും നമുക്ക് വിജയമാണ് ലക്ഷ്യം. പരാജയം നാം ഇഷ്ടപ്പെടുന്നില്ല. എങ്കില്‍ അടിസ്ഥാനപരമായി നമ്മില്‍ ഉണ്ടായിരിക്കേണ്ട ഒരു സദ്ഗുണമാണ് മനസ്സിനെ പതറാതെ നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കുകയെന്നത്. 

സഹനമെന്നും ക്ഷമയെന്നുമൊക്കെ പറയുന്ന പ്രസ്തുത സ്വഭാവഗുണത്തെ വിശുദ്ധ ക്വുര്‍ആന്‍ വളരെ പ്രാധാന്യത്തോടെ പലവുരു പരാമര്‍ശിച്ചിട്ടുണ്ട്. ക്ഷമിക്കുവാനും അതുമുഖേന ദൈവിക സഹായം തേടുവാനും ക്വുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്തുവാന്‍ ശേഷിയുള്ള ക്ഷമാശീലര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നുണ്ട്. അവരെ അല്ലാഹു പ്രത്യേകം ഇഷ്ടപ്പെടുന്നുവെന്നും അവരുടെ സഹായിയായി അല്ലാഹു അവരോടൊപ്പമുണ്ടെന്നും അത്തരം സഹനശീലര്‍ക്കു മഹത്തായ പ്രതിഫലമാണുള്ളതെന്നുമൊക്കെ ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്.

പ്രധാനമായും മൂന്ന് തലങ്ങളിലാണ് ഈ നിയന്ത്രണവും സഹനവുമൊക്കെ അനിവാര്യമാകുന്നത്. 

1. ദൈവവിധിയില്‍ സമാധാനിക്കുക. നാം ആഗ്രഹിക്കുന്ന പോലെ കാര്യങ്ങള്‍ നടന്നുകൊള്ളണമെന്നില്ല. കച്ചവടത്തിലും ജോലിസ്ഥലത്തും പഠനസ്ഥലത്തും  വിവാഹജീവിതത്തിലുമൊക്കെ നാം ആഗ്രഹിക്കാത്തതും ഇഷ്ടപ്പെടാത്തതും സംഭവിക്കാം. അതില്‍ നിരാശരായി ജീവിതം സ്വയം നശിപ്പിക്കാതെ മനസ്സിനെ നിയന്ത്രിച്ച് പക്വതയുടെ പാത തെരഞ്ഞെടുക്കുകയാണ് വിജയമാഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. മദ്യവും മയക്കുമരുന്നും ആത്മഹത്യയും ഒന്നും ശരിയായ പരിഹാരമല്ല. ആപത്തുകളോ നഷ്ടങ്ങളോ രോഗങ്ങളോ ബാധിക്കുമ്പോഴും ദൈവവിധിക്ക് കീഴ്‌പെടേണ്ടവരാണ് നമ്മള്‍ എന്ന തിരിച്ചറിവ് ഇല്ലാതെ പോകുമ്പോള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്നവരുടെയും ആത്മഹത്യയിലേക്ക് എടുത്തുചാടുന്നവരുടെയും സംഖ്യ വര്‍ധിക്കുന്നതായി പത്ര റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവിടെയാണ് ക്വുര്‍ആനിന്റെ ഉദ്‌ബോധനം പ്രസക്തമാവുന്നത്.

'''ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും (യഥാര്‍ഥത്തില്‍)അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാര്‍ഥത്തില്‍) അത് നിങ്ങള്‍ക്ക് ദോഷകരമായിരിക്കുകയും ചെയ്‌തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല'' (2:216).

അക്ഷമരായി എടുത്തുചാടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചിലപ്പോള്‍ അബദ്ധം തിരിച്ചറിഞ്ഞ് തിരുത്തുവാന്‍ പോലും ഒരുപക്ഷേ സാധിച്ചെന്ന് വരില്ല. ഇത് പരിഗണിച്ച് ബോധപൂര്‍വം പ്രവര്‍ത്തിച്ചവര്‍ക്കേ ചരിത്രത്തില്‍ വിജയമുണ്ടായിട്ടുള്ളൂ.

2. തിന്മയിലേക്ക് കുതറിയോടുവാന്‍ വെമ്പല്‍ കൊള്ളുന്ന മനസ്സിനെ കടിഞ്ഞാണിട്ട് തടഞ്ഞു നിര്‍ത്താവാനുള്ള ശേഷിയും സഹനവും. തിന്മയിലേക്കും അധര്‍മത്തിലേക്കും നമ്മെ മാടിവിളിക്കുന്ന നിരവധി സാഹചര്യങ്ങളും പ്രേരകങ്ങളുമുണ്ടാവും നമുക്കുചുറ്റും. അവയെ ശക്തമായി എതിര്‍ത്തു തോല്‍പിക്കുവാന്‍ ക്ഷമാശീലര്‍ക്കല്ലാതെ സാധിക്കുകയില്ല.

3. നന്മയിലേക്ക് കടന്നുചെല്ലുവാനും നന്മയുടെ വാഹകരാകുവാനും ആഗ്രഹമുണ്ടായാലും നിരവധി പ്രതിബന്ധങ്ങള്‍ ഉണ്ടായേക്കാം. കൈക്കൂലി വാങ്ങുവാനും തട്ടിപ്പിനും വെട്ടിപ്പിനും അഴിമതിക്കും അക്രമത്തിനും കൂട്ടുനില്‍ക്കുവാനുമൊക്കെ പ്രേരിപ്പിക്കുന്ന സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമൊക്കെ നന്മയുടെ പാതയിലെ മുള്‍ക്കെട്ടുകളാണ്. അവയെ തരണം ചെയ്ത് ദൈവഹിതത്തിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തണമെങ്കില്‍ കേവല ആദര്‍ശവാദിയായാല്‍ പോരാ; ശക്തമായ ക്ഷമയും സഹനവും അനിവാര്യമാണ്. അതാണ് ക്വുര്‍ആന്‍ പറഞ്ഞത്; ക്ഷമിക്കുകയും ക്ഷമയില്‍ മികവ് കാണിക്കുകയും ചെയ്ത് അല്ലാഹുവിനെ സൂക്ഷിച്ച് ജീവിച്ചാല്‍ വിജയം കൈവരിക്കാമെന്ന്.