ദൈവിക ദൃഷ്ടാന്തങ്ങള്‍

ശമീര്‍ മദീനി

2018 ജനുവരി 27 1439 ജുമാദില്‍ ഊല 10
''തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അക്വ്‌സ്വായിലേക്ക്-അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു-നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ'' (ക്വുര്‍ആന്‍ 17:1)

മാനവ സമൂഹത്തിന് ദൈവിക മാര്‍ഗദര്‍ശനവുമായി കടന്നുവന്ന പ്രവാചകന്മാരുടെ ജീവിതത്തില്‍പല അത്ഭുത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അവരുടെ പ്രവാചകത്വത്തിനുള്ള തെളിവും അവര്‍ക്കുള്ള ആശ്വാസവും സാന്ത്വനവും ഒെക്കയായിരുന്നു അവ. മൂസാനബി(അ)യുടെ വടി പാമ്പായി മാറിയതും ഈസാനബി(അ) കുട്ടിയായിരിക്കെ തന്റെ മാതാവിന്റെ ചാരിത്രശുദ്ധിയില്‍ സംശയിച്ചവര്‍ക്ക് തൊട്ടിലില്‍ കിടന്ന് മറുപടി പറഞ്ഞതും മറ്റും ക്വുര്‍ആനിലൂടെ അല്ലാഹു എടുത്തു പറഞ്ഞിട്ടുള്ളതാണ്. (20:17-23, 5:110 എന്നീ വചനങ്ങള്‍ കാണുക).

ഇപ്രകാരം അന്തിമദൂതനായ മുഹമ്മദ് നബി ﷺ യിലൂടെയും ധാരാളം അത്ഭുത ദൃഷ്ടാന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ പെട്ടതാണ് ഇസ്‌റാഉം മിഅ്‌റാജും അഥവാ രാപ്രയാണവും ആകാശാരോഹണവും. 

ഒരു രാത്രിയില്‍ മക്കയില്‍ നിന്നും അക്കാലത്ത് ഒരു മാസം വഴിദൂരമുള്ള ബൈത്തുല്‍ മുഖദ്ദസിലേക്കും, അവിടെ നിന്ന് ആകാശത്തേക്കും അല്ലാഹു നബി ﷺ യെ കൊണ്ടുപോവുകയും അത്ഭുതക്കാഴ്ചകള്‍ കാണിച്ചു കൊടുക്കുകയും ചെയ്തു. ഈ രണ്ടു യാത്രകളില്‍ ഒന്നാമത്തെത് ഇസ്‌റാഅ് എന്നും രണ്ടാമത്തെത് മിഅ്‌റാജ് എന്നും അറിയപ്പെടുന്നു. മക്കയിലെ ശത്രു പീഡനങ്ങളും ഉപരോധങ്ങളും തീര്‍ത്ത പരീക്ഷണങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടയില്‍ നബി ﷺ യുടെ സഹായികളും സാന്ത്വനവുമായിരുന്ന പിതൃവ്യനായ അബൂത്വാലിബും പ്രിയ സഖി ഖദീജയും വിടപറഞ്ഞ ദുഃഖത്തിന്റെ ദിനങ്ങള്‍ക്കിടയില്‍ ഒരു ആശ്വാസത്തിന്റെ തലോടല്‍ കൂടിയായിരുന്നു ഈ വാനയാത്രയും രാപ്രയാണവും.

ഇത്തരം മുഅ്ജിസത്തുകള്‍ അല്ലാഹു പ്രാചകന്മാര്‍ക്ക് സ്വതന്ത്രമായി വിട്ടുകൊടുത്ത കഴിവുകളല്ല. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അവന്‍ നിശ്ചയിക്കുന്ന വിധത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ദൃഷ്ടാന്തങ്ങളാണവ. അല്ലാഹു പറയുന്നു: 

''...ഒരു ദൂതന്നും അല്ലാഹുവിന്റെ അനുമതിയോട് കൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല...'' (ക്വുര്‍ആന്‍ 13:38).  

''...യാതൊരു ദൂതന്നും അല്ലാഹുവിന്റെ അനുമതിയോട് കൂടിയല്ലാതെ ഒരു ദൃഷ്ടാന്തം കൊണ്ടു വരാനാവില്ല...'' (ക്വുര്‍ആന്‍ 40:78).

ഇത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിക്കലും പുച്ഛിക്കലും കുഫ്ര്‍(സത്യനിഷേധം) ആണ്. നബി ﷺ യും സ്വഹാബത്തും അടക്കമുള്ള സച്ചരിതരായ മുന്‍ഗാമികളുടെ പാതക്കെതിരുമാണത്. അപ്രകാരം തന്നെ ഇത്തരം അത്ഭുത ദൃഷ്ടാന്തങ്ങളുടെ പേരില്‍ ആഘോഷങ്ങളും ആചാരങ്ങളും സംഘടിപ്പിക്കുന്നതും ആ മഹത്തുക്കളോട് സഹായാര്‍ഥന നടത്തുന്നതും ഇസ്‌ലാം പഠിപ്പിച്ച വിശ്വാസാദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണ്. 

ഇസ്‌റാഇന്റെയും മിഅ്‌റാജിന്റെയും സംഭവ്യതയില്‍ സംശയിച്ചവര്‍ക്ക് ശക്തമായ മറുപടി നല്‍കിയ അബൂബക്ര്‍ സ്വിദ്ദീഖ്(റ) അതിനെ അടിസ്ഥാനപ്പെടുത്തി വിപല്‍ഘട്ടങ്ങളില്‍ പ്രവാചകനോട് സഹായം തേടിയ ഒരു രംഗവും നമുക്ക് കാണാനാവില്ല. അല്ലാഹു തൃപ്തിപ്പെട്ട വിശുദ്ധരും സച്ചരിതരുമായ പൂര്‍വസൂരികളാണ് നമുക്ക് മാതൃകയാവേണ്ടത്.  അല്ലാഹു പറയുന്നു: 

''മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം'' (ക്വുര്‍ആന്‍ 9:100).