മുന്നൊരുക്കം നടത്തുക

അബൂ ഇഹ്‌സാന

2018 ഡിസംബര്‍ 01 1440 റബീഉല്‍ അവ്വല്‍ 23

രാപകലുകള്‍ മാറിവരുന്നതിനനുസരിച്ച് നാം കാത്തിരിക്കുന്ന നാളെകളും മറ്റന്നാളുകളും യാത്രപറഞ്ഞുകൊണ്ടിരിക്കുന്നു. അവ ഇന്നലെകളായി മാറുന്നു. എന്നാല്‍ ഈ നാളെകളെക്കാളെല്ലാം കരുതിയിയിരിക്കേണ്ടതും ഈ നാളെകളിലേക്ക് കരുതിവെക്കുന്നതിനെക്കാള്‍ കരുതിവെക്കേണ്ടതുമായ മറ്റൊരു നാളെയെ നമുക്ക് അഭിമുഖീകരിക്കാനുണ്ട്. അതാണ് മരണാനന്തര ജീവിതം. അതാണ് യഥാര്‍ഥ നാളെ. അന്നേക്ക് വേണ്ടി സല്‍കര്‍മങ്ങള്‍ മുന്‍കൂട്ടി ചെയ്തുവെക്കാനാണ് അല്ലാഹു നമ്മോട് കല്‍പിക്കുന്നത്. 

മരണാനന്തരമുള്ള നാളേക്ക് ഒരുക്കി വെക്കേണ്ടത് അവിടെ ഉപകരിക്കുന്നത് മാത്രമാണ്. ഇന്ന് വിദ്യഭ്യാസം നേടുന്നത് ജീവിതാവസാനംവരെ അത്‌കൊണ്ട് ഉപകാരം ലഭിക്കുവാനാണ്. വീടുവെക്കുന്നതും സമ്പാദിക്കുന്നതും അധ്വാനിക്കുന്നതുമെല്ലാം മരണം വരെ ഉപകരിക്കുവാനാണ്. വീടും പറമ്പും ധനവുമൊക്കെ നമ്മുടെ കാലശേഷം മക്കള്‍ക്കും ഉപകരിക്കണം എന്ന് നാം ആഗ്രഹിക്കുന്നു. എത്ര സമ്പാദ്യമുണ്ടെങ്കിലും ക്വബ്‌റിലേക്ക് അതുമായി ആരും പോകാറില്ല. അപ്പോള്‍ മരണശേഷവും കൂടെ കൊണ്ടുപോകാന്‍ ഉതകുന്നതിലേക്കായിരിക്കണം സത്യവിശ്വാസി കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത്. 

 അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി പറഞ്ഞു: ''ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ മൂന്നെണ്ണം ഒഴികെ മറ്റെല്ലാം മുറിഞ്ഞു പോകുന്നതാണ്. നിലനില്‍ക്കുന്ന ദാനം, ഉപകാരപ്പെട്ട വിജ്ഞാനം, തനിക്കുവേണ്ടി പ്രാര്‍ഥിക്കുന്ന നല്ല സന്താനം'' (മുസ്‌ലിം).

മരണശേഷവും നമുക്ക് ഉപകരിച്ചുകൊണ്ടിരിക്കുന്ന മൂന്ന് കാര്യങ്ങളില്‍ ഒന്ന് നിലനില്‍ക്കുന്ന ദാനമാണ്. ദാനം ചെയ്തവരുടെ മരണശേഷവും ദാനത്തിന്റെ ഫലം അനുഭവിക്കാന്‍ ജീവിച്ചിരിക്കുന്നവര്‍ കഴിയുമാറാകുന്ന ദാനം.  

അറിവ് മനുഷ്യന്റെ അമൂല്യ സമ്പത്താണ്. ആര്‍ജിച്ച അറിവ് സ്വന്തം വരുമാനമാര്‍ഗമായി മാത്രം ഉപയോഗപ്പെടുത്തിയാല്‍ പോരാ, സമൂഹത്തിനും അത് ഉപകാരപ്പെടണം. മതപരമായ അറിവ് നേടിയവന്‍ അതനുസരിച്ച് ജീവിക്കണം. ആ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കണം. ''അല്ലാഹുവേ, ഉപകാരം ചെയ്യാത്ത വിജ്ഞാനത്തെ തൊട്ട് നിന്നോട് ഞാന്‍ രക്ഷതേടുന്നു'' എന്ന് നബിﷺ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. നമ്മില്‍ നിന്ന് അറിവ് നേടിയവര്‍ അതിന്റെ വെളിച്ചത്തില്‍ ജീവിക്കുന്ന കാലത്തോളം അതിന്റെ ഫലം നമുക്ക് ലഭിച്ചുകൊണ്ടിരിക്കും. 

മൂന്നാമത്തെത് നല്ല സന്താനങ്ങളാണ്. സന്താനങ്ങളുടെ സുരക്ഷിതത്വത്തിനുവേണ്ടി സമ്പാദിക്കുകയും അവര്‍ക്ക് വിദ്യാഭ്യാസവും മറ്റു സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുവാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു ഓരോ രക്ഷിതാവും. എന്നാല്‍ തന്റെ മരണാനന്തരം തനിക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ കഴിയുന്നവിധം  സന്താനങ്ങളെ നാമിന്ന് വളര്‍ത്തിയെടുക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് ഉപകാരപ്പെടും.

ജീവിച്ചിരിക്കുന്ന കാലത്ത് നമ്മില്‍ അര്‍പ്പിതമായ ബാധ്യതകള്‍ കഴിയുന്നത്ര ചെയ്തുതീര്‍ക്കുവാന്‍ നാം ശ്രദ്ധിച്ചേ തീരൂ. ഇസ്‌ലാം പഠിപ്പിക്കുന്ന എല്ലാ നന്മകളും നാളേക്ക് ഉപകാരപ്പെടുന്ന സമ്പാദ്യമാണ് എന്ന തിരിച്ചറിവവോടെ ജീവിക്കുക.