നോമ്പ് ദേഹേച്ഛകള്‍ക്കുള്ള കടിഞ്ഞാണ്‍

ശമീര്‍ മദീനി

2018 മെയ് 26 1439 റമദാന്‍ 10
''ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്...'' (വിശുദ്ധ ക്വുര്‍ആന്‍ 2:185)

മനുഷ്യര്‍ ചെയ്തുകൂട്ടുന്ന അതിക്രമങ്ങളില്‍ ഒട്ടുമിക്കതിന്റെയും മൂലകാരണം ശരീരത്തിന്റെയും മനസ്സിന്റെയും ഇച്ഛയ്ക്കനുസരിച്ചുള്ള ജീവിതമാണ്. കൊള്ള, കൊല, പിടിച്ചുപറി, വ്യഭിചാരം തുടങ്ങിയവയെല്ലാം അതില്‍പെടുന്നു. മനസ്സിനെയും ശരീരത്തെയും നിയന്ത്രിച്ചു കൊണ്ടുപോകുവാന്‍ സാധിക്കുന്നവര്‍ക്കേ വിജയം കരസ്ഥമാക്കുവാന്‍ സാധിക്കൂ എന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനം. അതിനാല്‍ ദേഹേച്ഛയ്ക്ക് അടിമപ്പെടുന്നതിനെ ക്വുര്‍ആനും നബി ﷺ യുടെ വചനങ്ങളും ശക്തമായി അധിക്ഷേപിക്കുന്നുണ്ട്: ''തന്റെ തന്നിഷ്ടത്തെ (ദേഹേച്ഛയെ) ദൈവമാക്കിയവനെ നീ കണ്ടുവോ?'' (ക്വുര്‍ആന്‍ 25: 43; 45:23).

സത്യം സ്വീകരിക്കുന്നതിന് ദേഹേച്ഛ തടസ്സമായി നില്‍ക്കുമെന്ന യാഥാര്‍ഥ്യം ക്വുര്‍ആന്‍ ഉണര്‍ത്തിയിട്ടുണ്ട്: ''ഇനി നിനക്ക് അവര്‍ ഉത്തരം നല്‍കിയില്ലെങ്കില്‍ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവര്‍ പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക. അല്ലാഹവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടര്‍ന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്?...''(ക്വുര്‍ആന്‍ 28:50).

നബി ﷺ  പറയുന്നു: ''നരകം ദേഹേച്ഛ കൊണ്ടും സ്വര്‍ഗം മനുഷ്യന് അനിഷ്ടകരമായ കാര്യങ്ങള്‍  കൊണ്ടും മറയ്ക്കപ്പെട്ടിരിക്കുന്നു'' (ബുഖാരി, മുസ്‌ലിം).

ദേഹേച്ഛയ്ക്ക് അടിമപ്പെടുന്നവന്‍ ആ മറ നീക്കി നരകത്തിലേക്കും ദൈവകല്‍പനകള്‍ തനിക്ക് അനിഷ്ടകരമാണെങ്കിലും അനുസരിക്കുന്നവന്‍ ആ മറ നീക്കി സ്വര്‍ഗത്തിലേക്കും എത്തുമെന്നര്‍ഥം. 

ദേഹത്തെയും ദേഹിയെയും ഒരുപോലെ മെരുക്കിയെടുക്കാന്‍ പര്യാപ്തമാണ് റമദാനിലെ വ്രതാനുഷ്ഠാനം. മറ്റു സമയങ്ങളില്‍ അനുവദനീയമായ അന്നപാനീയങ്ങളും മറ്റും ലഭ്യമായിട്ടും വിശപ്പും ദാഹവും സഹിച്ച് അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് അത് വേണ്ടെന്നു വെക്കുന്നു. പകല്‍സമയം ഇണ അടുത്തുണ്ടായിട്ടും ലൈംഗിക വികാര-വിചാരങ്ങളെ അകറ്റി നിര്‍ത്തുന്നു. ഇപ്രകാരം നാവും കണ്ണും കാതും എന്നുവേണ്ട സര്‍വ അവയവങ്ങള്‍ക്കും ഈ കടിഞ്ഞാണ്‍ ബാധകമാണെന്നര്‍ഥം. ശരീരത്തെയും മനസ്സിനെയും ഇപ്രകാരം നോമ്പിലൂടെ മെരുക്കിയെടുക്കുന്ന വിശ്വാസികള്‍ക്ക് ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങള്‍ നിഷ്പ്രയാസം വര്‍ജിക്കുവാനുള്ള കരുത്ത് ലഭിക്കും. വ്രതത്തിലൂടെ നേടിയെടുക്കുന്ന സൂക്ഷ്മതാബോധ(തഖ്‌വ)ത്തിന്റെയും സഹനശീല(സ്വബ്ര്‍)ത്തിന്റെയും താല്‍പര്യവും ഇതാണ്. 

പക്ഷേ, നോമ്പിന്റെ ഈ ലക്ഷ്യം വിസ്മരിച്ചുകൊണ്ട് നോമ്പെടുക്കുന്നവര്‍ക്ക് റമദാന്‍ വ്രതത്തിലൂടെ കാര്യമായ ഫലങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കാതെ വരും. പതിറ്റാണ്ടുകളായി വ്രതമനുഷ്ഠിച്ചിട്ടും ദേഹേച്ഛയ്ക്കടിമപ്പെട്ടുകൊണ്ട് പുകവലിപോലുള്ളവ തുടരുന്നവര്‍ക്ക് ദേഹേച്ഛയുടെ അടിമത്തത്തില്‍ നിന്ന് വ്രതവിശുദ്ധിയിലൂടെ മോചിതരാവാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്. നിസ്സാര കാര്യങ്ങള്‍ക്കായി കോപാകുലരായി എടുത്തുചാടുന്ന നോമ്പുകാരനും നോമ്പിന്റെ ലക്ഷ്യം വിസ്മരിക്കുകയാണ് ചെയ്യുന്നത്. ''മല്‍പിടുത്തം കൊണ്ടല്ല ഒരാള്‍ ശക്തനാവുന്നത്. പ്രത്യുത കോപം വരുമ്പോള്‍ സ്വന്തത്തെ നിയന്ത്രിച്ച് നിറുത്തുന്നവനാണ് യഥാര്‍ഥ ശക്തന്‍'' (ബുഖാരി) എന്നാണ് നബി ﷺ  പഠിപ്പിച്ചത്.

റമദാനിലെ പകല്‍സമയം ഉറങ്ങിത്തീര്‍ക്കുന്നവരും ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. നബി ﷺ  റമദാനില്‍ നിതാന്ത ജാ്രഗതയോെട സല്‍കര്‍മങ്ങളില്‍ വ്യാപൃനാകുമായിരുന്നു. ക്വുര്‍ആന്‍ പാരായണത്തിലൂെടയും ദാന ധര്‍മങ്ങളിലൂെടയും രാത്രിനമസ്‌കാരങ്ങളിലൂടെയുമൊക്കെ വിശുദ്ധി കൈവരിക്കാന്‍ പരമാവധി പരിശ്രമിക്കേണ്ടതുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ചുപോയ തെറ്റുകുറ്റങ്ങള്‍ രക്ഷിതാവിനോട് ഏറ്റ് പറഞ്ഞുകൊണ്ട് പാപക്കറകള്‍ കഴുകിക്കളഞ്ഞ് സ്ഫുടം ചെയ്‌തെടുക്കുന്ന ഒരു മനസ്സിന്റെ ഉടമയാകുവാന്‍ ശ്രമിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുക. സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ!