ഹൃദയവിശാലതയുടെ രണ്ടു തലങ്ങള്‍

ശമീര്‍ മദീനി

2018 മാര്‍ച്ച് 31 1439 റജബ് 13
''ഏതൊരാളെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്റെ ഹൃദയത്തെ ഇസ്‌ലാമിലേക്ക് അവന്‍ തുറന്നുകൊടുക്കുന്നതാണ്. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത് പോലെ. വിശ്വസിക്കാത്തവരുടെ മേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു'' (ക്വുര്‍ആന്‍ 6:125).

വിശാലമനസ്‌കത ഏറെ ഉല്‍കൃഷ്ടമായ ഗുണമാണ്. കൊലയും ചതിയുമൊക്കെ ചെയ്തവര്‍ക്കും അപവാദം പ്രചരിപ്പിച്ചവര്‍ക്കുമൊക്കെ മാപ്പുനല്‍കാന്‍ സാധിക്കല്‍ ചില്ലറ കാര്യമല്ല. അല്ലാഹുവിന്റെ മാപ്പും പൊറുക്കലും കാംക്ഷിച്ചുകൊണ്ട് മിസ്തഹ്(റ)ന് അബൂബക്ര്‍(റ) മാപ്പുകൊടുത്തതും തനിക്കെതിരെ അനവധി ക്രൂരതകള്‍ കാട്ടിയ ക്വുറൈശി പ്രമാണിമാര്‍ക്ക് മക്കാവിജയ നാളില്‍ നബി ﷺ  മാപ്പുകൊടുത്തതുമൊക്കെ ഇതിന്റെ ചില ഉദാഹരണങ്ങളാണ്.

ഭാര്യ, മക്കള്‍, അയല്‍വാസികള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി നാമുമായി ഇടപഴകുന്നവരുമായി നല്ലബന്ധം നിലനിര്‍ത്തണമെങ്കില്‍ ഈ ഗുണം അനിവാര്യമാണ്. വിശിഷ്യാ മതപ്രബോധകര്‍ക്കും പ്രവര്‍ത്തകര്‍ക്കും.

''നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക'' (ക്വുര്‍ആന്‍ 7:199).

മുഹമ്മദ് നബി ﷺ ക്ക് അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹമായി ഹൃദയവിശാലതയെ ക്വുര്‍ആന്‍ പലവുരു എടുത്തുകാട്ടിയിട്ടുണ്ട്. ശത്രുക്കളുടെ മനസ്സുകളെ പോലും കീഴടക്കാന്‍ നബി ﷺ ക്ക് സാധിച്ചത് അതുകൊണ്ടാണ്.

''(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക...'' (3:159).

ഹൃദയവിശാലതയുടെ മറ്റൊരു തലമാണ് 6:125ലൂടെ അല്ലാഹു ഉണര്‍ത്തുന്നത്. അതായത് അല്ലാഹുവും പ്രവാചകനും പഠിപ്പിച്ച എല്ലാ നന്മകളും സംശയരഹിതമായി അംഗീകരിക്കുവാനും ഉള്‍കൊള്ളുവാനുമുള്ള വിശാല മനസ്സ്. ഒരു സത്യവിശ്വാസിയുടെ കീഴ്‌വണക്കത്തിന്റെയും അനുസരണത്തിന്റെയും ഉദാത്ത ഗുണമാണത്. അല്ലാഹു പറയുന്നു:

''അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു'' (ക്വുര്‍ആന്‍ 33:36).

നബി ﷺ യുടെ ഇസ്‌റാഉം മിഅ്‌റാജുമായി ബന്ധപ്പെട്ട് ശത്രുക്കളുണ്ടാക്കിയ ആശയക്കുഴപ്പങ്ങളെ തകര്‍ത്ത് അബൂബകര്‍(റ) നടത്തിയ പ്രസ്താവന ഈ വിഷയത്തില്‍ ശ്രദ്ധേയമാണ്. എന്നാല്‍ സച്ചരിതരായ മുന്‍ഗാമികള്‍ക്കൊക്കെ അംഗീകരിക്കുവാനും ഉള്‍െക്കാള്ളുവാനും സാധിച്ച പലതും ചിലര്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിയാതെ വരുന്നതും അവയെ പരിഹസിക്കുന്നതുമൊക്കെ ഹൃദയവിശാലതയില്ലാത്തതിന്റെ അടയാളമാണ്. അത്തരം കുടുസ്സായ മനസ്സുകളുടെ ഉടമകളാണ് ക്വുര്‍ആന്‍ സൂക്തങ്ങളിലും പ്രവാചക വചനങ്ങളിലും വന്ന പല കാര്യങ്ങളെയും സച്ചരിതരായ മുന്‍ഗാമികളുടെ വാക്കുകളെയെല്ലാം തള്ളിക്കളഞ്ഞ് സ്വന്തം ഇച്ഛകള്‍ക്കനുസരിച്ച് വ്യാഖ്യാനിച്ചാപ്പിക്കാന്‍ പാടുപെടുന്നത്.