മറയ്‌ക്കേണ്ടത് മറയ്ക്കാന്‍ അറപ്പു കാട്ടുന്നവരോട്

ശമീര്‍ മദീനി

2018 ഏപ്രില്‍ 07 1439 റജബ് 20
''നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ്  ഏറ്റവും അനുയോജ്യമായത്.  അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' (ക്വുര്‍ആന്‍ 33:59).

മനുഷ്യന് നന്മനിറഞ്ഞതും ഗുണകരവുമായത് അനുവദിക്കുകയും ദോഷകരമായത് വിലക്കുകയും ചെയ്യുന്ന രീതിയാണ് ഇസ്‌ലാമിന്റെ ഏത് നിയമത്തിലുമുള്ളത്. നഗ്നത മറയ്ക്കുന്നതും മാന്യമായ വേഷം ധരിക്കുന്നതും മനുഷ്യന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്തുന്ന മാന്യതയും അവകാശവുമാണ്. ചെറിയ പ്രായക്കാരായ പ്രൈമറി വിദ്യാര്‍ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ തങ്ങളുടെ വസ്ത്രം ജനമധ്യത്തില്‍ അഴിഞ്ഞുപോകുന്നതും കാറ്റടിച്ച് വസ്ത്രം നീങ്ങിപ്പോകുന്നതും വല്ലാത്ത അസ്വസ്ഥതയോടെയായിരിക്കും കൈകാര്യം ചെയ്യുക. അതാണ് മനുഷ്യനില്‍ അന്തര്‍ലീനമായിക്കിടക്കുന്ന ധാര്‍മിക ബോധത്തിന്റെ അടയാളമാണ്. 

മാറ് മറയ്ക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധ സമരം നടന്ന ചരിത്രമാണ് നമ്മുടെ നാടിനുള്ളത്. 'ചാന്നാര്‍ ലഹള' എന്ന പേരിലറിയപ്പെടുന്ന സ്വാതന്ത്ര്യപൂര്‍വ സമരം അതാണറിയിക്കുന്നത്.

എന്നാല്‍ പരിഷ്‌കൃതരെന്ന് അഭിമാനിക്കുന്ന ആധുനിക സമൂഹം വിശിഷ്യാ അവരിലെ വിദ്യാര്‍ഥി യുവജനങ്ങളിലെ ഒരു വിഭാഗം മാറ് മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ള 'അവകാശ' പോരാട്ടത്തിലാണെത്തിയിരിക്കുന്നത് എന്നത് എന്ത് മാത്രം ആഭാസകരമാണ്!

ഇസ്‌ലാം സ്ത്രീയോടും പുരുഷനോടും മാന്യമായ വസ്ത്രം ധരിക്കാന്‍ നിര്‍ദേശിക്കുന്നു. അല്ലാഹു പറയുന്നു: ''(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 24:30).

''സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ....'' (ക്വുര്‍ആന്‍ 24:31)

മറ്റുള്ളവരെ ലൈംഗികമായി പ്രചോദിപ്പിക്കുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് പുറത്തിറങ്ങരുതെന്നാണ് ഇസ്‌ലാമിന്റെ അനുശാസനം. അത്തരത്തിലുള്ള സംസാരങ്ങളും കൊഞ്ചിക്കുഴയലും അംഗ വിക്ഷേപങ്ങളും വ്യഭിചാരത്തിലേക്കുള്ള വഴിതുറക്കലാണെന്നും ഇസ്‌ലാം ഉണര്‍ത്തുന്നു. ആരുടെയും സ്വാതന്ത്ര്യം ഹനിക്കലോ ആരെയെങ്കിലും അടിച്ചമര്‍ത്തലോ അല്ല ഇത്, മറിച്ച് അവരുടെയും സമൂഹത്തിന്റെയും നന്മയ്ക്കും സുരക്ഷിതത്വത്തിനുമുള്ളതാണ്. 

ലൈംഗികതയിലേക്ക് മാടിവിളിക്കുന്ന വസ്ത്രവും സമീപനങ്ങളും കാരണം ലൈംഗികാസക്തനാകുന്ന ഒരാളുടെ കയ്യേറ്റങ്ങള്‍ക്ക് യുവതികളും വൃദ്ധകളും പിഞ്ചുകുഞ്ഞുങ്ങളും വരെ ഇരകളാകേണ്ടിവന്നേക്കും.

അതിലേക്കാണ് മുകളില്‍ കൊടുത്ത ക്വുര്‍ആന്‍ വചനം (33:59) സൂചന നല്‍കുന്നത്. മാന്യമായ വസ്ത്രധാരണം മതത്തെയും സ്രഷ്ടാവിനെയും അംഗീകരിക്കലും അനുസരിക്കലും മാത്രമല്ല തങ്ങള്‍ ഉപദ്രവിക്കപ്പെടാതിരിക്കാന്‍ കൂടിയുള്ളതാണ് എന്നര്‍ഥം.