പ്രീതിപ്പെടുത്തല്‍

ശമീര്‍ മദീനി

2018 ഫെബ്രുവരി 17 1439 ജുമാദില്‍ ആഖിറ 02
''നിങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി നിങ്ങളോടവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്ത് സംസാരിക്കുന്നു. എന്നാല്‍ അവര്‍ സത്യവിശ്വാസികളാണെങ്കില്‍ അവര്‍ തൃപ്തിപ്പെടുത്തുവാന്‍ ഏറ്റവും അവകാശപ്പെട്ടവര്‍ അല്ലാഹുവും അവന്റെ ദൂതനുമാണ്. വല്ലവനും അല്ലാഹുവോടും അവന്റെ ദൂതനോടും എതിര്‍ത്ത് നില്‍ക്കുന്ന പക്ഷം അവന്ന് നരകാഗ്‌നിയാണുണ്ടായിരിക്കുക എന്നും, അവനതില്‍ നിത്യവാസിയായിരിക്കുമെന്നും അവര്‍ മനസ്സിലാക്കിയിട്ടില്ലേ? അതാണ് വമ്പിച്ച അപമാനം.'' (ക്വുര്‍ആന്‍ 9:62,63).

തന്നെക്കാള്‍ മുകളിലുള്ളവരുടെ അടുപ്പം സമ്പാദിക്കുവാനും പ്രീതി പിടിച്ചുപറ്റുവാനും വേണ്ടി എന്തും ചെയ്യാന്‍ സന്നദ്ധരാകുന്ന ചിലരെ ആളുകള്‍ക്കിടയില്‍ കാണാം. തന്റെ കാര്യസാധ്യത്തിനപ്പുറം നീതിയോ അനീതിയോ ധര്‍മമോ അധര്‍മമോ എന്നൊന്നും അത്തരക്കാര്‍ തങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ച് ചിന്തിക്കുകയോ വിലയിരുത്തുകയോ ചെയ്യാറില്ല.

മുതലാളിയുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ച് മുതലാളിക്ക് ദുന്‍യാവില്‍ ലാഭമുണ്ടാക്കിക്കൊടുക്കുവാന്‍ ശ്രമിക്കുന്ന തൊഴിലാളി തന്റെ പാരത്രിക ലോകമാണ് നഷ്ടപ്പെടുത്തുന്നത് എന്ന് ചിന്തിക്കാറില്ല. മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്താന്‍ പാടുപെടുന്ന കീഴ്‌ജോലിക്കാരനും നേതാവിനെ സുഖിപ്പിക്കാന്‍ കഷ്ടപ്പെടുന്ന അനുയായികളും തുടങ്ങി ജീവിതത്തിന്റെ നാനാ മേഖലകളിലും ഇത്തരം പ്രീതിപ്പെടുത്തലുകള്‍ കാണാവുന്നതാണ്.

എന്നാല്‍ ഒരു യഥാര്‍ഥ സത്യവിശ്വാസി തന്റെ സ്രഷ്ടാവിനെയാണ് ഏറ്റവും കൂടുതല്‍ തൃപ്തിപ്പെടുത്തേണ്ടത്. അല്ലാഹുവിനെയും റസൂലിനെയും ധിക്കരിച്ചും അല്ലാഹുവിന്റെ പേരില്‍ കളവ് കെട്ടിച്ചമച്ചും മറ്റുള്ളവരുടെ പ്രീതിയും കയ്യടിയും കരസ്ഥമാക്കുവാന്‍ വേണ്ടി ശ്രമിച്ച കപട വിശ്വാസികളുടെ കാര്യത്തിലാണ് ഉപരിസൂചിത സൂക്തങ്ങള്‍ അവതരിച്ചത്.

അതിന് സമാനമായ സമീപനമാണ് മേല്‍ സൂചിപ്പിച്ച പ്രവര്‍ത്തനങ്ങളിലും സംഭവിക്കുന്നത്. സ്രഷ്ടാവിനെക്കാള്‍ സൃഷ്ടികളെ ശ്രദ്ധിച്ചപ്പോള്‍ മതത്തിന്റെ നിയമങ്ങളും ശാസനകളുമൊക്കെ അവഗണിക്കപ്പെടുന്ന സ്ഥിതിവിശേഷമുണ്ടായി. കൂടെയുള്ളവരുടെ അനിഷ്ടത്തെ ഭയന്ന് നിഷിദ്ധങ്ങളില്‍ പങ്കുചേരുമ്പോഴും അനാചാരങ്ങളില്‍ സഹകരിക്കുമ്പോഴും ഒക്കെ സംഭവിക്കുന്നത് ഇത്തരം കപടതയാണ്. മത സംഘടനകളുടെ അജണ്ടകള്‍ നിശ്ചയിക്കുന്നതില്‍ വരെ മറ്റുള്ളവരെ പ്രീതിപ്പെടുത്തലും ആളുകളുടെ കയ്യടി പ്രതീക്ഷിക്കലുമൊക്കെ വന്നുപോകുമ്പോള്‍ വലിയ ഒരു ദുരന്തത്തിനാണ് നാന്ദി കുറിക്കപ്പെടുന്നത് എന്ന കാര്യം അധികമാരും ചിന്തിക്കാറില്ല.

 മാതാപിതാക്കളുടെയും കൂട്ടുകാരുടെയും മറ്റാരുടെയും സ്‌നേഹത്തിനും പരിഗണനകള്‍ക്കുമപ്പുറം സ്രഷ്ടാവിന്റെ പ്രീതിക്ക് പരിഗണന കൊടുത്ത് ജീവിച്ച ചരിത്രമാണ് സ്വഹാബത്തിന്റെത്. നാളെ പരലോകത്തും നമുക്ക് ഏറ്റവും വലുതും ഉപകരിക്കുന്നതും റബ്ബിന്റെ തൃപ്തി മാത്രമായിരിക്കുമെന്ന് ക്വുര്‍ആന്‍ ഉണര്‍ത്തിയിട്ടുണ്ട്. 

അല്ലാഹു പറയുന്നു: ''അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്‌നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്‌നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്‌നേഹമുള്ളവരത്രെ. ഈ അക്രമികള്‍ പരലോകശിക്ഷ കണ്‍മുമ്പില്‍ കാണുന്ന സമയത്ത് ശക്തി മുഴുവന്‍ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍ (അതവര്‍ക്ക് എത്ര ഗുണകരമാകുമായിരുന്നു!).'' (ക്വുര്‍ആന്‍ 2:165).

അല്ലാഹുവിന്റെ ഇഷ്ടം ലഭിച്ചവര്‍ക്കു മാത്രമാണ് സ്വര്‍ഗപ്രവേശം. ഈ ലോകത്ത് സുന്ദരമായ ജീവിതവും അവര്‍ക്കു തന്നെ. അതിനാല്‍ സ്രഷ്ടാവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിച്ചു ജീവിക്കാന്‍ ശ്രമിക്കുക. നാഥന്‍ തുണക്കുമാറാകട്ടെ! ആമീന്‍.