ഫജ്ര്‍ (പ്രഭാതം), ഭാഗം: 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 സെപ്തംബര്‍ 22 1439 മുഹര്‍റം 11

വിവ: ഹാരിസ് ബിന്‍ സലീം

അധ്യായം: 89

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَالْفَجْرِ (١) وَلَيَالٍ عَشْرٍ (٢) وَالشَّفْعِ وَالْوَتْرِ (٣) وَاللَّيْلِ إِذَا يَسْرِ (٤) هَلْ فِي ذَٰلِكَ قَسَمٌ لِذِي حِجْرٍ (٥) أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ (٦) إِرَمَ ذَاتِ الْعِمَادِ (٧‬) الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ (٨‬) وَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِ (٩) وَفِرْعَوْنَ ذِي الْأَوْتَادِ (١٠) الَّذِينَ طَغَوْا فِي الْبِلَادِ (١١) فَأَكْثَرُوا فِيهَا الْفَسَادَ (١٢) فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ (١٣) إِنَّ رَبَّكَ لَبِالْمِرْصَادِ (١٤) فَأَمَّا الْإِنْسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ (١٥)
(1) പ്രഭാതം തന്നെയാണ് സത്യം. (2) പത്തു രാത്രികള്‍ തന്നെയാണ് സത്യം. (3) ഇരട്ടയും ഒറ്റയും തന്നെയാണ് സത്യം. (4) രാത്രി സഞ്ചരിച്ച് കൊണ്ടിരിക്കെ അത് തന്നെയാണ് സത്യം. (5) അതില്‍ (മേല്‍ പറഞ്ഞവയില്‍) കാര്യബോധമുള്ളവന്ന് സത്യത്തിന് വകയുണ്ടോ? (6) ആദ് സമുദായത്തെ കൊണ്ട് നിന്റെ രക്ഷിതാവ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ? (7) അതായത് തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട്. (8) തത്തുല്യമായിട്ടൊന്ന് രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം.  (9) താഴ്‌വരയില്‍ പാറ വെട്ടി കെട്ടിടമുണ്ടാക്കിയവരായ ഥമൂദ് ഗോത്രത്തെക്കൊണ്ടും (10) ആണികളുടെ ആളായ ഫിര്‍ഔനെക്കൊണ്ടും  (11) നാടുകളില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും (12) അവിടെ കുഴപ്പം വര്‍ധിപ്പിക്കുകയും ചെയ്തവരാണവര്‍. (13) അതിനാല്‍ നിന്റെ രക്ഷിതാവ് അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി വര്‍ഷിച്ചു. (14) തീര്‍ച്ചയായും നിന്റെ രക്ഷിതാവ് പതിയിരിക്കുന്ന സ്ഥാനത്തു തന്നെയുണ്ട്.  (15) എന്നാല്‍ മനുഷ്യനെ അവന്റെ രക്ഷിതാവ് പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അവന് സൗഖ്യം നല്‍കുകയും ചെയ്താല്‍ അവന്‍ പറയും; എന്റെ രക്ഷിതാവ് എന്നെ ആദരിച്ചിരിക്കുന്നു എന്ന്.  

ഇവിടെ സത്യം ചെയ്യാന്‍ ഉപയോഗിച്ച കാര്യങ്ങളും സത്യം ചെയ്യപ്പെടുന്ന വസ്തുതകളും ഒന്നു തന്നെയാണ്. വിഷയം വ്യക്തവും സുപ്രധാനവുമാകുമ്പോള്‍ ഈ രീതി അനുവദനീയമാണ്. അതുകൊണ്ടാണ് ആ ശൈലി ഇവിടെ സ്വീകരിച്ചത്. പകല്‍ ആഗതമാകുമ്പോഴും രാത്രി പിന്നിടുമ്പോഴും പകലിന്റെ തുടക്കവും രാത്രിയുടെ സമാപനവുമായി വരുന്ന പ്രഭാതത്തെ കൊണ്ടാണ് അല്ലാഹു ഇവിടെ സത്യം ചെയ്ത് പറയുന്നത്. അല്ലാഹുവിന്റെ കഴിവിന്റെ പൂര്‍ണതയെ അറിയിക്കുന്ന ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണിത്. തീര്‍ച്ചയായും അവന്‍ എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്നവനാണ്. അവനെ മാത്രമെ ആരാധിക്കാവൂ. ആ ആരാധനയുടെ ഭാഗവും മഹത്ത്വമേറിയതും ശ്രേഷ്ഠവുമായ നമസ്‌കാരം പ്രഭാതത്തില്‍ നിര്‍വഹിക്കപ്പെടുന്നു. അത് സത്യം ചെയ്യാന്‍ ഏറ്റവും യോജിച്ചതു തന്നെ. 

ശേഷം സത്യം ചെയ്യുന്നത് പത്തു രാത്രികള്‍ കൊണ്ടാണ്. ശരിയായ അഭിപ്രായ പ്രകാരം അത് റമദാനിലെ പത്ത് രാത്രികളോ ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിനങ്ങളോ ആണ്. അവയാകട്ടെ, മറ്റൊരു സമയത്തും നിര്‍വഹിക്കപ്പെടാത്ത ആരാധനകളും പുണ്യപ്രവര്‍ത്തനങ്ങളും നിര്‍വഹിക്കപ്പെടുന്ന ശ്രേഷ്ഠമായ ദിനങ്ങളെ ഉള്‍ക്കൊള്ളുന്നവയാണ്. 

റമദാനിലെ പത്ത് രാത്രികളില്‍ പെട്ട ലൈലത്തുല്‍ ക്വദ്ര്‍ ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമായതാണ്. പകലിലാവട്ടെ; മഹത്തായ, ഇസ്‌ലാം കാര്യങ്ങളില്‍ ഒന്നായ നോമ്പും നിര്‍വഹിക്കപ്പെടുന്നു. ദുല്‍ഹിജ്ജ മാസത്തിലെ പത്ത് ദിനങ്ങളില്‍ പെട്ടതാണ് അറഫയിലെ നില്‍ക്കല്‍. അതാവട്ടെ, അല്ലാഹു തന്റെ അടിമകള്‍ക്ക് പാപമോചനം നല്‍കുന്ന, അവരുടെ മേല്‍ അവന്റെ കാരുണ്യവും മലക്കുകളും ഇറങ്ങുന്നത് കാണുമ്പോള്‍ പിശാച് ഏറെ ദുഖിക്കുകയും അവന്‍ അകറ്റപ്പെടുകയും നിന്ദ്യനാവുകയും ചെയ്യുന്ന ദിനമാണ്. ഹജ്ജിന്റെയും ഉംറയുടെയും ധാരാളം കര്‍മങ്ങള്‍ നിര്‍വഹിക്കപ്പെടുന്ന ഈ ദിനങ്ങളും സത്യം ചെയ്യപ്പെടാന്‍ അര്‍ഹമായതു തന്നെ.

(രാത്രി സഞ്ചരിച്ചുകൊണ്ടിരിക്കെ അത് തന്നെയാണ് സത്യം). അതെ, രാത്രി സഞ്ചരിക്കുന്ന സമയം അടിമകളുടെ മേല്‍ ഇരുട്ടിന്റെ വിരി വീഴുകയും അവര്‍ സമാധാനപൂര്‍വം അടങ്ങുകയും വിശ്രമിക്കുകയും ശാന്തിയടയുകയും ചെയ്യുന്ന സമയം. ഇത് അല്ലാഹുവിന്റെ കരുണയും യുക്തിയുമാണ്. അതില്‍ (മേല്‍പറഞ്ഞവയില്‍) കാര്യബോധമുള്ളവന് സത്യത്തിനു വകയുണ്ടോ? അതായത് ബുദ്ധിയുള്ളവര്‍ക്ക്. അതെ, ഇതുമതി ഹൃദയമുള്ളവനായിരിക്കുകയോ മനസ്സാന്നിധ്യത്തോടെ കേള്‍ക്കുകയോ ചെയ്യുന്നവന്.

അല്ലാഹു പറയുന്നു: (നീ കണ്ടില്ലേ) നിന്റെ ഹൃദയം കൊണ്ടും ഉള്‍ക്കാഴ്ച കൊണ്ടും (ആദ് സമുദായത്തെ കൊണ്ട് നിന്റെ രക്ഷിതാവ് എന്തു ചെയ്തുവെന്ന്?) യമനിലെ പ്രസിദ്ധ ഗോത്രമായ ഒരു സമുദായം (ഇറം). (തൂണുകളുടെ ഉടമകളായ) കഠിനശക്തിയുള്ളവരും അഹങ്കാരികളും അതിക്രമകാരികളുമായ. 

(തത്തുല്യമായിട്ടൊന്ന് രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം). മുഴുവന്‍ രാജ്യങ്ങളിലും-ശക്തിയിലും കാഠിന്യത്തിലും. ഹൂദ്‌നബി(അ) അവരോട് പറഞ്ഞത് ശ്രദ്ധേയമാണ്: ''നൂഹിന്റെ ജനതക്കു ശേഷം നിങ്ങളെ അവന്‍ പിന്‍ഗാമികളാക്കുകയും സൃഷ്ടിയില്‍ അവന്‍ നിങ്ങള്‍ക്ക് (ശാരീരിക) വികാസം വര്‍ധിപ്പിക്കുകയും ചെയ്തത് നിങ്ങള്‍ ഓര്‍ത്തുനോക്കുക. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍മിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം'' (ക്വുര്‍ആന്‍ 7:69).

(താഴ്‌വരയില്‍ പാറ വെട്ടി കെട്ടിടമുണ്ടാക്കിയവരായ ഥമൂദ് ഗോത്രത്തെ കൊണ്ടും). അതായത് ഗ്രാമങ്ങളുടെ താഴ്‌വരകളില്‍ അവരുടെ ശക്തിയാല്‍ പാറകള്‍ തുരന്ന് അവര്‍ വീടുകള്‍ നിര്‍മിച്ചു.

(ആണികളുടെ ആളായ ഫിര്‍ൗനിനെ കൊണ്ടും). ആണികള്‍ വസ്തുക്കളെ ഉറപ്പിച്ചു നിര്‍ത്തുന്നതു പോലെ ഫിര്‍ഔനിന്റെ അധികാരത്തെ പിടിച്ചുനിര്‍ത്തിയ സൈന്യങ്ങളാണ് ഇവിടെ ഉദ്ദേശ്യം.

(നാടുകളില്‍ അതിക്രമം പ്രവര്‍ത്തിച്ചവര്‍). ഈ വിശേഷണം ആദിനും ഥമൂദിനും ഫിര്‍ഔനിനും അവരെ പിന്‍പറ്റുന്ന എല്ലാവര്‍ക്കും ഉള്ളതാണ്. കാരണം, അവര്‍ നാടുകളില്‍ അതിക്രമം കാണിച്ചു. മതകാര്യങ്ങളിലും ഭൗതിക കാര്യങ്ങളിലും അവര്‍ ജനങ്ങളെ ഉപദ്രവിച്ചു. അതാണ് അല്ലാഹു പറഞ്ഞത്. 

(അവിടെ അവര്‍ കുഴപ്പം വര്‍ധിപ്പിക്കുകയും ചെയ്തു). ഇവിടെ കുഴപ്പം കൊണ്ട് ഉദ്ദേശിക്കുന്നത് നിഷേധവും അതിന്റെ അനുബന്ധങ്ങളും മറ്റെല്ലാ തെറ്റായ പ്രവര്‍ത്തനങ്ങളുമാണ്. പ്രവാചകന്മാര്‍ക്ക് എതിരായുള്ള പരിശ്രമങ്ങളും ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നു തടയലുമെല്ലാം ഇതില്‍ ഉള്‍പെടും. അങ്ങനെ അതിക്രമങ്ങളില്‍ അവര്‍ അതിരുവിടുമ്പോള്‍ നാശം അവര്‍ക്ക് അനിവാര്യമായി. അപ്പോള്‍ അവരുടെ മേല്‍ അല്ലാഹു അവന്റെ ശിക്ഷയുടെ ചമ്മട്ടി വര്‍ഷിപ്പിച്ചു. 

(തീര്‍ച്ചയായും നിന്റെ രക്ഷിതാവ് പതിയിരിക്കുന്ന സ്ഥാനത്ത് തന്നെയുണ്ട്). തന്നോട് അനുസരണക്കേട് കാണിക്കുന്നവരെ നിരീക്ഷിക്കാനും അവര്‍ക്ക് അല്‍പം സാവകാശം നല്‍കിയ ശേഷം പ്രതാപിയും ശക്തനുമായ ഒരുത്തന്‍ പിടികൂടുന്ന വിധം അവന്‍ അവരെ പിടികൂടുകയും ചെയ്യാന്‍. ഇവിടെ മനുഷ്യന്റെ ഒരു പ്രകൃതി കൂടി അല്ലാഹു നമ്മെ അറിയിക്കുന്നുണ്ട്. അതായത് മനുഷ്യന്‍ അറിവില്ലാത്തവനും അക്രമിയുമാണ്. പരിണിതിയെക്കുറിച്ച് അവര്‍ ആലോചിക്കാറില്ല. നിലവിലുള്ള സ്ഥിതി എന്നും നിലനില്‍ക്കുമെന്നും മാറില്ലെന്നും അവര്‍ വിചാരിക്കുന്നു. ഈ ലോകത്ത് അല്ലാഹു അവന് നല്‍കിയ ആദരവും അനുഗ്രഹങ്ങളും അവന്‍ അല്ലാഹു ആദരിച്ചവനാണെന്നതിനും അല്ലാഹുവിലേക്ക് അടുത്തവനാണെന്നതിനും അവന്‍ തെളിവാക്കുന്നു.