ത്വാരിഖ് (രാത്രിയില്‍ വരുന്നത്)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

വിവ: ഹാരിസ് ബിന്‍ സലീം

2018 ഒക്ടോബര്‍ 27 1440 സഫര്‍ 16

അധ്യായം: 86

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَٱلسَّمَآءِ وَٱلطَّارِقِ (١) وَمَآ أَدْرَىٰكَ مَا ٱلطَّارِقُ (٢) ٱلنَّجْمُ ٱلثَّاقِبُ (٣) إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ (٤) فَلْيَنظُرِ ٱلْإِنسَٰنُ مِمَّ خُلِقَ (٥) خُلِقَ مِن مَّآءٍ دَافِقٍ (٦) يَخْرُجُ مِنۢ بَيْنِ ٱلصُّلْبِ وَٱلتَّرَآئِبِ (٧‬) إِنَّهُۥ عَلَىٰ رَجْعِهِۦ لَقَادِرٌ (٨‬) يَوْمَ تُبْلَى ٱلسَّرَآئِرُ (٩) فَمَا لَهُۥ مِن قُوَّةٍ وَلَا نَاصِرٍ (١٠) وَٱلسَّمَآءِ ذَاتِ ٱلرَّجْعِ (١١) وَٱلْأَرْضِ ذَاتِ ٱلصَّدْعِ (١٢) إِنَّهُۥ لَقَوْلٌ فَصْلٌ (١٣) وَمَا هُوَ بِٱلْهَزْلِ (١٤) إِنَّهُمْ يَكِيدُونَ كَيْدًا (١٥) وَأَكِيدُ كَيْدًا (١٦) فَمَهِّلِ ٱلْكَٰفِرِينَ أَمْهِلْهُمْ رُوَيْدًۢا (١٧)
(1). ആകാശം തന്നെയാണ് സത്യം, രാത്രിയില്‍ വരുന്നതു തന്നെയാണ് സത്യം.  (2). രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?  (3). തുളച്ച് കയറുന്ന നക്ഷത്രമത്രെ അത്.  (4). തന്റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല.  (5). എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ, താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്  (6). തെറിച്ചുവീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.  (7). മുതുകെല്ലിനും വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തുവരുന്നു.  (8). അവനെ (മനുഷ്യനെ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) കഴിവുള്ളവനാകുന്നു.  (9). രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം  (10). അപ്പോള്‍ അവന് (മനുഷ്യന്) യാതൊരു ശക്തിയോ സഹായിയോ ഉണ്ടായിരിക്കുകയില്ല.  (11). ആവര്‍ത്തിച്ച് മഴപെയ്യിക്കുന്ന ആകാശത്തെക്കൊണ്ടും  (12). സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം.  (13). തീര്‍ച്ചയായും ഇതു നിര്‍ണായകമായ ഒരു വാക്കാകുന്നു.  (14). ഇതു തമാശയല്ല.  (15). തീര്‍ച്ചയായും അവര്‍ (വലിയ) തന്ത്രം പ്രയോഗിച്ചുകൊണ്ടിരിക്കും.  (16). ഞാനും (വലിയ) തന്ത്രം പ്രയോഗിച്ചുകൊണ്ടിരിക്കും.  (17). ആകയാല്‍ (നബിയേ,) നീ സത്യനിഷേധികള്‍ക്ക് കാലതാമസം നല്‍കുക. അല്‍പസമയത്തേക്ക് അവര്‍ക്ക് താമസം നല്‍കിയേക്കുക. 

അല്ലാഹു പറയുന്നു: (ആകാശം തന്നെയാണ് സത്യം. രാത്രിയില്‍ വരുന്നതു തന്നെയാണ് സത്യം). തുടര്‍ന്ന്  എന്താണെന്ന് അല്ലാഹു വിശദീകരിക്കുന്നു. (തുളച്ചുകയറുന്ന നക്ഷത്രമത്രെ അത്). പ്രകാശിക്കുന്നത് എന്നര്‍ഥം. അതിന്റെ പ്രകാശം തുളച്ചുകയറി ആകാശങ്ങളെ ഭേദിച്ച് കടന്നുപോകുന്നു; ഭൂമിയില്‍ നിന്ന് കാണത്തക്ക വിധം. യഥാര്‍ഥത്തില്‍ ഇത് (തുളച്ചുകയറുന്ന) നക്ഷത്രങ്ങളുടെ ഒരു വര്‍ഗനാമമാണ്. മറ്റു നക്ഷത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ഏഴ് ആകാശങ്ങളെയും മുറിച്ചുകടക്കുന്ന (ശനി) (ഏറ്റവും വേഗതയില്‍ സഞ്ചരിക്കുന്നതും വിദൂരതയിലുള്ളതുമായ നക്ഷത്രം) ആണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. രാത്രിയില്‍ വരുന്നതു കൊണ്ടാണ്  എന്ന പേര് വന്നത്. 

സത്യം ചെയ്യപ്പെടുന്ന കാര്യം: (തന്റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല). നല്ലതും ചീത്തയുമായ അവന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുകയും അതിന് പിന്നീട് പ്രതിഫലം നല്‍കപ്പെടുകയും ചെയ്യും. 

(എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചുനോക്കട്ടെ. താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്). തന്റെ ഉത്ഭവത്തെയും സൃഷ്ടിപ്പിനെയും കുറിച്ച് മനുഷ്യന്‍ ചിന്തിച്ചു പഠിക്കട്ടെ. (തെറിച്ചുവീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.) അതായത് സ്രവിക്കുന്ന ഇന്ദ്രിയം. (മുതുകെല്ലിനും നെഞ്ചെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തുവരുന്നു). പുരുഷന്റെ മുതുകിനും സ്ത്രീയുടെ നെഞ്ചെല്ലുകള്‍(സ്തനങ്ങള്‍)ക്കും ഇടയില്‍ നിന്നും എന്ന അര്‍ഥമായിരിക്കാം ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. 

തെറിച്ചുവീഴുന്ന ഇന്ദ്രിയമെന്നത് പുരുഷന്റെതാണ്. അത് പുറപ്പെടുന്ന സ്ഥാനം അവന്റെ മുതുകെല്ലിന്റെയും നെഞ്ചെല്ലിന്റെയും ഇടയില്‍ നിന്നാണ്. ഇതായിരിക്കാം കൂടുതല്‍ ശരി. തെറിച്ചുവീഴുന്ന ദ്രാവകമെന്നത് നമ്മുടെ അനുഭവത്തിലും കാഴ്ചയിലും ഉള്ളതു തന്നെയാണ്. ഇവിടെ നെഞ്ചെല്ല് എന്ന് പറഞ്ഞതും പുരുഷന്റെത് തന്നെയാണ്. സ്ത്രീകളുടെ സ്തനങ്ങളുടെ ഭാഗത്താണ് പുരുഷന്റെ ഈ നെഞ്ചെല്ല്. സ്ത്രീയെ ഇവിടെ ഉദ്ദേശിക്കപ്പെടുന്നുണ്ടെങ്കില്‍ സ്തനങ്ങളുടെയും മുതുകെല്ലിന്റെയും ഇടയില്‍ നിന്ന് എന്നോ മറ്റോ പറയേണ്ടിയിരുന്നു. (അല്ലാഹു അഅ്‌ലം)

തെറിച്ചുവീഴുന്ന ദ്രാവകത്തില്‍ നിന്നും മനുഷ്യനെ ഉണ്ടാക്കിയവന്‍, ഏറ്റവും സങ്കീര്‍ണമായ ഒരു സ്ഥാനത്തു നിന്ന് ആ ഇന്ദ്രിയത്തെ പുറത്തെത്തിച്ചവന്‍ പരലോകത്ത് അവനെ തിരിച്ചു കൊണ്ടുവരാനും ഉയര്‍ത്തെഴുന്നേല്‍പിക്കാനും ഒരുമിച്ച് കൂട്ടാനും പ്രതിഫലം നല്‍കാനുമെല്ലാം കഴിവുള്ളവന്‍ തന്നെയാണ്.

തെറിച്ചുവീഴുന്ന ആ ദ്രാവകത്തെ വീണ്ടും തിരിച്ചു കൊണ്ടുപോകാന്‍ അവന് കഴിയും എന്ന് വ്യാഖ്യാനിച്ചവരുമുണ്ട്. ഈ അര്‍ഥം ശരിയാണെങ്കില്‍ തന്നെ ഈ വചനത്തില്‍ അതാവാന്‍ തരമില്ല. തുടര്‍ന്ന് പറയുന്നു: (രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം) നെഞ്ചകത്തുള്ള രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുകയും ഹൃദയത്തിലുള്ള നന്മ തിന്മകള്‍ മുഖത്ത് പ്രകടമാവുകയും ചെയ്യും. (ചില മുഖങ്ങള്‍ വെളുക്കുകയും ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍). ഇവിടെ ധാരാളം കാര്യങ്ങള്‍ ജനങ്ങളറിയാതെ മറച്ചുവെക്കാന്‍ കഴിയും. എന്നാല്‍, ഉയര്‍ത്തെഴുന്നേല്‍പു നാളില്‍ പുണ്യവാന്മാരുടെ പുണ്യങ്ങളും അധര്‍മകാരികളുടെ തിന്മകളും പരസ്യമായിത്തീരും. (അപ്പോള്‍ അവന് (മനുഷ്യന്) യാതൊരു ശക്തിയോ സഹായിയോ ഉണ്ടായിരിക്കുകയില്ല). സ്വന്തം നിലക്കോ പുറത്തുനിന്നുള്ള സഹായത്താലോ ഉള്ള ഒരു ശക്തി അവനുണ്ടാകില്ലെന്നര്‍ഥം. ഇതുവരെ സത്യം ചെയ്ത് പറഞ്ഞത് പ്രവര്‍ത്തിക്കുന്നവരെയും അവരുടെ പ്രവര്‍ത്തനങ്ങെളയും പ്രതിഫലങ്ങെളയുമെല്ലാം കുറിച്ചാണ്.

രണ്ടാമതായി സത്യം ചെയ്യുന്നത് വിശുദ്ധ ക്വുര്‍ആന്‍ അതിന്റെ സാധ്യതയെക്കുറിച്ചാണ്. (ആവര്‍ത്തിച്ച് മഴ പെയ്യിപ്പിക്കുന്ന ആകാശത്തെ കൊണ്ടും സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം). എല്ലാ വര്‍ഷങ്ങളിലും ആകാശം മഴയെ ആവര്‍ത്തിച്ചുതരുന്നു. ഭൂമി സസ്യലതാദികള്‍ മുളക്കാന്‍ പിളരുന്നു. അവയാല്‍ മനുഷ്യരും മൃഗങ്ങളും ജീവിക്കുന്നു. ഓരോ സമയത്തും ആകാശം ദൈവികമായ വിധികളും കാര്യങ്ങളും കൊണ്ടുവരുന്നു. ഭൂമി മരിച്ചവര്‍ക്ക് വേണ്ടി കുഴികളായിത്തീരുന്നു. (തീര്‍ച്ചയായും ഇത്) അതായത് ക്വുര്‍ആന്‍. (നിര്‍ണായകമായ ഒരു വാക്കാകുന്നു). അതായത് സത്യവും യഥാര്‍ഥവും വ്യക്തവുമായത്. (ഇത് തമാശയല്ല) കാര്യമാണ്; തമാശയല്ല. വാക്കുകളുടെയും വിഭാഗങ്ങളുടെയും ഇടയില്‍ തീര്‍പ്പു കല്‍പിക്കുന്ന, വാക്തര്‍ക്കങ്ങള്‍ തീരുമാനമാക്കുന്ന വാക്ക്. 

(തീര്‍ച്ചയായും അവര്‍) പ്രവാചകനെ കളവാക്കുന്നവര്‍ ക്വുര്‍ആനിനെതിരെയും (വലിയ തന്ത്രം പ്രയോഗിച്ചുകൊണ്ടിരിക്കും). സത്യത്തെ തടുക്കാനുള്ള തന്ത്രങ്ങള്‍, അസത്യത്തെ ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങള്‍. 

(ഞാനും വലിയ തന്ത്രം പ്രയോഗിക്കും). അവിശ്വാസികള്‍ക്ക് ഇഷ്ടമില്ലെങ്കിലും സത്യത്തിന് പ്രകടമായ വിജയം ലഭിക്കാന്‍. അവര്‍ കൊണ്ടുവരുന്ന അസത്യങ്ങളെ പ്രതിരോധിക്കാന്‍. ആരാണ് അതിജയിക്കുന്നവനെന്ന് ഇതുമൂലം അവര്‍ക്ക് മനസ്സിലാകും. മനുഷ്യന്‍ ദുര്‍ബലനും നിസ്സാരനുമാണ്. അവന് ശക്തനും സര്‍വജ്ഞാനിയുമായവന്റെ തന്ത്രങ്ങളെ തോല്‍പിക്കാനാവില്ല. (ആകയാല്‍ (നബിയേ) നീ സത്യനിഷേധികള്‍ക്ക് കാലതാമസം നല്‍കുക). അല്‍പസമയത്തേക്ക് അവര്‍ക്ക് താസം നല്‍കിയേക്കുക. കുറച്ച് സമയത്തേക്ക് ശിക്ഷയിറങ്ങുമ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങളുടെ പരിണിതി അവര്‍ക്ക് മനസ്സിലാകും. അല്ലാഹുവിന് സ്തുതി).