ലൈല്‍ (രാത്രി)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 ദുല്‍ക്വഅദ 08 1439 ജൂലായ് 21

അധ്യായം: 92

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَٱلَّيْلِ إِذَا يَغْشَىٰ (١) وَٱلنَّهَارِ إِذَا تَجَلَّىٰ (٢) وَمَا خَلَقَ ٱلذَّكَرَ وَٱلْأُنثَىٰٓ (٣) إِنَّ سَعْيَكُمْ لَشَتَّىٰ (٤) فَأَمَّا مَنْ أَعْطَىٰ وَٱتَّقَىٰ (٥) وَصَدَّقَ بِٱلْحُسْنَىٰ (٦) فَسَنُيَسِّرُهُۥ لِلْيُسْرَىٰ (٧‬) وَأَمَّا مَنۢ بَخِلَ وَٱسْتَغْنَىٰ (٨‬) وَكَذَّبَ بِٱلْحُسْنَىٰ (٩) فَسَنُيَسِّرُهُۥ لِلْعُسْرَىٰ (١٠) وَمَا يُغْنِى عَنْهُ مَالُهُۥٓ إِذَا تَرَدَّىٰٓ (١١) إِنَّ عَلَيْنَا لَلْهُدَىٰ (١٢) وَإِنَّ لَنَا لَلْءَاخِرَةَ وَٱلْأُولَىٰ (١٣) فَأَنذَرْتُكُمْ نَارًا تَلَظَّىٰ (١٤) لَا يَصْلَىٰهَآ إِلَّا ٱلْأَشْقَى (١٥) ٱلَّذِى كَذَّبَ وَتَوَلَّىٰ (١٦) وَسَيُجَنَّبُهَا ٱلْأَتْقَى (١٧) ٱلَّذِى يُؤْتِى مَالَهُۥ يَتَزَكَّىٰ (١٨) وَمَا لِأَحَدٍ عِندَهُۥ مِن نِّعْمَةٍ تُجْزَىٰٓ (١٩) إِلَّا ٱبْتِغَآءَ وَجْهِ رَبِّهِ ٱلْأَعْلَىٰ (٢٠) وَلَسَوْفَ يَرْضَىٰ (٢١)
(1) രാവിനെ തന്നെയാണ സത്യം; അത് മൂടിക്കൊണ്ടിരിക്കുമ്പോള്‍.  (2) പകലിനെ തന്നെയാണ സത്യം; അത് പ്രത്യക്ഷപ്പെടുമ്പോള്‍.  (3) ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം;  (4) തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു.  (5) എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും സൂക്ഷ്മത പാലിക്കുകയും. (6) ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ  (7) അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യപ്പെടുത്തി കൊടുക്കുന്നതാണ്.  (8) എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും.  (9) ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചുതള്ളുകയും ചെയ്തുവോ (10) അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യമൊരുക്കി കൊടുക്കുന്നതാണ്. (11) അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല.  (12) തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു. (13) തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും. (14) അതിനാല്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്‌നിയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു. (15) ഏറ്റവും ദുഷ്ടനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല. (16) നിഷേധിച്ചു തള്ളുകയും പിന്തിരിഞ്ഞുകളയുകയും (ചെയ്ത വ്യക്തി) (17) ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതാണ്. (18) പരിശുദ്ധിനേടുവാനായി തന്റെ ധനം നല്‍കുന്ന (വ്യക്തി). (19) പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്റെ പക്കല്‍ ഒരാള്‍ക്കുമില്ല. (20) തന്റെ അത്യുന്നതനായ രക്ഷിതാവിന്റെ പ്രീതി തേടുക എന്നതല്ലാതെ. (21) വഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്.

1-2) മനുഷ്യരുടെ വ്യത്യസ്ത അവസ്ഥകളില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ സംഭവിക്കുന്ന കാലത്തെ കൊണ്ടാണ് അല്ലാഹു ഇവിടെ സത്യം ചെയ്ത് പറയുന്നത്. (രാവിനെ തന്നെയാണ് സത്യം, അത് മൂടിക്കൊണ്ടിരിക്കുമ്പോള്‍). രാത്രിയുടെ ഇരുട്ട് സര്‍വ സൃഷ്ടികളെയും ബാധിക്കുന്നു. അപ്പോള്‍ അവ അതിന്റെ താവളങ്ങളിലേക്കും താമസ സ്ഥലങ്ങളിലേക്കും മടങ്ങുന്നു. മനുഷ്യര്‍ അധ്വാനത്തില്‍ നിന്നും ക്ഷീണത്തില്‍ നിന്നും വിശ്രമിക്കുകയും ചെയ്യുന്നു. (പകലിനെ തന്നെയാണ് സത്യം. അത് (സൃഷ്ടികള്‍ക്ക്) പ്രത്യക്ഷപ്പെടുമ്പോള്‍). അവരതിന്റെ വെളിച്ചം പ്രയോജനപ്പെടുത്തി അവര്‍ക്ക് ഗുണകരമായ കാര്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. 

3). (ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ് സത്യം). ഈ ആയത്തിലെ (ƒല) എന്നത് സംയോജകനാമം (‡റള്‍ക്കഡള്‍ല) പരിഗണിച്ച് അര്‍ഥം പറയുമ്പോള്‍ ആണിന്റെയും പെണ്ണിന്റെയും സ്രഷ്ടാവ് പരിശുദ്ധമായ സ്വന്തത്തെ കൊണ്ട് തന്നെയാണ് സത്യം ചെയ്യുന്നത് എന്ന് പറയാം. മറിച്ചാണെങ്കില്‍ ആണിന്റെയും പെണ്ണിന്റെയും സൃഷ്ടിപ്പിലെ മഹത്ത്വത്തെ കൊണ്ടു സത്യം ചെയ്യുന്നതായും പറയാം. ആണും പെണ്ണുമായി സൃഷ്ടിച്ചതിലും യുക്തിയുണ്ട്. ഓരോ ജീവി വര്‍ഗത്തിന്റെയും നിലനില്‍പിനും ശേഷിപ്പിനും വേണ്ടിയാണത്. അല്ലെങ്കില്‍ ആ വര്‍ഗം പാടെ ഇല്ലാതാകുമായിരുന്നു. ആണിനും പെണ്ണിനുമിടയില്‍ പരസ്പരം വൈകാരികമായ ഒരു ബന്ധം കൂടി അവനുണ്ടാക്കി. അവ രണ്ടും പരസ്പര പൂരകങ്ങളാക്കി. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹ പൂര്‍ണനായിരിക്കുന്നു.

4). അല്ലാഹു പറയുന്നു: (തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു.) സത്യം ചെയ്തു പറയുന്ന കാര്യമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ടവരേ! തീര്‍ച്ചയായും നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ വലിയ അന്തരങ്ങളുണ്ട്. പ്രവര്‍ത്തിക്കുന്ന കാര്യത്തെയും അതിന്റെ തോതിനെയും താല്‍പര്യത്തെയും പരിഗണിക്കുമ്പോഴും പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യത്തെ പരിഗണിക്കുമ്പോഴുമാണ് ഈ ഏറ്റക്കുറച്ചില്‍. എന്നെന്നും അവശേഷിക്കുന്ന ഉന്നതനായ അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത്? എങ്കില്‍ പ്രവര്‍ത്തനം ശേഷിക്കും. അത് പ്രവര്‍ത്തിക്കുന്നവന് പ്രയോജനപ്പെടുകയും ചെയ്യും. അതല്ല, നശ്വരമായ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണെങ്കിലോ? അപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ പാഴായിപ്പോകും. അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിക്കാത്ത എല്ലാ പ്രവര്‍ത്തനങ്ങളുടെയും സ്ഥിതി ഇതാണ്.

5-7). തുടര്‍ന്ന് അല്ലാഹു പ്രവര്‍ത്തിക്കുന്നവരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും വിശദമാക്കുന്നു. (എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും) കല്‍പിക്കപ്പെട്ട ധനപരമായ ആരാധനകളില്‍; അതായത് സകാത്ത്, പ്രായച്ഛിത്തങ്ങള്‍, ഐച്ഛികദാനങ്ങള്‍, നല്ല കാര്യങ്ങള്‍ക്ക് നല്‍കല്‍ തുടങ്ങിയവ. നമസ്‌കാരം, നോമ്പ് പോലുള്ള ശാരീരിക ആരാധനകളും ഈ നല്‍കലില്‍ ഉള്‍പെടും. ഹജ്ജ്, ഉംറ പോലുള്ള ശാരീരികവും സാമ്പത്തികവുമായ ആരാധനകളും അതില്‍ പെട്ടതാണ്. (സൂക്ഷ്മത പാലിക്കുകയും) വിരോധിക്കപ്പെട്ട വ്യത്യസ്തങ്ങളായ നിഷിദ്ധങ്ങളെയും തെറ്റുകളെയും സൂക്ഷിക്കുക. (ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തു). അതായത് അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നതും മതപരമായ എല്ലാ വിശ്വാസങ്ങളും പരലോകത്ത് പ്രതിഫലാര്‍ഹമായ എല്ലാ കാര്യങ്ങളും സത്യപ്പെടുത്തുകയും ചെയ്തു. (അവനു നാം ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യപ്പെടുത്തി കൊടുക്കുന്നതാണ്.) 

എളുപ്പമായിത്തീരാനുള്ള കാരണങ്ങള്‍ അവനില്‍ നിന്നുമുണ്ടായതിനാല്‍ അവന്റെ കാര്യങ്ങളെല്ലാം എളുപ്പമാക്കുകയും നന്മകള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുകയും തിന്മകളില്‍ നിന്ന് വിട്ട് നില്‍ക്കല്‍ സാധ്യമാക്കുകയും ചെയ്തു.

8-10) (എന്നാല്‍ ആര്‍ പിശുക്ക് കാണിക്കുകയും) കല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ അവന്‍ പിശുക്ക് കാണിച്ചു. അതായത് നിര്‍ബന്ധവും ഐച്ഛികവുമായ ദാനങ്ങളില്‍. അതോടൊപ്പം അല്ലാഹു നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അവന്റെ മനസ്സിനെ അനുവദിച്ചതുമില്ല. അല്ലാഹുവിനെ തൊട്ട് അവന്‍ (സ്വയം പര്യാപ്തത നടിക്കുകയും) അങ്ങനെ അല്ലാഹുവിനുള്ള ആരാധനകളെ പാടെ ഉപേക്ഷിക്കുകയും തന്റെ രക്ഷിതാവിലേക്ക് ആവശ്യമുള്ളവനായി അവനെ അവന്‍ കാണാതിരിക്കുകയും ചെയ്തു. എന്നാല്‍ രക്ഷിതാവിനെ തന്റെ ആരാധ്യനും പ്രിയപ്പെട്ടവനുമായി കണ്ട് അവനിലേക്ക് തിരിഞ്ഞാലല്ലാതെ അവന് വിജയമോ രക്ഷയോ കൈവരിക്കാനാവില്ല. 

(ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തു) അല്ലാഹു തന്റെ അടിമയുടെ മേല്‍ നിര്‍ബന്ധമാക്കിയ ശരിയായ വിശ്വാസങ്ങളെ സത്യപ്പെടുത്താതെ അവര്‍ തള്ളിക്കളഞ്ഞു. (അവന് നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യമൊരുക്കി കൊടുക്കുന്നതാണ്). ആക്ഷേപകരമായ കാര്യങ്ങളിലേക്കും പ്രയാസകരമായ അവസ്ഥയിലേക്കും അവന്‍ എളുപ്പമെത്തും. അങ്ങനെ തിന്മകള്‍ എവിടെയായിരുന്നാലും അതവന് സൗകര്യപ്രദമാവുകയും തെറ്റായ പ്രവര്‍ത്തനങ്ങള്‍ അവന്റെ ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്യും. ഇതില്‍ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ!

11). (അവന്റെ ധനം അവന് പ്രയോജനപ്പെടുന്നതല്ല). അവനെ അതിരുവിട്ടവനും സ്വയം പര്യാപ്തനും പിശുക്കനുമാക്കിയ ധനം അവന്‍ (നാശത്തില്‍ പതിക്കുമ്പോള്‍) അവന് പ്രയോജനപ്പെടുകയില്ല. കാരണം സല്‍പ്രവര്‍ത്തനമല്ലാതെ മനുഷ്യനോടൊപ്പമുണ്ടാകില്ല. ബാധ്യത വീട്ടാത്ത ധനം അവന് നാശമായിരിക്കും. കാരണം അവന്‍ അവന്റെ പാരത്രിക ജീവിതത്തിനു വേണ്ടി ഒന്നും നീക്കിവെച്ചിട്ടില്ല.

12). (തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു.) അല്ലാഹുവിലേക്കെത്തിക്കുകയും അവന്റെ തൃപ്തി നേടിത്തരികയും ചെയ്യുന്ന വഴിയാണ് ശരിയായ മാര്‍ഗദര്‍ശനം. വഴികേടാവട്ടെ, അത് അല്ലാഹുവിലേക്കുള്ള വഴിയടക്കുകയും കഠിനമായ ശിക്ഷയിലേക്ക് അതിലൂടെ സഞ്ചരിക്കുന്നവനെ എത്തിക്കുകയും ചെയ്യുന്നു.

13). (തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും) ഇഹലോകത്തിന്റെയും പരലോകത്തിന്റെയും അധികാരവും കൈകാര്യവും എനിക്കുള്ളതാണ്. അവ രണ്ടിലും മറ്റൊരു പങ്കാളിയില്ല. അതിനാല്‍ അതിനെ ആഗ്രഹിക്കുന്നവരും അന്വേഷിക്കുന്നവരും എന്നോട് ചോദിക്കട്ടെ, മറ്റുള്ള സൃഷ്ടികളില്‍ നിന്ന് ആഗ്രഹങ്ങളെ മുറിച്ചുകളയുകയും ചെയ്യട്ടെ.

14-16). (അതിനാല്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് താക്കീതു നല്‍കിയിരിക്കുന്നു.) ആളിക്കത്തുകയും കത്തിയെരിയുകയും ചെയ്യുന്ന അഗ്നിയെ പറ്റി. (നിഷേധിച്ച് തള്ളുകയും പിന്തിരിഞ്ഞു കളയുകയും ചെയ്ത ഏറ്റവും ദുഷ്ടനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല). അതായത്, വാര്‍ത്തകളെ കളവാക്കുകയും കല്‍പനകളില്‍ നിന്ന് തിരിഞ്ഞു കളയുകയും ചെയ്തവന്‍.

17-18). (പരിശുദ്ധി നേടാനായി തന്റെ ധനം നല്‍കുന്ന ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതാണ്.) ഈ വ്യക്തി സമ്പത്ത് ചെലവഴിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ പ്രീതിയും മനസ്സിന്റെ സംസ്‌കരണവും പാപങ്ങളില്‍ നിന്നും അഴുക്കുകളില്‍ നിന്നും മനസ്സിന്റെ ശുദ്ധീകരണവുമാണ്. കടം പോലുള്ള നിര്‍ബന്ധമായി നല്‍കേണ്ട ബാധ്യതകളെ മാറ്റിനിര്‍ത്തി ഐച്ഛികദാനങ്ങള്‍ നല്‍കുന്നത് മതവിരുദ്ധമാണ്. മാത്രമല്ല, ആ ദാനം സ്വീകരിക്കപ്പെടാത്തതുമാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരണം, നിര്‍ബന്ധ കാര്യങ്ങളില്‍ വീഴ്ച വരുത്തിക്കൊണ്ടുള്ള ഐച്ഛിക പ്രവര്‍ത്തനങ്ങള്‍ ഒരാള്‍ക്ക് ആത്മവിശുദ്ധി നല്‍കില്ല. 

19). (പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്റെ പക്കല്‍ ഒരാള്‍ക്കുമില്ല.) ചെയ്യപ്പെടുന്ന വ്യക്തിയില്‍ നിന്ന് ഉപകാരം പ്രതീക്ഷിച്ചുകൊണ്ട് യാതൊരു കാര്യവും ഈ സൂക്ഷ്മതയുള്ളവന്‍ മറ്റുള്ളവര്‍ക്ക് ചെയ്തു കൊടുക്കുന്നില്ല. ഒരുപക്ഷേ, ജനങ്ങള്‍ അയാളുടെ നന്മകളെ പ്രശംസിച്ചേക്കാം. എന്നാല്‍ അയാള്‍ ചെയ്യുന്നത് അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി മാത്രമാണ്. എന്നാല്‍ ജനങ്ങളുടെ പ്രീതിക്കു വേണ്ടി തന്റെ ആത്മാര്‍ഥത നഷ്ടപ്പെടുന്ന രൂപത്തില്‍ അവന്‍ പ്രവര്‍ത്തിക്കില്ല. അബൂബക്ര്‍ സ്വിദ്ദീക്വിന്റെ(റ) കാര്യത്തിലാണ് ഈ വചനമിറങ്ങിയതെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റുള്ളവരില്‍ നിന്ന് പ്രത്യുപകാരമോ പ്രതിഫലമോ ലഭിക്കാന്‍ അദ്ദേഹം ഒന്നും ചെയ്യാറില്ല. പ്രവാചകന് ﷺ വേണ്ടി ചെയ്യുന്ന കാര്യമാണെങ്കില്‍ പോലും അല്ലാഹുവിന്റെ ദൂതനെന്ന നിലക്ക് ഉണ്ടാകുന്ന അനുഗ്രങ്ങള്‍ക്ക് പ്രത്യുപകാരം നല്‍കുക സാധ്യമല്ല. അനുഗ്രഹങ്ങളില്‍ പെട്ടതാണ് ഇസ്‌ലാമിലേക്കുള്ള പ്രബോധനവും സന്മാര്‍ഗം പഠിപ്പിക്കലുമെല്ലാം. നമുക്ക് ഓരോരുത്തര്‍ക്കും അല്ലാഹുവിനോടും റസൂലിനോടും കടപ്പാടുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചു കൊണ്ടായിരുന്നു എന്ന് ചുരുക്കും. അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്:

20-21) (തന്റെ അത്യുന്നതനായ രക്ഷിതാവിന്റെ പ്രീതി നേടുക എന്നതല്ലാതെ. വഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്). അതായത് ഈ സൂക്ഷ്മത പാലിക്കുന്നവന് അല്ലാഹു നല്‍കുന്ന വിവിധങ്ങളായ ആദരവുകളിലും പ്രതിഫലങ്ങളിലും അവന്‍ വഴിയെ തൃപ്തിയടയും.