ബലദ് (രാജ്യം)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 ദുല്‍ക്വഅദ 22 1439 ആഗസ്ത് 04

അധ്യായം: 90

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

لَآ أُقْسِمُ بِهَٰذَا ٱلْبَلَدِ (١) وَأَنتَ حِلٌّۢ بِهَٰذَا ٱلْبَلَدِ (٢) وَوَالِدٍ وَمَا وَلَدَ (٣) لَقَدْ خَلَقْنَا ٱلْإِنسَٰنَ فِى كَبَدٍ (٤) أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ (٥) يَقُولُ أَهْلَكْتُ مَالًا لُّبَدًا (٦) أَيَحْسَبُ أَن لَّمْ يَرَهُۥٓ أَحَدٌ (٧‬) أَلَمْ نَجْعَل لَّهُۥ عَيْنَيْنِ (٨‬) وَلِسَانًا وَشَفَتَيْنِ (٩) وَهَدَيْنَٰهُ ٱلنَّجْدَيْنِ (١٠) فَلَا ٱقْتَحَمَ ٱلْعَقَبَةَ (١١) وَمَآ أَدْرَىٰكَ مَا ٱلْعَقَبَةُ (١٢) فَكُّ رَقَبَةٍ (١٣) أَوْ إِطْعَٰمٌ فِى يَوْمٍ ذِى مَسْغَبَةٍ (١٤) يَتِيمًا ذَا مَقْرَبَةٍ (١٥) أَوْ مِسْكِينًا ذَا مَتْرَبَةٍ (١٦) ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُوا۟ وَتَوَاصَوْا۟ بِٱلصَّبْرِ وَتَوَاصَوْا۟ بِٱلْمَرْحَمَةِ (١٧) أُو۟لَٰٓئِكَ أَصْحَٰبُ ٱلْمَيْمَنَةِ (١٧) وَٱلَّذِينَ كَفَرُوا۟ بِـَٔايَٰتِنَا هُمْ أَصْحَٰبُ ٱلْمَشْـَٔمَةِ (١٩) عَلَيْهِمْ نَارٌ مُّؤْصَدَةٌۢ (٢٠)
(1). ഈ രാജ്യത്തെ (മക്കയെ) കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.  (2). നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.  (3). ജനയിതാവിനെയും അവന്‍ ജനിപ്പിക്കുന്നതിനെയും തന്നെയാണ് സത്യം.  (4). തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു. (5). അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണ്ടോ?  (6). അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്.  (7). അവന്‍ വിചാരിക്കുന്നുണ്ടോ; അവനെ ആരുംകണ്ടിട്ടില്ലെന്ന്?  (8). അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ?  (9). ഒരു നാവും രണ്ടു ചുണ്ടുകളും. (10). തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു.  (11). എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല.  (12). ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ?  (13). ഒരു അടിമയെ മോചിപ്പിക്കുക.  (14). അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക.  (15). കുടുംബബന്ധമുള്ള അനാഥയ്ക്ക്.  (16). അല്ലെങ്കില്‍ കടുത്ത ദാരിദ്ര്യമുള്ള സാധുവിന്.  (17). പുറമെ, വിശ്വസിക്കുകയും ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക.  (18). അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍.  (19). നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്റെ ആള്‍ക്കാര്‍.  (20). അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്‌നിയുണ്ട്.

നിര്‍ഭയത്വമുള്ള (ഈ രാജ്യത്തെക്കൊണ്ട്) അല്ലാഹു സത്യം ചെയ്തു പറയുന്നു. പരിശുദ്ധ മക്കയാണ് ഈ രാജ്യം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഏതര്‍ഥത്തിലും അത് മറ്റു രാജ്യങ്ങളെക്കാള്‍ ശ്രേഷ്ഠമായതു തന്നെയാണ്. നബി ﷺ അവിടെ ഉണ്ടായിരുന്ന സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും. (ജനയിതാവിനെയും അവന്‍ ജനിപ്പിക്കുന്നതിനെയും തന്നെയാണ് സത്യം). ആദം നബി(അ)യും സന്താനങ്ങളുമാണ് ഇവിടെ ഉദ്ദേശ്യം. 

സത്യം ചെയ്തു പറയുന്ന ആശയം (തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലായിരുന്നു.) സാക്ഷികള്‍ ഹാജരാക്കപ്പെടുന്ന പരലോകത്തും ക്വബ്‌റിലും ഈ ലോകത്തും അനിവാര്യമായ അഭിമുഖീകരിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളും ക്ലേശങ്ങളുമാണ് ഇവിടെ ഉദ്ദേശ്യം. നിത്യസന്തോഷവും ആഹ്ലാദവും നിലനിര്‍ത്താനും ഈ കഠിന ദുരിതത്തില്‍ നിന്ന് ആശ്വാസം നേടാനും മനുഷ്യന്‍ കഠിന പ്രയത്‌നത്തില്‍ ഏര്‍പെടേണ്ടതുണ്ട്. അതിനവന്‍ തയ്യാറായില്ലെങ്കില്‍ കഠിനമായ ശിക്ഷയെ എന്നെന്നും അവന്‍ ശാശ്വതമായി നേരിടേണ്ടിവരും. മറ്റൊരര്‍ഥം കൂടി ഇവിടെ നല്‍കപ്പെട്ടിട്ടുണ്ട്. കഠിനമായ പ്രവൃത്തികളും വിനിമയങ്ങളും ചെയ്യാന്‍ മാത്രം പ്രാപ്തമായ ഏറ്റവും നല്ല ഘടനയിലാണ് മനുഷ്യനെ നാം സൃഷ്ടിച്ചത്. ഈ മഹത്തായ അനുഗ്രഹങ്ങള്‍ക്ക് മനുഷ്യന്‍ അല്ലാഹുവിനോട് നന്ദി കാണിച്ചിട്ടില്ല. അവന്റെ സൗഖ്യത്താല്‍ അഹങ്കരിച്ചു. സ്രഷ്ടാവിനോട് ധിക്കാരം കാണിച്ചു. അവന്റെ അജ്ഞത കൊണ്ടും അക്രമം കൊണ്ടും ഈ അവസ്ഥ എന്നുമുണ്ടാകുമെന്നും ഈ കൈകാര്യാധികാരാവകാശങ്ങള്‍ ഇല്ലാതാവില്ലെന്നും അവന്‍ വിചാരിച്ചു. 

അതാണ് അല്ലാഹു പറയുന്നു: (അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണ്ടോ?) അതിരുവിട്ടും അഹങ്കരിച്ചും അവന്റെ ധനം ദേഹേച്ഛകള്‍ക്കു വേണ്ടി അവന്‍ ചെലവഴിച്ചു. (അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ ധനം തുലച്ചിരിക്കുന്നു എന്ന്). ധാരാളം ചെലവഴിച്ചു എന്നര്‍ഥം. ഇവിടെ തെറ്റുകളിലും ദേഹേച്ഛകളിലും ധനം ചെലവഴിക്കുന്നതിനെ അല്ലാഹു വിശേഷിപ്പിച്ചത് 'തുലച്ചു' എന്നാണ്. കാരണം, ചെലവഴിക്കുന്നവന് നഷ്ടവും ഖേദവും ക്ഷീണവും അസ്വസ്ഥതയുമല്ലാതെ മറ്റൊരു പ്രയോജനവും നല്‍കാത്തതാണത്. എന്നാല്‍ മറിച്ച് അല്ലാഹുവിന്റെ തൃപ്തിക്കു വേണ്ടി നന്മയുടെ വഴിയില്‍ ചെലവഴിക്കുന്നവനാകട്ടെ, അവന്‍ അല്ലാഹുവോടൊപ്പം ഒരു കച്ചവടത്തില്‍ ഏര്‍പ്പെട്ടവനാണ്. ചെലവഴിച്ചതിന്റെ എത്രയോ ഇരട്ടി ലാഭം അവന്‍ നേടുന്നു. അനാവശ്യങ്ങളില്‍ ചെലവഴിച്ച് അഹങ്കരിക്കുന്നവനെ താക്കീത് ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു: (അവന്‍ വിചാരിക്കുന്നുണ്ടോ അവനെ ആരും കണ്ടിട്ടില്ലെന്ന്?) ചെറുതും വലുതുമായ അവന്റെ തെറ്റുകള്‍ അല്ലാഹു കാണുകയും വിചാരണ ചെയ്യുകയും ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണ്ടോ? എന്നാല്‍ അല്ലാഹു അവനെ കാണുകയും അവന്റെ പ്രവര്‍ത്തനങ്ങളെല്ലാം സൂക്ഷിച്ചുവെക്കുകയും നല്ലതും ചീത്തയുമായ എല്ലാ പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്താന്‍ മാന്യന്മാരായ എഴുത്തുകാരെ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പിന്നീട് അല്ലാഹു ചെയ്തുകൊടുത്ത അനുഗ്രഹങ്ങളെ മനുഷ്യനെ കൊണ്ട് അംഗീകരിപ്പിക്കുന്നു: (അവന് നാം രണ്ടു കണ്ണുകളും ഒരു നാവും രണ്ടു ചുണ്ടുകളും ഉണ്ടാക്കി കൊടുത്തിട്ടില്ലേ?) കാഴ്ചക്കും ഭംഗിക്കും സംസാരത്തിനും മറ്റും അനിവാര്യമായ ധാരാളം പ്രയോജനങ്ങള്‍ക്കു വേണ്ടി. ഇതെല്ലാം ഭൗതികമായ അനുഗ്രഹങ്ങളാണ്. പിന്നീട് മതപരമായ അനുഗ്രഹങ്ങളെ കുറിച്ചാണ് പറയുന്നത്. (തെളിഞ്ഞു നില്‍ക്കുന്ന രണ്ട് പാതകള്‍ അവന് നാം കാട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു.)

അതായത് നന്മയുടെയും തിന്മയുടെയും രണ്ടു വഴികള്‍. വഴികേടില്‍നിന്നും സന്മാര്‍ഗത്തെയും വക്രമായതില്‍ നിന്നും നേരായതിനെയും നാം വ്യക്തമാക്കിക്കൊടുത്തു. ഈ മഹത്തായ അനുഗ്രഹം മനുഷ്യനോട് ആവശ്യപ്പെടുന്നത് അല്ലാഹുവിനോടുള്ള കടമകള്‍ നിര്‍വഹിക്കണമെന്നും അവന്റെ അനുഗ്രങ്ങള്‍ക്ക് നന്ദി ചെയ്യണമെന്നും അതിനെ പാപം ചെയ്യാന്‍ ഉപയോഗിക്കരുതെന്നുമാണ്. എന്നാല്‍ മനുഷ്യനതു ചെയ്തില്ല.

(എന്നിട്ടും ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല). അവന്‍ തന്റെ ദേഹേച്ഛകളെ പിന്‍പറ്റുന്നതിനാല്‍ ആ മലമ്പാതകള്‍ വിട്ടുകടക്കാനും തള്ളിക്കടക്കാനും അവനു കഴിഞ്ഞില്ല. ഇത് അവന് ബുദ്ധിമുട്ടുള്ളതു തന്നെ. പിന്നീട് എന്താണ് ആ മലമ്പാത എന്ന് വിശദീകരിക്കുകയാണ്(ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ? ഒരു അടിമയെ മോചിപ്പിക്കുക). അതായത് ഒരു അടിമയെ മോചിപ്പിക്കുകയോ മോചനപത്രം എഴുതിയ ഒരടിമയെ അതു വീട്ടാന്‍ സഹായിക്കുകയോ ചെയ്യുക. അവിശ്വാസിയുടെ അടിമത്വത്തില്‍ നിന്നും ഒരു വിശ്വാസിയെ മോചിപ്പിക്കലാകുമ്പോള്‍ അതേറ്റവും നല്ലതാണ്. (പട്ടിണിയുള്ള നാളില്‍ ഭക്ഷണം നല്‍കുകയോ ചെയ്യുക). കഠിനമായ പട്ടിണിയുള്ള സന്ദര്‍ഭത്തില്‍ അതായത് ആവശ്യമുള്ള സന്ദര്‍ഭത്തില്‍ ജനങ്ങളില്‍ ഏറ്റവും ആവശ്യമുള്ളവര്‍ക്കാണ് നല്‍കേണ്ടത്. 

(കുടുംബബന്ധമുള്ള ഒരു അനാഥക്ക്). കുടുംബ ബന്ധമുള്ള ദരിദ്രന്‍, അനാഥന്‍ എന്നീ രണ്ടവസ്ഥകള്‍ യോജിച്ചവനായിരിക്കുക. (കടുത്ത ദാരിദ്ര്യമുള്ള ഒരു സാധുവിന്) ആവശ്യങ്ങളും നിര്‍ബന്ധിതാവസ്ഥയും മൂലം മണ്ണുപറ്റി ജീവിക്കേണ്ടി വന്നവന്‍.

(പുറമെ സത്യവിശ്വാസികളില്‍ അവന്‍ ആയിത്തീരുകയും ചെയ്യും). സല്‍പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും വിശ്വസിക്കല്‍ നിര്‍ബന്ധമായ കാര്യങ്ങളെ ഹൃദയം കൊണ്ട് വിശ്വസിക്കുകയും ശരീരാവയവങ്ങള്‍ നല്ല പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കുകയും ചെയ്യുക. നിര്‍ബന്ധവും ഐച്ഛികവുമായ എല്ലാ പ്രവര്‍ത്തികളും വാക്കുകളും ഉള്‍പ്പെടും. 

(ക്ഷമ കൊണ്ട് പരസ്പരം ഉപദേശിക്കുകയും) അല്ലാഹുവിനെ അനുസരിക്കാനും തെറ്റുകളില്‍ നിന്ന് വിട്ടുനില്‍ക്കാനും അല്ലാഹുവിന്റെ വേദനിപ്പിക്കുന്ന വിധികളില്‍ ക്ഷമിക്കാനും പരിസ്പരം പ്രേരിപ്പിക്കുക എന്നര്‍ഥം. അവന്റെ കല്‍പനകള്‍ക്ക് കീഴൊതുങ്ങാനും അത് പൂര്‍ണണമായി നിര്‍വഹിക്കാനും. അതില്‍ മനസ്സമാധാനവും ഹൃദയവിശാലതയും കാണിക്കാനും കൂടി പ്രേരിപ്പിക്കുക. 

(കാരുണ്യം കൊണ്ട് പരസ്പരം ഉപദേശിക്കുക). മനുഷ്യര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ച് കൊടുക്കുകയും അവരില്‍ വിവരമില്ലാത്തവരെ പഠിപ്പിക്കുകയും എല്ലാ തരത്തിലുള്ള ആവശ്യങ്ങളും അവര്‍ക്ക് നിര്‍വഹിച്ചു കൊടുത്തും ഭൗതികവും മതപരവുമായ നന്മകള്‍ക്കു വേണ്ട സഹായങ്ങള്‍ അവര്‍ക്ക് ചെയ്തു കൊടുത്തും തനിക്ക് ഇഷ്ടപ്പെട്ടത് അവര്‍ക്ക് ഇഷ്ടപ്പെട്ടും താന്‍ വെറുക്കുന്നത് അവര്‍ക്ക് വെറുത്തും നിലകൊള്ളുന്നവരാരാണോ അവരാണ് മലമ്പാതയില്‍ തള്ളിക്കടക്കാന്‍ അല്ലാഹു സഹായിച്ചവര്‍.

(അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍). കാരണം അവര്‍ അല്ലാഹു നിര്‍വഹിക്കാന്‍ കല്‍പിച്ചത് നിര്‍വഹിക്കുന്നവരും അവന്‍ വിരോധിച്ചത് ഉപേക്ഷിക്കുന്നവരും തന്നോടും തന്റെ അടിമകളോടുമുള്ള കടമകള്‍ നിര്‍വഹിക്കുന്നവരുമാണ്. ഇതാവട്ടെ സൗഭാഗ്യത്തിന്റെ ലക്ഷണവുമാണ്. (നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവര്‍). ഇപ്പറഞ്ഞതെല്ലാം പുറകോട്ടേക്ക് വലിച്ചെറിഞ്ഞ് അല്ലാഹുവിനെ സത്യപ്പെടുത്താതെ അവനില്‍ വിശ്വസിക്കാതെ നന്മകള്‍ പ്രവര്‍ത്തിക്കാതെ അല്ലാഹുവിന്റെ അടിമകളോട് കരുണ കാണിക്കാതെ നിലകൊണ്ടവര്‍.

(അവരത്രെ ഇടതുപക്ഷത്തിന്റെ ആള്‍ക്കാര്‍. അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയാണ്). വാതിലുകള്‍ തുറക്കാതിരിക്കാന്‍ പിന്നിലേക്ക് നീട്ടിയിടപ്പെട്ട തൂണുകളില്‍ അടച്ചുപൂട്ടപ്പെട്ട നരകാഗ്നിയില്‍, അങ്ങനെ അവര്‍ പ്രയാസത്തിലും മനോവിഷമത്തിലും കഠിനാവസ്ഥയിലുമായിരിക്കും.

(പരലോകത്തുവെച്ച് കര്‍മരേഖ വലതുകയ്യില്‍ ലഭിക്കുക സ്വര്‍ഗാവകാശികള്‍ക്കാണ്. അവരെയാണ് വലതുപക്ഷക്കാര്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. കര്‍മരേഖ ഇടതുകയ്യില്‍ ലഭിക്കുക നരകാവകാശികള്‍ക്കാണ്. അവരെയാണ് ഇടതുപക്ഷക്കാര്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്-വിവ.)