അല്‍ഹുമസ (കുത്തിപ്പറയുന്നവര്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 മാര്‍ച്ച് 24 1439 റജബ് 06

വിവ: ഹാരിസ് ബിന്‍ സലീം

അധ്യായം: 104

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ (١) الَّذِي جَمَعَ مَالًا وَعَدَّدَهُ (٢) يَحْسَبُ أَنَّ مَالَهُ أَخْلَدَهُ (٣) كَلَّا ۖ لَيُنْبَذَنَّ فِي الْحُطَمَةِ (٤) وَمَا أَدْرَاكَ مَا الْحُطَمَةُ (٥) نَارُ اللَّهِ الْمُوقَدَةُ (٦) الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ (٧‬) إِنَّهَا عَلَيْهِمْ مُؤْصَدَةٌ (٨‬) فِي عَمَدٍ مُمَدَّدَةٍ (٩‬)
(1) കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം. (2) അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്. (3) അവന്റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു. (4) നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും. (5) ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?. (6) അത് അല്ലാഹുവിന്റെ ജ്വലിപ്പിക്കപ്പെട്ട അഗ്‌നിയാകുന്നു. (7) ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ. (8) തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും. (9) നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്.

1). وَيْلٌ എന്നാല്‍ നാശം, താക്കീത്, കഠിനശിക്ഷ എന്നൊക്കെയാണ് അര്‍ഥം.  لِّكُلِّ هُمَزَةٍ لُّمَزَةٍ (വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും ജനങ്ങളെ കുത്തിപ്പറയുകയും അവഹേളിക്കുകയും ചെയ്യുന്നവര്‍ക്ക്) പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സൂചനകള്‍ കൊണ്ടും ജനങ്ങളെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നവനാണ് هماز വാക്കുകളെ കൊണ്ട് മറ്റുള്ളവരെ അപമാനിക്കുന്നവനാണ് لماز

2). ഈ രണ്ടു വിഭാഗങ്ങളുടെയും (لماز, هماز ) ലക്ഷണം ധനം സമ്പാദിക്കുകയും അത് എണ്ണി നോക്കിക്കൊണ്ടിരിക്കുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുക എന്നതു മാത്രമാണ്. ഈ സമ്പത്ത് നന്മയുടെ മാര്‍ഗത്തിലോ കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുന്നതിലോ ചെലവഴിക്കുന്നതില്‍ അവര്‍ക്ക് യാതൊരു വിധ താല്‍പര്യവും ഇല്ല.

3). അവന്റെ അജ്ഞത മൂലം അവന്‍ വിചാരിക്കുന്നു (أَنَّ مَالَهُ أَخْلَدَهُ) അവന്റെ ധനം (ഇഹലോകത്ത്) അവന് ശാശ്വതജീവിതം നല്‍കുമെന്ന്. അതിനാല്‍ തന്നെ അവന്റെ സമ്പത്ത് പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാണ് അവന്റെ അധ്വാനങ്ങളും പരിശ്രമങ്ങളുമെല്ലാം. എന്നാല്‍ പിശുക്ക് ആയുസ് നശിപ്പിക്കുകയും വീടുകളെ തകര്‍ത്തു കളയുകയും ചെയ്യുന്നതാണെന്നും പുണ്യകര്‍മങ്ങളാകട്ടെ ആയുസ്സ് വര്‍ധിപ്പിക്കുന്നതാണെന്നും അവന്‍ മനസ്സിലാക്കിയിട്ടില്ല.

4-7). അവന്‍ എറിയപ്പെടുക തന്നെ ചെയ്യും; ഹുത്വമയില്‍. ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? അതിന്റെ ഭയാനകതയും ഭീകരതയും എത്രമാത്രമായിരിക്കുമെന്നാണ് പിന്നീടുള്ള വചനം വിശദീകരിക്കുന്നത് അതാണ്. (അത് അല്ലാഹുവിന്റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു). മനുഷ്യരും കല്ലുകളുമാണ്‌ അതിലെ ഇന്ധനം. ആ തിയിന്റെ ശക്തി (അത് ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതാണ്.) ശരീരം തുളച്ച് ഹൃദയത്തിലേക്കെത്തുമെന്നര്‍ഥം. ഈ കഠിനമായ ചൂടിനോടൊപ്പം അവര്‍ അതില്‍ തടവിലാക്കപ്പെട്ടവരായിരിക്കും. അതില്‍ നിന്ന് പുറത്തുപോകുന്ന കാര്യത്തില്‍ അവര്‍ നിരാശരാണ്. 'അത് അവരുടെ മേല്‍ അടച്ചുമൂടപ്പെട്ടതായിരിക്കും' എന്നു പറഞ്ഞതിന്റെ ഉദ്ദേശം അതാണ്. അതില്‍ നിന്ന് അവര്‍ പുറത്തുപോകാതിരിക്കാന്‍ നരകത്തിന്റെ വാതില്‍ പിന്നില്‍ നിന്ന് പൂട്ടിയതായിരിക്കും. 

''അവര്‍ അതില്‍ നിന്ന് പുറത്തുകടക്കാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അതിലേക്ക് തന്നെ അവര്‍ തിരിച്ചയക്കപ്പെടുന്നതാണ്.'' (സൂറതുസ്സജദ 20)

അതില്‍ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. അവന്‍ നമുക്ക് സൗഖ്യവും വിട്ടുവീഴ്ചയും പ്രദാനം ചെയ്യട്ടെ.

0
0
0
s2sdefault