അല്‍ ഇഖ്‌ലാസ് (നിഷ്‌കളങ്കത)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 ജനുവരി 13 1439 റബിഉല്‍ ആഖിര്‍ 25

വിവ: ഹാരിസ് ബിന്‍ സലീം

അധ്യായം: 112

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

قُلْ هُوَ اللَّهُ أَحَدٌ (١) اللَّهُ الصَّمَدُ (٢) لَمْ يَلِدْ وَلَمْ يُولَدْ (٣) وَلَمْ يَكُنْ لَهُ كُفُوً أَحَدٌ (٤)
(1) (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. (2) അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. (3) അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. (4) അവന്ന് തുല്യനായി ആരും ഇല്ലതാനും.

قُلْ = പറയുക. അതായത്, ഉറപ്പോടെയും വിശ്വാസത്തോടെയും അര്‍ഥം മനസ്സിലാക്കിയും നീ പറയുക. 

هُوَ اللَّهُ أَحَدٌ = ഏകത്വം അവനില്‍ മാത്രം പരിമിതമായിരിക്കുന്നു. ഏകനും നിസ്തുലനുമാവുക എന്നതില്‍ അവന്‍ പരിപൂര്‍ണനാണ്. വിശിഷ്ടമായ നാമങ്ങളും ഉന്നതവും പരിപൂര്‍ണവുമായ വിശേഷണങ്ങളും, പരിശുദ്ധമായ പ്രവര്‍ത്തനങ്ങളുമുള്ള തുല്യനോ സമാനനോ ഇല്ലാത്തവനാണ് അവന്‍. 

اللَّهُ الصَّمَدُ = എല്ലാ ആവശ്യങ്ങളും അവനിലാണ് ഉദ്ദേശിക്കപ്പെടുന്നത്. ഇവിടെയും ഉപരിലോകത്തുള്ളവരും അവനിലേക്ക് അങ്ങേയറ്റം ആവശ്യമുള്ളവരാണ്. അവര്‍ അവരുടെ ആവശ്യങ്ങള്‍ അവനോട് ചോദിക്കുന്നു. അവരുടെ ഉദ്ദിഷ്ട കാര്യങ്ങള്‍ അവനില്‍ നിന്ന് പ്രതീക്ഷിക്കുന്നു. കാരണം, അവന്‍ അവന്റെ ഗുണങ്ങളില്‍ സമ്പൂര്‍ണനാണ്. അതായത് അറിവില്‍ പൂര്‍ണനായ സര്‍വജ്ഞന്‍. സഹനത്തില്‍ പൂര്‍ണനായ സഹനശീലന്‍. കരുണയില്‍ പൂര്‍ണനായ കാരുണ്യവാന്‍. അവന്റെ കാരുണ്യം എല്ലാറ്റിലും വിശാലമായിരിക്കുന്നു. അവന്റെ മറ്റെല്ലാ വിശേഷണങ്ങളും ഇതുപോലെ തന്നെയാണ്. 

لَمْ يَلِدْ وَلَمْ يُولَدْ = അവന്‍ ആര്‍ക്കും ജന്മം നല്‍കിയിട്ടില്ല; ആരുടെയും സന്തതിയായി ജനിച്ചിട്ടുമില്ല എന്നത് അവന്റെ പരിപൂര്‍ണതയെയും മറ്റുള്ളവയില്‍ നിന്നെല്ലാമുള്ള അവന്റെ നിരാശ്രയത്വത്തെയും ബോധ്യപ്പെടുത്തുന്നു. 

وَلَمْ يَكُنْ لَهُ كُفُوً أَحَدٌ = നാമങ്ങളിലാവട്ടെ, വിശേഷണങ്ങളിലാവട്ടെ പ്രവൃത്തികളിലാവട്ടെ അവന് തുല്യനായി ഒരാളുമില്ല. ഈ സൂറത്ത് അല്ലാഹുവിന്റെ നാമ ഗുണവിശേഷങ്ങളിലുള്ള ഏകത്വത്തെ ഉള്‍ക്കൊള്ളുന്നതാണ്.