അല്‍ക്വാരിഅഃ (ഭയങ്കര സംഭവം)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 ഏപ്രില്‍ 14 1439 റജബ് 27

വിവ: ഹാരിസ് ബിന്‍ സലീം

അധ്യായം: 101

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

الْقَارِعَةُ (١) مَا الْقَارِعَةُ (٢) وَمَا أَدْرَاكَ مَا الْقَارِعَةُ (٣) يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ (٤) وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنْفُوشِ (٥) فَأَمَّا مَنْ ثَقُلَتْ مَوَازِينُهُ (٦) فَهُوَ فِي عِيشَةٍ رَاضِيَةٍ (٧‬) وَأَمَّا مَنْ خَفَّتْ مَوَازِينُهُ (٨‬) فَأُمُّهُ هَاوِيَةٌ (٩) وَمَا أَدْرَاكَ مَا هِيَهْ (١٠) نَارٌ حَامِيَةٌ (١١)
(1)ഭയങ്കരമായ ആ സംഭവം. (2) ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു? (3) ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? (4) മനുഷ്യന്മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം! (5) പര്‍വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും (6) അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ (7) അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും. (8) എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ (9) അവന്റെ സങ്കേതം ഹാവിയഃ ആയിരിക്കും. (10) ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? (11) ചൂടേറിയ നരകാഗ്‌നിയത്രെ അത്.

1-3) الْقَارِعَةُ എന്നത് അന്ത്യദിനത്തിന്റെ പേരുകളില്‍ ഒന്നാണ്. അതിന്റെ ഭയാനകത ജനങ്ങളെ ഭീതിപ്പെടുത്തുകയും ആഘാതമേല്‍പിക്കുകയും ചെയ്യുന്നതിനാലാണ് ആ പേരു വന്നത്. അതിന്റെ ഭയാനകതയെയും ഭീകരതയെയും സൂചിപ്പിക്കുന്നതാണ് അടുത്ത വചനങ്ങള്‍. ''ഭയങ്കരമായ ആ സംഭവം, ഭയങ്കരമായ സംഭവം എന്നാല്‍ എന്താണെന്ന് നിനക്ക് അറിയാമോ?''

4) 'മനുഷ്യര്‍ ആയിത്തീരുന്ന ദിവസം.' ഭയത്തിന്റെയും ഭീകരതയുടെയും കാഠിന്യത്താല്‍ 'ചിന്നിച്ചിതറിയ പാറ്റപോലെ'. അതായത് ഒന്നിനു മേല്‍ ഒന്നായി തിരയടിക്കുന്ന വെട്ടുകിളികളെപ്പോലെ. രാത്രി കാലങ്ങളിലല്‍ മേല്‍ക്കുമേല്‍ തിരയടിച്ചുകൊണ്ടിരിക്കുന്ന ലക്ഷ്യമറിയാത്ത ഒരുതരം ജീവികളാണ് പാറ്റകള്‍. തീ കത്തിക്കപ്പെട്ടാല്‍ അതിന്റെ അപകടമറിയാതെ അതില്‍ പതിച്ചുകൊണ്ടിരിക്കും. അങ്ങനെയെങ്കില്‍ ബുദ്ധിയുള്ള മനുഷ്യന്റെ അവസ്ഥ എന്തായിരിക്കും. 

8) എന്നാല്‍ ഉറപ്പുള്ളതും ശക്തവുമായ പര്‍വതങ്ങള്‍ (കടഞ്ഞു വിതറപ്പെട്ട പഞ്ഞി പോലെയും) ആയിത്തീരും. നേരിയ കാറ്റില്‍ പോലും പറന്നുപോകുന്ന വളരെ ദുര്‍ബലമായ കടഞ്ഞ പഞ്ഞിപോലെ. 

وَتَرَى الْجِبَالَ تَحْسَبُهَا جَامِدَةً وَهِيَ تَمُرُّ مَرَّ السَّحَابِ

''പര്‍വതങ്ങളെ നീ കാണുമ്പോള്‍ അവ ഉറച്ചുനില്‍ക്കുന്നതാണ് എന്ന് നീ ധരിച്ചുപോകും. എന്നാല്‍ അവ മേഘങ്ങള്‍ ചലിക്കുന്നതു പോലെ ചലിക്കുന്നതാണ്'' (സൂറത്തുന്നംല് 88) എന്ന് അല്ലാഹു മറ്റൊരിടത്ത് പറഞ്ഞിട്ടുണ്ട്. പിന്നീട് അത് ചിന്നിച്ചിതറിയ ധൂളികളെപ്പോലെ ആയിത്തീരും. കാഴ്ചയില്‍ ഒന്നും അവശേഷിക്കാത്ത വിധത്തില്‍ അത് ഇല്ലാതാവുന്നു. ഈ സമയം തുലാസ്സുകള്‍ സ്ഥാപിക്കപ്പെടുകയും ജനങ്ങള്‍ ദൗര്‍ഭാഗ്യവാന്മാരും സൗഭാഗ്യവാന്മാരുമായി രണ്ടു വിഭാഗമായി വേര്‍തിരിയും.

6-7). (അപ്പോള്‍ ഏതൊരാളുടെ തുലാസ്സുകള്‍ ഘനം തൂങ്ങിയോ) നന്മയെക്കാള്‍ അവന്റെ തിന്മകള്‍ അധികമില്ലാതായാല്‍ അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും. സുഖാനുഗ്രഹത്തിന്റെ സ്വര്‍ഗത്തില്‍.

8-11). (എന്നാല്‍ ഏതൊരാളുടെ തുലാസ്സുകള്‍ തൂക്കം കുറഞ്ഞതായോ) അവന്റെ തിന്മകളെ അതിജീവിക്കാവുന്ന നന്മകള്‍ ഇല്ലാതിരുന്നാല്‍ (അവന്റെ സങ്കേതം ഹാവിയ ആയിരിക്കും). ഹാവിയ എന്ന് പേരുള്ളതായ നരകത്തിലാണ് അവന്റെ താമസവും സങ്കേതവും. ഒരു ഉമ്മയെപ്പോലെ അതെപ്പോഴും അവന്റെ കൂടെ ഉണ്ടായിരിക്കും. മറ്റൊരിടത്ത് അല്ലാഹു പറയുന്നു:

إِنَّ عَذَابَهَا كَانَ غَرَامًا

''തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു'' (സൂറതുല്‍ ഫുര്‍ക്വാന്‍ 65). അതായത് തലകീഴായി നരകത്തില്‍ അവന്‍ എറിയപ്പെടും. 

ഹാവിയ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? അതിന്റെ ഗൗരവത്തെയാണ് ഈ ചോദ്യം സൂചിപ്പിക്കുന്നത്. എന്നിട്ട് അതിനെ വിശദീകരിച്ചുകൊണ്ട് പറയുന്നു: ''ചൂടേറിയ നരകാഗ്നിയത്രെ അത്.'' കഠിനമായ ചൂടുള്ളത്. ഇവിടത്തെ തീയിനെക്കാള്‍ എഴുപതിരട്ടി വര്‍ധിച്ചതാണ് അതിന്റെ ചൂട്. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.