കാഫിറൂന്‍ (സത്യനിഷേധികള്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 ഫെബ്രുവരി 17 1439 ജുമാദില്‍ ആഖിറ 02

വിവ: ഹാരിസ് ബിന്‍ സലീം

അധ്യായം: 109

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

  قُلْ يَا أَيُّهَا الْكَافِرُونَ (١) لَا أَعْبُدُ مَا تَعْبُدُونَ (٢) وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ (٣) وَلَا أَنَا عَابِدٌ مَا عَبَدْتُمْ (٤) وَلَا أَنْتُمْ عَابِدُونَ مَا أَعْبُدٍُ (٥) لَكُمْ دِينُكُمْ وَلِيَ دِينٍُِ (٦)
(1) (നബിയേ,) പറയുക: അവിശ്വാസികളേ, (2) നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.(3) ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.(4) നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.(5) ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല. (6) നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും.

സത്യനിഷേധികളോട് വ്യക്തമായും സ്പഷ്ടമായും നീ പറയുക: ''നിങ്ങള്‍ ആരാധിച്ചു വരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.'' അതായത് അല്ലാഹുവിന് പുറമെ അവര്‍ ആരാധിക്കുന്നവയില്‍ നിന്ന് പ്രത്യക്ഷമായും പരോക്ഷമായും നീ വിട്ടുനില്‍ക്കുക.

''ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല.'' കാരണം അല്ലാഹുവിനുള്ള നിങ്ങളുടെ ആരാധന നിഷ്‌കളങ്കമല്ല. അവനുള്ള നിങ്ങളുടെ ആരാധന ശിര്‍ക്ക് (പങ്കുചേര്‍ക്കല്‍) ചേര്‍ന്നതായതിനാല്‍ അതിനെ (അല്ലാഹുവിനുള്ള ഇബാദത്ത്) ആരാധന എന്ന് പറയാവതല്ല. അല്ലാഹുവിന് യഥാര്‍ഥ രൂപത്തിലുള്ള ആരാധന അവരില്‍ നിന്നും ഉണ്ടായിട്ടില്ല എന്നതാണ് പിന്നീടുള്ള ആവര്‍ത്തനം അറിയിക്കുന്നത്. ആരാധന അല്ലാഹുവിനായി തീരാനുള്ള അനിവാര്യമായ വിശേഷണത്തെയാണ് തുടര്‍ന്നുള്ള ആവര്‍ത്തനം വ്യക്തമാക്കുന്നത്. അതിനാല്‍ ഇവിടെ രണ്ടു സംഘങ്ങളെ വേര്‍തിരിക്കുകയും രണ്ടു വിഭാഗങ്ങളുടെയും വ്യതിരിക്തത വ്യക്തമാക്കുകയും ചെയ്തു. അതാണ് ''നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം''  എന്നു പറഞ്ഞത്. ഇതേ ആശയം തന്നെയാണ് മറ്റു രണ്ടു സ്ഥലങ്ങളില്‍ അല്ലാഹു പറയുന്നത്.

قُلْ كُلٌّ يَعْمَلُ عَلَىٰ شَاكِلَتِهِ

''പറയുക: എല്ലാവരും അവരവരുടെ സമ്പ്രദായമനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.'' (ക്വുര്‍ആന്‍ 17:84)

أَنْتُمْ بَرِيئُونَ مِمَّا أَعْمَلُ وَأَنَا بَرِيءٌ مِمَّا تَعْمَلُونَ

''ഞാന്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് നിങ്ങള്‍ വിമുക്തരാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ഞാനും വിമുക്തനാണ്.'' (ക്വുര്‍ആന്‍10:41)