അന്നാസ് (ജനങ്ങള്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 ജനുവരി 06 1439 റബിഉല്‍ ആഖിര്‍ 17

വിവ: ഹാരിസ് ബിന്‍ സലീം

അധ്യായം: 114

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

قُلْ أَعُوذُ بِرَبِّ النَّاسِ (١) مَلِكِ النَّاسِ (٢) إِلَٰهِ النَّاسِ (٣) مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ (٤) الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ (٥) مِنَ الْجِنَّةِ وَالنَّاسِ (٦)
(1) പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. (2) മനുഷ്യരുടെ രാജാവിനോട്. (3) മനുഷ്യരുടെ ദൈവത്തോട്. (4) ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്. (5) മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍. (6) മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.

എല്ലാ തിന്മകളുടെയും മൂലകാരണവും അടിത്തറയുമായ പിശാചില്‍ നിന്നും മനുഷ്യരുടെ ആരാധ്യനും ഉടമസ്ഥനും രക്ഷിതാവുമായവനോട് രക്ഷ തേടലാണ് ഈ അധ്യായത്തന്റെ ഉള്ളടക്കം. അതായത് മനുഷ്യരുടെ മനസ്സുകളില്‍ ദുര്‍ബോധനം ചെയ്യുന്നവന്റെ കെടുതിയില്‍ നിന്നും കുഴപ്പങ്ങളില്‍ നിന്നുമുള്ള രക്ഷ തേടല്‍. തിന്മകളെ മനുഷ്യര്‍ക്ക് നന്മയാക്കി കാണിച്ചുകൊടുത്ത് അത് പ്രവര്‍ത്തിക്കത്തക്ക വിധത്തില്‍ അവരുടെ ഉദ്ദേശ ലക്ഷ്യങ്ങളെ പ്രചോദിപ്പിക്കുന്നു, നന്മകള്‍ അവര്‍ക്ക് പ്രയാസമുള്ളതാക്കി അതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നു; ഇതാണവന്‍ എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.

മനുഷ്യരില്‍ ദുര്‍ബോധനം നടത്തി അവന്‍ പിന്‍വാങ്ങുന്നു. ഒരു അടിമ തന്റെ രക്ഷിതാവിനെ ഓര്‍ക്കുകയും പിശാചിനെ തടുക്കുവാന്‍ അവനോട് സഹായം തേടുകയും ചെയ്യുമ്പോള്‍ പിശാച് അവന്റെ ദുര്‍ബോധനത്തില്‍ നിന്ന് പിന്‍വാങ്ങുന്നു. അതിനാല്‍ മുഴുവന്‍ ജനങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിനാല്‍ സുരക്ഷിതനാവുകയും അവനോട് രക്ഷ തേടുകയും സഹായം തേടുകയും ചെയ്യുക എന്നത് ഓരോ വ്യക്തിക്കും നിര്‍ബന്ധമാണ്. എല്ലാ സൃഷ്ടികളും അവന്റെ രാജാധിപത്യത്തിന്റെയും രക്ഷാകര്‍തൃത്വത്തിന്റെയും പരിധിയില്‍ വരുന്നവരാണ്. എല്ലാ ജീവികളുടെയും നിയന്ത്രണം അവന്റെയടുക്കലാണ്. യഥാര്‍ഥ ആരാധ്യന്‍ അല്ലാഹു മാത്രമാണ്. മനുഷ്യനെ അവന്‍ സൃഷ്ടിച്ചതിന്റെ ലക്ഷ്യം അവനെ മാത്രം ആരാധിക്കലാണ്. അവനുള്ള ആരാധന സാക്ഷാത്കരിക്കാന്‍ അതില്‍ തടസ്സമുണ്ടാക്കുന്ന പിശാചായ ശത്രുവിന്റെ ഉപദ്രവങ്ങളില്‍ നിന്നും രക്ഷപ്പെട്ടിരിക്കണം. പിശാച് എപ്പോഴും ശ്രമിക്കുന്നത് അവന്റെ ചേരിയിലേക്ക് മനുഷ്യരെ ചേര്‍ക്കുവാനാണ്; അങ്ങനെ അവരെ കത്തിയാളുന്ന നരകത്തിന്റെ ആളുകളാക്കാനും. ദുര്‍ബോധനങ്ങള്‍ ജിന്നുകളില്‍ നിന്നുണ്ടാകുന്നത് പോലെ മനുഷ്യരില്‍ നിന്നും ഉണ്ടാകും.

0
0
0
s2sdefault