അല്‍മസദ് (ഈത്തപ്പനനാര്)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 ഫെബ്രുവരി 03 1439 ജുമാദില്‍ ഊല 17

വിവ: ഹാരിസ് ബിന്‍ സലീം

അധ്യായം: 111

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ (١) مَا أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ (٢) سَيَصْلَىٰ نَارًا ذَاتَ لَهَبٍ (٣) وَامْرَأَتُهُ حَمَّالَةَ الْحَطَبِ (٤) فِي جِيدِهَا حَبْلٌ مِنْ مَسَدٍ (٥)
(1) അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു. (2) അവന്റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല. (3) തീജ്വാലകളുള്ള നരകാഗ്‌നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്. (4) വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും. (4) അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.

അബൂലഹബ് നബി ﷺ യുടെ പിതൃവ്യനായിരുന്നു. അയാള്‍ നബി ﷺ യെ അങ്ങേയറ്റം ഉപദ്രവിക്കുകയും കഠിനമായ ശത്രുത പുലര്‍ത്തുകയും ചെയ്തു. അവനില്‍ ധാര്‍മികതയോ കുടുംബ താല്‍പര്യമോ ഉണ്ടായിരുന്നില്ല. ഉയിര്‍ത്തെഴുന്നേല്‍പ് നാളു വരെ നിന്ദ്യത നിലനില്‍ക്കും വിധത്തില്‍ ഏറ്റവും ശക്തമായി അല്ലാഹു അവനെ ഇവിടെ ആക്ഷേപിക്കുന്നു.

تَبَّتْ يَدَا أَبِي لَهَبٍ അവന്റെ ഇരുകൈകളും നശിക്കുകയും അവന്‍ ദൗര്‍ഭാഗ്യവാനാവുകയും ചെയ്തു. وَتَبَّ അവന് യാതൊരു നേട്ടവും ഉണ്ടായിട്ടുമില്ല. مَا أَغْنَىٰ عَنْهُ مَالُهُ അവനെ അതിക്രമകാരിയാക്കിയ അവന്റെ അടുക്കലുള്ള ധനം അവന് ഉപകാരപ്പെട്ടില്ല. وَمَا كَسَبَ അവന്‍ സമ്പാദിച്ച ധനവും അവന് പ്രയോജനകരമായില്ല. അല്ലാഹുവിന്റെ ശിക്ഷ വന്നിറങ്ങിയപ്പോള്‍ അതില്‍ നിന്നൊന്നും അവനെ തടഞ്ഞതുമില്ല. سَيَصْلَىٰ نَارًا ذَاتَ لَهَبٍ എല്ലാ ഭാഗത്തുനിന്നും നരകം അവനെ വലയം ചെയ്യും. വിറക് ചുമട്ടുകാരിയായ അവന്റെ ഭാര്യയുടെ അവസ്ഥയും മറ്റൊന്നല്ല. അവളും അല്ലാഹുവിന്റെ ദൂതനെ വളരെയധികം ഉപദ്രവിച്ചിരുന്നു. അതിക്രമത്തിലും പാപത്തിലും അവളും ഭര്‍ത്താവും പരസ്പരം സഹായിച്ചു. അവള്‍ നബി ﷺ യെ ഉപദ്രവിക്കാന്‍ കഴിയാവുന്നതിന്റെ പരമാവധി ഉപദ്രവങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. കഴുത്തില്‍ ഒരു ഈത്തപ്പന നാരുമായി വിറക് ശേഖരിക്കുന്നവന്റെ സ്ഥാനത്ത് അവള്‍ മുതുകില്‍ ഒരുമിച്ച് കൂട്ടുന്നത് പാപഭാരങ്ങളായിരിക്കും. ഈത്തപ്പന നാര് കഴുത്തിലിട്ട് നരകത്തില്‍ അവള്‍ ഭര്‍ത്താവിനെതിരില്‍ വിറക് ചുമക്കും.

യഥാര്‍ഥത്തില്‍, ഈ അധ്യായം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളുടെ ഒരു പ്രത്യക്ഷ ഉദാഹരണമാണ്. കാരണം ഈ അധ്യായം അവതരിക്കുമ്പോള്‍ അബൂലഹബും ഭാര്യയും മരിച്ചിട്ടില്ല. അവര്‍ രണ്ടുപേരും നരകത്തില്‍ ശിക്ഷിക്കപ്പെടുമെന്ന് ഇവിടെ ഉറപ്പിച്ചുപറയുകയും ചെയ്യുന്നു. അതായത്, അവര്‍ ഒരിക്കലും മുസ്‌ലിമാകില്ലെന്നാണ് അതിന്റെ വിവക്ഷ. ദൃശ്യവും അദൃശ്യവും അറിയുന്ന അല്ലാഹുവിന്റെ വാക്കുകള്‍ സത്യമായി പുലരുക തന്നെ ചെയ്തു. അവര്‍ക്ക് ജീവിച്ചിരിക്കുന്ന കാലത്ത് മുസ്‌ലിമാകാന്‍ സാധിച്ചില്ല.