സല്‍സല (പ്രകമ്പനം)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 മെയ് 05 1439 ശഅബാന്‍ 17

അധ്യായം: 99

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا (١) وَأَخْرَجَتِ الْأَرْضُ أَثْقَالَهَا (٢) وَقَالَ الْإِنْسَانُ مَا لَهَا (٣) يَوْمَئِذٍ تُحَدِّثُ أَخْبَارَهَا (٤) بِأَنَّ رَبَّكَ أَوْحَىٰ لَهَا (٥) يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتًا لِيُرَوْا أَعْمَالَهُمْ (٦) فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ (٧‬) وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ (٨‬)
(1)1)ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍-അതിന്റെ ഭയങ്കരമായ ആ പ്രകമ്പനം. (2) ഭൂമി അതിന്റെ ഭാരങ്ങള്‍ പുറം തള്ളുകയും (3) അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍. (4) അന്നേ ദിവസം അത് (ഭൂമി) അതിന്റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്. (5) നിന്റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം. (6) അന്നേദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്. അവര്‍ക്ക് അവരുടെ കര്‍മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്. (7) അപ്പോള്‍ ആര്‍ ഒരു അണുവിന്റെ തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. (8) ആര്‍ ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും.

1,2) ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളാണ് അല്ലാഹു ഇവിടെ പ്രസ്താവിക്കുന്നത്. ഭൂമിക്ക് മുകളിലുള്ള കെട്ടിടങ്ങളും പര്‍വതങ്ങളും തകര്‍ന്നു വീഴുമാറ് അത് വിറകൊള്ളുകയും പ്രകമ്പനം കൊള്ളുകയും ചെയ്യും. പര്‍വതങ്ങള്‍ പൊടിക്കപ്പെടുകയും കുന്നുകള്‍ നിരത്തപ്പെടുകയും കുണ്ടും കുഴിയുമില്ലാത്ത സമനിരപ്പായ മൈതാനമായി അത് മാറുകയും ചെയ്യും. ''ഭൂമി അതിന്റെ ഭാരങ്ങള്‍ പുറംതള്ളുകയും ചെയ്താല്‍''- ഭൂമിക്കുള്ളിലുള്ള മരിച്ചവരെയും നിധികളെയുമെല്ലാം പുറത്തു കൊണ്ടുവരും എന്നര്‍ഥം.

3). ''മനുഷ്യന്‍ പറയുകയും ചെയ്യും''- ഭൂമിക്കു സംഭവിച്ച ഭയാനകമായ കാര്യങ്ങള്‍ കണ്ടാല്‍ അവന്‍ പറയും ''അതിന് എന്തുപറ്റി'' എന്ന്!

4,5). ''അന്നേ ദിവസം പറയും''- ഭൂമി (പറയും). ''അതിന്റെ വര്‍ത്തമാനങ്ങള്‍''- ഭൂമിക്ക് മുകളില്‍ സൃഷ്ടികള്‍ പ്രവര്‍ത്തിച്ച നന്മ തിന്മകള്‍ക്ക് അത് സാക്ഷിയാകും. അടിമകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയാക്കപ്പെടുന്ന കൂട്ടത്തില്‍ ഭൂമിയും ഉണ്ടാകും എന്നര്‍ഥം. അതിനങ്ങനെ സാധിക്കുന്നത്-''നിന്റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം.'' ഭൂമിക്ക് മുകളില്‍ നടന്ന പ്രവര്‍ത്തനങ്ങളെ അറിയിക്കാന്‍ അപ്പോള്‍ അല്ലാഹു കല്‍പിക്കും. ആ കല്‍പനക്ക് അത് എതിരു പ്രവര്‍ത്തിക്കുകയില്ല. 

6). ''അന്നേ ദിവസം മനുഷ്യന്‍ പുറപ്പെടുന്നതാണ്''- ഉയിര്‍ത്തെഴുന്നേല്‍പിന്റെ സന്ദര്‍ഭത്തില്‍. ''പല സംഘങ്ങളായി'', ''അവര്‍ക്ക് അവരുടെ കര്‍മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്''- നന്മ തിന്മകളില്‍ നിന്ന് അവര്‍ പ്രവര്‍ത്തിച്ചതും അവന്റെ പൂര്‍ണമായ പ്രതിഫലവും. 

7,8). ''അപ്പോള്‍ ആര്‍ ഒരു അണുവിന്റെ തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. ആര്‍ ഒരണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും''- ഇതില്‍ എല്ലാ നന്മ തിന്മകളും ഉള്‍ക്കൊള്ളും. കാരണം, അണുമണിത്തൂക്കം എന്നത് വസ്തുക്കളുടെ ഏറ്റവും നിസ്സാരമായ അളവാണ്. അതിനു പോലും പ്രതിഫലം നല്‍കപ്പെടുമെങ്കില്‍ അതിനപ്പുറത്തുള്ളതിന്റെ അവസ്ഥ അതിനെക്കാള്‍ ഉന്നതമായിരിക്കുമല്ലോ. അല്ലാഹു പറയുന്നു: ''നന്മയായും തിന്മയായും താന്‍ പ്രവര്‍ത്തിച്ച ഓരോ കാര്യവും (തന്റെ മുമ്പില്‍) ഹാജരാക്കപ്പെട്ടതായി ഓരോ വ്യക്തിയും കണ്ടെത്തുന്ന ദിവസത്തെക്കുറിച്ച് (ഓര്‍ക്കുക.) തന്റെയും അതിന്റെ (ദുഷ്പ്രവൃത്തിയുടെ)യും ഇടയില്‍ വലിയ ദൂരമുണ്ടായിരുന്നെങ്കില്‍ എന്ന് ഓരോ വ്യക്തിയും കൊതിച്ചുപോകും.''(ക്വുര്‍ആന്‍ 3:30). മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ''പ്രവര്‍ത്തിച്ചതൊക്കെ (രേഖയില്‍) നിലവിലുള്ളതായി അവര്‍ കണ്ടെത്തും'' (18:19)