അല്‍ഖുററൈശ് (ഖുറൈശികള്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 ഫെബ്രുവരി 24 1439 ജുമാദില്‍ ആഖിറ 09

വിവ: ഹാരിസ് ബിന്‍ സലീം

അധ്യായം: 106

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

لِإِيلَافِ قُرَيْشٍ (١) إِيلَافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ (٢) فَلْيَعْبُدُوا رَبَّ هَٰذَا الْبَيْتِ (٣) الَّذِي أَطْعَمَهُمْ مِنْ جُوعٍ وَآمَنَهُمْ مِنْ خَوْفٍ (٤)
(1) ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍ (2) ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍. (3) ഈ ഭവനത്തിന്റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ. (4) അതായത്, അവര്‍ക്ക് വിശപ്പിന് ആഹാരം നല്‍കുകയും ഭയത്തിനു പകരം സമാധാനം നല്‍കുകയും ചെയ്തവനെ.

لِإِيلَافِ (കൂട്ടിയിണക്കിയതിനാല്‍) എന്ന് 

جار مجرور കൊണ്ട് തുടങ്ങിയതിനാല്‍ ഈ അധ്യായം തൊട്ടുമുമ്പുള്ള അധ്യായവുമായി (സൂറതുല്‍ ഫീല്‍) ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നാണ് ഭൂരിപക്ഷം ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നത്. അതായത് (കഅ്ബ പൊളിക്കാന്‍ വന്ന) ആനക്കാരെ കൊണ്ട് നാം ചെയ്തതെല്ലാം ഖുറൈശികള്‍ക്കും അവരുടെ സുരക്ഷക്കും പൊതുനന്മക്കും ധനസമ്പാദനത്തിനും കച്ചവടത്തിനും വേണ്ടി ഉഷ്ണകാലത്ത് ശാമിലേക്കും ശൈത്യകാലത്ത് യമനിലേക്കും അവരുടെ യാത്ര വ്യവസ്ഥാപിതമാകുന്നതിനും വേണ്ടിയാണ്. അങ്ങനെ ഖുറൈശികളെ നശിപ്പിക്കാന്‍ ഉദ്ദേശിച്ചവരെ അല്ലാഹു നശിപ്പിക്കുകയും അറബികളുടെ മനസ്സുകളില്‍ പരിശുദ്ധ ഹറമിന്റെയും അതിന്റെ സംരക്ഷകരുടെയും സ്ഥാനം ഉയര്‍ത്തി, അവര്‍ ആദരിക്കപ്പെടുകയും അവര്‍ ഉദ്ദേശിക്കുന്ന ഏത് യാത്രകള്‍ക്കും തടസ്സമാവാത്ത വിധത്തില്‍ അല്ലാഹു അവരെ മഹോന്നതരാക്കുകയും ചെയ്തു. അതിന് നന്ദി ചെയ്യാനാണ് തുടര്‍ന്ന് അല്ലാഹു കല്‍പിക്കുന്നത്. (فَلْيَعْبُدُوا رَبَّ هَٰذَا الْبَيْتِ). അതായത് അവന്റെ ഏകത്വം അംഗീകരിക്കുകയും ആരാധന അവന് മാത്രമാക്കുകയും ചെയ്യുക. (الَّذِي أَطْعَمَهُمْ مِنْ جُوعٍ وَآمَنَهُمْ مِنْ خَوْفٍ)

ഭക്ഷണത്തിലുള്ള സുഭിക്ഷതയും ഭയത്തില്‍ നിന്നുള്ള നിര്‍ഭയത്വവും അല്ലാഹുവിന് നന്ദി ചെയ്യാന്‍ നിര്‍ബന്ധമാക്കുന്ന ഭൗതികാനുഗ്രഹങ്ങളില്‍ ഏറ്റവും വലുതാണ്. ആകയാല്‍ അല്ലാഹുവേ, പ്രത്യക്ഷവും പരോക്ഷവുമായ നിന്റെ അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിയും സ്തുതിയും നിനക്ക് മാത്രമാകുന്നു. അല്ലാഹു എല്ലാ വസ്തുക്കളുടെയും രക്ഷിതാവായിരിക്കെ ഈ ഭവനത്തിന്റെ രക്ഷിതാവ് എന്ന് പ്രത്യേകം പറഞ്ഞത് അതിന്റെ ശ്രേഷ്ഠതയെയും മഹത്വത്തെയും കുറിക്കുന്നു.