ഇന്‍ശിഖാഖ് (പൊട്ടിപ്പിളരല്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 ഡിസംബര്‍ 29 1440 റബീഉല്‍ ആഖിര്‍ 21

അധ്യായം: 84, ഭാഗം: 1

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِذَا ٱلسَّمَآءُ ٱنشَقَّتْ (١) وَأَذِنَتْ لِرَبِّهَا وَحُقَّتْ (٢) وَإِذَا ٱلْأَرْضُ مُدَّتْ (٣) وَأَلْقَتْ مَا فِيهَا وَتَخَلَّتْ (٤) وَأَذِنَتْ لِرَبِّهَا وَحُقَّتْ (٥)
(01) ആകാശം പിളരുമ്പോള്‍, (02) അത് അതിന്റെ രക്ഷിതാവിനെ ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്യുമ്പോള്‍; അത് (അങ്ങനെ കേള്‍ക്കാന്‍) കടപ്പെട്ടിരിക്കുന്നുതാനും. (03) ഭൂമി നീട്ടപ്പെടുമ്പോള്‍. (04) അതിലുള്ളത് അത് (പുറത്തേക്ക്) ഇടുകയും അത് കാലിയായിത്തീരുകയും ചെയ്യുമ്പോള്‍. (05) അത് അതിന്റെ രക്ഷിതാവിനെ ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്യുമ്പോള്‍; അത് (അങ്ങനെ കേള്‍ക്കാന്‍) കടപ്പെട്ടിരിക്കുന്നുതാനും.

മഹാഗോളങ്ങള്‍ക്ക് അന്ത്യനാളില്‍ സംഭവിക്കുന്ന മാറ്റത്തെ വ്യക്തമാക്കിക്കൊണ്ട് അല്ലാഹു പറയുന്നു: (ആകാശം അത് പിളര്‍ന്നാല്‍). ആകാശം പൊട്ടിപ്പിളര്‍ന്ന് പരസ്പരം വേറിട്ട് നില്‍ക്കുകയും അതിലെ നക്ഷത്രങ്ങള്‍ ഉതിര്‍ന്ന് വീഴുകയും സൂര്യനും ചന്ദ്രനും അണഞ്ഞു പോവുകയും ചെയ്യുന്നു.

(അത് അതിന്റെ രക്ഷിതാവിനെ ശ്രദ്ധിച്ച് കേള്‍ക്കുകയും ചെയ്യുമ്പോള്‍). അവന്റെ കല്‍പനകളെ ശ്രദ്ധിച്ച് കേള്‍ക്കുകയും കാതോര്‍ക്കുകയും അവന്റെ അഭിസംബോധനക്ക് സൂക്ഷ്മ ശ്രദ്ധ നല്‍കുകയും ചെയ്യുന്നു. (അത് കടപ്പെട്ടിരിക്കുന്നു). അങ്ങനെ ചെയ്യല്‍ അതിന് ബാധ്യതയുണ്ട്. കാരണം അത് കീഴ്‌പെടുത്തപ്പെട്ടതും നിയന്ത്രിതവുമാണ്; ഉന്നതനും നിയന്താവുമായവന്. അവന്റെ കല്‍പനക്ക് അനുസരണക്കേട് കാണിക്കപ്പെടുകയില്ല. അവന്റെ വിധിക്ക് എതിര് പ്രവര്‍ത്തിക്കപ്പെടുകയും ഇല്ല.

(ഭൂമി നീട്ടപ്പെടുകയും ചെയ്താല്‍). അത് വിറ കൊള്ളുകയും അതിന് മുകളിലുള്ള പര്‍വതങ്ങള്‍ പൊടിയുകയും കെട്ടിടങ്ങളും സൗധങ്ങളും തകരുകയും അങ്ങനെ നിരപ്പാവുകയും ചെയ്യുന്നു. അല്ലാഹു അതിനെ വിശാലമാക്കുന്നു. എത്രയധികം ആളുകളുണ്ടെങ്കിലും അവര്‍ക്ക് നില്‍ക്കാന്‍ മാത്രം അതിന് വിശാലതയുണ്ട്. അങ്ങനെ അതിനെ സമനിരപ്പായ മൈതാനമാക്കി വിടുന്നു. കയറ്റമോ ഇറക്കമോ കാണപ്പെടുകയില്ല. (അതിലുള്ളത് അത് പുറത്തേക്ക് ഇടുകയും ചെയ്താല്‍). അതായത് നിധികളും മരിച്ചുപോയവരുടെ ശരീരങ്ങളും. (അത് കാലിയായിത്തീരുകയും) കാഹളത്തില്‍ ഊതപ്പെടുമ്പോള്‍ കുഴിമാടങ്ങളില്‍  നിന്നും മരണപ്പെട്ടവരും നിധികളും പുറത്തുവരികയും ഭൂമി വലിയൊരു കുഴല്‍ പോലെ ആയിത്തീരുകയും ചെയ്യും. മനുഷ്യരതു കാണുമ്പോള്‍ അവര്‍ പരസ്പരം മത്സരം കാണിച്ചിരുന്ന കാര്യങ്ങളില്‍ അവര്‍ക്ക് അതിയായ ഖേദം അനുഭവപ്പെടും. (അതിന്റെ രക്ഷിതാവിനെ ശ്രദ്ധിച്ചു കേള്‍ക്കുകയും അത് (അങ്ങനെ കേള്‍ക്കാന്‍) കടപ്പെട്ടിരിക്കുന്നു).