ദുഹാ (പൂര്‍വാഹ്‌നം)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 ദുല്‍ക്വഅദ 01 1439 ജൂലായ് 14

അധ്യായം: 93

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَٱلضُّحَىٰ (١) وَٱلَّيْلِ إِذَا سَجَىٰ (٢) مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ (٣) وَلَلْءَاخِرَةُ خَيْرٌ لَّكَ مِنَ ٱلْأُولَىٰ (٤) وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰٓ (٥) أَلَمْ يَجِدْكَ يَتِيمًا فَـَٔاوَىٰ (٦) وَوَجَدَكَ ضَآلًّا فَهَدَىٰ (٧‬) وَوَجَدَكَ عَآئِلًا فَأَغْنَىٰ (٨‬) فَأَمَّا ٱلْيَتِيمَ فَلَا تَقْهَرْ (٩) وَأَمَّا ٱلسَّآئِلَ فَلَا تَنْهَرْ (١٠) وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ (١١)
(1) പൂര്‍വാഹ്‌നം തന്നെയാണ് സത്യം.  (2) രാത്രി തന്നെയാണ് സത്യം. അതിന്റെ ഇരുട്ട് ശക്തമാകുമ്പോള്‍.  (3) (നബിയേ,) നിന്റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല.  (4) തീര്‍ച്ചയായും അവസാനത്തേത് നിനക്ക് ആദ്യത്തേതിനെക്കാള്‍ ഉത്തമമായിട്ടുള്ളതാണ്.  (5) വഴിയെ നിനക്ക് നിന്റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ്. (6) നിന്നെ അവന്‍ ഒരു അനാഥയായി കണ്ടെത്തുകയും, എന്നിട്ട് (നിനക്ക്) ആശ്രയം നല്‍കുകയും ചെയ്തില്ലേ?  (7) നിന്നെ അവന്‍ വഴി അറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.  (8) നിന്നെ അവന്‍ ദരിദ്രനായി കണ്ടെത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു.  (9) എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്. (10) ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്. (11)നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക? 

1-3) പകലിന്റെ പ്രകാശം വ്യാപിച്ചുകൊണ്ടിരിക്കുന്ന പൂര്‍വാഹ്നത്തെക്കൊണ്ടും ഇരുട്ട് (ശക്തമാകുമ്പോഴുള്ള) രാത്രിയെക്കൊണ്ടും അല്ലാഹു സത്യം ചെയ്തു പറയുന്നു. തുടര്‍ന്ന് പ്രവാചകനെ ﷺ പ്രത്യേകം പരിഗണിച്ചു കൊണ്ട് അല്ലാഹു പറയുന്നു: (നിന്റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല) അതായത് നിനക്ക് തന്ന പ്രത്യേക പരിഗണന ഇപ്പോഴും നിലനില്‍ക്കുന്നു. നിന്നെ വളര്‍ത്തിക്കൊണ്ടു വരികയും സംരക്ഷിക്കുകയും ചെയ്തു വന്നതില്‍ നിന്നെ അവഗണിച്ചിട്ടില്ല. മറിച്ച് ഏറ്റവും നല്ല രൂപത്തില്‍ നിന്നെ സംരക്ഷിക്കുകയും ഓരോരോ പദവികള്‍ നിനക്കവന്‍ ഉയര്‍ത്തി തരികയും ചെയ്യുന്നു. അല്ലാഹു നിന്നോട് (ഈര്‍ഷ്യത കാണിച്ചിട്ടുമില്ല). നിന്നെ സ്‌നേഹിച്ചതു മുതല്‍ നിന്നോടവന്‍ കോപിച്ചിട്ടില്ല. ഒരു കാര്യം നിഷേധിക്കുമ്പോള്‍ അതിന്റെ വിപരീതത്തെ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. പൂര്‍ണതയെ സ്ഥാപിക്കുന്നതു വരെ വ്യക്തമായ നിഷേധം പ്രശംസയായി പരിഗണിക്കുകയും ഇല്ല. പരിപൂര്‍ണവും സമ്പൂര്‍ണവുമായ അവസ്ഥയിലാണ് പ്രവാചകന്‍ ﷺ കഴിഞ്ഞ കാലത്തും ഇപ്പോഴും ഉള്ളത്. അല്ലാഹുവിന് പ്രവാചകന്‍ ﷺ യോടുള്ള സ്‌നേഹം തുടര്‍ന്നുകൊണ്ടിരിക്കുകയും അത് പദവികളുടെ പൂര്‍ണതയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയും അതിനെ അല്ലാഹു നിത്യമായി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. 

4) എന്നാല്‍ ഭാവിയിലുള്ള പ്രവാചകന്റെ ﷺ അവസ്ഥയോ? അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും അവസാനത്തേത് നിനക്ക് ആദ്യത്തെതിനെക്കാള്‍ ഉത്തമമായിട്ടുള്ളതാണ്.'' അതായത്, മുമ്പു കഴിഞ്ഞുപോയ അവസ്ഥകളെക്കാളും ഉത്തമമായതാണ് നിനക്ക് വരാന്‍ പോകുന്ന എല്ലാ അവസ്ഥകളും. ഉന്നതമായ പദവികളില്‍ പ്രവാചകന്‍ ﷺ ഉയര്‍ന്നുപോയിക്കൊണ്ടേയിരിക്കും. 

തന്റെ മതത്തിന് അല്ലാഹു സ്വാധീനം നല്‍കുകയും ശത്രുവിനെതിരെ സഹായിക്കുകയും മുഴുവന്‍ അവസ്ഥകളും നന്നാക്കിക്കൊടുക്കുകയും ചെയ്യും. പ്രവാചകന്റെ മരണം വരെയും. അങ്ങനെ മുന്‍ഗാമികള്‍ക്കും പിന്‍ഗാമികള്‍ക്കും കൈവരിക്കാന്‍ സാധിക്കാത്ത അനുഗ്രഹങ്ങളും മഹത്ത്വങ്ങളും കണ്‍കുളിര്‍മയും മനസ്സന്തോഷവും കൈവരിക്കുന്ന അവസ്ഥയില്‍ പ്രവാചകന്‍ ﷺ എത്തി. 

5). ഇഹലോകത്തെ അവസ്ഥകള്‍ ഇത്രത്തോളമാണെങ്കില്‍ പരലോകത്തെ അനുഗ്രഹങ്ങളെയും ആദരവുകളെയും കുറിച്ച് ചോദിക്കേണ്ടതില്ലല്ലോ. അതാണ് അല്ലാഹു പറഞ്ഞത്: ''വഴിയെ നിനക്ക് നിന്റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ്.'' ഈ കാര്യം വ്യക്തമാക്കാന്‍ സമ്പൂര്‍ണവും സമഗ്രവുമായ ഈ വാചകത്തിലൂടെയല്ലാതെ സാധ്യമല്ല. 

6-8). പിന്നീട് നബി ﷺ ക്കു തന്നെ അറിയാവുന്ന ചില പ്രത്യേക കാര്യങ്ങളെ എടുത്തു പറയുകയാണിവിടെ. (നിന്നെ അവന്‍ ഒരു അനാഥനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) ആശ്രയം നല്‍കുകയും ചെയ്തില്ലേ.) അതായത്, സ്വന്തമായി കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പിതാവും മാതാവും മരണപ്പെട്ടതായി കാണുകയും എന്നിട്ട് അല്ലാഹു അഭയം നല്‍കുകയും ചെയ്തു. അതായത്, പിതാമഹനായ അബ്ദുല്‍മുത്ത്വലിബ് ആദ്യ സംരക്ഷണം ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ മരണശേഷം പിതൃവ്യനായ അബൂത്വാലിബിനെ അല്ലാഹു സംരക്ഷണം ഏല്‍പിക്കുകയും ചെയ്തു. സത്യവിശ്വാസികളുടെ സംരക്ഷണത്തിലൂടെ അല്ലാഹു ശക്തി നല്‍കുന്നതുവരെ ഈ നില തുടര്‍ന്നു.

(നിന്നെ അവന്‍ വഴിയറിയാത്തവനായി കാണുകയും എന്നിട്ട് (നിനക്ക്) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു) വിശ്വാസമോ വേദഗ്രന്ഥമോ എന്തെന്നറിയാത്തവനായി നിന്നെ കണ്ടു. അപ്പോള്‍ നിനക്കറിവില്ലാത്തത് നിന്നെ പഠിപ്പിച്ചു. ഏറ്റവും നല്ല പ്രവര്‍ത്തനങ്ങളിലേക്കും സ്വഭാവങ്ങളിലേക്കുമെത്താന്‍ അവന്‍ നിന്നെ സഹായിച്ചു. ''നിന്നെ അവന്‍ ദരിദ്രനായി കണ്ടെത്തുകയും.'' നിന്നെ ദരിദ്രനായി കണ്ടപ്പോള്‍ വരുമാനവും സമ്പത്തും ലഭിക്കുന്ന രാജ്യങ്ങള്‍ നിനക്ക് കീഴടക്കിത്തന്നു. നിനക്കുള്ള കുറവുകളെല്ലാം നികത്തിത്തന്നവന്‍ നിന്റെ മുഴുവന്‍ പോരായ്മകളും ഭാവിയില്‍ പരിഹരിക്കും. അവന്‍ നിന്നെ ഐശ്വര്യത്തിലെത്തിച്ചു. നിനക്കഭയം നല്‍കി നിന്നെ സഹായിച്ചു. നേര്‍മാര്‍ഗത്തിലുമാക്കി. ഇവക്കെല്ലാം നീ നന്ദിയുള്ളവനാകുക.

9-11) (എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്). അനാഥയോട് നീ മോശമായി പെരുമാറരുത്. അവന്റെ കാര്യത്തില്‍ നിന്റെ മനസ്സ് കുടുസ്സാകരുത്. അവനെ നീ വിരട്ടരുത്. അവനെ ആദരിക്കുകയും സാധ്യമായതെല്ലാം അവന് നീ നല്‍കുകയും നിന്റെ മരണശേഷം നിന്റെ മക്കളോട് മറ്റുള്ളവര്‍ എങ്ങനെ പെരുമാറണമെന്നാണോ നീ ആഗ്രഹിക്കുന്നത്, അവ്വിധം നീ അനാഥയോട് പെരുമാറുകയും ചെയ്യുക. 

(ചോദിച്ചു വരുന്നവനെ നീ വിരട്ടിയോടിക്കുകയും ചെയ്യരുത്). ചോദിച്ചു വരുന്നവന്റെ ആവശ്യങ്ങളെ തടയുന്ന വിധത്തില്‍ അവനെ വിരട്ടുകയും മോശമായി പെരുമാറുകയും ചെയ്യുന്ന വാക്കുകള്‍ നിന്നില്‍ നിന്നുണ്ടാകരുത്. മറിച്ച് സാധ്യമായത് നല്‍കുകയോ നന്മയോടും മാന്യതയോടും കൂടി അവനെ തിരിച്ചയക്കുകയോ ചെയ്യുക. അറിവും ധനവും ചോദിക്കുന്നവരെല്ലാം ഇതില്‍ ഉള്‍പ്പെടും. അതിനാലാണ് അധ്യാപകന്‍ വിദ്യാര്‍ഥിയോട് നല്ല സ്വഭാവവും ആദരണീയമായ സമീപനവും കനിവും കാണിക്കണമെന്ന് കല്‍പിക്കപ്പെട്ടത്. അതവന്റെ നല്ല ഉദ്ദേശ്യത്തെ സഹായിക്കലും നാടിനും നാട്ടുകാര്‍ക്കും ഉപകാരം ചെയ്യാന്‍ ശ്രമിക്കുന്നവരെ ആദരിക്കലും കൂടിയാണ്. 

''നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കും.'' ഈ അനുഗ്രഹത്തില്‍ മതപരവും ഭൗതികവുമായ രണ്ട് അനുഗ്രഹങ്ങളും ഉള്‍പ്പെടും. അനുഗ്രഹത്തില്‍ അല്ലാഹുവിനെ നീ പുകഴ്ത്തുക. എന്തെങ്കിലും ഗുണമുണ്ടെങ്കില്‍ അത് നീ പ്രത്യേകം എടുത്തുപറയുകയും ചെയ്യുക. ഇല്ലെങ്കില്‍ അവന്റെ അനുഗ്രഹങ്ങളെ പൊതുവില്‍ പരാമര്‍ശിക്കുക. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെക്കുറിച്ച് സംസാരിക്കുന്നത് നന്ദി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും അനുഗ്രഹദാതാവായ അല്ലാഹുവോട് ഹൃദയങ്ങളില്‍ സ്‌നേഹമുണ്ടാക്കുന്നതുമാണ്. ഗുണം ചെയ്യുന്നവനെ സ്‌നേഹിക്കല്‍ ഹൃദയത്തിന്റെ പ്രകൃതിയാണ്.