ഗാശിയ (മൂടുന്ന സംഭവം), ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 ഒക്ടോബര്‍ 13 1440 സഫര്‍ 02

അധ്യായം: 88

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ كَيْفَ خُلِقَتْ (١٧) وَإِلَى ٱلسَّمَآءِ كَيْفَ رُفِعَتْ (١٨) وَإِلَى ٱلْجِبَالِ كَيْفَ نُصِبَتْ (١٩) وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ (٢٠) فَذَكِّرْ إِنَّمَآ أَنتَ مُذَكِّرٌ (٢١) لَّسْتَ عَلَيْهِم بِمُصَيْطِرٍ (٢٢) إِلَّا مَن تَوَلَّىٰ وَكَفَرَ (٢٣) فَيُعَذِّبُهُ ٱللَّهُ ٱلْعَذَابَ ٱلْأَكْبَرَ (٢٤) إِنَّ إِلَيْنَآ إِيَابَهُمْ (٢٥) ثُمَّ إِنَّ عَلَيْنَا حِسَابَهُم (٢٦)
(17)ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്. (18)ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. (19)പര്‍വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്. (20)ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്. (21)അതിനാല്‍ (നബിയേ,) നീ ഉദ്‌ബോധിപ്പിക്കുക. നീ ഒരു ഉദ്‌ബോധകന്‍ മാത്രമാകുന്നു. (22)നീ അവരുടെമേല്‍ അധികാരം ചെലുത്തേണ്ടവനല്ല. (23)പക്ഷേ, വല്ലവനും തിരിഞ്ഞുകളയുകയും അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം (24)അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്. (25)തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം. (26)പിന്നീട്, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ.

ജനങ്ങളില്‍ നിന്നും പ്രവാചകനെ സത്യപ്പെടുത്താത്തവരെയും മറ്റും അതിന് പ്രേരിപ്പിച്ചുകൊണ്ടും അല്ലാഹുവിന്റെ സൃഷ്ടിപ്പുകളെക്കുറിച്ചും അവന്റെ ഏകത്വത്തെക്കുറിച്ചും ചിന്തിപ്പിക്കാനുമായി അല്ലാഹു പറയുന്നു:

(ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്) അതിന്റെ സൃഷ്ടിപ്പിലെ പുതുമകളെയും അതിനെ തന്റെ അടിമകള്‍ക്ക് കീഴ്പ്പെടുത്തിയത് എങ്ങനെയെന്നും അവര്‍ക്ക് അത്യാവശ്യമായ അനേകം പ്രയോജനങ്ങള്‍ അവയിലൂടെ എങ്ങനെ ലഭ്യമാക്കുന്നുവെന്നും അവര്‍ ചിന്തിച്ചു നോക്കുന്നില്ലേ എന്നര്‍ഥം.

(പര്‍വതങ്ങളിലേക്ക് അവര്‍ നോക്കുന്നില്ലേ? അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നുവെന്നത്). വ്യക്തമായി കാണുന്ന രൂപത്തില്‍ ഭൂമിയെ ഉറപ്പിച്ചുനിര്‍ത്താന്‍ ഉപകരിക്കുന്നതും ഇളകാതെ നിര്‍ത്തുന്നതും ധാരാളം പ്രയോജനങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ നിലയില്‍.

(ഭൂമിയിലേക്ക് -അവര്‍ നോക്കുന്നില്ലേ- അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്) അങ്ങേയറ്റം സൗകര്യപ്രദമായ വിധത്തില്‍ അത് വിശാലമാക്കപ്പെട്ടു. അതിനു മുകളില്‍ മനുഷ്യന് താമസം സൗകര്യപ്പെട്ടു. കൃഷിയും ഉല്‍പാദനവും കെട്ടിടങ്ങളും സാധ്യമായി; അതിലൂടെയുള്ള ഗതാഗത മാര്‍ഗങ്ങളും.

ഭൂമിയെ പരത്തി എന്നത് ഉരുണ്ട ഗോളമാണെന്നതിനെ നിരാകരിക്കുന്നില്ല. എല്ലാ ഭാഗത്തു നിന്നും ചക്രവാളങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. അനുഭവവും ബുദ്ധിയും തെളിവുകളും ഇത് ബോധ്യപ്പെടുത്തുന്നു. കാഴ്ചയില്‍ ഭൂരിപക്ഷം ജനങ്ങളും മനസ്സിലാക്കിയതും പരന്നുകിടക്കുന്നതായി തന്നെ. ദൂരത്തെ അടുപ്പിക്കാന്‍ കഴിയുന്ന മാര്‍ഗങ്ങളുള്ള ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ചും. അതിന്റെ അധികം ഭാഗങ്ങളിലും ആളുകള്‍ എത്തിക്കഴിഞ്ഞു. ചെറിയൊരു വസ്തുവിനെ കുറിച്ച് പരന്നതെന്ന് പറയുമ്പോള്‍ അത് ശരിയായിരിക്കാം. എന്നാല്‍ വലുതും വിശാലവുമായ ഒന്നിനെക്കുറിച്ച് പറയുമ്പോള്‍ പരന്നത് എന്ന പരാമര്‍ശം അതിന്റെ ഗോളാകൃതിയെ നിരാകരിക്കുന്നില്ല. ആ വിവരണം വൈരുധ്യവുമല്ല എന്നാണ് അറിവും പരിചയവുമുള്ളവര്‍ മനസ്സിലാക്കുന്നത്.

(അതിനാല്‍ നബിയേ, നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു). താങ്കള്‍ അവരെ ഉല്‍ബോധിപ്പിക്കണം, ഉപദേശിക്കണം, സന്തോഷ വാര്‍ത്ത അറിയിക്കണം. കാരണം മനുഷ്യരെ അല്ലാഹുവിലേക്ക് ക്ഷണിക്കാനും ഉല്‍ബോധിപ്പിക്കാനുമാണ് താങ്കള്‍ നിയോഗിക്കപ്പെട്ടത്. അവരുടെ മേല്‍ അധികാരവും ആധിപത്യവും ചെലുത്താനല്ല. അവരുടെ പ്രവര്‍ത്തനങ്ങളുടെ കാര്യം താങ്കളെ ഏല്‍പിച്ചിട്ടുമില്ല. ഏല്‍പിക്കപ്പെട്ട ബാധ്യത താങ്കള്‍ നിര്‍വഹിച്ചാല്‍ പിന്നീട് ആക്ഷേപത്തിന് അവകാശമില്ല.

''നീ അവരുടെ മേല്‍ സ്വേച്ഛാധികാരം ചെലുത്തേണ്ടവനല്ല. അതിനാല്‍ എന്റെ താക്കീത് ഭയപ്പെടുന്നവരെ ക്വര്‍ആന്‍ മുഖേന നീ ഉല്‍ബോധിപ്പിക്കുക'' (ക്വുര്‍ആന്‍ 50:45).

(പക്ഷേ, വല്ലവനും തിരിഞ്ഞു കളയുകയും അവിശ്വസിക്കുകയും ചെയ്യന്ന പക്ഷം) അല്ലാഹുവിനെ അനുസരിക്കുന്നതില്‍ നിന്ന് തിരിഞ്ഞുകളയുകയും അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം.

(അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്) നിത്യവും കഠിനവുമായ ശിക്ഷയാണ് ഇവിടെ ഉദ്ദേശ്യം.

(തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം) ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ എല്ലാവരും അവനിലേക്ക് മടങ്ങും.

(പിന്നീട് തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ). അവര്‍ ചെയ്ത നന്മ തിന്മകളുടെ വിചാരണ.