കൗഥര്‍ (ധാരാളം)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 ഫെബ്രുവരി 24 1439 ജുമാദില്‍ ആഖിറ 09

വിവ: ഹാരിസ് ബിന്‍ സലീം

അധ്യായം: 108

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِنَّا أَعْطَيْنَاكَ الْكَوْثَرَ (١) فَصَلِّ لِرَبِّكَ وَانْحَرْ (٢) إِنَّ شَانِئَكَ هُوَ الْأَبْتَرُ (٣)
(1) തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു. (2) ആകയാല്‍ നീ നിന്റെ രക്ഷിതാവിന് വേണ്ടി നമസ്‌കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക. (3) തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍).

1). അല്ലാഹു മുഹമ്മദ് നബി ﷺ യോട് പറയുന്നു: തീര്‍ച്ചയായും നിനക്ക് നാം ധാരാളമായ നേട്ടം നല്‍കിയിരിക്കുന്നു.'' അതായത്, നിനക്ക് നാം ധാരാളം നന്മയും വര്‍ധിച്ച ഔദാര്യവും നല്‍കിയിരിക്കുന്നു. അതില്‍ പെട്ടതാണ് അന്ത്യനാളില്‍ അല്ലാഹു തന്റെ പ്രവാചകന് ﷺ നല്‍കുന്ന ഹൗളുല്‍ കൗസര്‍. അതിന്റെ നീളവും വീതിയും ഒരു മാസ വഴിദൂരമാണ്. അതിലെ ജലം പാലിനെക്കാള്‍ വെളുത്തതും തേനിനെക്കാള്‍ മധുരമുള്ളതുമാണ്. അതിലുള്ള പാത്രങ്ങള്‍ എണ്ണത്തിലും തിളക്കത്തിലും ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയാണ്. അതില്‍ നിന്ന് ആരെങ്കിലും ഒരിക്കല്‍ കുടിച്ചാല്‍ അയാള്‍ക്ക് പിന്നീടൊരിക്കലും ദാഹിക്കുകയില്ല.

2). നബി ﷺ ക്ക് അല്ലാഹു ചെയ്തുകൊടുത്ത അനുഗ്രഹത്തെ കുറിച്ച് പറഞ്ഞുകൊണ്ട് അതിന് നന്ദി കാണിക്കാന്‍ കല്‍പിക്കുകയും ചെയ്യുന്നു. ''ആകയാല്‍, നിന്റെ രക്ഷിതാവിനു വേണ്ടി നമസ്‌കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.'' ഈ രണ്ട് ആരാധനകളെ ഇവിടെ പ്രത്യേകം പരാമര്‍ശിച്ചു. കാരണം അവ രണ്ടും ആരാധനകളില്‍ അതി ശ്രേഷ്ഠവും പുണ്യകര്‍മങ്ങളില്‍ മഹത്വമേറിയതുമാണ്. നമസ്‌കാരം ഹൃദയം കൊണ്ടും അവയവങ്ങള്‍ കൊണ്ടും അല്ലാഹുവിനുള്ള വിധേയത്വവും ആരാധനയുമാണ്. ബലിയാവട്ടെ ഒരു അടിമ തന്റെ അടുക്കലുള്ള വിശിഷ്ടമായ ബലിമൃഗങ്ങളിലൂടെ അല്ലാഹുവിലേക്ക് അടുക്കലും മനുഷ്യ മനസ്സുകള്‍ ഏറെ ഇഷ്ടപ്പെടുകയും പിശുക്ക് കാണിക്കുകയും ചെയ്യുന്ന ധനത്തെ ചെലവഴിക്കലുമാണ്. 

3). (തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍) അതായത് നിന്നോട് വിദ്വേഷം കാണിക്കുകയും നിന്നെ ആക്ഷേപിക്കുകയും നിസ്സാരവത്കരിക്കുകയും ചെയ്യുന്നവന്‍. ''അവന്‍ തന്നെയാണ് വാലറ്റവന്‍.'' എല്ലാ നന്മയും കര്‍മങ്ങളും പ്രശസ്തിയും നഷ്ടപ്പെട്ടവന്‍. എന്നാല്‍ മുഹമ്മദ് നബി ﷺ യാവട്ടെ, യഥാര്‍ഥത്തില്‍ പരിപൂര്‍ണന്‍ തന്നെയാണ്. അതായത്, പ്രശസ്തിയിലും സഹായികളുടെയും അനുയായികളുടെയും ആധിക്യത്തിലും ഒരു സൃഷ്ടിക്ക് സാധ്യമാവുന്ന രൂപത്തിലുള്ള പരിപൂര്‍ണത.