ഇഖ്‌റഅ് (നീ വായിക്കുക)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 ശവ്വാല്‍ 09 1439 ജൂണ്‍ 23

അധ്യായം: 96

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ (١) خَلَقَ الْإِنْسَانَ مِنْ عَلَقٍ (٢) اقْرَأْ وَرَبُّكَ الْأَكْرَمُ (٣) الَّذِي عَلَّمَ بِالْقَلَمِ (٤) عَلَّمَ الْإِنْسَانَ مَا لَمْ يَعْلَمْ (٥) كَلَّا إِنَّ الْإِنْسَانَ لَيَطْغَىٰ (٦) أَنْ رَآهُ اسْتَغْنَىٰ (٧‬) إِنَّ إِلَىٰ رَبِّكَ الرُّجْعَىٰ (٨‬) أَرَأَيْتَ الَّذِي يَنْهَىٰ (٩) عَبْدًا إِذَا صَلَّىٰ (١٠) أَرَأَيْتَ إِنْ كَانَ عَلَى الْهُدَىٰ (١١) أَوْ أَمَرَ بِالتَّقْوَىٰ (١٢) أَرَأَيْتَ إِنْ كَذَّبَ وَتَوَلَّىٰ (١٣) أَلَمْ يَعْلَمْ بِأَنَّ اللَّهَ يَرَىٰ (١٤) كَلَّا لَئِنْ لَمْ يَنْتَهِ لَنَسْفَعًا بِالنَّاصِيَةِ (١٥) نَاصِيَةٍ كَاذِبَةٍ خَاطِئَةٍ (١٦) فَلْيَدْعُ نَادِيَهُ (١٧) سَنَدْعُ الزَّبَانِيَةَ (١٨) كَلَّا لَا تُطِعْهُ وَاسْجُدْ وَاقْتَرِبْ (١٩)
(1)സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. (2) മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. (3) നീ വായിക്കുക, നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. (4) പേനകൊണ്ട് പഠിപ്പിച്ചവന്‍. (5) മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു. (6) നിസ്സംശയം, മനുഷ്യന്‍ ധിക്കാരിയായി തീരുന്നു. (7)തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍. (8)തീര്‍ച്ചയായും നിന്റെ രക്ഷിതാവിലേക്കാണ് മടക്കം. (9)വിലക്കുന്നവനെ നീ കണ്ടുവോ? (10) ഒരു അടിയനെ, അവന്‍ നമസ്‌കരിച്ചാല്‍. (11)അദ്ദേഹം സന്‍മാര്‍ഗത്തിലാണെങ്കില്‍, (ആ വിലക്കുന്നവന്റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ? (12)അഥവാ അദ്ദേഹം സൂക്ഷ്മത കൈക്കൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍. (13)അവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചുതള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ? (14) അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണ്ടെന്ന്? (15)നിസ്സംശയം, അവന്‍ വിരമിച്ചിട്ടില്ലെങ്കല്‍ നാം ആ കുടുമ പിടിച്ചുവലിക്കുക തന്നെ ചെയ്യും (16) കള്ളം പറയുന്ന, പാപം ചെയ്യുന്ന കുടുമ. (17)എന്നിട്ട് അവന്‍ അവന്റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ. (18)നാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം. (19) നിസ്സംശയം; നീ അവനെ അനുസരിച്ചു പോകരുത്, നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക.

1). ക്വുര്‍ആനിലെ അധ്യായങ്ങളില്‍ നബി ﷺ ക്ക് ആദ്യമായി അവതരിച്ച അധ്യായമാണിത്. പ്രവാചകത്വത്തിന്റെ തുടക്കത്തിലാണ് ഇതിന്റെ അവതരണം. വിശ്വാസത്തെക്കുറിച്ചോ വേദഗ്രന്ഥത്തെക്കുറിച്ചോ യാതൊന്നും അറിയാത്ത സന്ദര്‍ഭത്തില്‍ ജിബ്‌രീല്‍(അ) പ്രവാചകത്വം കൊണ്ടുവരികയും വായിക്കാന്‍ കല്‍പിക്കുകയും ചെയ്തു. അപ്പോള്‍ പ്രവാചകന്‍ വായന അറിയില്ലെന്ന് പറഞ്ഞ് വായിക്കാതിരുന്നു. ഞാന്‍ വായിക്കുന്നവനല്ലെന്ന് പറയുകയും ചെയ്തു. നബി ﷺ വായിക്കുന്നതുവരെ ജിബ്‌രീല്‍ അത് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. അപ്പോള്‍ അല്ലാഹു ഇറക്കി: ''സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക.'' എല്ലാ സൃഷ്ടിപ്പും ഇതിലുള്‍ക്കൊള്ളുന്നു. 

2). പിന്നീട് മനുഷ്യന്റെ സൃഷ്ടിപ്പിനെക്കുറിച്ച് പ്രത്യേകമായി പരാമര്‍ശിച്ചുകൊണ്ട് സൃഷ്ടിപ്പിന്റെ ആരംഭത്തെക്കുറിച്ച് പറയുന്നു. (ഭ്രൂണത്തില്‍ നിന്ന്) മനുഷ്യനെ സൃഷ്ടിക്കുകയും അവന്റെ നിയന്ത്രണങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നവന്‍ തന്നെ അവര്‍ക്കുള്ള കല്‍പനാ നിരോധങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്. അതാണ് പ്രവാചകന്മാരുടെ നിയോഗത്തിലൂടെയും വേദഗ്രന്ഥങ്ങള്‍ ഇറക്കപ്പെടുന്നതിലൂടെയും നിര്‍വഹിക്കപ്പെടുന്നത്. അതിനാലാണ് വായനക്കുള്ള കല്‍പനക്ക് ശേഷം മനുഷ്യന്റെ സൃഷ്ടിപ്പിനെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടത്. 

3-5). പിന്നീട് അല്ലാഹു പറയുന്നു: ''നീ വായിക്കുക. നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു.'' അധികരിച്ചതും വിശാലവുമായ വിശേഷണങ്ങളുള്ളവന്‍. സൃഷ്ടികള്‍ക്ക് നന്മയും ഔദാര്യവും ധാരാളമായി നല്‍കുന്നവന്‍. പ്രസ്തുത ഔദാര്യത്തില്‍ പെട്ടതാണ് വ്യത്യസ്ത വിജ്ഞാനങ്ങളെ അവന്‍ പഠിപ്പിച്ചു എന്നതും. ''പേനകൊണ്ട് പഠിപ്പിച്ചവന്‍, മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.''

മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നും മനുഷ്യനെ അല്ലാഹു പുറത്തെടുക്കുന്നത് യാതൊന്നും അറിയാത്തവനായിട്ടാണ്. അങ്ങനെ കാതും കണ്ണും ഹൃദയവും നല്‍കി വിജ്ഞാനത്തിന്റെ വഴികള്‍ അവന് സൗകര്യപ്പെടുത്തി കൊടുത്തു. തുടര്‍ന്ന് ക്വുര്‍ആനും ഹിക്മത്തും അവനെ പഠിപ്പിക്കുകയും ചെയ്തു. ബാധ്യതകളെ നിര്‍ണയിക്കുകയും വിജ്ഞാനങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന പേന കൊണ്ടും അവനെ പഠിപ്പിച്ചു. പേന മനുഷ്യരിലേക്കുള്ള ഒരു ദൂതനായിത്തീരുകയും പ്രവാചകന്മാര്‍ക്ക് പകരം അവരെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. ഇത്തരം അനുഗ്രഹങ്ങളെല്ലാം തന്റെ അടിമകള്‍ക്ക് ചെയ്തുകൊടുത്ത അല്ലാഹുവിന് സ്തുതി. ഇതിനു നന്ദിയോ പ്രത്യുപകാരമോ ചെയ്യാന്‍ മനുഷ്യന്‍ അശക്തനാണ്. ഉപജീവനം വിശാലമാക്കിയും ഐശ്വര്യം നല്‍കിയും അവന്‍ അവരെ അനുഗ്രഹിച്ചു. 

6-8). എന്നാല്‍ മനുഷ്യന്‍ അവന്റെ അക്രമവും അവിവേകവും കാരണം തന്നെ അവന്‍ ഐശ്വര്യവാനായി കണ്ടാല്‍ അതിരുവിടുകയും അക്രമം കാണിക്കുകയും സന്മാര്‍ഗത്തില്‍ അവന്‍ അഹങ്കരിച്ചു മാറിനില്‍ക്കുകയും ചെയ്യുന്നു. തന്റെ രക്ഷിതാവിലേക്കാണ് (മടക്കം) എന്നതിനെ അവന്‍ മറക്കുകയും ചെയ്യുന്നു. തന്റെ പ്രവര്‍ത്തന ഫലത്തെ അവന്‍ ഭയപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല, അവന്‍ സന്മാര്‍ഗത്തെ സ്വയം ഉപേക്ഷിക്കുന്നതോടൊപ്പം മറ്റുള്ളവരെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ഈമാനിക പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ നമസ്‌കാരം പോലും അവന്‍ തടയുന്നു. 

9-12) ധിക്കാരിയും അക്രമകാരിയുമായവനോട് അല്ലാഹു ചോദിക്കുന്നു: (നീ കണ്ടുവോ) നമസ്‌കരിക്കുന്ന അടിമയെ തടയുന്നവനെ. ആ നമസ്‌കരിക്കുന്ന അടിമ സന്മാര്‍ഗത്തില്‍ (ആണെങ്കില്‍) അതായത് സത്യം മനസ്സിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണെങ്കില്‍. (അല്ലെങ്കില്‍ കല്‍പിച്ചു) മറ്റുള്ളവരോട് (സൂക്ഷ്മത കൈക്കൊള്ളാന്‍) അങ്ങനെയുള്ളവനാണെങ്കില്‍ അവന്റെ അവസ്ഥ എന്തായിരിക്കും? അതായത് ഇത്തരം സല്‍ഗുണങ്ങളുള്ള ഒരാളെ തടയുന്നത് അവന് ഗുണകരമാകുമോ?

അവന്റെ ഈ തടയല്‍ അല്ലാഹുവോടുള്ള എതിര്‍പ്പും സത്യത്തോടുള്ള ഏറ്റുമുട്ടലുമല്ലേ? സന്മാര്‍ഗിയല്ലാത്തവനും ധാര്‍മികതക്ക് എതിരായി കല്‍പിക്കുന്നവനുമായ ഒരാള്‍ക്ക് മാത്രമെ ഇത്തരം തടസ്സപ്പെടുത്തലിന് സാധ്യമാവുകയുള്ളൂ.

13-14) സത്യത്തെ വിരോധിക്കുന്നവനെ (അവന്‍ സത്യത്തെ നിഷേധിക്കുകയും ചെയ്തിരിക്കുകയാണെങ്കില്‍ നീ കണ്ടുവോ?); കല്‍പനകളില്‍ നിന്ന് ''തിരിഞ്ഞുകളയുകയും'' ആണെങ്കില്‍. അവന്‍ അല്ലാഹുവിനെ ഭയപ്പെടുകയും അവന്റെ ശിക്ഷയെ പേടിക്കുകയും ചെയ്യുന്നില്ല. അവന്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും ''അവന്‍ മനസ്സിലാക്കിയിട്ടില്ലേ അല്ലാഹു കാണുന്നുണ്ടെന്ന്?''

15-16) ഈ നില തുടര്‍ന്നാലുണ്ടാകാവുന്ന അവസ്ഥയെ പറ്റി അല്ലാഹു താക്കീതു ചെയ്തു കൊണ്ട് പറയുന്നു: ''നിസ്സംശയം, അവന്‍ വിരമിച്ചിട്ടില്ലെങ്കില്‍.'' അതായത് അവന്റെ പക്കല്‍ നിന്നും പ്രവര്‍ത്തിയില്‍ നിന്നും. ''നാം ആ കുടുമ പിടിച്ചു പാലിക്കുക തന്നെ ചെയ്യും.'' അവന്റെ കുടുമ നാം ശക്തിയായി പിടിക്കുക തന്നെ ചെയ്യും എന്നര്‍ഥം. അത് തികഞ്ഞ യാഥാര്‍ഥ്യം തന്നെയാണ്. ആ കുടുമ ''കള്ളം പറയുന്ന, പാപം ചെയ്യുന്ന കുടുമ.'' വാക്കുകളില്‍ അവന്‍ കളവു പറയുന്നവനും പ്രവര്‍ത്തിയില്‍ അവന്‍ പാപിയുമാണ്. 

17). ''അവന്‍ വിളിച്ചുകൊള്ളട്ടെ''- ഈ ശിക്ഷക്കര്‍ഹനായവന്‍. ''അവന്റെ സഭയിലുള്ളവരെ'' അതായത് അവന് വന്നുപെട്ട വിപത്തില്‍ അവനെ സഹായിക്കുവാന്‍ അവന്റെ സദസ്യരെയും അനുയായികളെയും അവന് ചുറ്റുമുള്ളവരെയും അവന്‍ വിളിക്കട്ടെ എന്നര്‍ഥം. 

18). ''നാം സബാനിയത്തിനെ വിളിച്ചുകൊള്ളാം.'' അതായത് അവനെ പിടിക്കാനും ശിക്ഷിക്കാനും നരകത്തിന്റെ കാവല്‍ക്കാരായ മലക്കുകളെ നാം വിളിച്ചുകൊള്ളാം. എന്നിട്ടവന്‍ നോക്കട്ടെ, ഇതില്‍ ഏത് വിഭാഗത്തിനാണ് ഏറ്റവും കഴിവും ശക്തിയും ഉള്ളതെന്ന്. ഇതാണ് നന്മ തടയുന്നവന്റെ അവസ്ഥയും അവന് വരാനിരിക്കുന്ന ശിക്ഷയും.

19). എന്നാല്‍ തടയപ്പെടുന്നവന്റെ അവസ്ഥയോ? അവനോട് അല്ലാഹു കല്‍പിക്കുന്നത് വിരോധിക്കുന്നവന്റെ വാക്കുകള്‍ ശ്രദ്ധിക്കുകയോ വിരോധത്തിന് കീഴ്‌പ്പെടുകയോ ചെയ്യരുതെന്നാണ്. തുടര്‍ന്ന് പറയുന്നു: ''നിസ്സംശയം നീ അവനെ അനുസരിച്ചു പോകരുത്.'' കാരണം അവന്‍ ഇരുലോകത്തും നഷ്ടമുണ്ടാകുന്ന കാര്യങ്ങളല്ലാതെ കല്‍പിക്കില്ല.

''നീ അവന് സുജൂദ് ചെയ്യുക''-അതായത് രക്ഷിതാവിന.് ''നീ സാമീപ്യം തേടുകയും ചെയ്യുക.'' വ്യത്യസ്തങ്ങളായ പുണ്യകര്‍മങ്ങളാലും സുജൂദിനാലും നീ അവനിലേക്ക് അടുക്കണമെന്നര്‍ഥം. ഇവയിലെല്ലാം അല്ലാഹുവിന്റെ തൃപ്തി നേടിത്തരുന്നതും അവനിലേക്ക് അടുപ്പിക്കുന്നതുമാകുന്നു. ഇത് എല്ലാ നന്മ മുടക്കുന്നവര്‍ക്കും മുടക്കപ്പെടുന്നവര്‍ക്കും പൊതുവായുള്ളതാണ്; ഇറങ്ങിയ സന്ദര്‍ഭം നബി ﷺ യെ അബൂജഹല്‍ നമസ്‌കാരത്തില്‍ നിന്ന് തടയുകയും ഉപദ്രവിക്കുകയും ചെയ്തപ്പോഴാണെങ്കിലും.