അലം നശ്റഹ് ലക സ്വദ്റക് (നിനക്ക് നിന്റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 ശവ്വാല്‍ 23 1439 ജൂലായ് 07

അധ്യായം: 94

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

أَلَمْ نَشْرَحْ لَكَ صَدْرَكَ (١) وَوَضَعْنَا عَنكَ وِزْرَكَ (٢) ٱلَّذِىٓ أَنقَضَ ظَهْرَكَ (٣) وَرَفَعْنَا لَكَ ذِكْرَكَ (٤) فَإِنَّ مَعَ ٱلْعُسْرِ يُسْرًا (٥) إِنَّ مَعَ ٱلْعُسْرِ يُسْرًا (٦) فَإِذَا فَرَغْتَ فَٱنصَبْ (٧‬) وَإِلَىٰ رَبِّكَ فَٱرْغَب (٨‬)
(1)നിനക്ക് നിന്റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ? (2,3) നിന്നില്‍ നിന്ന് നിന്റെ മുതുകിനെ ഞെരിച്ചുകളഞ്ഞ നിന്റെ ആ പാപഭാരം നാം ഇറക്കിവെക്കുകയും ചെയ്തു. (4) നിനക്ക് നിന്റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു. (5) എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. (6) തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. (7) ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അധ്വാനിക്കുക. (8)നിന്റെ രക്ഷിതാവിലേക്ക് തന്നെ നിന്റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക

1-4). അല്ലാഹു തന്റെ ദൂതന് ചെയ്തുകൊടുത്ത അനുഗ്രഹങ്ങളാണ് ഇവിടെ എടുത്തുപറയുന്നത്. (നിനക്ക് നിന്റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?) മതനിയമങ്ങള്‍ ഉള്‍ക്കൊള്ളാനും അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യാനും ഉത്കൃഷ്ടമായ സ്വഭാവഗുണങ്ങളെ സ്വീകരിക്കാനും പരലോകവിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും നന്മകള്‍ അനായാസം പ്രവര്‍ത്തിക്കാനും നിന്റെ ഹൃദയം നാം വിശാലതയുള്ളതാക്കി. നന്മകള്‍ക്ക് വഴങ്ങാത്ത വിധം പ്രയാസകരവും കുടുസ്സായതും ആക്കിയതുമില്ല. അതെപ്പോഴും വിശാലമായതായി നീ കണ്ടു.

(നിന്റെ ആ പാപഭാരം ഇറക്കിവെക്കുകയും ചെയ്തു.) അതായത് പാപത്തെ (നിന്റെ മുതുകിന് ഭാരമായിത്തീര്‍ന്ന). മറ്റൊരിടത്ത് അല്ലാഹു പറയുന്നു:

''നിന്റെ പാപത്തില്‍ നിന്ന് മുമ്പ് കഴിഞ്ഞുപോയതും പിന്നീട് ഉണ്ടാകുന്നതും അല്ലാഹു നിനക്ക് പൊറുത്തു തരുന്നതിന് വേണ്ടിയും'' (48:2)

(നിനക്ക് നിന്റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു). സൃഷ്ടികളില്‍ ഒരാളും എത്തിയിട്ടില്ലാത്ത ഉന്നതവും പ്രശംസനീയവുമായ നിലയില്‍ നിന്റെ മഹത്ത്വത്തെ ഉയര്‍ത്തി. ബാങ്കിലും ഇക്വാമത്തിലും ഖുത്വുബകളിലും ശഹാദത്ത് കലിമയിലും അല്ലാഹുവിനോടൊപ്പം പ്രവാചകന്റെ ﷺ നാമവും പരാമര്‍ശിക്കപ്പെടുന്നു. ഇതല്ലാത്ത മറ്റു കാര്യങ്ങളിലും മുഹമ്മദ് നബി ﷺ യുടെ പ്രശസ്തി അല്ലാഹു ഉയര്‍ത്തിയിട്ടുണ്ട്. അല്ലാഹുവിനെ കഴിഞ്ഞാല്‍ തന്റെ സമുദായത്തിന്റെ മനസ്സില്‍ മറ്റൊരാള്‍ക്കുമില്ലാത്ത ബഹുമാനവും സ്‌നേഹവും മഹത്ത്വവും നബി ﷺ ക്കുണ്ട്. ഓരോ സമുദായത്തിന്റെയും പ്രവാചകന്മാര്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ വലിയ പ്രതിഫലം ഈ സമുദായത്തിന്റെ പ്രവാചകന് അല്ലാഹു പ്രദാനം ചെയ്യട്ടെ.

5,6). (എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരെളുപ്പമുണ്ടായിരിക്കും.) വലിയൊരു സന്തോഷവാര്‍ത്തയാണ് ഈ വചനം. പ്രയാസവും ബുദ്ധിമുട്ടും കാണപ്പെടുമ്പോഴെല്ലാം അതിനോടൊപ്പം ചേര്‍ന്നുകൊണ്ട് ഒരെളുപ്പം ഉണ്ടായിരിക്കും. പ്രയാസം ഒരു ഉടുമ്പിന്റെ മാളത്തില്‍ പ്രവേശിച്ചാല്‍ ഒരെളുപ്പം അതില്‍ പ്രവേശിച്ച് അതിനെ പുറത്തുകൊണ്ടുവരും. അല്ലാഹു പറയുന്നു:

 

''അല്ലാഹു ഞെരുക്കത്തിന് ശേഷം സൗകര്യം ഏര്‍പ്പെടുത്തി കൊടുക്കുന്നതാണ്.'' (ക്വുര്‍ആന്‍ 65:7). നബി ﷺ പറയുന്നു: ''തീര്‍ച്ചയായും ആശ്വാസം പ്രയാസത്തോടു കൂടെയാണ്. തീര്‍ച്ചയായും ഞെരുക്കത്തോടൊപ്പം ഒരെളുപ്പവുമുണ്ടായിരിക്കും'' (അഹ്മദ് 2803, തിര്‍മിദി 2516).

 എന്ന പദത്തെ അലിഫും ലാമും ചേര്‍ത്ത് പ്രത്യേകമാക്കിയതില്‍ നിന്ന് 'പ്രയാസം' ഒറ്റപ്പെട്ടതും എളുപ്പമെന്നത് ആവര്‍ത്തിക്കപ്പെടുന്നതുമാണെന്നും മനസ്സിലാവുന്നു.

™ക്ക ഞ്ചറഏ എന്നത് അലിഫും ലാമും ചേരുമ്പോള്‍ അത് സമഗ്രതയെ കൂടി അറിയിക്കുന്നു. അതായത് പ്രയാസങ്ങള്‍ എത്രത്തോളമുണ്ടായാലും അതിന്റെ പര്യവസാനം ആശ്വാസത്തിലായിരിക്കല്‍ അനിവാര്യമാണ്.

7,8). അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്യല്‍ സത്യവിശ്വാസികള്‍ക്ക് കൂടി ബാധകമാകുന്ന നിലയില്‍ അല്ലാഹു പ്രവാചകനോട് കല്‍പിക്കുന്നു. (ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അധ്വാനിക്കുക.) അതായത്, ജോലികളില്‍ നിന്ന് വിരമിക്കുകയും അതിന്റെ പ്രയാസങ്ങള്‍ ഒന്നും അവശേഷിക്കാതിരിക്കുകയും ചെയ്താല്‍ പ്രാര്‍ഥനകളിലും ആരാധനകളിലുമായി നീ പരിശ്രമിക്കുക. അല്ലാഹുവിലേക്ക് മാത്രം (നിന്റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക.) നിന്റെ പ്രാര്‍ഥനകള്‍ സ്വീകരിക്കുന്നതിനും ഉത്തരം നല്‍കപ്പെടുന്നതിനും നിനക്കുള്ള ആഗ്രഹം നീ അധികരിപ്പിക്കുക. ജോലികളില്‍ നിന്ന് വിരമിച്ചാല്‍ കളികളിലും വിനോദങ്ങളിലും ഏര്‍പ്പെടുകയും തങ്ങളുടെ രക്ഷിതാവിനെ അവഗണിക്കുകയും അവനെ വിസ്മരിക്കുകയും ചെയ്യുന്നവനാകരുത്. അപ്പോള്‍ നീ നഷ്ടക്കാരില്‍ പെട്ടവനായിരിക്കും.

ഇതിന്റെ ഉദ്ദേശ്യമായി പറയപ്പെട്ട മറ്റൊരു കാര്യം: നീ നമസ്‌കാരം പൂര്‍ത്തിയാക്കി വിരമിച്ചാല്‍ നീ പ്രാര്‍ഥനയില്‍ പരിശ്രമിക്കുക. നിന്റെ ആവശ്യങ്ങള്‍ ചോദിക്കുന്നതില്‍ നീ നിന്റെ രക്ഷിതാവിങ്കലേക്ക് ആഗ്രഹിക്കുകയും ചെയ്യുക. നിര്‍ബന്ധ നമസ്‌കാര ശേഷം പ്രാര്‍ഥനകളും ദിക്‌റുകളും മതപരമായി നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെന്നതിന് ഈ വചനം തെളിവാക്കിയവരും ഉണ്ട്.