ബയ്യിന (വ്യക്തമായ തെളിവ്)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 മെയ് 19 1439 റമദാന്‍ 03

അധ്യായം: 98

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

لَمْ يَكُنِ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ مُنْفَكِّينَ حَتَّىٰ تَأْتِيَهُمُ الْبَيِّنَةُ (١) رَسُولٌ مِنَ اللَّهِ يَتْلُو صُحُفًا مُطَهَّرَةً (٢) فِيهَا كُتُبٌ قَيِّمَةٌ (٣) وَمَا تَفَرَّقَ الَّذِينَ أُوتُوا الْكِتَابَ إِلَّا مِنْ بَعْدِ مَا جَاءَتْهُمُ الْبَيِّنَةُ (٤) وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ (٥) إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا ۚ أُولَٰئِكَ هُمْ شَرُّ الْبَرِيَّةِ (٦) إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَٰئِكَ هُمْ خَيْرُ الْبَرِيَّةِ (٧‬) جَزَاؤُهُمْ عِنْدَ رَبِّهِمْ جَنَّاتُ عَدْنٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ۚ ذَٰلِكَ لِمَنْ خَشِيَ رَبَّهُ (٨‬)
(1)വേദക്കാരിലും ബഹുദൈവ വിശ്വാസികളിലും പെട്ട സത്യനിഷേധികള്‍ വ്യക്തമായ തെളിവ് തങ്ങള്‍ക്ക് കിട്ടുന്നത് വരെ (അവിശ്വാസത്തില്‍ നിന്ന്) വേറിട്ട് പോരുന്നവരായിട്ടില്ല. (2) അതായത് പരിശുദ്ധി നല്‍കപ്പെട്ട ഏടുകള്‍ ഓതി കേള്‍പ്പിക്കുന്ന, അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു ദൂതന്‍ (വരുന്നതു വരെ). (3) അവയില്‍ (ഏടുകളില്‍) വക്രതയില്ലാത്ത രേഖകളാണുള്ളത്. (4) വേദം നല്‍കപ്പെട്ടവര്‍ അവര്‍ക്ക് വ്യക്തമായ തെളിവ് വന്നുകിട്ടിയതിന് ശേഷമല്ലാതെ ഭിന്നിക്കുകയുണ്ടായിട്ടില്ല. (5) കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കിക്കൊണ്ട് ഋജുമനസ്‌കരായ നിലയില്‍ അവനെ ആരാധിക്കാനും നമസ്‌കാരം നിലനിര്‍ത്താനും സകാത്ത് നല്‍കാനും അല്ലാതെ അവര്‍ കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം.. (6) തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവ വിശ്വാസികളിലും പെട്ട സത്യനിഷേധികള്‍ നരകാഗ്‌നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍. (7) തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ ഉത്തമര്‍. (8) അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കലുള്ള പ്രതിഫലം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും; എന്നെന്നേക്കുമായിട്ട്. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവന്‍ തന്റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവന്നുള്ളതാകുന്നു അത്.

1). അല്ലാഹു പറയുന്നു: (വേദക്കാരില്‍ പെട്ട സത്യനിഷേധികള്‍ ആയിട്ടില്ല) അതായത് ജൂതരും ക്രിസ്ത്യാനികളും ആയിട്ടില്ല, (ബഹുദൈവ വിശ്വാസികളും) മറ്റു സമൂഹങ്ങളില്‍ പെട്ടവരും (വേറിട്ട് പോരുന്നവര്‍) ആയിട്ടില്ല, അവര്‍ നിലകൊള്ളുന്ന വഴികേടില്‍ നിന്നും വിട്ടുപോന്നില്ലെന്ന് മാത്രമല്ല, ആ വഴിപിഴവില്‍ തന്നെ തുടര്‍ന്നുകൊണ്ടിരിക്കുകയും കാലങ്ങള്‍ കടന്നുപോകുന്നത് അവരില്‍ കൂടുതല്‍ അവിശ്വാസം വര്‍ധിപ്പിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. (വ്യക്തമായ തെളിവ് തങ്ങള്‍ക്ക് വന്നുകിട്ടുന്നതു വരെ) അതായത് പ്രകടവും വ്യക്തവുമായ തെളിവ് എന്നര്‍ഥം. 

2,3). തുടര്‍ന്ന് ആ ബയ്യിനത്ത് (വ്യക്തമായ തെളിവ്) എന്താണെന്ന് വിശദീകരിക്കുന്നു. (അല്ലാഹുവിങ്കില്‍ നിന്നുള്ള ഒരു ദൂതന്‍) ജനങ്ങളെ സത്യത്തിലേക്ക് ക്ഷണിക്കുന്നതിനു വേണ്ടിയാണ് ആ ദൂതന്‍ നിയോഗിക്കപ്പെട്ടത്. അവരെ അന്ധകാരങ്ങളില്‍ നിന്നു വെളിച്ചത്തിലേക്ക് കൊണ്ടുവരാനും സംസ്‌കരിക്കാനും ജ്ഞാനം പഠിപ്പിക്കാനുമുള്ള ഒരു വേദഗ്രന്ഥം ആ ദൂതന് ഇറക്കിക്കൊടുക്കുകയും ചെയ്തു. അതിനാല്‍ തുടര്‍ന്ന് പറയുന്നത,് (പരിശുദ്ധി നല്‍കപ്പെട്ട ഏടുകള്‍ ഓതി കേള്‍പ്പിക്കുന്ന) ഒരു ദൂതന്‍. പിശാചുക്കളില്‍ നിന്ന് സംരക്ഷിക്കപ്പെട്ട, പരിശുദ്ധര്‍ മാത്രം സ്പര്‍ശിക്കുന്ന ഏടുകള്‍, കാരണം അത് അത്യുന്നതമായ വചനങ്ങളാണ്. 'അതില്‍' എന്നതുകൊണ്ട് ഉദ്ദേശ്യം ആ ഏടുകളില്‍ എന്നാണ്. (വക്രതയില്ലാത്ത രേഖകള്‍) അതായത് നേര്‍മാര്‍ഗത്തിലേക്കും സത്യത്തിലേക്കും എത്തിക്കുന്ന നീതിയുക്തമായ കല്‍പനകളും സത്യസന്ധമായ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന രേഖകള്‍. ഈ തെളിവ് വന്നുകിട്ടിയാല്‍ മറ്റു താല്‍പര്യങ്ങളൊന്നുമില്ലാത്ത സത്യാന്വേഷിക്ക് കാര്യം വ്യക്തമാകും. അപ്പോള്‍ നശിച്ചവര്‍ വ്യക്തമായ തെളിവ് കണ്ടുകൊണ്ട് നശിക്കാനും ജീവിച്ചവര്‍ വ്യക്തമായ തെളിവ് കണ്ടുകൊണ്ട് ജീവിക്കുവാനും വേണ്ടി. 

4). വേദക്കാര്‍ ഈ ദൂതനില്‍ വിശ്വസിക്കാതിരിക്കുകയും കീഴൊതുങ്ങാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍ അത് അവരുടെ ധിക്കാരത്തിന്റെയും വഴികേടിന്റെയും ആദ്യത്തേതല്ല, അവര്‍ ഭിന്നിക്കുകയും അഭിപ്രായ വ്യത്യാസത്തിലാവുകയും കക്ഷികളായിത്തീരുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം സംഭവിച്ചത് (അവര്‍ക്ക് വ്യക്തമായ തെളിവ് വന്നുകിട്ടിയതിനു ശേഷമാണ്), ആ തെളിവുകളാവട്ടെ, അവരുടെ യോജിപ്പും ഒരുമയും അനിവാര്യമാക്കുന്നവയാണ്. അവരുടെ നിന്ദ്യതയും നിസ്സാരതയും മൂലം സന്മാര്‍ഗം അവര്‍ക്ക് ദുര്‍മാര്‍ഗത്തെയും ഉള്‍ക്കാഴ്ച അവര്‍ക്ക് അന്ധതയെയും അല്ലാതെ വര്‍ധിപ്പിച്ചിട്ടില്ല. 

5). എല്ലാ വേദഗ്രന്ഥങ്ങളുടെയും അടിസ്ഥാനവും ആശയവും ഒന്നാണ്. (കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കിക്കൊണ്ട് അവനെ ആരാധിക്കാന്‍ വേണ്ടിയല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല) അതായത് പ്രത്യക്ഷവും പരോക്ഷവുമായ മുഴുവന്‍ ആരാധനകളും അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും ഉദ്ദേശിച്ചുകൊണ്ടായിരിക്കണം. (ഋജുമനസ്‌കരായ നിലയില്‍) അതായത് ഏകദൈവ വിശ്വാസം അടിസ്ഥാനമാക്കിയ ഈ മതത്തിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായ എല്ലാ ചിന്താഗതികളില്‍ നിന്നും വേറിട്ട് നിന്നുകൊണ്ട്. (അല്ലാഹുവിനെ ആരാധിക്കുക) എന്ന് പറഞ്ഞതില്‍ തന്നെ നമസ്‌കാരവും സകാത്തും ഉള്‍പ്പെടുമെങ്കിലും അവയെ പ്രത്യേകം എടുത്തുപറഞ്ഞത് അതിന്റെ മഹത്ത്വം കൊണ്ടും ശ്രേഷ്ഠത കൊണ്ടുമാണ്. മാത്രവുമല്ല, അവ രണ്ടും നിര്‍വഹിക്കുന്നത് മതത്തിന്റെ മുഴുവന്‍ കാര്യങ്ങളും നിര്‍വഹിക്കുന്നതു പോലെയാണ്. (അതത്രെ വക്രതയില്ലാത്ത മതം) 'അത്' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏകദൈവ വിശ്വാസവും ആത്മാര്‍ഥതയുമാണ്. വക്രതയില്ലാത്ത മതം എന്ന് പറയാന്‍ കാരണം ആ ശരിയായ മതം മാത്രമാണ് സുഖാനുഗ്രഹത്തിന്റെ സ്വര്‍ഗത്തിലേക്ക് എത്തിക്കുന്നത്. മറ്റുള്ളവ നരകത്തിലേക്ക് എത്തിക്കുന്ന വഴികളാണ്.

6). തുടര്‍ന്ന് അല്ലാഹു പറയുന്നത്, വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനുശേഷം വിട്ടുപോയ അവിശ്വാസികള്‍ക്കുള്ള പ്രതിഫലത്തെക്കുറിച്ചാണ്. (തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവ വിശ്വാസികളിലും പെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു) നരകശിക്ഷ അവരില്‍ ശക്തമാവുകയും അവരെ വലയം ചെയ്യുകയും ചെയ്തിരിക്കുന്നു. (അവരതില്‍ നിത്യവാസികളായിരിക്കും) അവര്‍ക്ക് അത് ലഘൂകരിച്ച് കൊടുക്കപ്പെടുകയില്ല. അവര്‍ അതില്‍ ആശയറ്റവരായിരിക്കും. (അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍) കാരണം അവര്‍ സത്യം മനസ്സിലാക്കിയിട്ട് അത് തള്ളിക്കളയുകയും ഇഹവും പരവും നഷ്ടപ്പെടുത്തുകയും ചെയ്തു. 

7). (തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ ഉത്തമര്‍) കാരണം അവര്‍ അല്ലാഹുവിനെ മനസ്സിലാക്കുകയും അവനെ ആരാധിക്കുകയും അങ്ങനെ ഇഹപര ജീവതത്തില്‍ വിജയിക്കുകയും ചെയ്തു. 

8). (അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രതിഫലം സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളാകുന്നു) അതായത് സ്ഥിരതാമസത്തിന്റെ സ്വര്‍ഗത്തോപ്പുകള്‍, അവിടം വിട്ടവര്‍ യാത്ര പോകുന്നില്ല. അതിനപ്പുറം മറ്റൊരു ലക്ഷ്യം അവര്‍ അന്വേഷിക്കുന്നുമില്ല. (താഴ്ഭാഗത്തു കൂടി അരുവികളൊഴുകുന്ന, അവരതില്‍ നിത്യവാസികളായി, എന്നെന്നേക്കുമായിട്ട്. അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു).

അല്ലാഹുവിന്റെ തൃപ്തിക്ക് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ അവര്‍ നിര്‍വഹിച്ചതിനാല്‍ അവന്‍ അവരെ തൃപ്തിപ്പെട്ടു. അവന്‍ അവര്‍ക്കു വേണ്ടി തയ്യാറാക്കിയ വിവിധങ്ങളായ ആദരവുകളിലും മഹത്തായ പ്രതിഫലത്തിലും അവരും തൃപ്തിപ്പെടും. (അത്) ആ നല്ല പ്രതിഫലം, (ഏതൊരുവന്‍ തന്റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവനുള്ളതാകുന്നു അത്) അല്ലാഹുവിനെ ഭയപ്പെട്ട് തെറ്റുകളില്‍ നിന്ന് അകന്നുനില്‍ക്കുകയും തന്റെ ബാധ്യതകള്‍ നിര്‍വഹിക്കുകയും ചെയ്തവന്. 

0
0
0
s2sdefault