അല്‍അസ്വ്ര്‍ (കാലം)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 മാര്‍ച്ച് 31 1439 റജബ് 13

വിവ: ഹാരിസ് ബിന്‍ സലീം

അധ്യായം: 103

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَالْعَصْرِ (١) إِنَّ الْإِنْسَانَ لَفِي خُسْرٍ (٢) إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ (٣)
(1)കാലം തന്നെയാണ് സത്യം, (2) തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു; (3) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.

കാലത്തെ കൊണ്ടാണ് അല്ലാഹു ഇവിടെ സത്യം ചെയ്യുന്നത്. കാലമെന്നാല്‍ രാത്രിയും പകലുമാണ്. അതായത്, അടിമകളുടെ കര്‍മങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും വേദി. തീര്‍ച്ചയായും എല്ലാ മനുഷ്യരും നഷ്ടക്കാരാണ്. 'നഷ്ടക്കാരന്‍' എന്നത് 'ലാഭിച്ചവന്‍' എന്നതിന്റെ വിപരീതമാണ്. നഷ്ടത്തിന് ഏറ്റക്കുറവുകളുള്ള വ്യത്യസ്ത സ്ഥാനങ്ങളുണ്ട്. ചിലപ്പോള്‍ അത് സമ്പൂര്‍ണമായ നഷ്ടമായിരിക്കും. അതായത് ഇഹലോകവും പരലോകവും നഷ്ടപ്പെടുകയും പരലോകത്ത് ശാശ്വത സ്വര്‍ഗം നഷ്ടപ്പെട്ട് നരകാവകാശിയായി തീരുകയും ചെയ്യുക. ചിലപ്പോള്‍ അത് ഭാഗികമായ നഷ്ടമായിരിക്കും. അതുകൊണ്ടാണ് ഈ നഷ്ടത്തെ എല്ലാവരിലേക്കും ചേര്‍ത്തു പറഞ്ഞത്. അതില്‍ നിന്ന് ഒഴിവാകുന്നത് നാലു ഗുണങ്ങള്‍ ഉള്ളവര്‍ മാത്രമാണ്. 

അല്ലാഹു വിശ്വസിക്കാന്‍ കല്‍പിച്ചതിലെല്ലാം വിശ്വസിക്കുക, അറിവില്ലാതെ അത് പൂര്‍ണമാവില്ല. വിശ്വാസത്തിന്റെ പൂര്‍ണതക്ക് ആവശ്യമായ ഒരു ഘടകം തന്നെയാണ് അറിവ്. സല്‍ക്കര്‍മങ്ങള്‍ എന്നാല്‍ ഐച്ഛികവും നിര്‍ബന്ധവുമായ, മനുഷ്യരോടും അല്ലാഹുവിനോടുമുള്ള എല്ലാവിധ കടമകളും പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ നന്മകളും ഉള്‍ക്കൊള്ളുന്നതാണ്. സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വിശ്വാസവും സല്‍പ്രവര്‍ത്തനവുമാണ്. അതായത് അതുകൊണ്ട് പരസ്പരം ഉപദേശിക്കുകയും അതിനു പ്രേരിപ്പിക്കുകയും അതില്‍ താല്‍പര്യമുണ്ടാക്കുകയും ചെയ്യുക.

ക്ഷമ കൈക്കൊള്ളേണ്ടത് അല്ലാഹുവിനെ അനുസരിക്കുന്നതിലും അവന് എതിരു പ്രവര്‍ത്തിക്കാതിരിക്കുന്നതിലും അവന്റെ വിധിയുടെ ഭാഗമായി സംഭവിക്കുന്ന പ്രയാസങ്ങളിലുമാണ്. ഇതില്‍ ആദ്യത്തെ രണ്ടു കാര്യങ്ങള്‍ മനുഷ്യനെ സ്വയം സമ്പൂര്‍ണനാക്കാനുതകുന്നതും പിന്നീടുള്ള രണ്ടു കാര്യങ്ങള്‍ മറ്റുള്ളവരെ പൂര്‍ണതയിലേക്ക് നയിക്കാനുള്ളതുമാണ്. നാല് കാര്യങ്ങളുടെയും പൂര്‍ത്തീകരണത്തിലൂടെ നഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെടുകയും മഹത്തായ വിജയം കരസ്ഥമാക്കുകയും ചെയ്യും.