അഅ്‌ല (അത്യുന്നതന്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 ഒക്ടോബര്‍ 20 1440 സഫര്‍ 09

അധ്യായം: 87

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

سَبِّحِ ٱسْمَ رَبِّكَ ٱلْأَعْلَى (١) ٱلَّذِى خَلَقَ فَسَوَّىٰ (٢) وَٱلَّذِى قَدَّرَ فَهَدَىٰ (٣) وَٱلَّذِىٓ أَخْرَجَ ٱلْمَرْعَىٰ (٤) فَجَعَلَهُۥ غُثَآءً أَحْوَىٰ (٥) سَنُقْرِئُكَ فَلَا تَنسَىٰٓ (٦) إِلَّا مَا شَآءَ ٱللَّهُ ۚ إِنَّهُۥ يَعْلَمُ ٱلْجَهْرَ وَمَا يَخْفَىٰ (٧‬) وَنُيَسِّرُكَ لِلْيُسْرَىٰ (٨‬) فَذَكِّرْ إِن نَّفَعَتِ ٱلذِّكْرَىٰ (٩) سَيَذَّكَّرُ مَن يَخْشَىٰ (١٠) وَيَتَجَنَّبُهَا ٱلْأَشْقَى (١١) ٱلَّذِى يَصْلَى ٱلنَّارَ ٱلْكُبْرَىٰ (١٢) ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَىٰ (١٣) قَدْ أَفْلَحَ مَن تَزَكَّىٰ (١٤) وَذَكَرَ ٱسْمَ رَبِّهِۦ فَصَلَّىٰ (١٥) بَلْ تُؤْثِرُونَ ٱلْحَيَوٰةَ ٱلدُّنْيَا (١٦) وَٱلْءَاخِرَةُ خَيْرٌ وَأَبْقَىٰٓ (١٧) إِنَّ هَٰذَا لَفِى ٱلصُّحُفِ ٱلْأُولَىٰ (١٨) صُحُفِ إِبْرَٰهِيمَ وَمُوسَىٰ (١٩)
(1) അത്യുന്നതനായ നിന്റെ രക്ഷിതാവിന്റെ നാമം പ്രകീര്‍ത്തിക്കുക. (2) സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത (രക്ഷിതാവിന്റെ). (3) വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനും (4) മേച്ചില്‍പുറങ്ങള്‍ ഉല്‍പാദിപ്പിച്ചവനും (5) എന്നിട്ട് അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കിത്തീര്‍ത്തവനുമായ (രക്ഷിതാവിന്റെ നാമം). (6) നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല. (7) അല്ലാഹു ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും അവന്‍ പരസ്യമായതും രഹസ്യമായിരിക്കുന്നതും അറിയുന്നു. (8) കൂടുതല്‍ എളുപ്പമുള്ളതിലേക്ക് നിനക്ക് നാം സൗകര്യമുണ്ടാക്കിത്തരുന്നതുമാണ്. (9) അതിനാല്‍ ഉപദേശം ഫലപ്പെടുന്നുവെങ്കില്‍ നീ ഉപദേശിച്ചു കൊള്ളുക. (10) ഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചു കൊള്ളുന്നതാണ്. (11) ഏറ്റവും നിര്‍ഭാഗ്യവാനായിട്ടുള്ളവന്‍ അതിനെ (ഉപദേശത്തെ) വിട്ടകന്നു പോകുന്നതാണ്. (12) വലിയ അഗ്‌നിയില്‍ കടന്ന് എരിയുന്നവനത്രെ അവന്‍ (13) പിന്നീട് അവന്‍ അതില്‍ മരിക്കുകയില്ല, ജീവിക്കുകയുമില്ല. (14) തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു. (15) തന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്‌കരിക്കുകയും (ചെയ്തവന്‍) (16) പക്ഷേ, നിങ്ങള്‍ ഐഹികജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. (17) പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും. (18) തീര്‍ച്ചയായും ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്. (19) അതായത് ഇബ്‌റാഹീമിന്റെയും മൂസായുടെയും ഏടുകളില്‍.

(സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത അത്യുന്നതനായ നിന്റെ രക്ഷിതാവിന്റെ നാമം പ്രകീര്‍ത്തിക്കുക). അല്ലാഹുവിനുള്ള സ്മരണയും ആരാധനയും അവന്റെ മഹത്ത്വത്തോടുള്ള താഴ്മയും വിധേയത്വവും എല്ലാം ഉള്‍ക്കൊണ്ട് പ്രകീര്‍ത്തനം ചെയ്യാനാണ് ഇവിടെ കല്‍പിക്കുന്നത്. ആ പ്രകീര്‍ത്തനം ഉന്നത ആശയങ്ങളുള്ള അതിവിശിഷ്ടമായ അവന്റെ സര്‍വ നാമങ്ങളെയും അന്യൂനവും ഉത്തമവുമായ അവന്റെ സൃഷ്ടിപ്പ് പോലുള്ള പ്രവര്‍ത്തനങ്ങളെയും സ്മരിച്ചുകൊണ്ടുമായിരിക്കണം.

(വ്യവസ്ഥ നിര്‍ണയിച്ചവന്‍). എല്ലാ നിര്‍ണയങ്ങളും ഇതില്‍ പെടും. (മാര്‍ഗദര്‍ശനം നല്‍കിയവനും). എല്ലാ സൃഷ്ടികള്‍ക്കും അവന്‍ മാര്‍ഗദര്‍ശനം നല്‍കി. ഈ മാര്‍ഗദര്‍ശനം പൊതുവായതാണ്. എല്ലാ സൃഷ്ടികള്‍ക്കും അവയുടെ നന്മക്ക് എങ്ങനെ വര്‍ത്തിക്കണമെന്ന മാര്‍ഗദര്‍ശനം നല്‍കിയിട്ടുണ്ട് എന്നര്‍ഥം. ഭൗതികമായ ഒരനുഗ്രഹമാണത്. അതാണ് തുടര്‍ന്ന് പറയുന്നത്. 

(മേച്ചില്‍പുറങ്ങള്‍ ഉല്‍പാദിപ്പിച്ചവനും). അതായത് ആകാശത്തു നിന്ന് മഴയിറക്കി വിവിധ സസ്യങ്ങളെയും ധാരാളം പുല്ലുകളെയും ഉല്‍പാദിപ്പിക്കുകയും മനുഷ്യരും മൃഗങ്ങളും സര്‍വ ജീവജാലങ്ങളും അതിനെ പ്രയോജനപ്പെടുത്തുകയും ചെയ്തു. പിന്നീട് അവയുടെ വളര്‍ച്ച പൂര്‍ണമാവുകയും ആ ചെടികള്‍ ഉണങ്ങി പുല്ലുകള്‍ ദ്രവിച്ച് ഛിന്നഭിന്നമാകുന്നു. (എന്നിട്ടതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കിത്തീര്‍ത്തവനുമായ). അതായത് ഇരുണ്ട നിറത്തിലുള്ള നുരുമ്പിയ വൈക്കോലാക്കി മാറ്റി. ഭൗതികമായ അനുഗ്രഹമാണ് ഇവിടെയും പരാമര്‍ശിക്കപ്പെട്ടത്.

അനുഗ്രഹങ്ങളുടെ അടിസ്ഥാനവും സത്തയുമായ അനുഗ്രഹമാണ് ക്വുര്‍ആന്‍. അതിനെക്കുറിച്ചാണ് തുടര്‍ന്ന് അല്ലാഹു എടുത്തുപറയുന്നത്. (നിനക്ക് നാം ഓതിത്തരാം. നീ മറന്ന് പോകുകയില്ല). വേദഗ്രന്ഥത്തില്‍ നിന്നും നിനക്കു നാം ബോധനം നല്‍കിയത് നാം സംരക്ഷിക്കുകയും നിന്റെ ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്യും. അതിലൊന്നും തന്നെ നീ മറന്നുപോവുകയില്ല. ഇത് അല്ലാഹുവിന്റെ അടിമയും പ്രവാചകനുമായ മുഹമ്മദ് നബിﷺക്ക് അവന്‍ നല്‍കുന്ന ഏറ്റവും വലിയ സന്തോഷവാര്‍ത്തയാണ്. അതായത് മറന്നുപോകാത്ത ചില അറിവുകള്‍ പഠിപ്പിച്ചുകൊടുക്കുമെന്നത്.

(അല്ലാഹു ഉദ്ദേശിച്ചതൊഴികെ). ഉന്നതമായ അവന്റെ യുക്തിയും നന്മയും താല്‍പര്യപ്പെടുന്ന ചിലതിനെ നിനക്ക് മറപ്പിച്ചേക്കാം. (തീര്‍ച്ചയായും അവന്‍ പരസ്യമായതും രഹസ്യമായിരിക്കുന്നതും അറിയുന്നു). തന്റെ അടിമക്ക് ഗുണകരമായ കാര്യങ്ങള്‍ അതുകൊണ്ടാണ് അവനുദ്ദേശിക്കുന്നത്. അവന്‍ വിധിക്കുകയും മതനിയമമാക്കുകയും ചെയ്യുന്നത്. 

(കൂടുതല്‍ എളുപ്പമുള്ളതിലേക്ക് നിനക്ക് നാം സൗകര്യമുണ്ടാക്കിത്തരുന്നതുമാണ്). ഇത് മറ്റൊരു സന്തോഷവാര്‍ത്തയാണ്. എല്ലാ കാര്യങ്ങളിലും അല്ലാഹു നബിﷺക്ക് എളുപ്പമുണ്ടാക്കി കൊടുക്കുകയും തന്റെ മതവും അതിന്റെ നിയമങ്ങളും ലളിതമാക്കുകയും ചെയ്യുമെന്നര്‍ഥം. (അതിനാല്‍ നീ ഉപദേശിച്ചുകൊള്ളുക). അല്ലാഹുവിന്റെ നിയമങ്ങളും തെളിവുകളും. (ഉപദേശം ഫലപ്പെടുന്നുവെങ്കില്‍) ഉല്‍ബോധനങ്ങള്‍ സ്വീകരിക്കപ്പെടുകയും ഉപദേശങ്ങള്‍ കേള്‍ക്കപ്പെടുകയും ചെയ്യുന്നിടത്തോളം കാലം. ഉല്‍ബോധനങ്ങളുടെ മുഴുവന്‍ ഉദ്ദേശ്യങ്ങളും സ്വീകരിച്ചാലും ഇല്ലെങ്കിലും.

ആയത്തില്‍ നിന്ന് മനസ്സിലാകുന്നത്; ഫലപ്പെടാത്തിടത്ത് ഉപദേശങ്ങള്‍ തിന്മയെ വര്‍ധിപ്പിക്കും, നന്മയെ കുറക്കും. അങ്ങനെ ചെയ്യുന്നത് വിരോധിക്കപ്പെട്ടതാണ്. ഉല്‍ബോധനത്തില്‍ ജനങ്ങള്‍ രണ്ടു വിഭാഗമാണ്. പ്രയോജനപ്പെടുത്തുന്നവരും അല്ലാത്തവരും. പ്രയോജനപ്പെടുത്തുന്നവരെക്കുറിച്ച് പറഞ്ഞത്: (ഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചുകൊള്ളുന്നതാണ്). അല്ലാഹുവിനെ കുറിച്ചുള്ള ഭയവും കര്‍മങ്ങള്‍ക്ക് പ്രതിഫലമുണ്ടെന്ന ബോധവും നന്മയില്‍ പരിശ്രമമാക്കാനും തിന്മകളില്‍ നിന്ന് വിട്ടുനില്‍ക്കാനും ഒരടിമയെ നിര്‍ബന്ധിക്കുന്നു. എന്നാല്‍ ഉപദേശം പ്രയോജനപ്പെടുത്താത്തവരെക്കുറിച്ച് പറഞ്ഞത്: (ഏറ്റവും നിര്‍ഭാഗ്യവാനായിട്ടുള്ളവന്‍ അതിനെ വിട്ട് അകന്നുപോകുന്നതാണ്. വലിയ അഗ്നിയില്‍ കടന്നെരിയുന്നവനത്രെ അവന്‍). അത് ഹൃദയങ്ങളിലേക്ക് ആൡപ്പടരുന്ന കത്തിക്കപ്പെടുന്ന തീ. (പിന്നീട് അതില്‍ അവന്‍ മരിക്കുകയില്ല, ജീവിക്കുകയുമില്ല). യാതൊരു വിശ്രമവുമില്ലാതെ അവര്‍ ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കും. 

മരണത്തെ അവര്‍ ആഗ്രഹിക്കും. എന്നാല്‍ മരിക്കുകയില്ല. 

''لَا يُقْضَىٰ عَلَيْهِمْ فَيَمُوتُوا وَلَا يُخَفَّفُ عَنْهُم مِّنْ عَذَابِهَا ۚ ''

''അവരുടെ മേല്‍ (മരണം) വിധിക്കപ്പെടുകയില്ല. എങ്കില്‍ അവര്‍ക്ക് മരിക്കാമായിരുന്നു. അതിലെ ശിക്ഷയില്‍ നിന്ന് ഒട്ടും അവര്‍ക്ക് ഇളവ് ചെയ്യപ്പെടുകയും ഇല്ല.''

(തീര്‍ച്ചയായും വിശുദ്ധി നേടിയവന്‍ വിജയം പ്രാപിച്ചു). അതായത് ചീത്ത സ്വഭാവങ്ങളില്‍ നിന്നും തിന്മകളില്‍ നിന്നും ശിര്‍ക്കില്‍ നിന്നുമെല്ലാം തന്റെ മനസ്സിനെ ശുദ്ധിയാക്കിയവന്‍ വിജയിക്കുകയും ലാഭിക്കുകയും ചെയ്തു. 

(തന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്‌കരിക്കുകയും ചെയ്തവന്‍). അല്ലാഹുവിന്റെ നാമം സ്മരിക്കുന്നവനും അത് ഹൃദയത്തിലൂട്ടപ്പെട്ടവനും അല്ലാഹുവിനെ തൃപ്തിപ്പെടുത്താവുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടും. പ്രത്യേകിച്ചും വിശ്വാസത്തിന്റെ അളവുകോലായ നമസ്‌കാരം അവന്‍ നിര്‍വഹിക്കുകയും ചെയ്യും.  എന്നതിന് നോമ്പിനോട് അനുബന്ധിച്ചുള്ള  (ഫിത്വ്ര്‍ സകാത്ത്) നല്‍കുന്നവനാണ് ഉദ്ദേശമെന്നും എന്നതിന് പെരുന്നാള്‍ നമസ്‌കാരമാണ് ഉദ്ദേശ്യമെന്നും വ്യാഖ്യാനമുണ്ട്. പദത്തിലും പ്രയോഗത്തിലും അത് ഉള്‍ക്കൊള്ളുമെങ്കിലും അതു മാത്രമാണ് അര്‍ഥമെന്ന് പറയാവതല്ല. 

(പക്ഷേ, നിങ്ങള്‍ ഐഹിക ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു) അതായത് കലങ്ങിയതും നീങ്ങിപ്പോകുന്നതുമായ ഭൗതികാനുഗ്രഹങ്ങളെ തെരഞ്ഞെടുക്കുകയും അങ്ങനെ ഇഹലോക ജീവിതത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യുന്നു.

(പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും). ഏതു കാര്യത്തിലും പരലോകം ഇഹലോകത്തെക്കാള്‍ ഉത്തമമായതും നിലനില്‍ക്കുന്നതും തന്നെയാണ്. കാരണം അത് ശാശ്വതത്വത്തിന്റെ ഭവനമാണ്. ഇഹലോകമാട്ടെ, നശിക്കുന്ന ഗേഹമാണ്. അപ്പോള്‍ ബുദ്ധിയുള്ള വിശ്വാസി ഏറ്റവും നല്ലതിനു പകരം മോശമായതിനെ തിരഞ്ഞെടുക്കില്ല. നൈമിഷിക സുഖത്തിനു വേണ്ടി ശാശ്വത സൗഖ്യത്തെ വില്‍ക്കില്ല. പരലോകത്തെക്കാള്‍ ഇഹലോകത്തെ സ്‌നേഹിക്കുന്നതാണ് എല്ലാ തെറ്റുകള്‍ക്കും പ്രധാന കാരണം. 

(തീര്‍ച്ചയായും ഇത്). ഈ പരിശുദ്ധമായ അധ്യായത്തില്‍ പരാമര്‍ശിക്കപ്പെട്ട നന്മയിലേക്ക് നയിക്കുന്ന അറിവുകളും നല്ല നിര്‍ദേശങ്ങളും.

(ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്. അതായത് ഇബ്‌റാഹിമിന്റെയും മൂസായുടെയും ഏടുകളില്‍). മുഹമ്മദ് നബിﷺയെ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠരായ രണ്ടു പ്രവാചകന്മാരാണ് ഇബ്‌റാഹിം നബി(അ)യും മൂസാനബി(അ)യും. ഈ കല്‍പനകളെല്ലാം അവര്‍ക്കും ലഭിച്ചിട്ടുണ്ട്. അവയെല്ലാം ഇരുലോകത്തെയും നന്മകള്‍ ഉള്‍ക്കൊള്ളുന്നതാണ്. എല്ലാ കാലത്തും എല്ലാ ദേശത്തും ഇത് നന്മ തന്നെയാണ്.