അത്തീന്‍ (അത്തി)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 ശവ്വാല്‍ 16 1439 ജൂണ്‍ 30

അധ്യായം: 95

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَٱلتِّينِ وَٱلزَّيْتُونِ (١) وَطُورِ سِينِينَ (٢) وَهَٰذَا ٱلْبَلَدِ ٱلْأَمِينِ (٣) لَقَدْ خَلَقْنَا ٱلْإِنسَٰنَ فِىٓ أَحْسَنِ تَقْوِيمٍ (٤) ثُمَّ رَدَدْنَٰهُ أَسْفَلَ سَٰفِلِينَ (٥) إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ (٦) فَمَا يُكَذِّبُكَ بَعْدُ بِٱلدِّينِ (٧‬) أَلَيْسَ ٱللَّهُ بِأَحْكَمِ ٱلْحَٰكِمِينَ (٨‬)
(1)അത്തിയും ഒലീവും (2) സീനാപര്‍വതവും (3) നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ് സത്യം. (4) തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടുകൂടി സൃഷ്ടിച്ചിരിക്കുന്നു. (5) പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു. (6) വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞ് പോകാത്ത പ്രതിഫലമുണ്ടായിരിക്കും. (7)എന്നിരിക്കെ ഇതിനുശേഷം പ്രതിഫല നടപടിയുടെ കാര്യത്തില്‍ നിഷേധിച്ചുതള്ളാന്‍ നിനക്ക് എന്ത് ന്യായമാണുള്ളത്. (8)അല്ലാഹു വിധികര്‍ത്താക്കളില്‍ വെച്ചു ഏറ്റവും വലിയ വിധികര്‍ത്താവല്ലയോ?

1) (അത്തി തന്നെയാണ് സത്യം). സുപരിചിതമായ അത്തി തന്നെയാണിത്. അതുപോലെ തന്നെ (ഒലീവും). അല്ലാഹു ഇവ രണ്ടുകൊണ്ടും സത്യം ചെയ്യാന്‍ കാരണം അതിന്റെ മരത്തിനും ഫലത്തിനുമുള്ള വര്‍ധിച്ച പ്രയോജനം തന്നെയാണ്. മാത്രമല്ല, ഈസബ്‌നു മര്‍യമിന്റൌ പ്രവാചകത്വ ഭൂമിയായ ശാം പ്രദേശമാണ് ഒലീവിന്റെയും അത്തിയുടെയും പ്രധാന കേന്ദ്രം.

2) (സീനാ പര്‍വതം തന്നെയാണ് സത്യം). സീനാ പര്‍വതമാവട്ടെ, മൂസാനബിൗയുടെ പ്രവാചകത്വ പ്രദേശമാണ്.

3) (നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ് സത്യം). ഇതാവട്ടെ, മുഹമ്മദ് നബി ﷺ യുടെ പ്രവാചകത്വ കേന്ദ്രവുമാണ്. ശ്രേഷ്ഠരും ഉന്നതരുമായ പ്രവാചകന്മാര്‍ നിയോഗിതരായ സവിശേഷമായ ഈ വിശുദ്ധഭൂമികളെ കൊണ്ടാണ് അല്ലാഹു ഇവിടെ സത്യം ചെയ്തു പറഞ്ഞത്.

4) ഇനി സത്യം ചെയ്ത് അല്ലാഹു പറയുന്നു: (തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടുകൂടി സൃഷ്ടിച്ചിരിക്കുന്നു). അതായത് പ്രത്യക്ഷമോ പരോക്ഷമോ ആയ മനുഷ്യന്റെ ഏതാവശ്യവും നിര്‍വഹിക്കാന്‍ അവന് യാതൊരു വിഷമവും നേരിടാത്ത വിധത്തില്‍ നിവര്‍ന്ന് നില്‍ക്കുന്ന ആകാരവും അവയവങ്ങളുടെ പരസ്പര ബന്ധവും സൃഷ്ടിപ്പിന്റെ പൂര്‍ണതയും ഉള്ള അന്യൂനമായ ഘടന.

5,6) മനുഷ്യന്‍ അനിവാര്യമായും നന്ദി ചെയ്യേണ്ട ഇത്രയും മഹത്തായ അനുഗ്രഹങ്ങള്‍ നല്‍കിയിട്ടും അനുഗ്രഹം നല്‍കിയവന് നന്ദിചെയ്യുന്നതില്‍ നിന്നും അധികമാളുകളും തെറ്റിപ്പോയി. കളികളിലും വിനോദങ്ങളിലും വ്യാപൃതരായി. മോശമായ കാര്യങ്ങളിലും താഴ്ന്ന സ്വഭാവങ്ങളിലും അവന്‍ തൃപ്തി കണ്ടെത്തുകയും ചെയ്തു. അതിനാല്‍ അല്ലാഹു അവരെ മടക്കി (അധമരില്‍ അധമനായി). അതായത് നരകത്തിന്റെ അഗാധതയില്‍ തങ്ങളുടെ രക്ഷിതാവിനോട് അതിക്രമം കാണിച്ച പാപികളുടെ സ്ഥാനമാണത്. ഉന്നതമായ സ്വഭാവഗുണങ്ങളും സല്‍പ്രവര്‍ത്തനങ്ങളും വിശ്വാസവും കൊണ്ട് അല്ലാഹു അനുഗ്രഹിച്ചവരൊഴികെ. (എന്നാല്‍ അവര്‍ക്കുണ്ട്) ആ ഉന്നത സ്ഥാനങ്ങള്‍ അവര്‍ക്ക് നേടിക്കൊടുക്കും. (മുറിഞ്ഞുപോകാത്ത പ്രതിഫലം). അതു മാത്രമല്ല, സമ്പൂര്‍ണമായ ആസ്വാദനങ്ങള്‍, നിരന്തരമായ സന്തോഷങ്ങള്‍, ധാരാളം സുഖാനുഗ്രഹങ്ങള്‍. അതാവട്ടെ, എന്നെന്നും നിലനില്‍ക്കുന്നതും മാറ്റമില്ലാത്തതും അതിലെ പഴങ്ങളും തണലും ശാശ്വതവും ആയിരിക്കും.

7,8) (എന്നിരിക്കെ, ഇതിനു ശേഷം പ്രതിഫല നടപടിയുടെ കാര്യത്തില്‍ നിഷേധിച്ചു തള്ളാന്‍ നിനക്ക് എന്ത് ന്യായമാണുള്ളത്). പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫല ദിനത്തെ മനുഷ്യാ, നിനക്ക് നിഷേധിച്ചുതള്ളാന്‍ എന്ത് ന്യായമാണുള്ളത്? നിനക്ക് ഉറപ്പ് നല്‍കുന്ന അല്ലാഹുവിന്റെ ധാരാളം ദൃഷ്ടാന്തങ്ങള്‍ നീ കാണുകയും നിഷേധിക്കാന്‍ പറ്റാത്ത വിധം അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്തതിനു ശേഷം!