ശംസ് (പൂര്‍വാഹ്‌നം)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 ദുല്‍ക്വഅദ 15 1439 ജൂലായ് 28

അധ്യായം: 91

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَٱلشَّمْسِ وَضُحَىٰهَا (١) وَٱلْقَمَرِ إِذَا تَلَىٰهَا (٢) وَٱلنَّهَارِ إِذَا جَلَّىٰهَا (٣) وَٱلَّيْلِ إِذَا يَغْشَىٰهَا (٤) وَٱلسَّمَآءِ وَمَا بَنَىٰهَا (٥) وَٱلْأَرْضِ وَمَا طَحَىٰهَا (٦) وَنَفْسٍ وَمَا سَوَّىٰهَا (٧‬) فَأَلْهَمَهَا فُجُورَهَا وَتَقْوَىٰهَا (٨‬) قَدْ أَفْلَحَ مَن زَكَّىٰهَا (٩) وَقَدْ خَابَ مَن دَسَّىٰهَا (١٠) كَذَّبَتْ ثَمُودُ بِطَغْوَىٰهَآ (١١) إِذِ ٱنۢبَعَثَ أَشْقَىٰهَا (١٢) فَقَالَ لَهُمْ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقْيَٰهَا (١٣) فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنۢبِهِمْ فَسَوَّىٰهَا (١٤) وَلَا يَخَافُ عُقْبَٰهَا (١٥)
(1) സൂര്യനും അതിന്റെ പ്രഭയും തന്നെയാണ് സത്യം.  (2) ചന്ദ്രന്‍ തന്നെയാണ് സത്യം; അത് അതിനെ തുടര്‍ന്ന് വരുമ്പോള്‍.  (3) പകലിനെ തന്നെയാണ് സത്യം; അത് അതിനെ (സൂര്യനെ) പ്രത്യക്ഷപ്പെടുത്തുമ്പോള്‍.  (4) രാത്രിയെ തന്നെയാണ് സത്യം; അത് അതിനെ മൂടുമ്പോള്‍.  (5) ആകാശത്തെയും അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ് സത്യം. (6) ഭൂമിയെയും അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ് സത്യം.  (7) മനസ്സിനെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ് സത്യം.  (8) എന്നിട്ട് അതിന്ന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.  (9) തീര്‍ച്ചയായും അതിനെ (മനസ്സിനെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. (10) അതിനെ (പരിശുദ്ധ മനസ്സിനെ) മലിനമാക്കിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു. (11) ഥമൂദ് ഗോത്രം അതിന്റെ ധിക്കാരം മൂലം (സത്യത്തെ) നിഷേധിച്ചു തള്ളുകയുണ്ടായി.  (12) അവരുടെ കൂട്ടത്തിലെ ഏറ്റവും ദുഷ്ടതയുള്ളവന്‍ ഒരുങ്ങി പുറപ്പെട്ട സന്ദര്‍ഭം. (13) അപ്പോള്‍ അല്ലാഹുവിന്റെ ദൂതന്‍ അവരോട് പറഞ്ഞു: അല്ലാഹുവിന്റെ ഒട്ടകത്തെയും അതിന്റെ വെള്ളം കുടിയും നിങ്ങള്‍ സൂക്ഷിക്കുക. (14) അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും അതിനെ (ഒട്ടകത്തെ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ രക്ഷിതാവ് അവര്‍ക്ക് സമൂല നാശം വരുത്തുകയും (അവര്‍ക്കെല്ലാം) അത് സമമാക്കുകയും ചെയ്തു. (15) അതിന്റെ അനന്തരഫലം അവന്‍ ഭയപ്പെട്ടിരുന്നുമില്ല.

വിജയിച്ച വ്യക്തിയെയും അധര്‍മകാരികളായ മറ്റുള്ളവരെയും കുറിച്ചാണ് ഈ മഹത്തായ വചനങ്ങളില്‍ അല്ലാഹു സത്യം ചെയ്ത് പറയുന്നത്. (സൂര്യനും അതിന്റെ പ്രഭയും തന്നെയാണ്). അതായത് അതിന്റെ വെളിച്ചവും അതില്‍ നിന്നുണ്ടാവുന്ന പ്രയോജനങ്ങളും എന്നര്‍ഥം. (ചന്ദ്രന്‍ തന്നെയാണ സത്യം. അതിനെ തുടര്‍ന്നു വരുമ്പോള്‍). പ്രകാശത്തിലും സ്ഥാന വ്യത്യാസങ്ങളിലും (പഥങ്ങളില്‍) ചന്ദ്രന്‍ സൂര്യനെ പിന്തുടരുന്നു.

(പകലിനെ തന്നെയാണ് സത്യം. അത് അതിനെ പ്രത്യക്ഷപ്പെടുത്തുമ്പോള്‍). ഭൂമുഖത്തുള്ളതെല്ലാം ആ പകല്‍ പ്രത്യക്ഷപ്പെടുത്തുകയും വ്യക്തത വരുത്തുകയും ചെയ്യുന്നു. (രാത്രിയെ തന്നെയാണ് സത്യം; അത് അതിനെ മൂടുമ്പോള്‍). ഭൂമുഖത്തുള്ളതിനെയെല്ലാം രാത്രി മൂടുന്നു. അങ്ങനെ അത് ഇരുട്ടിയതാവുന്നു. തുടര്‍ന്ന് ഇരുട്ടും വെളിച്ചവും സൂര്യനും ചന്ദ്രനും മാറിമാറി വന്നുകൊണ്ടിരിക്കുന്നു. ഈ ലോകം വ്യവസ്ഥാപിതവും അന്യൂനവുമാണ്. അത് മനുഷ്യന്റെ നന്മക്കു വേണ്ടി നിലകൊള്ളുന്നു. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനും എല്ലാറ്റിനും കഴിവുള്ളവനുമാകുന്നു എന്നതിന് ഇത് ഏറ്റവും വലിയ തെളിവാണ്. അവന്‍ മാത്രമാണ് ആരാധനക്കര്‍ഹന്‍. അവനല്ലാതെ ആരാധിക്കപ്പെടുന്നവയെല്ലാം നിരര്‍ഥകമാണ്.

(ആകാശത്തെയും അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ് സത്യം). ഇവിടെ (ƒല) എന്ന അക്ഷരത്തെ സംയോജക നാമം (‡റള്‍ക്കഡള്‍ല) ആയി പരിഗണിച്ചാല്‍ സത്യം ചെയ്യുന്നത് ആകാശത്തെ കൊണ്ടും അതിന്റെ നിര്‍മാതാവിനെ കൊണ്ടുമാണ്. അതായത്, അല്ലാഹുവിനെ കൊണ്ട്. എന്നാല്‍ അതിനെ ക്രിയാനാമമായി പരിഗണിച്ചാല്‍ അത് നിര്‍മിച്ചതിന്റെ രീതി അതായത് അങ്ങേയറ്റം വ്യവസ്ഥാപിതവും അന്യൂനവും നന്മ നിറഞ്ഞതുമായ നിലയില്‍ സൃഷ്ടിച്ചു എന്നര്‍ഥം. ഇതേ ആശയം തന്നെയാണ് അടുത്ത വചനത്തിലും. (ഭൂമിയെയും അതിനെ വ്യത്യസ്തമാക്കിയ രീതിയെയും തന്നെയാണ് സത്യം). ഭൂമിയെ വിതാനിക്കുകയും വിശാലമാക്കുകയും അങ്ങനെ സൃഷ്ടികള്‍ക്ക് എല്ലാ വിധത്തിലും പ്രയോജനപ്പെടുത്താന്‍ കഴിയുകയും ചെയ്യുന്നു. 

(മനസ്സിനെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ് സത്യം). പൊതുവായ അര്‍ഥം കല്‍പിക്കുമ്പോള്‍ എല്ലാ ജീവികളുടെയും മനസ്സ് ഇതില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇവിടെ മനസ്സിനെക്കൊണ്ട് സത്യം ചെയ്യുമ്പോള്‍ മതപരമായ ബാധ്യതകള്‍ നിര്‍വഹിക്കാന്‍ കല്‍പിക്കപ്പെട്ട മനുഷ്യന്റെ മനസ്സുകൊണ്ടാണ് സത്യം ചെയ്യുന്നത് എന്ന അര്‍ഥ പരിഗണനയാണ് ശേഷം വരുന്ന പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്.

ഏതായിരുന്നാലും മനസ്സെന്നത് സത്യം ചെയ്ത് പറയാന്‍ മാത്രം അര്‍ഹതപ്പെട്ട അല്ലാഹുവിന്റെ ഏറ്റവും വലിയൊരു ദൃഷ്ടാന്തമാണ്. അത് അങ്ങേയറ്റം ലോലവും സുതാര്യവും പെട്ടെന്ന് മാറ്റ വ്യത്യാസങ്ങള്‍ക്ക് വിധേയമാകുന്നതും സ്വാധീനിക്കുന്നതുമാണ്. ഉദ്ദേശ്യലക്ഷ്യം, സ്‌നേഹം, ദേഷ്യം തുടങ്ങിയ വികാരങ്ങള്‍ പ്രകടമാക്കുന്നതുമാണ്. ഈ മനസ്സില്ലെങ്കില്‍ ശരീരം വെറും ഒരു പ്രതിരൂപം മാത്രമാണ്. അതുകൊണ്ട് ഒരു പ്രയോജനവും സാധ്യമല്ല. ഈ വിധത്തിലാണ് അവന്‍ അതിനെ സംവിധാനിച്ച് ശരിപ്പെടുത്തിയത്. തീര്‍ച്ചയായും ഇത് അല്ലാഹുവിന്റെ മഹത്തായ ഒരു ദൃഷ്ടാന്തം തന്നെയാണ്. 

(തീര്‍ച്ചയായും അതിനെ (മനസ്സിനെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു). തെറ്റുകളില്‍ നിന്ന് മനസ്സിനെ ശുദ്ധമാക്കുകയും ന്യൂനതകളില്‍ നിന്ന് പരിഹരിക്കുകയും അല്ലാഹുവിന് കീഴ്‌പ്പെട്ടുകൊണ്ട് അതിനെ വളര്‍ത്തുകയും പ്രയോജനകരമായ വിജ്ഞാനത്തിലും സല്‍പ്രവര്‍ത്തനങ്ങളിലും അതിനെ ഉന്നതമാക്കുകയും ചെയ്തവന്‍ വിജയം വരിച്ചു എന്നര്‍ഥം.

(അതിനെ മലിനപ്പെടുത്തിയന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു). അടിച്ചമര്‍ത്താനും മലിനമാക്കാനും പാടില്ലാത്ത പരിശുദ്ധമായ മനസ്സിനെ മോശമായ കാര്യങ്ങളെക്കൊണ്ടും കുറ്റങ്ങളും കുറവുകളും ചേര്‍ത്തും അതിനെ പരിപോഷിപ്പിക്കുകയും പുരോഗതിപ്പെടുത്തുകയും ചെയ്യുന്ന കാര്യങ്ങള്‍ ഉപേക്ഷിച്ചും മോശവും മലിനവുമായ കാര്യങ്ങള്‍ ചെയ്തും അതിനെ മലിനപ്പെടുത്തരുത് എന്നര്‍ഥം.

(ഥമൂദ് ഗോത്രം അതിന്റെ ധിക്കാരം മൂലം (സത്യത്തെ) നിഷേധിച്ചു തള്ളുകയുണ്ടായി). തങ്ങളുടെ പ്രവാചകനെ ധിക്കരിച്ചും സത്യത്തെ മറികടന്നും അവര്‍ അതിരുവിട്ടു.

(അവരുടെ കൂട്ടത്തില്‍ ഏറ്റവും ദുഷ്ടതയുള്ളവന്‍ ഒരുങ്ങിപ്പുറപ്പെട്ട സന്ദര്‍ഭം.) ആ ഗോത്രത്തിലെ ഏറ്റവും വലിയ ദുഷ്ടനായ ഖദ്ദറുബ്‌നു സാലിഹ് എന്ന വ്യക്തി ആ ഒട്ടകത്തെ അറുക്കാന്‍ പുറപ്പെട്ടപ്പോള്‍ അവരെല്ലാവരും അതില്‍ യോജിക്കുകയും അവര്‍ അവനോട് കല്‍പിക്കുകയും അവന്‍ അത് ഏറ്റെടുക്കുകയും ചെയ്തു. 

(അപ്പോള്‍ അല്ലാഹുവിന്റെ ദൂതന്‍ അവരോട് പറഞ്ഞു): അവരെ താക്കീത് ചെയ്തുകൊണ്ട് സ്വാലിഹ് നബി(അ) പറഞ്ഞു: (അല്ലാഹുവിന്റെ ഒട്ടകത്തെയും അതിന്റെ അതിന്റെ വെള്ളംകുടിയും നിങ്ങള്‍ സൂക്ഷിക്കുക). അല്ലാഹു മഹത്തായ ഒരു ദൃഷ്ടാന്തമായി നിങ്ങള്‍ക്കു തന്നെ ഒട്ടകത്തെ അറുക്കുന്നതിനെ നിങ്ങള്‍ ഭയപ്പെടണം. പാല്‍കുടിക്കാന്‍ അല്ലാഹു നല്‍കിയ അനുഗ്രഹത്തെ അറുക്കുന്നതിലൂടെ നിങ്ങള്‍ അവന്റെ അനുഗ്രഹത്തിനു വിപരീതം പ്രവര്‍ത്തിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്.

എന്നാല്‍ അവര്‍ അവരുടെ പ്രവാചകനായ സ്വാലിഹ്(അ)നെ കളവാക്കി. (അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും അതിനെ (ഒട്ടകത്തെ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ രക്ഷിതാവ് അവര്‍ക്ക് സമൂലനാശം വരുത്തുകയും ചെയ്തു). ആ ശിക്ഷ അവരില്‍ വ്യാപകമാവുകയും അവരെ തകര്‍ത്തു കളയുകയും ചെയ്തു. മുകളില്‍ നിന്ന് ഘോരശബ്ദവും താഴെ നിന്ന് പ്രകമ്പനവും കൊണ്ട് അവര്‍ ചലനമറ്റവരായി വീണു. അവരില്‍ വിളിക്കുന്നവനെയോ ഉത്തരം നല്‍കുന്നവനെയോ അവര്‍ കണ്ടെത്തിയില്ല.

(അത് സമമാക്കുകയും ചെയ്തു). ശിക്ഷ അവരെയെല്ലാവരെയും ഒരുപോലെ ബാധിച്ചു. (അതിന്റെ അനന്തരഫലം അവന്‍ ഭയപ്പെട്ടിരുന്നുമില്ല). പരമാധികാരമുള്ളവന്‍ എന്തിനു ഭയപ്പെടണം? അവന്റെ അധികാരത്തില്‍ നിന്നും കൈകാര്യ കര്‍തൃത്വത്തില്‍ നിന്ന് ഒരു സൃഷ്ടിയും പുറത്തുകടക്കുകയില്ല. അവന്റെ വിധിയിലും തീരുമാനത്തിലും അവന്‍ അങ്ങേയറ്റം അഗാധജ്ഞാനിയാണ്.