അല്‍ഫീല്‍ (ആന)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 മാര്‍ച്ച് 17 1439 ജുമാദില്‍ ആഖിറ 29

വിവ: ഹാരിസ് ബിന്‍ സലീം

അധ്യായം: 105

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الْفِيلِ (١) أَلَمْ يَجْعَلْ كَيْدَهُمْ فِي تَضْلِيلٍ (٢) وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ (٣) تَرْمِيهِمْ بِحِجَارَةٍ مِنْ سِجِّيلٍ (٤) فَجَعَلَهُمْ كَعَصْفٍ مَأْكُولٍ (٥)
(1) ആനക്കാരെക്കൊണ്ട് നിന്റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെയെന്ന് നീ കണ്ടില്ലേ? (2) അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ? (3) കൂട്ടം കൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു (4) ചുട്ടുപഴുപ്പിച്ച കളിമണ്‍ കല്ലുകള്‍ കൊണ്ട് അവരെ എറിയുന്നതായ (5) അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി.

അല്ലാഹു ആനക്കാരെ കൊണ്ട് പ്രവര്‍ത്തിച്ചതില്‍ തന്റെ അടിമകളോടുള്ള കാരുണ്യവും അവന്റെ ഏകത്വത്തിന്റെ തെളിവും മുഹമ്മദ് നബി ﷺ യുടെ പ്രവാചകത്വത്തിന്റെ യാഥാര്‍ഥ്യവും നീ കണ്ടില്ലേ? അവര്‍ അല്ലാഹുവിന്റെ പരിശുദ്ധ ഭവനത്തോട് കുതന്ത്രം കാണിക്കുകയും അതിനെ തകര്‍ക്കാന്‍ ഉദ്ദേശിക്കുകയും ചെയ്തു. അതിനുള്ള തയ്യാറെടുപ്പുകള്‍ അവര്‍ നടത്തുകയും അത് തകര്‍ക്കാന്‍ ആനകളെ കൂടെ കൂട്ടി യമനില്‍ നിന്നും എത്യോപ്യയില്‍ നിന്നും അറബികള്‍ക്ക് നേരിടാന്‍ കഴിയാത്ത ഒരു സൈന്യവുമായി അവര്‍ വന്നു. മക്കക്ക് അടുത്തെത്തിയപ്പോള്‍ അറബികള്‍ അവരെ പ്രതിരോധിച്ചില്ല. അവരെ ഭയന്ന് മക്കക്കാര്‍ സ്ഥലം വിട്ടു. എന്നാല്‍ ചുട്ടുപഴുപ്പിച്ച കളിമണ്‍ കല്ലുകള്‍ വഹിക്കുന്ന പക്ഷിക്കൂട്ടങ്ങളെ അല്ലാഹു അയച്ചു. ഈ കല്ലുകള്‍ കൊണ്ട് പക്ഷികള്‍ അടുത്തുള്ളവരെയും ദൂരെയുള്ളവരെയും തുടരെത്തുടരെ എറിഞ്ഞുകൊണ്ടിരുന്നു. അങ്ങനെ അവര്‍ തകര്‍ന്ന് തരിപ്പണമായി. അവര്‍ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പു പോലെയായി. അവരുടെ ദ്രോഹങ്ങളെ അല്ലാഹു അവസാനിപ്പിക്കുകയും കുതന്ത്രങ്ങളെ അവരിലേക്ക് തന്നെ തിരിച്ചുവിടുകയും ചെയ്തു. ഈ സംഭവം ഏറെ പ്രസിദ്ധവും പരിചിതവുമാണ്. ആ വര്‍ഷത്തില്‍ തന്നെയാണ് നബി ﷺ  ജനിച്ചത്. അതിനാല്‍ തന്നെ ഈ സംഭവം പ്രവാചകന്റെ പ്രവാചകത്വത്തിന്റെ തെളിവും അമാനുഷികമായ സംഭവങ്ങളില്‍ ഒന്നുമാകുന്നു. നന്ദിയും സ്തുതിയും അല്ലാഹുവിന് തന്നെ.