ബുറൂജ് (നക്ഷത്ര മണ്ഡലങ്ങള്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 ഡിസംബര്‍ 22 1440 റബീഉല്‍ ആഖിര്‍ 14

അധ്യായം: 85, ഭാഗം: 3

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

هَلْ أَتَىٰكَ حَدِيثُ ٱلْجُنُودِ (١٧) فِرْعَوْنَ وَثَمُودَ (١٨) بَلِ ٱلَّذِينَ كَفَرُوا۟ فِى تَكْذِيبٍ (١٩) وَٱللَّهُ مِن وَرَآئِهِم مُّحِيطٌۢ (٢٠) بَلْ هُوَ قُرْءَانٌ مَّجِيدٌ (٢١) فِى لَوْحٍ مَّحْفُوظٍۭ (٢٢)
(17) ആ സൈന്യങ്ങളുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയിരിക്കുന്നോ?  (18) അഥവാ ഫിര്‍ഔന്റെയും ഥമൂദിന്റെയും (വര്‍ത്തമാനം).  (19) അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പ്പെട്ടിട്ടുള്ളത്.  (20) അല്ലാഹു അവരുടെ പിന്‍വശത്തുകൂടി (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.  (21) അല്ല, അത് മഹത്ത്വമേറിയ ഒരു ക്വുര്‍ആനാകുന്നു.  (22) സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്.

(ആ സൈന്യങ്ങളുടെ അഥവാ ഫിര്‍ഔനിന്റെയും സമൂദിന്റെയും വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയിരിക്കുന്നുവോ). എങ്ങനെയാണ് അവര്‍ പ്രവാചകന്മാരെ കളവാക്കിയതെന്നും പിന്നീട് അവര്‍ എങ്ങനെയാണ് നശിപ്പിക്കപ്പെട്ടതെന്നും. 

(അല്ല, സത്യനിഷേധികള്‍ നിഷേധിച്ചുതള്ളുന്നതിലാകുന്നു ഏര്‍പ്പെട്ടിരിക്കുന്നത്). ധിക്കാരവും കളവാക്കലും അവര്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഉപദേശങ്ങളും ദൃഷ്ടാന്തങ്ങളും അവര്‍ക്ക് പ്രയോജനം ചെയ്യുന്നില്ല.

(അല്ലാഹു അവരുടെ പിന്‍വശത്തുകൂടി (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു). കഴിവിനാലും അറിവിനാലും അവരെ അവന്‍ വലയം ചെയ്യുന്നു. (തീര്‍ച്ചയായും നിന്റെ രക്ഷിതാവ് പതിയിരിക്കുന്ന സ്ഥാനത്തു തന്നെയുണ്ട്). ഇതില്‍ സത്യനിഷേധികള്‍ക്ക് ശക്തമായ താക്കീതുണ്ട്. അല്ലാഹുവിന്റെ പിടുത്തത്തില്‍ പെടുന്നവര്‍ക്ക് ശക്തമായ ശിക്ഷയുണ്ട്. 

(അല്ല, അത് മഹത്ത്വമേറിയ ഒരു ക്വുര്‍ആനാകുന്നു) അറിവും വിജ്ഞാനവും ധാരാളമുള്ള ആശയ വിശാലതയും മഹത്ത്വവുമുള്ള ക്വുര്‍ആന്‍. (സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്). പിശാചുക്കളില്‍ നിന്ന് സംരക്ഷിക്കപ്പെട്ടതും കൂട്ടുകയോ കുറക്കുകയോ മാറ്റം വരുത്തപ്പെടുകയോ ചെയ്യുന്നതില്‍ നിന്നും സുരക്ഷിതമാക്കപ്പെട്ടതുമായ ഫലകത്തില്‍. അല്ലാഹു എല്ലാം സൂക്ഷിച്ചത് ലൗഹുല്‍ മഹ്ഫൂദില്‍ ആണ്.

ഇത് ക്വുര്‍ആനിന്റെ മഹത്ത്വത്തെയും ഔന്നത്യത്തെയും അറിയിക്കുന്നു. അല്ലാഹുവിന്റെ അടുക്കല്‍ അതിനുള്ള ഉന്നത സ്ഥാനത്തെയും.