അത്തകാസുര്‍ (പെരുമനടിക്കല്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 ഏപ്രില്‍ 07 1439 റജബ് 20

വിവ: ഹാരിസ് ബിന്‍ സലീം

അധ്യായം: 102

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

أَلْهَاكُمُ التَّكَاثُرُ (١) حَتَّىٰ زُرْتُمُ الْمَقَابِرَ (٢) كَلَّا سَوْفَ تَعْلَمُونَ (٣) ثُمَّ كَلَّا سَوْفَ تَعْلَمُونَ (٤) كَلَّا لَوْ تَعْلَمُونَ عِلْمَ الْيَقِينِ (٥) لَتَرَوُنَّ الْجَحِيمَ (٦) ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ (٧‬) ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ (٨‬)
(1)പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു. (2) നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത് വരേക്കും. (3) നിസ്സംശയം, നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും. (4) പിന്നെയും നിസ്സംശയം നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും. (5) നിസ്സംശയം, നിങ്ങള്‍ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കില്‍. (6) ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും. (7) പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും. (8) പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.

1) എല്ലാറ്റിനെക്കാളും അല്ലാഹുവോടുള്ള സ്‌നേഹത്തിന് പ്രാധാന്യം നല്‍കുക, തെറ്റുകളില്‍ നിന്ന് ഖേദിച്ചു അവനിലേക്ക് മടങ്ങുക, അവനെ ശരിയായ രൂപത്തില്‍ മനസ്സിലാക്കുക, മറ്റാരെയും അവനോട് പങ്കുചേര്‍ക്കാതിരിക്കുക, അവനെ മാത്രം ആരാധിക്കുക തുടങ്ങി മനുഷ്യ സൃഷ്ടിപ്പിന്റെ അടിസ്ഥാന ലക്ഷ്യത്തില്‍ നിന്നുള്ള അശ്രദ്ധയെ കുറ്റപ്പെടുത്തുകയാണ് അല്ലാഹു ഈ വചനങ്ങളിലൂടെ ചെയ്യുന്നത്. അതായത്, ഇവിടെ പരാമര്‍ശിക്കപ്പെട്ട കാര്യങ്ങളില്‍ നിന്നും (നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു). (പരസ്പരം പെരുമ നടിക്കല്‍) എന്ന പ്രയോഗത്തിന് പരസ്പരം പെരുമ നടിക്കുന്നവര്‍ എന്നതിനെക്കാള്‍ അര്‍ഥ വ്യാപ്തിയുണ്ട്. കാരണം അതില്‍ അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടിയല്ലാതെ മറ്റുള്ളവരോട് ധനത്തിലോ സന്താനങ്ങളിലോ സഹായികളിലോ സൈന്യത്തിലോ സേവകരിലോ പ്രശസ്തിയിലോ ദുരഭിമാനവും പെരുമയും കാണിക്കുന്ന എല്ലാവരും ഉള്‍പ്പെടും. 

2) നിങ്ങളുടെ അശ്രദ്ധയും വിനോദവും തിരക്കുകളും തുടര്‍ന്ന് കൊണ്ടിരിക്കും. നിങ്ങള്‍ ശ്മശാനങ്ങള്‍ സന്ദര്‍ശിക്കുന്നതു വരേക്കും. അപ്പോള്‍ ആ മൂടി നിങ്ങളില്‍ നിന്ന് നീങ്ങുന്ന പക്ഷം, വീണ്ടും ഒരു തുടക്കം അസാധ്യമായിരിക്കും.

'ശ്മശാനങ്ങള്‍ സന്ദര്‍ശിക്കുന്നതു വരെ' എന്നതില്‍ സന്ദര്‍ശിക്കുന്നവര്‍ എന്ന് പ്രയോഗിക്കുകയും സ്ഥിരവാസികള്‍ എന്ന് പറയാതിരിക്കുകയും ചെയ്തതിലൂടെ ബര്‍സക് (ഖബ്ര്‍ ജീവിതം) പരലോകത്തേക്കുള്ള പ്രവേശനസ്ഥലമാണെന്ന് മനസ്സിലാകുന്നു. നശിക്കാത്തതും എന്നെന്നും ശേഷിക്കുന്നതുമായ ലോകത്ത് പുനരുദ്ധരിക്കപ്പെടുകയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലം നല്‍കപ്പെടുകയും ചെയ്യുമെന്നും അറിയിക്കുന്നു.

3-6) അതിനാല്‍ അവരെ താക്കീത് ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു: ''നിസ്സംശയം എഴുന്നേല്‍പു നാളില്‍ ഉറപ്പായും നിങ്ങള്‍ എത്തുകയും അല്ലാഹു സത്യനിഷേധികള്‍ക്ക് തയ്യാറാക്കിയ നരകം നിങ്ങള്‍ നേരില്‍ കാണുകയും ചെയ്യും. 

7) പിന്നെ, തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും. ഇതേ ആശയം മറ്റൊരിടത്ത് അല്ലാഹു പറയുന്നു:

وَرَأَى الْمُجْرِمُونَ النَّارَ فَظَنُّوا أَنَّهُم مُّوَاقِعُوهَا وَلَمْ يَجِدُوا عَنْهَا مَصْرِفًا

''കുറ്റവാളികള്‍ നരകം നേരില്‍ കാണും. അപ്പോള്‍ തങ്ങള്‍ അതില്‍ അകപ്പെടാന്‍ പോവുകയാണെന്ന് അവര്‍ മനസ്സിലാക്കും. അതില്‍ നിന്ന് വിട്ടുമാറിപ്പോകാന്‍ ഒരു മാര്‍ഗവും അവര്‍ കണ്ടെത്തുകയുമില്ല.'' (അല്‍കഹ്ഫ്: 53)

(പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.)

അതായത് ഇഹലോകത്ത് നിങ്ങള്‍ അനുഭവിച്ചതായ അനുഗ്രഹങ്ങളെക്കുറിച്ച്. നിങ്ങള്‍ അതിന് നന്ദി കാണിച്ചുവോ? അതില്‍ അല്ലാഹുവിനുള്ള ബാധ്യതകള്‍ നിങ്ങള്‍ നിര്‍വഹിച്ചുവോ? ആ അനുഗ്രഹങ്ങളെ തെറ്റിനു വേണ്ടി ഉപയോഗിക്കാതിരിക്കുകയും ചെയ്തുവോ? എങ്കില്‍ നിങ്ങള്‍ക്കവന്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കും. മറിച്ച് നിങ്ങള്‍ അതില്‍ വഞ്ചിതരാവുകയും വേണ്ട രൂപത്തില്‍ നന്ദി ചെയ്യാതിരിക്കുകയും തെറ്റു ചെയ്യാന്‍ അതുപയോഗിക്കുകയും കൂടി ചെയ്തുവെങ്കില്‍ അതിന്റെ പേരില്‍ അവന്‍ നിങ്ങളെ ശിക്ഷിക്കും. അല്ലാഹു പറയുന്നു: 

وَيَوْمَ يُعْرَضُ الَّذِينَ كَفَرُوا عَلَى النَّارِ أَذْهَبْتُمْ طَيِّبَاتِكُمْ فِي حَيَاتِكُمُ الدُّنْيَا وَاسْتَمْتَعْتُم بِهَا فَالْيَوْمَ تُجْزَوْنَ عَذَابَ الْهُونِ

''സത്യനിഷേധികള്‍ നരകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം (അവരോട് പറയപ്പെടും:) ഐഹികജീവിതത്തില്‍ നിങ്ങളുടെ നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ പാഴാക്കിക്കളയുകയും, നിങ്ങള്‍ അവകൊണ്ട് സുഖമനുഭവിക്കുകയും ചെയ്തു.'' (അഹ്ഖാഫ് 20)