അന്നസ്വ'ര്‍ (സഹായം)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 ഫെബ്രുവരി 10 1439 ജുമാദില്‍ ഊല 24

വിവ: ഹാരിസ് ബിന്‍ സലീം

അധ്യായം: 110

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ (١)وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّهِ أَفْوَاجًا (٢) فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ ۚ إِنَّهُ كَانَ تَوَّابًا(٣)
(1) അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍. (2) ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താല്‍. (3) നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.

ഒരു സന്തോഷവാര്‍ത്തയും സന്തോഷകരമായ സന്ദര്‍ഭത്തില്‍ പ്രവാചകന് ﷺ സ്വീകരിക്കേണ്ട ചില കല്‍പനകളും അതുമായി ബന്ധപ്പെട്ട ഓര്‍മപ്പെടുത്തലുകളുമാണ് ഈ അധ്യായത്തിന്റെ ഉള്ളടക്കം.

ഇവിടെ സന്തോഷവാര്‍ത്ത കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ പ്രവാചകന്(സ്വ) അല്ലാഹു ചെയ്തുകൊടുത്ത സഹായവും മക്കാവിജയവും ജനങ്ങള്‍ കൂട്ടത്തോടെ അല്ലാഹുവിന്റെ മതത്തില്‍ പ്രവേശിക്കുകയും ചെയ്ത കാര്യങ്ങളാണ്. നബി(സ്വ)യുടെ ബന്ധുക്കളും സഹായികളും അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്നതിന് ശേഷമാണ് ഇസ്‌ലാമിലേക്ക് കടന്നുവന്നത്. ഈ സന്തോഷവാര്‍ത്ത യാഥാര്‍ഥ്യമാവുകയും ചെയ്തു.

വിജയവും സഹായവും ലഭിച്ചതിനു ശേഷമുള്ള നിര്‍ദേശം അതിന് അവനോട് നന്ദി കാണിക്കാനും അവനെ സ്തുതിക്കുന്നതോടൊപ്പം അവനെ പ്രകീര്‍ത്തിക്കാനും അവനോട് പാപമോചനം തേടാനുമാണ്.

ഇതില്‍ രണ്ട് സൂചനകള്‍ ഉള്‍ക്കൊള്ളുന്നു. അതിലൊന്ന് ഈ മതത്തിനുള്ള സഹായം തുടര്‍ന്നുകൊണ്ടേയിരിക്കും എന്നതാണ്.

അല്ലാഹുവോട് പ്രവാചകന് ﷺ പാപമോചനം തേടുകയും അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ഈ സഹായം വര്‍ധിച്ചുകൊണ്ടേയിരിക്കും. കാരണം ഇത് നന്ദി കാണിക്കലാണ്. അല്ലാഹു പറയുന്നു: ''നിങ്ങള്‍ നന്ദി കാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ധിപ്പിച്ചു തരും'' (ഇബ്‌റാഹീം: 7). ഇത് ഖലീഫമാരുടെ കാലത്തും  അവര്‍ക്കു ശേഷവും ഈ സമുദായത്തില്‍ അനുഭവപ്പെടുക തന്നെ ചെയ്തിട്ടുണ്ട്.

മറ്റൊരു മതത്തിനും എത്താന്‍ കഴിയാത്തിടത്തെല്ലാം ഇന്നും എത്തിപ്പെടാനും മറ്റൊരു മതത്തിലും വിശ്വസിക്കാത്തത്ര ആളുകള്‍ ഈ മതത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന വിധത്തില്‍ ഈ സഹായം തുടര്‍ന്നുകൊണ്ടിരുന്നു. അങ്ങനെ ഈ സമുദായത്തില്‍ നിന്ന് അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് വിരുദ്ധമായ ചില പ്രവര്‍ത്തനങ്ങള്‍ ഉണ്ടായപ്പോള്‍ അല്ലാഹു അനൈക്യത്താലും ഛിദ്രതയാലും അവരെ പരീക്ഷിച്ചു; സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു. എന്നാല്‍ ഇതോടൊപ്പം വിഭാവന ചെയ്യാന്‍ കഴിയാത്തതും സങ്കല്‍പങ്ങള്‍ക്ക് അതീതവുമായ അല്ലാഹുവിന്റെ കാരുണ്യവും സ്‌നേഹവും ഈ മതത്തിനും സമുദായത്തിനും ഉണ്ട്.

രണ്ടാമത്തെ സൂചന അല്ലാഹുവിന്റെ ദൂതന്റെ വിയോഗം അടുത്തുവന്നിരിക്കുന്നു എന്നതാണ്. കാരണം പാപമോചനം തേടാന്‍ ഇവിടെ ആവശ്യപ്പെടുന്നു. ശ്രേഷ്ഠമായ കാര്യങ്ങള്‍ അവസാനിപ്പിക്കപ്പെടുന്നത് പാപമോചനം കൊണ്ടാണ്. നമസ്‌കാരം, ഹജ്ജ് തുടങ്ങിയ കാര്യങ്ങള്‍ അങ്ങനെയാണ്. പാപമോചനം തേടാന്‍ പ്രവാചകനോട്(സ്വ) ആവശ്യപ്പെടുമ്പോള്‍ ആ ശ്രേഷ്ഠമായ ജീവിതവും സമാപനത്തോട് അടുത്തിരിക്കുന്നു എന്നു മനസ്സിലാകും. അതിനാല്‍ ഏറ്റവും ശ്രേഷ്ഠമായ കാര്യങ്ങളെക്കൊണ്ട് തന്റെ ജീവിതം അവസാനിപ്പിച്ച് രക്ഷിതാവിനെ കണ്ടുമുട്ടാന്‍ തയ്യാറാവുകയും ഒരുങ്ങുകയും ചെയ്യുക എന്നാണ് കല്‍പിക്കുന്നത്. ഈ വചനങ്ങളുടെ വ്യാഖ്യാനമെന്നോണം തന്റെ നമസ്‌കാരത്തിലെ റുകൂഇലും സുജൂദിലും നബി(സ്വ) ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ , اللَّهُمَّ اغْفِرْ لِي .