ബുറൂജ് (നക്ഷത്ര മണ്ഡലങ്ങള്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 ഡിസംബര്‍ 15 1440 റബീഉല്‍ ആഖിര്‍ 07

അധ്യായം: 85, ഭാഗം: 2

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَمَا نَقَمُوا۟ مِنْهُمْ إِلَّآ أَن يُؤْمِنُوا۟ بِٱللَّهِ ٱلْعَزِيزِ ٱلْحَمِيدِ (٨) ٱلَّذِى لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ شَهِيدٌ (٩) إِنَّ ٱلَّذِينَ فَتَنُوا۟ ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ ثُمَّ لَمْ يَتُوبُوا۟ فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ ٱلْحَرِيقِ (١٠) إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَهُمْ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ۚ ذَٰلِكَ ٱلْفَوْزُ ٱلْكَبِيرُ (١١) إِنَّ بَطْشَ رَبِّكَ لَشَدِيدٌ (١٢) إِنَّهُۥ هُوَ يُبْدِئُ وَيُعِيدُ (١٣) وَهُوَ ٱلْغَفُورُ ٱلْوَدُودُ (١٤) ذُو ٱلْعَرْشِ ٱلْمَجِيدُ (١٥) فَعَّالٌ لِّمَا يُرِيدُ (١٦)
(08) പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്‍ദകര്‍) ചുമത്തിയ കുറ്റം.  (09) ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ (അല്ലാഹുവില്‍). അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.  (10) സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മര്‍ദിക്കുകയും പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കു നരകശിക്ഷയുണ്ട്; തീര്‍ച്ച! അവര്‍ക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്.  (11) വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്; തീര്‍ച്ച. അതത്രെ വലിയ വിജയം. (12) തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്റെ പിടുത്തം കഠിനമായത് തന്നെയാകുന്നു.  (13) തീര്‍ച്ചയായും അവന്‍ തന്നെയാണ് ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച് ഉണ്ടാക്കുന്നതും.  (14) അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്‌നേഹമുള്ളവനും,  (15) സിംഹാസനത്തിന്റെ ഉടമയും മഹത്ത്വമുള്ളവനും,  (16) താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്. 

പിന്നീട് അല്ലാഹു അവരെ താക്കീത് ചെയ്യുകയും ഭയപ്പെടുത്തുകയും പശ്ചാതാപത്തിന്റെ കാര്യം അവതരിപ്പിക്കുകയുമാണ്. (സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മര്‍ദിക്കുകയും പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്ക് നരകശിക്ഷയുണ്ട്. തീര്‍ച്ചയായും അവര്‍ക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്). കഠിനവും കരിച്ചു കളയുന്നതുമായ ശിക്ഷ. 

ഹസന്‍(റ) പറഞ്ഞു: അല്ലാഹുവിന്റെ മഹത്തായ ഔദാര്യത്തിലേക്ക് നോക്കൂ. അവന്റെ മിത്രങ്ങളെയും കീഴ്‌പ്പെട്ട് ജീവിക്കുന്നവരെയും കൊന്നുകളഞ്ഞവര്‍. അവരെ അവന്‍ പാപമോചനത്തിലേക്ക് ക്ഷണിക്കുന്നു. അക്രമികളുടെ ശിക്ഷയെക്കുറിച്ച് പറയുമ്പോള്‍ തന്നെ വിശ്വാസികളുടെ പ്രതിഫലത്തെക്കുറിച്ചും പരാമര്‍ശിക്കുന്നു. തുടര്‍ന്ന് (വിശ്വസിക്കുന്നവര്‍) അതായത് ഹൃദയം കൊണ്ട്, (സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍) അവയവങ്ങള്‍ കൊണ്ട്, (അവര്‍ക്ക് താഴ്ഭാഗത്തു കൂടി അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. തീര്‍ച്ചയായും അതത്രെ വലിയ വിജയം). അല്ലാഹുവിന്റെ തൃപ്തി കൊണ്ടും അവന്റെ ആദരണീയ ഭവനം കൊണ്ടും കൈവരിച്ചതായ വിജയം. (തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്റെ പിടുത്തം കഠിനമായതു തന്നെ). 

വന്‍പാപങ്ങള്‍ ചെയ്തവര്‍ക്കും തെറ്റുകാര്‍ക്കുമുള്ള അവന്റെ ശിക്ഷ കഠിനവും ശക്തവും തന്നെയാണ്. അവന്‍ അക്രമകാരികളെ പതിസ്ഥാനത്തിരുന്ന് നിരീക്ഷിക്കുന്നവനാകുന്നു. അല്ലാഹു പറയുന്നു: 

وَكَذَٰلِكَ أَخْذُ رَبِّكَ إِذَا أَخَذَ الْقُرَىٰ وَهِيَ ظَالِمَةٌ ۚ إِنَّ أَخْذَهُ أَلِيمٌ شَدِيدٌ

''വിവിധ രാജ്യക്കാര്‍ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോള്‍ നിന്റെ രക്ഷിതാവിന്റെ പിടുത്തം അപ്രകാരമാകുന്നു. തീര്‍ച്ചയായും അവന്റെ പിടുത്തം വേദനയേറിയതും കഠിനമായതുമാണ്'' (11:102).

(തീര്‍ച്ചയായും അവന്‍ തന്നെയാണ് ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ചുണ്ടാക്കുന്നതും). സൃഷ്ടിപ്പിന്റെ തുടക്കവും ആവര്‍ത്തനവും നിര്‍വഹിക്കുന്നതില്‍ അവന്‍ ഏകനാണ്. ഒരു പങ്കാളിയും അതില്‍ പങ്കുചേരുന്നില്ല. (അവന്‍ ഏറെ പൊറുക്കുന്നവനാണ്). പശ്ചാത്തപിക്കുന്നവര്‍ക്ക് എല്ലാ തെറ്റുകളും അവന്‍ പൊറുത്ത് കൊടുക്കും. ഖേദിച്ച് മടങ്ങുകയും പാപമോചനം തേടുകയും ചെയ്യുന്നവര്‍ക്ക് അവന്‍ വിട്ടുവീഴ്ച നല്‍കും.

(ഏറെ സ്‌നേഹമുള്ളവനും). സാദൃശ്യപ്പെടുത്താനാവാത്ത വിധം അവനെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുന്നവനാണവന്‍. അവനോടൊന്നും അവന്റെ മഹത്ത്വത്തിന്റെയും ഭംഗിയുടെയും വിശേഷണങ്ങളില്‍ പ്രവര്‍ത്തനങ്ങളില്‍ സാദൃശ്യമാവുകയില്ല. സ്‌നേഹത്തിന്റെ യാതൊരു ഇനത്തോടും സാദൃശ്യമാകാത്ത വിധം അവന്റെ സൃഷ്ടികളുടെ ഹൃദയങ്ങളില്‍ അവനോട് സ്‌നേഹമുണ്ട്. ഈ സ്‌നേഹം ആരാധനയുടെ അടിസ്ഥാനമാണ്. അതെല്ലാ സ്‌നേഹങ്ങളെയും അതിജയിക്കുന്നു. മറ്റെല്ലാ സ്‌നേഹങ്ങളും ആ സ്‌നേഹത്തിന്റെ ഭാഗമാണെന്ന് വരുന്നില്ല. മറ്റു സ്‌നേഹങ്ങള്‍ അതിന്റെ ആളുകള്‍ക്ക് ശിക്ഷയാവാറുണ്ട്. തനിക്ക് ഇഷ്ടപ്പെട്ടവരോട് അങ്ങേയറ്റം സ്‌നേഹം കാണിക്കുന്നവനാണ് അല്ലാഹു. 

അല്ലാഹു പറയുന്നു: يحبهم ويحبونه(അവന്‍ ഇഷ്ടപ്പെടുന്നവരും അവനെ ഇഷ്ടപ്പെടുന്നവരുമായ) (5:54).

ഇവിടെ സ്‌നേഹം ശുദ്ധമായ സ്‌നേഹമാണ്. الودود എന്നത് الغفور (അങ്ങേയറ്റം പൊറുക്കുന്നവന്‍) എന്നതിനോട് ചേര്‍ത്തുപറഞ്ഞതില്‍ വലിയ യുക്തിരഹസ്യങ്ങളുണ്ട്. തെറ്റു ചെയ്യുന്നവര്‍ അവരുടെ തെറ്റുകളില്‍ ഖേദിച്ചു പശ്ചാത്തപിച്ച് മടങ്ങിയാല്‍ അവന്‍ അവരുടെ പാപങ്ങള്‍ പൊറുത്തു കൊടുക്കുകയും അവരെ സ്‌നേഹിക്കുകയും ചെയ്യും. ഒരു അടിമ പശ്ചാത്തപിക്കുമ്പോള്‍ അല്ലാഹു അങ്ങേയറ്റം സന്തോഷിക്കുന്നു. ഒരാള്‍ തന്റെ ഭക്ഷണവും വെള്ളവും മറ്റു അവശ്യ വസ്തുക്കളുമെല്ലാം ഒരു വാഹനപ്പുറത്ത് വെക്കുന്നു. അങ്ങനെ അത് മരുഭൂമിയില്‍ വഴി തെറ്റുന്നു. അതില്‍ നിരാശനായി ഒരു മരത്തണലില്‍ മരണം കാത്ത് അയാള്‍ കിടക്കുന്നു. അപ്പോഴതാ അയാളുടെ വാഹനം അയാളുടെ തലക്കരികില്‍ നില്‍ക്കുന്നു. അയാള്‍ അതിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നു. അയാള്‍ക്കുള്ളതിനെക്കാള്‍ വലിയ സന്തോഷം ഒരടിമ പശ്ചാത്തപിക്കുമ്പോള്‍ അല്ലാഹുവിനുണ്ടാകുന്നു. അല്ലാഹുവിന്റെ സ്‌നേഹമെത്രയാണ്. സ്തുതി അവനു തന്നെ! തെളിഞ്ഞ സ്‌നേഹം, അവന്റെ നന്മയെത്ര മഹത്തരം! കാരുണ്യമെത്ര വിശാലം! കാരുണ്യമെത്ര സമ്പന്നം!

(മഹത്ത്വമുള്ളവനും സിംഹാസനത്തിന്റെ ഉടമയും). മഹത്തായ സിംഹാസനത്തിന്റെ ഉടമ എന്നത് അവന്റെ മഹത്ത്വത്തിന്റെ ഭാഗമാണ്. കാരണം, അത് ആകാശ ഭൂമികളോളം വിശാലമാണ്. (الكرسي അധികാരപീഠം) എന്നത് العرش അധികാരപീഠം) സിംഹാസനവുമായി അതിന്റെ വലുപ്പത്തെ ബന്ധപ്പെടുത്തുമ്പോള്‍ വിശാലമായ മരുഭൂമിയിലെ ഒരു വളയത്തെ പോലെയാണ്. 

അര്‍ശ് ഇവിടെ പ്രത്യേകം പരാമര്‍ശിക്കാന്‍ കാരണം അതിന്റെ മഹത്ത്വത്താലാണ്. കാരണം അത് അവന്റെ പ്രത്യേക സൃഷ്ടികളില്‍ അവനിലേക്ക് ഏറ്റവും അടുത്ത് നില്‍ക്കുന്നതാണ്. المجيد എന്നത് മഹത്ത്വമുള്ളവന്‍ എന്ന് അല്ലാഹുവിലേക്ക് ചേര്‍ത്തും, മഹത്ത്വമുള്ളത് എന്ന് സിംഹാസനത്തിലേക്ക് ചേര്‍ത്തും വ്യഖ്യാനിക്കപ്പെടാം.

(താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്). അവനെന്ത് ഉദ്ദേശിച്ചാലും അത് ചെയ്തിരിക്കും. അവന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞാല്‍ അപ്പോള്‍ അതുണ്ടാകും. അല്ലാഹുവിനല്ലാതെ ഇത് സാധ്യമല്ല. അല്ലാഹുവിന്റെ ഉദ്ദേശ്യങ്ങളെ സഹായിക്കുന്നവനോ തടസ്സപ്പെടുത്തുന്നവനോ ഇല്ല. തുടര്‍ന്ന് പ്രവാചകന്‍മാര്‍ കൊണ്ടുവന്നതിന്റെ സത്യതയെ അറിയിക്കുന്ന അവന്റെ ചില പ്രവര്‍ത്തനങ്ങളെ പരാമര്‍ശിക്കുന്നു.