ഫജ്ര്‍ (പ്രഭാതം), ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 സെപ്തംബര്‍ 29 1440 മുഹര്‍റം 18

അധ്യായം: 89

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَأَمَّآ إِذَا مَا ٱبْتَلَىٰهُ فَقَدَرَ عَلَيْهِ رِزْقَهُۥ فَيَقُولُ رَبِّىٓ أَهَٰنَنِ (١٦) كَلَّا ۖ بَل لَّا تُكْرِمُونَ ٱلْيَتِيمَ (١٧) وَلَا تَحَٰٓضُّونَ عَلَىٰ طَعَامِ ٱلْمِسْكِينِ (١٨) وَتَأْكُلُونَ ٱلتُّرَاثَ أَكْلًا لَّمًّا (١٩) وَتُحِبُّونَ ٱلْمَالَ حُبًّا جَمًّا (٢٠) كَلَّآ إِذَا دُكَّتِ ٱلْأَرْضُ دَكًّا دَكًّا (٢١) وَجَآءَ رَبُّكَ وَٱلْمَلَكُ صَفًّا صَفًّا (٢٢) وَجِا۟ىٓءَ يَوْمَئِذٍۭ بِجَهَنَّمَ ۚ يَوْمَئِذٍ يَتَذَكَّرُ ٱلْإِنسَٰنُ وَأَنَّىٰ لَهُ ٱلذِّكْرَىٰ (٢٣) يَقُولُ يَٰلَيْتَنِى قَدَّمْتُ لِحَيَاتِى (٢٤) فَيَوْمَئِذٍ لَّا يُعَذِّبُ عَذَابَهُۥٓ أَحَدٌ (٢٥) وَلَا يُوثِقُ وَثَاقَهُۥٓ أَحَدٌ (٢٦) يَٰٓأَيَّتُهَا ٱلنَّفْسُ ٱلْمُطْمَئِنَّةُ (٢٧) ٱرْجِعِىٓ إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً (٢٨) فَٱدْخُلِى فِى عِبَٰدِى (٢٩) وَٱدْخُلِى جَنَّتِى (٣٠)
(16) എന്നാല്‍ അവനെ (മനുഷ്യനെ) അവന്‍ പരീക്ഷിക്കുകയും എന്നിട്ടവന്റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താല്‍ അവന്‍ പറയും; എന്റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു എന്ന്.  (17) അല്ല! പക്ഷേ, നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല.   (18) പാവപ്പെട്ടവന്റെ ആഹാരത്തിന് നിങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുമില്ല.  (19) അനന്തരാവകാശ സ്വത്ത് നിങ്ങള്‍ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു.  (20) ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്‌നേഹിക്കുകയും ചെയ്യുന്നു.  (21) അല്ല! ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും (22) നിന്റെ രക്ഷിതാവും അണിയണിയായി മലക്കുകളും വരികയും (23) അന്ന് നരകം കൊണ്ടുവരപ്പെടുകയും ചെയ്താല്‍! അന്നേ ദിവസം മനുഷ്യന്ന് ഓര്‍മ വരുന്നതാണ്. എവിടെ നിന്നാണവന്ന് ഓര്‍മ വരുന്നത്?  (24) അവന്‍ പറയും: അയ്യോ, ഞാന്‍ എന്റെ ജീവിതത്തിനു വേണ്ടി മുന്‍കൂട്ടി (സല്‍കര്‍മങ്ങള്‍) ചെയ്തുവെച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!  (25) അപ്പോള്‍ അന്നേ ദിവസം അല്ലാഹു ശിക്ഷിക്കുന്ന പ്രകാരം ഒരാളും ശിക്ഷിക്കുകയില്ല.  (26) അവന്‍ പിടിച്ചു ബന്ധിക്കുന്നത് പോലെ ഒരാളും പിടിച്ചു ബന്ധിക്കുന്നതുമല്ല.  (27) ഹേ; സമാധാനമടഞ്ഞ ആത്മാവേ, (28) നീ നിന്റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക.  (29) എന്നിട്ട് എന്റെ അടിയാന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക.  (30) എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. 

(എന്നിട്ടവന്റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താല്‍) അവന്റെ ഭക്ഷണത്തില്‍ പ്രയാസം വരുമ്പോള്‍ തന്നെ അല്ലാഹു നിന്ദിച്ചതായി അവന്‍ കണക്കാക്കുന്നു. എന്നാല്‍ ഈ ധാരണ തിരുത്തുകയാണ് അല്ലാഹു. അല്ല, ഈ ധാരണ ശരിയല്ലെന്നര്‍ഥം: 'ഇഹലോകത്ത് നാം അനുഗ്രഹിച്ചവര്‍ എനിക്കാദരവുള്ളവരോ ഉപജീവനത്തില്‍ കുടുസ്സനുഭവപ്പെട്ടവര്‍ ഞാന്‍ നിന്ദിച്ചവരോ അല്ല.' ദാരിദ്ര്യവും സമ്പന്നതയും കുടുസ്സുമെല്ലാം അല്ലാഹുവിന്റെ പരീക്ഷണങ്ങളാണ്. നന്ദി ചെയ്യുമോ ക്ഷമിക്കുമോ എന്നറിയാന്‍ വേണ്ടി അവന്‍ അതുമൂലം അടിമകളെ പരീക്ഷിക്കുന്നു. എന്നിട്ടവര്‍ക്ക് അതിന് മഹത്തായ പ്രതിഫലം നല്‍കുന്നു. മറിച്ചാണെങ്കില്‍ വിനാശകരമായ ശിക്ഷയിലേക്ക് അവര്‍ മാറ്റപ്പെടുന്നു. മനസ്സിന്റെ ഉദ്ദേശ്യത്തിനനുസരിച്ചാണ് അതിന്റെ ശക്തി നിലകൊള്ളുന്നത്. അതുകൊണ്ട് തന്നെയാണ് ജീവിതാവശ്യങ്ങള്‍ക്കു ബുദ്ധിമുട്ടുന്നവരെ പരിഗണിക്കാത്തവരെ അല്ലാഹു ആക്ഷേപിക്കുന്നതും. 

(അല്ല! പക്ഷേ, നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല) പിതാവ് നഷ്ടപ്പെട്ട് പ്രായസപ്പെടുന്നവന്റെ പ്രയാസങ്ങളെ പരിഹരിക്കുകയും അവന് നന്മ ചെയ്യുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ നിങ്ങള്‍ അവനെ ആദരിക്കുന്നില്ലെന്ന് മാത്രമല്ല, അവനെ നിസ്സാരനായി കാണുകയും ചെയ്യുന്നു. മനസ്സില്‍ നന്മയോട് താല്‍പര്യമോ ഹൃദയങ്ങളില്‍ കാരുണ്യമോ ഇല്ലെന്നതാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

(പാവപ്പെട്ടവന്റെ ആഹാരത്തിനും നിങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുമില്ല) ഹൃദയങ്ങളില്‍ സ്ഥാനംപിടിച്ച അങ്ങേയറ്റത്തെ ഭൗതികസ്‌നേഹവും പിശുക്കും കാരണം പാവപ്പെട്ടവരിലും ദരിദ്രരിലും പെട്ട ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കാന്‍ പരസ്പരം പ്രോത്സാഹനം നല്‍കിയില്ല. അവരെക്കുറിച്ചാണ് പറയുന്നത്. (അനന്തരാവകാശ സ്വത്ത് നിങ്ങള്‍ തിന്നുന്നു) ഒന്നും അവശേഷിപ്പിക്കാതെ മുഴുവനും.

(ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്‌നേഹിക്കുകയും ചെയ്യുന്നു) കഠിനമായ എന്നര്‍ഥം. മറ്റൊരിടത്ത് അല്ലാഹു പറയുന്നു.

''പക്ഷേ, നിങ്ങള്‍ ഐഹിക ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും.''(ക്വുര്‍ആന്‍: 87:16,17)
 

''അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു'' (ക്വുര്‍ആന്‍: 75:20).
 

(അല്ല), നിങ്ങള്‍ ഇഷ്ടപ്പെടുന്ന സമ്പത്തും പരസ്പരം മത്സരിക്കുന്ന ആസ്വാദനങ്ങളും നിങ്ങള്‍ക്ക് ശേഷിക്കുന്നതല്ല. ഒരു മഹത്തായ ദിനം നിങ്ങള്‍ക്ക് മുമ്പിലുണ്ട്. അത് ഭീകരവും ഭയാനകവുമാണ്. ആ ദിനം ഭൂമിയും പര്‍വതങ്ങളും അതിലുള്ളതും പൊടിക്കപ്പെടും. എന്നിട്ടത് സമനിരപ്പായ മൈതാനമായി മാറും. അതില്‍ ഇറക്കമോ കയറ്റമോ കാണില്ല. അങ്ങനെ അടിമകള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കാന്‍ അല്ലാഹു വരും. മേഘത്തണലുകളില്‍. ആകാശത്തുള്ള മലക്കുകളെല്ലാം അണിയണിയായി വന്നുചേരും. സൃഷ്ടികളില്‍ നിന്നു മറ്റുള്ളവരെയും അവര്‍ വലയം ചെയ്യും. ഈ അണികള്‍ താഴ്മയുള്ളതും പരമാധികാരിയായ രാജാവിന് കീഴൊതുങ്ങുന്നതുമായിരിക്കും. 

(അന്ന് നരകം കൊണ്ടുവരപ്പെടുകയും ചെയ്താല്‍) ചങ്ങലകളിലായി മലക്കുകള്‍ അതിനെ കൊണ്ടുവരും. ഈ സംഭവങ്ങളെല്ലാം നടന്നുകഴിഞ്ഞാല്‍, (അന്നേ ദിവസം മനുഷ്യന് ഓര്‍മവരുന്നതാണ്) അവന്‍ നന്മയില്‍ നിന്നും തിന്മയില്‍ നിന്നും ചെയ്തുവെച്ചത്.

(എവിടെ നിന്നാണ് അവന് ഓര്‍മ വരുന്നത്). കാലം കഴിഞ്ഞു. സമയം ആയിക്കഴിയുകയും ചെയ്തു. (അവന്‍ പറയും:) അല്ലാഹുവോട് അതിരുവിട്ട് പ്രവര്‍ത്തിച്ചതില്‍ അങ്ങേയറ്റം ഖേദിച്ചുകൊണ്ട്. (അയ്യോ, ഞാനെന്റെ ജീവിതത്തിനു വേണ്ടി മുന്‍കൂട്ടി (സല്‍ക്കര്‍മങ്ങള്‍) ചെയ്തുവെച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ!) എന്നെന്നും അവശേഷിക്കുന്ന സല്‍ക്കര്‍മങ്ങളെ. അല്ലാഹു പറയുന്നു: ''ഞാനൊരു മാര്‍ഗം സ്വീകരിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ'' (ക്വുര്‍ആന്‍: 25:27).

പൂര്‍ണമായ ആസ്വാദനവും പരിപൂര്‍ണതയുള്ളതും നാം നേടിയെടുക്കാന്‍ പരിശ്രമിക്കേണ്ടതുമായ ജീവിതം സ്ഥിരവാസത്തിനുള്ള ഭവനം നിലകൊള്ളുന്ന ശാശ്വത ജീവിതമാണ്.

(അപ്പോള്‍ അന്നേ ദിവസം അല്ലാഹു ശിക്ഷിക്കുന്ന പ്രകാരം ഒരാളും ശിക്ഷിക്കുകയില്ല) അവന്‍ ആ ദിവസത്തെ അവഗണിച്ചു. അതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ മറന്നുപോയി.

(അവന്‍ പിടിച്ചു ബന്ധിക്കുന്നതു പോലെ ഒരാളും പിടിച്ചു ബന്ധിക്കുന്നതുമല്ല) നരകത്തിന്റെ ചങ്ങലകളില്‍ അവര്‍ ബന്ധിക്കപ്പെടും. മുഖങ്ങളാല്‍ നരകത്തില്‍ വലിച്ചിഴക്കപ്പെടും. പിന്നീട് നരകത്തില്‍ കത്തിയെരിയും. ഇതത്രെ കുറ്റവാളികളുടെ പ്രതിഫലം. എന്നാല്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും ആ വിശ്വാസങ്ങളില്‍ സമാധാനമടയുകയും അവന്റെ പ്രവാചകന്മാരെ സത്യപ്പെടുത്തുകയും ചെയ്തവനോട് പറയപ്പെടും:

(ഹേ, സമാധാനമടഞ്ഞ ആത്മാവേ) അല്ലാഹുവിന്റെ സ്മരണയില്‍ സമാധാനമടഞ്ഞ, അവന്റെ സ്‌നേഹത്തില്‍ ശാന്തമായ ആത്മാവ്. അത് അല്ലാഹുവിനാല്‍ കണ്‍കുളിര്‍മയുള്ളതായി.

(നിന്റെ രക്ഷിതാവിങ്കലേക്ക് നീ മടങ്ങുക) കാരുണ്യത്താല്‍ നിന്നെ സംരക്ഷിക്കാന്‍. (തൃപ്തിപ്പെട്ടുകൊണ്ടും തൃപ്തി ലഭിച്ചുകൊണ്ടും) അല്ലാഹുവിനെയും പ്രതിഫലങ്ങളില്‍നിന്ന് അവന്‍ നല്‍കുന്നതിനെയും തൃപ്തിപ്പെട്ട്, അവനെ അല്ലാഹുവും തൃപ്തിപ്പെട്ടുകൊണ്ട്.

(എന്നിട്ട് എന്റെ അടിയാന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചുകൊള്ളുക) മരണസമയത്തും ഉയിര്‍ത്തെഴുന്നേല്‍പു നാളിലും നല്ല ആത്മാവിനോട് പറയപ്പെടുന്ന വാക്കുകളാണിത്.