അല്‍മാഊന്‍ (പരോപകാര വസ്തുക്കള്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 ഫെബ്രുവരി 24 1439 ജുമാദില്‍ ആഖിറ 09

വിവ: ഹാരിസ് ബിന്‍ സലീം

അധ്യായം: 107

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ (١) فَذَٰلِكَ الَّذِي يَدُعُّ الْيَتِيمَ (٢) وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ (٣) فَوَيْلٌ لِلْمُصَلِّينَ (٤) الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ (٥) الَّذِينَ هُمْ يُرَاءُونَ (٦) وَيَمْنَعُونَ الْمَاعُونَ (٧‬)
(1) മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ? (2) അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്. (3) പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍. (4) എന്നാല്‍ നമസ്‌കാരക്കാര്‍ക്കാകുന്നു നാശം; (5) തങ്ങളുടെ നമസ്‌കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ, (6) ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ, (7) പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ.

1). അല്ലാഹുവിനോടും അവന്റെ അടിമകളോടും നിര്‍വഹിക്കേണ്ട ബാധ്യതകളില്‍ വീഴ്ച വരുത്തുന്നവരെ ആക്ഷേപിക്കുന്നതാണ് ഈ വചനങ്ങള്‍. (പ്രതിഫല നടപടിയെ വ്യാജമാക്കുന്നവനാരെന്ന് നീ കണ്ടുവോ?). അതായത്, ഉയര്‍ത്തെഴുന്നേല്‍പിനെയും പരലോകത്തുള്ള പ്രതിഫലത്തെയും കളവാക്കുന്നവര്‍. അപ്പോള്‍ അവര്‍ പ്രവാചകന്മാര്‍ കൊണ്ടുവന്നതില്‍ വിശ്വസിക്കുന്നില്ല.

2). (അനാഥകളെ തള്ളിക്കളയുന്നവനത്രെ അവന്‍). ശിക്ഷ ഭയപ്പെടുകയോ പ്രതിഫലം ആഗ്രഹിക്കുകയോ ചെയ്യാത്തതിനാല്‍ ഹൃദയകാഠിന്യം മൂലം കരുണയില്ലാതെ പരുഷമായും കഠിനമായും അനാഥയെ തള്ളിക്കളയുന്നു.

3). അഗതികള്‍ക്ക് ഭക്ഷണം നല്‍കുന്നില്ലെന്ന് മാത്രമല്ല, മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നില്ല.

4,5). (എന്നാല്‍ നമസ്‌കാരക്കാര്‍ക്കു നാശം). അവര്‍ നമസ്‌കാരം നിലനിര്‍ത്തുന്നതില്‍ നിര്‍ബന്ധം കാണിക്കുന്നവരാണെങ്കിലും (അവരുടെ നമസ്‌കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരാണ്.) നമസ്‌കാരം പാഴാക്കുന്നവരും സമയനിഷ്ഠ പാലിക്കാത്തവരും നമസ്‌കാരം സ്വീകരിക്കപ്പെടാന്‍ നിര്‍ബന്ധമായ കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവരുമാകുന്നു അവര്‍. അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാതിരിക്കുന്നത് കൊണ്ടാണ് അവന്റെ കല്‍പനകളില്‍ ഏറെ പ്രാധാന്യമുള്ളതും പുണ്യം നിറഞ്ഞതുമായ നമസ്‌കാരം അവര്‍ പാഴാക്കിയത്. ഇത്തരം അശ്രദ്ധ ആക്ഷേപത്തിനും ശിക്ഷക്കും അര്‍ഹമായതു തന്നെയാണ്. എന്നാല്‍ നമസ്‌കാരത്തിലുള്ള മറവി നബി ﷺ യടക്കം എല്ലാവര്‍ക്കും സംഭവിക്കാവുന്നതാണ്.

6,7). അതിനാല്‍ തന്നെയാണ് ഈ വിഭാഗത്തെ ലോകമാന്യതയും ഹൃദയകാഠിന്യവും കരുണയില്ലായ്മയും കൊണ്ട് അല്ലാഹു വിശേഷിപ്പിച്ചത്. ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരും പരോപകാര വസ്തുക്കളെ തടയുന്നവരുമാണവര്‍. ദാനമായോ വായ്പയായോ നല്‍കുന്നതുമൂലം പ്രയാസം നേരിടാത്ത വസ്തുക്കള്‍ പോലും നല്‍കാത്തവര്‍, സാധാരണ ഗതിയില്‍ നല്‍കാറുള്ള മഴു, തൊട്ടി, പാത്രം മുതലായവ പോലും തടയുന്നു. അപ്പോള്‍ എങ്ങനെയാണ് അതിനെക്കാള്‍ വലുത് അവര്‍ നല്‍കുക?!

പൊതുവില്‍ ഈ അധ്യായം പാവപ്പെട്ടവനും അനാഥനും ഭക്ഷണം നല്‍കാനും മറ്റുള്ളവരെ അതിന് പ്രോത്സാഹിപ്പിക്കാനും നമസ്‌കാരം ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും നിര്‍വഹിക്കാനും അതിലും മറ്റെല്ലാ പ്രവൃത്തികളിലും ആത്മാര്‍ഥത കാണിക്കാനുമുള്ള പ്രേരണയാണ്. എല്ലാ നന്മകള്‍ക്കുമുള്ള പ്രചോദനം ഇതിലുണ്ട്. പുസ്തകം, തൊട്ടി, പാത്രം തുടങ്ങിയ നിസ്സാര വസ്തുക്കള്‍ പോലും ചെലവഴിക്കാന്‍ പ്രേരിപ്പിക്കുന്നു. അത് ചെയ്യാത്തവനെ അല്ലാഹു ആക്ഷേപിക്കുകയും ചെയ്യുന്നു. അല്ലാഹുവാണ് നന്നായി അറിയുന്നവന്‍.