ക്വദ്ര്‍ (നിര്‍ണയം)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 മെയ് 26 1439 റമദാന്‍ 10

അധ്യായം: 97

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ (١) وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ (٢) لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ (٣) تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِمْ مِنْ كُلِّ أَمْرٍ (٤) سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ (٥)
(1)തീര്‍ച്ചയായും നാം ഇതിനെ (ക്വുര്‍ആനിനെ) നിര്‍ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. (2) നിര്‍ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? (3) നിര്‍ണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. (4) മലക്കുകളും റൂഹും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങിവരുന്നു. (5) പ്രഭാതോദയം വരെ അത് സമാധാനമത്രെ.

1) ക്വുര്‍ആനിന്റെ ഉന്നതമായ മഹത്ത്വത്തെയും ശ്രേഷ്ഠതയെയും വ്യക്തമാക്കിക്കൊണ്ട് അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നാം ഇതിനെ (ക്വുര്‍ആനിനെ) നിര്‍ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.'' മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നാം അതിനെ അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു'' (44:3). ക്വുര്‍ആനിന്റെ അവതരണം ആരംഭിച്ചത് റമദാനിലെ ലൈലതുല്‍ ക്വദ്‌റിലാണ്. മഹത്തായ ഈ രാത്രിയെ നിശ്ചയിച്ചു തന്നതിലൂടെ നന്ദി ചെയ്താല്‍ തീരാത്ത വിധം അല്ലാഹു തന്റെ അടിമകള്‍ക്ക് അതിവിശാലമായ അനുഗ്രഹമാണ് നല്‍കിയത്. ലൈലതുല്‍ക്വദ്ര്‍ എന്ന് ഈ രാത്രിക്ക് പേരു നല്‍കാന്‍ കാരണം അതിന് അല്ലാഹുവിന്റെ അടുക്കലുള്ള ശ്രേഷ്ഠതയും അതിന്റെ അതിമഹത്ത്വവുമാണ്. കാരണം ആ വര്‍ഷത്തില്‍ സംഭവിക്കാനിരിക്കുന്ന മനുഷ്യന്റെ അവധി, ഉപജീവനം, വിധി സംബന്ധമായ കാര്യങ്ങള്‍ എന്നിവ അന്ന് നിര്‍ണയിക്കപ്പെടുന്നു.

2) പിന്നീട് അതിന്റെ മഹത്ത്വത്തെ ഒന്നുകൂടി ഉന്നതമാക്കിയും അതിന്റെ കാര്യം ശക്തിപ്പെടുത്തിയും അല്ലാഹു പറയുന്നു: ''ലൈലതുല്‍ ക്വദ്ര്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?'' അതായത്, അതിന്റെ കാര്യം മഹത്ത്വമേറിയതും ഉന്നതവുമാണ്.

3) ''ലൈലതുല്‍ ക്വദ്ര്‍ ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു.'' അതിന് ആയിരം മാസങ്ങള്‍ക്കു സമാനമായ മഹത്ത്വമുണ്ട്. ആ രാത്രിയില്‍ സംഭവിക്കുന്ന ഒരു കര്‍മത്തിന് മറ്റു രാത്രികളില്‍ ചെയ്യുന്ന കര്‍മത്തെക്കാള്‍ ആയിരം മാസങ്ങള്‍ക്കു തുല്യമായ പ്രതിഫലമുണ്ട്. ബുദ്ധിയും ചിന്തയും പരിഭ്രമിച്ചുപോകുന്ന ഒരു വസ്തുതയാണിത്. ദുര്‍ബലമായ ഈ സമുദായത്തിന് അല്ലാഹു നല്‍കിയ മഹത്തായൊരനുഗ്രഹം. ആയിരം മാസങ്ങളെക്കാള്‍ വര്‍ധിച്ച പ്രതിഫലം നിശ്ചയിക്കുന്നതിലൂടെ ദുര്‍ബല സമുദായത്തെ അല്ലാഹു ശക്തിപ്പെടുത്തി. ദീര്‍ഘായുസ്സ്‌ലഭിക്കുന്ന ഒരു വ്യക്തിപോലും ജീവിക്കുന്നത് 80ല്‍ പരം വര്‍ഷങ്ങളാണ്. എന്നാല്‍ അതിലും കൂടുതലാണ് ഈ കാലയളവ്.

4) ''മലക്കുകളും റൂഹും (ജിബ്‌രീല്‍) ആ രാത്രിയില്‍ ഇറങ്ങിവരുന്നു.'' അതായത് ആ രാത്രിയില്‍ അവര്‍ ധാരാളമായി ഇറങ്ങുന്നു എന്നര്‍ഥം. ''എല്ലാ കാര്യത്തിലും.''

5) ''അത് സമാധാനമത്രെ.'' നന്മ ധാരാളമുള്ള രാത്രിയായതിനാല്‍ അത് അപകടങ്ങളില്‍ നിന്നും ദുരന്തങ്ങളില്‍ നിന്നും സുരക്ഷിതമായതാണ്. ''പ്രഭാതോദയം വരെ.'' അതിന്റെ ആരംഭം സൂര്യാസ്തമയത്തോടെയും അവസാനം പ്രഭാതോദയം വരെയും ആയിരിക്കും. ഈ രാത്രിയുടെ മഹത്ത്വത്തെ വിശദീകരിക്കുന്ന ധാരാളം നബിവചനങ്ങള്‍ വന്നിട്ടുണ്ട്. അത് റമദാനിലെ അവസാന പത്തില്‍ ഒറ്റയിട്ട രാവുകളിലാണ്. ഈ രാത്രി ലോകാവസാനം വരെ ആവര്‍ത്തിച്ച് കൊണ്ടിരിക്കും. അതുകൊണ്ടാണ് നബി ﷺ  ഈ രാത്രിയെ പ്രതീക്ഷിച്ചുകൊണ്ട് റമദാനിലെ അവസാന പത്തില്‍ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുകയും ആരാധനകള്‍ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നത്. (അല്ലാഹു അഅ്‌ലം).