ബുറൂജ് (നക്ഷത്ര മണ്ഡലങ്ങള്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 ഡിസംബര്‍ 08 1440 റബീഉല്‍ അവ്വല്‍ 30

അധ്യായം: 85

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَٱلسَّمَآءِ ذَاتِ ٱلْبُرُوجِ (١) وَٱلْيَوْمِ ٱلْمَوْعُودِ (٢) وَشَاهِدٍ وَمَشْهُودٍ (٣) قُتِلَ أَصْحَٰبُ ٱلْأُخْدُودِ (٤) ٱلنَّارِ ذَاتِ ٱلْوَقُودِ (٥) إِذْ هُمْ عَلَيْهَا قُعُودٌ (٦) وَهُمْ عَلَىٰ مَا يَفْعَلُونَ بِٱلْمُؤْمِنِينَ شُهُودٌ (٧‬)
(1) നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ് സത്യം.  (2) വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ് സത്യം.  (3) സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ് സത്യം.  (4) ആ കിടങ്ങിന്റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ.  (5) അതായത് വിറകുനിറച്ച തീയുടെ ആള്‍ക്കാര്‍.  (6) അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം.  (7) സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്‌സാക്ഷികളായിരുന്നു.

(രാശി മണ്ഡലങ്ങളുള്ള ആകാശം തന്നെയാണ് സത്യം). വിവിധ ഘട്ടങ്ങളുള്ളത്. സൂര്യനും ചന്ദ്രനും വ്യവസ്ഥാപിതമായ നക്ഷത്രങ്ങള്‍ക്കുമെല്ലാം അതിന്റെ സഞ്ചാരങ്ങള്‍ക്ക് ചില വ്യവസ്ഥാപിത ഘട്ടങ്ങളുണ്ട്. അതിന്റെ ക്രമീകരണങ്ങള്‍ സമ്പൂര്‍ണമാണ്. ഈ വ്യവസ്ഥകള്‍ അല്ലാഹുവിന്റെ കഴിവിന്റെയും കാരുണ്യത്തിന്റെയും പൂര്‍ണതയെയും അവന്റെ വിജ്ഞാനത്തിന്റെയും അഗാധജ്ഞാനത്തിന്റെയും വിശാലതയെയും കുറിക്കുന്നു. 

(വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ് സത്യം). ഉയിര്‍ത്തെഴുന്നേല്‍പ് ദിനമാണത്. ആദ്യകാലക്കാരെയും അവസാന കാലക്കാരെയും അടുത്തവരെയും അകന്നവരെയും ഒരുമിച്ച് കൂട്ടുമെന്ന് അല്ലാഹു സൃഷ്ടികളോട് വാഗ്ദാനം ചെയ്ത മാറ്റമില്ലാത്ത ദിനമാണത്. അല്ലാഹു വാഗ്ദത്തം ലംഘിക്കുകയില്ല. (സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ് സത്യം). ഈ വിശേഷണങ്ങള്‍ കൊണ്ട് വിശേഷിപ്പിക്കാവുന്ന എല്ലാവരും ഇതില്‍ പെടും. കാണുന്നവനും കാണപ്പെടുന്നവനും ഹാജറായവനും ഹാജറാക്കപ്പെട്ടവനും നോക്കുന്നവനും നോക്കപ്പെട്ടവനും. വിശാലമായ അല്ലാഹുവിന്റെ കാരുണ്യവും പ്രകടമായ യുക്തിജ്ഞാനവും വ്യക്തമായ അവന്റെ ദൃഷ്ടാന്തങ്ങളുമൊക്കെയാണ് ഇവിടെ സത്യം ചെയ്ത് പറയുന്ന കാര്യങ്ങള്‍.

(ആ കിടങ്ങിന്റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ) എന്നതാണ് ഇവിടെ സത്യം ചെയ്ത് പറയുന്ന വസ്തുത എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതവര്‍ക്കെതിരെയുള്ള നാശത്തിനു വേണ്ടിയുള്ള പ്രാര്‍ഥനയാണ്. ഭൂമിയില്‍ കുഴിക്കുന്ന കുഴികളാണ്. (ٱلْأُخْدُودِ). അവിശ്വാസികളായ ജനതയാണ് കിടങ്ങുകളുടെ ആളുകള്‍. അവിടെ വിശ്വാസികളും ഉണ്ടായിരുന്നു. അവര്‍ വിശ്വാസികളെ അവരുടെ മതത്തിലേക്ക് നിര്‍ബന്ധിപ്പിച്ചു. വിശ്വാസികള്‍ വിസമ്മതിച്ചു. അപ്പോള്‍ അവര്‍ ഭൂമിയില്‍ കിടങ്ങുണ്ടാക്കുകയും അതില്‍ തീ കത്തിക്കുകയും ചെയ്തു. എന്നിട്ട് അതിനു ചുറ്റുമിരുന്നു. വിശ്വാസികളെ അവര്‍ പീഡിപ്പിച്ചു. തീ കാണിച്ചു കൊടുത്ത് അവര്‍ക്ക് ഉത്തരം നല്‍കിയവരെ അവര്‍ വെറുതെ വിട്ടു. വിശ്വാസത്തില്‍ തുടര്‍ന്നവരെ തീയിലെറിയുകയും ചെയ്തു. ഇത് അല്ലാഹുവോടും അവന്റെ കക്ഷികളായ വിശ്വാസികളോടുമുള്ള അങ്ങേയറ്റത്തെ ഏറ്റുമുട്ടലാണ്. അതിനാല്‍ അല്ലാഹു അവരെ ശപിച്ചു. നശിപ്പിച്ചു. അവരെ താക്കീത് ചെയ്തുകൊണ്ട് പറയുന്നു (ആ കിടങ്ങിന്റെ ആള്‍ക്കാര്‍ നശിച്ചുപോകട്ടെ). 

പിന്നീട് ആ കിടങ്ങിനെ വിശദീകരിച്ചുകൊണ്ട് പറയുന്നു: (അതായത്, വിറക് നിറച്ച തീയുടെ ആള്‍ക്കാര്‍. അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്നു. സത്യവിശ്വാസികളെ കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ സാക്ഷികളായിരുന്നു.)

ഹൃദയകാഠിന്യത്താലും അഹങ്കാരത്താലുമുണ്ടാകുന്ന ഏറ്റവും വലിയ ഭീകരതയാണിത്. കാരണം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലുള്ള അവിശ്വാസത്തെയും അതിനോടുള്ള ധിക്കാരത്തെയും അവര്‍ ഇവിടെ ഒരുമിച്ചു ചെയ്തു. വിശ്വാസത്തിന്റെ ആളുകളോട് ഏറ്റുമുട്ടുകയും അവരുെട ഹൃദയങ്ങള്‍ പൊട്ടിപ്പിളര്‍ന്നു പോകുന്ന പീഡനങ്ങള്‍ അവരെ ഏല്‍പിക്കുകയും ചെയ്തു. അവര്‍ അതിന് സാക്ഷികളായി. നോക്കിയിരിക്കുകയും ചെയ്തു. അത്ര സമയം അവര്‍ വിശ്വാസികളുടെ മേല്‍ ചുമത്തിയ കുറ്റത്തിന്റെ അവസ്ഥയാകട്ടെ, പ്രശംസനീയവും അവരുടെ സൗഭാഗ്യത്തിന്റെ കാരണവുമായ അവസ്ഥയാണ്. പ്രതാപശാലിയും സ്തുത്യര്‍ഹനും- അതായത് എല്ലാറ്റിനെയും അടക്കി ഭരിക്കാവുന്ന മഹത്ത്വവും വാക്കുകളിലും പ്രവൃത്തിയിലും വിശേഷണങ്ങളിലും സ്തുതിക്കര്‍ഹനുമായവനില്‍ അവര്‍ വിശ്വസിച്ചു എന്നതാണ് അവരുടെ കുറ്റം. (ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ). സൃഷ്ടികളും അടിമകളുമായ അവരെ അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം കൈകാര്യം ചെയ്യുന്നു. (അല്ലാഹു എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു). അറിവ്, കേള്‍വി, കാഴ്ച എന്നിവയാലെല്ലാം അവന്‍ സാക്ഷിയാണ്. കഴിവുറ്റ പ്രതാപശാലിയായവന്‍ പിടികൂടുമെന്ന ഭയം ഈ അതിക്രമകാരികള്‍ക്ക് ഉണ്ടാവാത്തതെന്താണ്? ഉടമസ്ഥനായ അല്ലാഹുവിന്റെ അനുവാദമില്ലാതെ ഒരാള്‍ക്കും മറ്റൊരാളുടെ മേല്‍ ഒരു അധികാരവും ചെലുത്താന്‍ കഴിയാത്ത അല്ലാഹുവിന്റെ അടിമകളാണിവര്‍ എന്നവര്‍ മനസ്സിലാക്കിയിട്ടില്ലേ? അതോ അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി അറിയുന്നുവെന്നും അതിനവന്‍ പ്രതിഫലം നല്‍കുമെന്നും അവര്‍ അറിയാതെ പോയതാണോ? അല്ല, അവിശ്വാസി വഞ്ചനയില്‍ അകപ്പെട്ടിരിക്കുകയാണ്. അറിവില്ലാത്തവന്‍ അന്ധതയിലും ശരിയായ വഴിവിട്ട് വഴികേടിലുമാണ്.