സ്ത്രീകള്‍ അറിയാന്‍

പീസ് റേഡിയോ

2018 നവംബര്‍ 17 1440 റബിഉല്‍ അവ്വല്‍ 09
പീസ് റേഡിയോയില്‍ പ്രക്ഷേപണം ചെയ്യുന്ന 'അല്‍ ഇജാബ' എന്ന പ്രോഗ്രാമിലേക്ക് ലഭിച്ച പ്രധാനപ്പെട്ട ചോദ്യങ്ങളും അതിന് പണ്ഡിതന്മാര്‍ നല്‍കിയ ഉത്തരങ്ങളും

ഇസ്തിഹാളത് ഉള്ള സ്ത്രീകള്‍ നോമ്പ്, നമസ്‌കാരം, ക്വുര്‍ആന്‍ പാരായണം പോലുള്ള കാര്യങ്ങളില്‍ എടുക്കേണ്ട നിലപാട് എന്താണ്?

സ്ത്രീകളില്‍ നിന്നും വരുന്ന രക്തങ്ങള്‍ മൂന്നു തരത്തിലാണ്. ഹൈള് അഥവാ ആര്‍ത്തവം, നിഫാസ് അഥവാ പ്രസവരക്തം, ഇസ്തിഹാളത് അഥവാ രോഗാവസ്ഥയിലുള്ള രക്തസ്രാവം. ഇതില്‍ ഹൈളും നിഫാസും ഉള്ള അവസ്ഥയില്‍ സ്ത്രീകള്‍ നോമ്പ്, നമസ്‌കാരം തുടങ്ങിയ ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കല്‍ നിഷിദ്ധമാണ്. സ്ത്രീകള്‍ ഈ അവസ്ഥയില്‍ നിന്നും ശുദ്ധി കൈവരിച്ചാല്‍ ഒഴിവാക്കിയ നമസ്‌കാരം നമസ്‌കരിച്ചു വീട്ടേണ്ടതില്ല, എന്നാല്‍ ഒഴിവാക്കിയ നോമ്പ് നോറ്റുവീട്ടേണ്ടതാണ്. 

ഇപ്പറഞ്ഞതില്‍ നിന്നും തികച്ചും വ്യത്യസ്തമായ വിധിയാണ് ഇസ്തിഹാളതിന്റെ അവസ്ഥയിലുള്ളവര്‍ക്കുള്ളത്. ഈ അവസ്ഥയിലുള്ള സ്ത്രീകള്‍ നോമ്പ്, നമസ്‌കാരം തുടങ്ങിയ നിര്‍ബന്ധ കര്‍മങ്ങള്‍ വീഴ്ച വരുത്താതെ നിര്‍വഹിക്കേണ്ടതാണ്. നമസ്‌കാരം, നോമ്പ്, ക്വുര്‍ആന്‍ പാരായണം, ഭാര്യാഭര്‍തൃ ബന്ധം തുടങ്ങി ശുദ്ധിയുള്ള അവസ്ഥയില്‍ ഒരു സ്ത്രീക്ക് ഇസ്ലാമില്‍ എന്തെല്ലാം അനുവദിക്കപ്പെട്ടിട്ടുണ്ടോ അതെല്ലാം ഇവര്‍ക്ക് അനുവദനീയമാണ്. 

 ഒരിക്കല്‍ ഫാത്വിമ ബിന്‍ത് അബീ ഹുബൈശ് പ്രവാചകരുടെ അടുത്ത് വന്ന്, 'പ്രവാചകരേ, ഞാന്‍ ഇസ്തിഹാളത് ഉള്ള ഒരു സ്ത്രീയാണ്. ഞാന്‍ ശുദ്ധിയാകാറേയില്ല. അതുകൊണ്ട് ഞാന്‍ നമസ്‌കാരം പാടെ ഉപേക്ഷിക്കുകയാണോ വേണ്ടത് എന്ന് ചോദിച്ചു. 

''അത് ഒരു തരം ഞരമ്പ് രോഗമാണെന്നും അത് ആര്‍ത്തവമെല്ലന്നും ആര്‍ത്തവസമയമായാല്‍ ആര്‍ത്തവകാരികളെ പോലെ നമസ്‌കാരം ഉപേക്ഷിക്കണമെന്നും പിന്നീട് ശുദ്ധിയുടെ സമയം ആയാല്‍ രക്തസ്രാവമുണ്ടെങ്കിലും കുളിച്ചു ശുദ്ധിയായി രക്തം കഴുകിക്കളഞ്ഞ് നമസ്‌കരിക്കണ'മെന്നും നബിﷺ അവരെ ഉപദേശിച്ചു.

 എല്ലാ ദിവസവും അഥവാ മാസം മുഴുവനും രക്തസ്രാവമുള്ള സ്ത്രീകള്‍ ആര്‍ത്തവത്തിന്റെ സമയം അറിയുന്നവരാണെങ്കില്‍ അവര്‍ ആ സമയെത്ത അശുദ്ധിയുടെ കാലമായി കണക്കാക്കി അതുപോലെ പ്രവര്‍ത്തിക്കുകയും, ശുദ്ധിയുടെ സമയമായാല്‍ കുളിച്ചു ശുദ്ധിയായി നമസ്‌കാരം തുടങ്ങേണ്ടതുമാണ്.

 ആര്‍ത്തവത്തിന്റെ സമയം അറിയാത്തവരാണെങ്കില്‍ അവര്‍ക്ക് രക്തസ്രാവത്തിന്റെ നിറത്തില്‍നിന്നുംകട്ടിയില്‍നിന്നും ഗന്ധത്തില്‍ നിന്നും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. കാരണം ആര്‍ത്തവ രക്തവും ഇസ്തിഹാളത്തിന്റെ രക്തവും തമ്മില്‍ വ്യത്യാസമുണ്ട്. അതുകൊണ്ട് ശുദ്ധിയുടെയും അശുദ്ധിയുടെയും കാലയളവ് സ്വയം തിരിച്ചറിഞ്ഞ് അതിന്റെ ഇസ്ലാമിക വിധി പാലിക്കേണ്ടതാണ്.

 എന്നാല്‍ ഇതൊന്നും തിരിച്ചറിയാന്‍ കഴിയാത്തവരാണ് എങ്കില്‍ നാട്ടിലെ പതിവനുസരിച്ച് സ്ത്രീകള്‍ക്ക് എത്രയാണ് ആര്‍ത്തവത്തിന്റെ സമയ കാലാവധി എന്ന് മനസ്സിലാക്കി ഒരു മാസത്തില്‍ അത്രയും ദിവസം അതിന്റെ ദിവസമായി കണക്കാക്കുകയും ശേഷമുള്ള ദിവസങ്ങള്‍ ഇസ്തിഹാളത്തിന്റെ അവസ്ഥയായി പരിഗണിച്ച് അത് പോലെ പ്രവര്‍ത്തിക്കേണ്ടതുമാണ്. 

 നബിﷺയുടെ കാലഘട്ടത്തില്‍ ചില സ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള അസുഖം ഉണ്ടായിരുന്നു. ആഇശ(റ) പറഞ്ഞതായി ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീഥിന്റെ ഉള്ളടക്കം ഇതാണ്: പ്രവാചക തിരുമേനി പള്ളിയില്‍ ഇഅ്തികാഫ് ഇരുന്നു. പ്രവാചകന്റെ കൂടെ അദ്ദേഹത്തിന്റെ ചില ഭാര്യമാരും ഉണ്ടായിരുന്നു. അവരിലാണെങ്കില്‍ ഇഅ്തികാഫിന്റെ വേളയില്‍ ഇസ്തിഹാളത്തുള്ള ഭാര്യയുമുണ്ടായിരുന്നു. എത്രയാണെന്ന് വെച്ചാല്‍ രക്തസ്രാവത്തിന്റെ കാഠിന്യത്താല്‍ താഴെ തളിക വച്ചാണ് നബിﷺയുടെ കൂടെ അവര്‍ ഇഅ്തികാഫ് നിര്‍വഹിച്ചിരുന്നത്. 

ഇസ്തിഹാളത്തിന്റെ സമയം ശുദ്ധിയുടെ സമയമാണെന്നും ഈ വേളയില്‍ നമസ്‌കാരം, നോമ്പ്, ക്വുര്‍ആന്‍ പാരായണം, ഭാര്യാഭര്‍തൃബന്ധം എന്നിവയെല്ലാം അനുവദനീയമാണെന്നും ഇതില്‍നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്.

രോഗിയായ ഒരാള്‍ ബാത്ത്‌റൂമില്‍ പോകുവാന്‍ പ്രയാസപ്പെടുന്നു. അതിനാല്‍ ഒരു പാത്രത്തിലേക്ക് മൂത്രമൊഴിക്കുന്നു. അങ്ങനെയുള്ളവര്‍ വുദൂഅ് ചെയ്യുമ്പോഴും നമസ്‌കരിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

ഒരാള്‍ കഴിവിന്റെ പരമാവധി അല്ലാഹുവിനെ സൂക്ഷിക്കണം എന്നാണ് വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു കല്‍പിക്കുന്നത്. ഒരു രോഗിയെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് ചെയ്യാന്‍ കഴിയുന്നതിനെക്കുറിച്ച് നബിﷺ ഇംറാന്‍ ഇബ്‌നു ഹുസൈന്‍(റ)വിനോടു പറഞ്ഞ കാര്യം ഇതാണ്: നീ നിന്നു നമസ്‌കരിക്കുക, അതിനു സാധിച്ചിട്ടില്ലെങ്കില്‍ ഇരുന്നു നമസ്‌കരിക്കുക.'' 

ഒരു രോഗിക്ക് നമസ്‌കാരം പരിപൂര്‍ണമായി നിര്‍വഹിക്കുവാന്‍ കഴിയുമെങ്കില്‍ അങ്ങനെ നിര്‍വഹിക്കാം. വുദൂഅ്, നമസ്‌കാരം, കുളി, തയമ്മും തുടങ്ങി എന്തുമാകട്ടെ കഴിവിന്റെ പരമാവധി അതിന്റെ പൂര്‍ണതയില്‍ ചെയ്യാന്‍ സാധിച്ചാല്‍ അതാണ് ഉത്തമം. അതിന് സാധ്യമല്ലെങ്കില്‍ അയാള്‍ക്ക് എങ്ങനെയാണോ സാധിക്കുന്നത് അങ്ങനെ ചെയ്യുകയാണ് വേണ്ടത്. 

രോഗികളില്‍ മൂത്രവാര്‍ച്ചയുള്ളവര്‍ ഉണ്ടാകാം. അത് പോലെ ഇസ്തിഹാളത്ത് അഥവാ സ്ഥിരമായി രക്തസ്രാവം ഉള്ളവര്‍ ഉണ്ടാകാം. ഇവരെക്കുറിച്ചൊക്കെ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയത്, 'നമസ്‌കാരത്തിന് സമയമായിക്കഴിഞ്ഞാല്‍ അവര്‍ പ്രസ്തുത ഭാഗം വൃത്തിയാക്കുകയും അവിടെ തുണി കൊണ്ട് വെച്ചു കെട്ടുകയും തുടര്‍ന്ന് പെട്ടെന്ന് വുദൂഅ് ചെയ്ത് നമസ്‌കരിക്കുകയുമാണ് വേണ്ടത്' എന്നാണ്. 

ഇതൊക്കെ പരമാവധി അല്ലാഹുവിനെ സൂക്ഷിക്കുക എന്ന ക്വുര്‍ആന്‍ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

സുബ്ഹിക്ക് പള്ളിയില്‍ ചെല്ലുമ്പോള്‍ ജമാഅത്ത് തുടങ്ങിയിട്ടുണ്ടെങ്കില്‍ പ്രബലമായ രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിച്ച ശേഷമാണോ ഇമാമിനെ തുടരേണ്ടത്?

നബിﷺ പറഞ്ഞു: 'സുബ്ഹി നമസ്‌കാരത്തിലെ രണ്ട് റക്അത്തുകള്‍, ഇഹലോകത്തെക്കാളുംഅതിലുള്ള എല്ലാറ്റിനെക്കാളും ഉത്തമമാണ്.'

ഈ ഹദീഥിന് പണ്ഡിതന്മാര്‍ നല്‍കിയ വിശദീകരണം; 'സുബ്ഹിക്കു മുമ്പുള്ള രണ്ട് റക്അത്തു റവാതിബ് സുന്നത്താണ് ഇവിടെ ഉദ്ദേശിക്കുന്നത്' എന്നതാണ്. ഈ ഒരു കാരണം കൊണ്ട് തന്നെ നബിﷺ യാത്രയിലാകട്ടെ അല്ലാതെയുള്ള സന്ദര്‍ഭങ്ങളിലാകട്ടെ സുബ്ഹി നമസ്‌കാരത്തിന്റെ മുമ്പുള്ള രണ്ട് റക്അത്ത് നമസ്‌കാരം ഒരിക്കലും ഉപേക്ഷിക്കുമായിരുന്നില്ല. അത്‌കൊണ്ടാണ് ഉപരിസൂചിത ചോദ്യം ഉല്‍ഭവിക്കുന്നതും. 

സുന്നത്തായ നമസ്‌കാരങ്ങള്‍ ഏറ്റവും നല്ലത് വീട്ടില്‍ നിന്ന് നമസ്‌കരിക്കലാണ് എന്ന് നാം അറിയേണ്ടതുണ്ട്. സുബ്ഹി നമസ്‌കാരത്തിന്റെ രണ്ട് റക്അത്ത് വീട്ടില്‍ നിന്നു നമസ്‌കരിച്ച് പള്ളിയിലേക്ക് വരികയാണ് വേണ്ടത്. ഇനി ഒരാള്‍ പള്ളിയില്‍ വെച്ച് നമസ്‌കരിക്കാമെന്ന് കരുതുകയും പള്ളിയിലെത്തിയപ്പോഴേക്കും സുബ്ഹി നമസ്‌കാരം ആരംഭിക്കുകയും ചെയ്തുവെങ്കില്‍ സുബ്ഹി നമസ്‌കാരത്തിന്റെ ഈ റവാത്തിബ് സുന്നത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അയാള്‍ പിന്നില്‍ ഒറ്റയ്ക്ക് രണ്ടു റക്അത്തു നമസ്‌കരിക്കുകയല്ല ജമാഅത്തില്‍ പങ്കെടുക്കകയാണ് വേണ്ടത്. 

നബിﷺ പറഞ്ഞു: 'നമസ്‌കാരത്തിനു വേണ്ടി ഇക്വാമത്തു വിളിക്കപ്പെട്ടാല്‍ പിന്നീടു നിര്‍ബന്ധമായ (ഫര്‍ദ്) നമസ്‌കാരമല്ലാതെ മറ്റൊരു നമസ്‌കാരവുമില്ല.'

അത് കൊണ്ട് തന്നെ പള്ളിയില്‍ ഫര്‍ദ് നമസ്‌കാരം നിര്‍വഹിക്കുമ്പോള്‍ മറ്റു ചിലര്‍ അവിടെ തനിച്ച് സുന്നത്തായ നമസ്‌കാരം നിര്‍വഹിക്കുവാന്‍ പാടില്ല. സുബ്ഹി നമസ്‌കരിച്ചയുടനെ അയാള്‍ക്ക് നഷ്ടപ്പെട്ട റവാതിബ് നമസ്‌കാരം നിര്‍വഹിക്കാം.  നമസ്‌കാരം നിരോധിക്കപ്പെട്ട സമയം കഴിഞ്ഞതിനു ശേഷവും നിര്‍വഹിക്കാവുന്നതാണ്. 

എന്നാല്‍ സുബ്ഹി ജമാഅത്തിന്റെ സമയത്ത് പള്ളിയില്‍ എത്തിപ്പെടാന്‍ കഴിയാത്ത സന്ദര്‍ഭത്തില്‍, റവാതിബ് സുന്നത്ത് നമസ്‌കരിച്ചതിനു ശേഷം സുബ്ഹി നമസ്‌കരിക്കുകയാണ് വേണ്ടത്. 

നബിﷺയും ബിലാല്‍(റ)വും അടക്കമുള്ള യാത്രാസംഘം സുബ്ഹി നമസ്‌കാരത്തിന് എഴുന്നേല്‍ക്കുവാന്‍ വൈകുകയും സൂര്യന്‍ ഉദിച്ചുയര്‍ന്നതിനു ശേഷം എഴുന്നേറ്റ വേളയില്‍ നബിﷺ വുദൂഅ് ചെയ്ത് ആദ്യം സുന്നത്ത് നമസ്‌കരിക്കുകയും പിന്നീട് ഫര്‍ദാകുന്ന സുബ്ഹി നമസ്‌കരിക്കുകയും ചെയ്തു എന്ന് ബിലാല്‍(റ) പറയുന്ന ഹദീഥില്‍ കാണാന്‍ സാധിക്കുന്നതാണ്.