കച്ചവടത്തിലെ ലാഭത്തിന്റെ പരിധി

പീസ് റേഡിയോ

2018 നവംബര്‍ 10 1440 റബിഉല്‍ അവ്വല്‍ 02
പീസ് റേഡിയോയില്‍ പ്രക്ഷേപണം ചെയ്യുന്ന 'അല്‍ ഇജാബ' എന്ന പ്രോഗ്രാമിലേക്ക് ലഭിച്ച പ്രധാനപ്പെട്ട ചോദ്യങ്ങളും അതിന് പണ്ഡിതന്മാര്‍ നല്‍കിയ ഉത്തരങ്ങളും

കച്ചവടത്തില്‍ എത്ര ശതമാനം വരെ ലാഭം എടുക്കാം?

അടിസ്ഥാനപരമായി കച്ചവടം അനുവദനീയം (ഹലാല്‍) ആണ്. അത് ഹലാലായ രീതിയില്‍, വിരോധിക്കപ്പെട്ടിട്ടില്ലാത്ത രീതിയില്‍ ചെയ്യുക എന്നതാണ് പ്രധാനം. കച്ചവടത്തില്‍ ഇത്ര ശതമാനമേ ലാഭമെടുക്കാന്‍ പാടുള്ളു എന്ന ഒരു മാനദണ്ഡം ഇസ്‌ലാം വച്ചിട്ടില്ല. 
 

കച്ചവടക്കാര്‍ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍പെട്ടതാണ് ജനങ്ങളെ ചൂഷണം ചെയ്യുന്ന രൂപത്തില്‍ കച്ചവടം ചെയ്യാന്‍ പാടില്ല എന്നത്. 

അതില്‍ പെട്ടതാണ് 'ഇഹ്തികാര്‍'. നബിﷺ പറഞ്ഞു: അബദ്ധം/ തെറ്റ് ചെയ്യുന്നവനാണ് ഇഹ്തികാര്‍ നടത്തുക. ഇഹ്തികാര്‍ എന്ന് പറഞ്ഞാല്‍ 'പൂഴ്ത്തിവെക്കുക' എന്നാണ് അര്‍ഥം. ആളുകള്‍ക്ക് അത്യാവശ്യമായുള്ള സാധനങ്ങള്‍ തന്റെ പക്കല്‍ സ്റ്റോക്കുണ്ടായിരിക്കെ വില്‍ക്കാതെ പൂഴ്ത്തിവെക്കലാണ് 'ഇഹ്തികാര്‍.'  

എന്റെ സാധനങ്ങള്‍ എനിക്ക് എപ്പോള്‍ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും വില്‍ക്കാന്‍ ഇസ്‌ലാം അധികാരം തന്നിട്ടുണ്ട് എന്ന് ചിലര്‍ ഇതിനെ ന്യായീകരിക്കാറുണ്ട്. ജനങ്ങള്‍ക്ക് അത്യാവശ്യമായി ലഭിക്കേണ്ട സാധനങ്ങള്‍ പൂഴ്ത്തിവെക്കുന്നത് അവരെ കഷ്ടപ്പെടുത്തലാണ്. കച്ചവടക്കാര്‍ അതുവഴി ലക്ഷ്യമാക്കുന്നത് വിലവര്‍ധിപ്പിക്കുക എന്നതാണ്. അത്‌കൊണ്ടുതന്നെ ജനങ്ങളെ പ്രയാസപ്പെടുത്തുന്ന രൂപത്തില്‍ പൂഴ്ത്തിവെക്കല്‍ ഇസ്‌ലാം വിരോധിച്ചിരിക്കുന്നു. 

ഇസ്‌ലാമിക ഭരണമുള്ള നാട്ടിലാണെങ്കില്‍ പൂഴ്ത്തിവെക്കുന്നവന്റെ കച്ചവടസാധനങ്ങള്‍ ഇത്ര കാശിനേ വില്‍ക്കാന്‍ പാടുള്ളു എന്ന് ആ ഭരണാധികാരികള്‍ക്ക് തീരുമാനമെടുക്കാം.  

മൊത്തത്തില്‍ പരിശോധിച്ച് കഴിഞ്ഞാല്‍ ജനങ്ങള്‍ക്കു പ്രയാസകരമായിട്ടുള്ള രൂപത്തിലുള്ള കച്ചവടം, പൂഴ്ത്തിവെക്കുന്ന രൂപത്തിലോ അല്ലെങ്കില്‍ മറ്റേതു രൂപത്തിലോ ആയാലും അനുവദനീയമല്ല എന്ന് കാണാം.

അങ്ങനെ നോക്കുമ്പോള്‍ ജനങ്ങള്‍ക്കു താങ്ങാന്‍ കഴിയാത്ത രൂപത്തിലുള്ള ലാഭം എടുക്കുന്നത് തീര്‍ച്ചയായും ഒഴിവാക്കുക തന്നെയാണ് വേണ്ടത്. 

ചില സന്ദര്‍ഭങ്ങളില്‍ എത്ര പണം ചെലവഴിച്ചും ഉപഭോക്താക്കള്‍ സാധനങ്ങള്‍ വാങ്ങിക്കും. ആശുപത്രിയില്‍ പോയാലുള്ള അവസ്ഥ നോക്കുക. ഒരാളുടെ ജീവന്‍ രക്ഷിക്കുക എന്നതായിരിക്കും രോഗിയുടെ അടുപ്പക്കാര്‍ ചിന്തിക്കുക. അതിനാല്‍ ഡോക്ടര്‍മാര്‍ പറയുന്ന ടെസ്റ്റുകളെല്ലാം നടത്തും. എഴൂതുന്ന മരുന്നുകളെല്ലാം വാങ്ങും. കടം വാങ്ങിയിട്ടാണെങ്കിലും ബില്‍തുക മുഴുവനും അടച്ചുതീര്‍ക്കും. 

യാത്രാമധ്യെ വാഹനം കേടായാല്‍ നന്നാക്കി യാത്ര തുടരല്‍ നിര്‍ബന്ധമാണല്ലോ. അന്നേരം അതിന്റെ സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങേണ്ടിവന്നാല്‍ എത്ര കാശ് കൊടുത്തിട്ടാണെങ്കിലും വാങ്ങും. അത് അനിവാര്യമായ സാഹചര്യമാണ്. എന്നാല്‍ ഇത്തരം നിസ്സഹായാവസ്ഥകളെ ചൂഷണം ചെയ്ത് അമിതലാഭമെടുത്ത് ജനങ്ങളെ പ്രയാസപ്പെടുത്തുന്നത് ശരിയല്ല. 

കുറഞ്ഞ ലാഭമെടുക്കുമ്പോഴാണ് കൂടുതല്‍ കച്ചവടം നടക്കുക. കൂടുതല്‍ ഉപഭോക്താക്കള്‍ ആ കടയിലായിരിക്കും വരിക. അപ്പോള്‍ കുറഞ്ഞ ലാഭവിഹിതമാണ് വലിയ ലാഭത്തിലേക്കുള്ള വഴി എന്ന് കൂടി നാം മനസ്സിലാക്കണം.

ആര്‍ത്തവ സമയത്ത് നഖവും മുടിയും നീക്കം ചെയ്യുന്നത് തെറ്റാണോ? 

ജനങ്ങളില്‍ പൊതുവെ കാണപ്പെടുന്ന ഒരു അന്ധവിശ്വാസമാണിത്. ആര്‍ത്തവമോ ജനാബത്തോ (വലിയ അശുദ്ധി) ഉള്ള സമയത്ത് നഖവും മുടിയും നീക്കം ചെയ്യുമ്പോള്‍ അവ ശുദ്ധിയില്ലാത്ത അവസ്ഥയിലാണ് ഒഴിവാക്കപ്പെടുന്നത്. ആയതിനാല്‍ ഈ ശരീരാവശിഷ്ടങ്ങള്‍ പരലോകത്ത് ശരീരത്തിലേക്ക്  നജസായ (മലിനമായ) നിലയില്‍ തിരിച്ചു വരും എന്ന അന്ധവിശ്വാസം ചില നാടുകളില്‍ പ്രചാരത്തിലുണ്ട്.
 

എന്നാല്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ ഇങ്ങനെ ആര്‍ത്തവകാരികളോ അല്ലെങ്കില്‍ വലിയ അശുദ്ധിയുള്ള ആളുകളോ തങ്ങളുടെ മുടിയും നഖവും നീക്കം ചെയ്യുന്നത് നിഷിദ്ധമാണ് എന്ന് പഠിപ്പിക്കുന്നില്ല. ഒരു കാര്യം ഹറാമാണ് അല്ലെങ്കില്‍ ഹലാലാണ് എന്ന് വിധി പറയണമെങ്കില്‍ അതിന് പ്രമാണങ്ങളില്‍ തെളിവ് വേണം.

അടിസ്ഥാനപരമായി ഒരു ഹാകിം അഥവാ മതപരമായ ഒരു നിയമനിര്‍മാണം ഉണ്ടാക്കുന്നവന്‍ അല്ലാഹുവാണ്. അതിനാല്‍ തന്നെ ഒരു കാര്യം ഹറാമാണ് എന്ന് പറയണമെങ്കില്‍ അല്ലാഹുവില്‍നിന്നുള്ള ദിവ്യബോധന(വഹ്‌യ്)ത്തിന്റെ അടിസ്ഥാനത്തില്‍ നബിﷺ നമ്മെ അറിയിക്കണം. നബിﷺ ഇങ്ങനെ പ്രത്യേകിച്ച് പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ഹദീഥുകള്‍ പരിശോധിച്ച് കഴിഞ്ഞാല്‍ അങ്ങനെ ചെയ്യുന്നതില്‍ കുഴപ്പമില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുക.

സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്ത് അവരുടെ നഖവും മുടിയും കളയുക എന്നതു പോലെ തന്നെയാണ് ആര്‍ത്തവസമയത്ത് മുടി വാരുമ്പോള്‍ മുടി നഷ്ടപ്പെടുന്നത്. സ്വാഭാവികമായി നടക്കുന്ന ഈ കാര്യത്തെക്കുറിച്ചും ചിന്തിക്കണമല്ലോ. 

ആഇശ(റ) നബിﷺയുടെ കൂടെ ഹജ്ജത്തുല്‍ വിദാഇനു പോയപ്പോള്‍ എല്ലാ ആളുകളും ഉംറക്കും ഹജ്ജിനും വേണ്ടി ഇഹ്‌റാം ചെയ്തു. ആഇശ(റ)ക്ക് ആകട്ടെ ആ സമയത്ത് ആര്‍ത്തവമുണ്ടായിരുന്നതിനാല്‍ ഉംറ ചെയ്യാന്‍ സാധിച്ചില്ല. ഇതിനാല്‍ അത്യധികം വിഷമിച്ച ആഇശ(റ)യെ റസൂല്‍ﷺ ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്തുകൊണ്ട് ഉംറയില്‍ നിന്നു ഒഴിവാകുവാനും ഹജ്ജിനു വേണ്ടി ഇഹ്‌റാമില്‍ പ്രവേശിക്കുവാനും പറഞ്ഞു. കൂട്ടത്തില്‍ മുടി വാരുവാനും മുടിയുടെ കെട്ടഴിക്കുവാനുമൊക്കെ പറയുകയും ചെയ്തു. സ്വാഭാവികമായും മുടി വാരുമ്പോള്‍ മുടികള്‍ നഷ്ടപ്പെടും. അതുകൊണ്ട് തന്നെ ആര്‍ത്തവസമയത്ത് മുടിയിഴകള്‍ അറിഞ്ഞോ അറിയാതെയോ നഷ്ടപ്പെടുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുന്നതില്‍ യാതൊരു കുഴപ്പവുമില്ല എന്ന് ഈ ഹദീഥിന്റെ വെളിച്ചത്തില്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹ്) അഭിപ്രായപ്പെട്ടതായി കാണാം.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒഴിവാക്കപ്പെടുന്ന നഖവും മുടിയുമെല്ലാം മണ്ണിനടിയില്‍ കുഴിച്ച് മൂേടണ്ടതുണ്ട് എന്ന ഒരു ധാരണയും കാണപ്പെടുന്നുണ്ട്. എന്താണ് ഈ വിഷയത്തിലുള്ള വിധി?

അത് ഒരു പക്ഷേ, അന്ധവിശ്വാസമായിക്കൊള്ളണമെന്നില്ല. ആര്‍ത്തവസമയത്ത് എന്നല്ല ഏത് സമയത്ത് നീക്കം ചെയ്യുന്ന നഖവും മുടിയും ആളുകള്‍ കാണുന്ന രീതിയില്‍ വീട്ടിലോ മുറ്റത്തോ അലക്ഷ്യമായി വലിച്ചെറിയല്‍ ആളുകള്‍ക്ക് വെറുപ്പുണ്ടാക്കുന്ന പ്രവര്‍ത്തനമാണല്ലോ. വൃത്തി ഈമാനിന്റെ ഭാഗമാണ് എന്നാണല്ലോ പ്രവാചകാധ്യാപനം. നഖവും മുടിയുമൊക്കെ വീടിന്റെ മുറ്റത്ത് കിടക്കുന്നത് നെമ്മ കുറിച്ച്, ഈ ദീനിനെ കുറിച്ച് ആളുകള്‍ മോശമായി മനസ്സിലാക്കാന്‍ കാരണമായേക്കും എന്നൊക്കെ വിചാരിച്ച് അവ കുഴിച്ചുമൂടുന്നതാണെങ്കില്‍ നല്ലത് തന്നെ. ഈ വിഷയത്തില്‍ പ്രത്യേകമായി നിര്‍ദേശങ്ങളൊന്നും ഇല്ലാത്ത സ്ഥിതിക്ക് ആരെങ്കിലും കുഴിച്ചിടുകയാണെങ്കില്‍ അതില്‍ കുഴപ്പം ഒന്നും പറയാനില്ല. ആര്‍ത്തവസമയത്ത് നീക്കം ചെയ്യുന്നവ മാത്രമല്ല, അല്ലാത്തപ്പോള്‍ നീക്കംചെയ്യുന്നവയും കുഴിച്ചിടുവാനാണ് അത്തരം ചിന്തയുള്ളവര്‍ ശ്രദ്ധിക്കുക. എന്നാല്‍ അത് മതത്തിന്റെ കല്‍പനയാണ് എന്ന ധാരണയില്‍ ചെയ്യുകയാണെങ്കില്‍, ആര്‍ത്തവസമയത്ത് നീക്കംചെയ്യുന്ന മുടിയും നഖവുമെല്ലാം കുഴിച്ചിട്ടില്ലെങ്കില്‍ മാറാവ്യാധികളോ മറ്റു വല്ല പ്രശ്‌നങ്ങളോ പ്രയാസങ്ങളോ ഉണ്ടാകും എന്ന അടിസ്ഥാനത്തില്‍ ചെയ്യുകയാണെങ്കില്‍ അത് ശരിയല്ല.