വ്രതം തിന്മകളെ തടുക്കുന്ന പരിച

ശമീര്‍ മദീനി

2018 മെയ് 19 1439 റമദാന്‍ 03
''സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്''  (വിശുദ്ധ ക്വുര്‍ആന്‍ 2:183)

മനുഷ്യന്‍ ഏറെ ആഗ്രഹങ്ങളുള്ള ഒരു ജീവിയാണ്. മോഹങ്ങളും പ്രതീക്ഷകളുമില്ലാത്തവര്‍ക്ക് ജീവിതത്തില്‍ പുരോഗതിയുടെ പടവുകള്‍ ചവിട്ടിക്കയറുവാന്‍ കഴിയില്ല. പക്ഷേ, ആ മോഹങ്ങളെ യാതൊരു നിയന്ത്രണവുമില്ലാതെ കയറൂരി വിടാന്‍ പാടില്ല. കടിഞ്ഞാണില്ലാത്ത മോഹങ്ങളെല്ലാം സഫലീകരിക്കാനുള്ള ശ്രമം ധാരാളം വിനകള്‍ വരുത്തിവെക്കും. നിത്യേന നാം കേട്ടുകൊണ്ടിരിക്കുന്ന ഒരുപാട് അതിക്രമങ്ങളുടെ വാര്‍ത്തകള്‍ക്കു കാരണം ദേഹേച്ഛകളുടെ പിന്നാലെയുള്ള കുതിച്ചോട്ടമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ശക്തമായ ദൈവിക ബോധത്തിന്റെ കടിഞ്ഞാണ്‍ പൊട്ടിച്ചെറിഞ്ഞ് ദേഹേച്ഛകളുടെ  പിന്നാലെ കുതിച്ചാല്‍ അപകടങ്ങളിലും അബദ്ധങ്ങളിലുമായിരിക്കും എത്തിച്ചേരുകയെന്ന് വിശുദ്ധ ക്വുര്‍ആന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 

''സത്യം അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നെങ്കില്‍ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരുമെല്ലാം കുഴപ്പത്തിലാകുമായിരുന്നു. അല്ല, അവര്‍ക്കുള്ള ഉല്‍ബോധനവും കൊണ്ടാണ് നാം അവരുടെ അടുത്ത് ചെന്നിരിക്കുന്നത്. എന്നിട്ട് അവര്‍ തങ്ങള്‍ക്കുള്ള ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുകയാകുന്നു'' (ക്വുര്‍ആന്‍ 23:71).

സത്യം ബോധ്യപ്പെട്ടിട്ടും സത്യപ്രവാചകനായ മുഹമ്മദ് നബിﷺയെ തിരിച്ചറിഞ്ഞിട്ടും വേദത്തിന്റെ ആളുകളടക്കമുള്ളവരെ ആ സത്യം സ്വീകരിക്കുന്നതില്‍ നിന്ന് തടഞ്ഞത് ദേഹേച്ഛകളാണെന്ന് ക്വുര്‍ആന്‍ ഉണര്‍ത്തുന്നു:

''ഇനി നിനക്ക് അവര്‍ ഉത്തരം നല്‍കിയില്ലെങ്കില്‍ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവര്‍ പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാ തെ തന്നിഷ്ടത്തെ പിന്തുടര്‍ന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാ ക്കുകയില്ല; തീര്‍ച്ച'' (28:50).

അതിനാല്‍ ദേഹേച്ഛകളെ നിയന്ത്രിക്കല്‍ അനിവാര്യമാണ്. ജീവിത വിജയത്തിന് അത് കൂടിയേ തീരൂ. അത്തരത്തിലുള്ളൊരു നിയന്ത്രണം സാധിതമാകുന്ന മഹത്തായൊരു ആരാധനയാണ് യഥാര്‍ഥത്തില്‍ വ്രതം. വികാര വിചാരങ്ങളും വിശപ്പും ദാഹവുമൊക്കെ നിയന്ത്രിച്ച് ശരീരത്തെയും മനസ്സിനെയും ശക്തമായി മെരുക്കിയെടുക്കാന്‍ വ്രതം സഹായിക്കുന്നു. വിശപ്പും ദാഹവുമുണ്ടായിട്ടും രുചികരമായ ഭക്ഷണ പാനീയങ്ങള്‍ സുലഭമായിട്ടും സത്യവിശ്വാസി വ്രതനാളുകളില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ഒരു തുള്ളി വെള്ളം പോലും കുടിക്കുന്നില്ല; ഒരു പിടി ഭക്ഷണം പോലും കഴിക്കുന്നില്ല. മനസ്സിന്റെ കൊതികള്‍ക്കെല്ലാം അയാള്‍ കടിഞ്ഞാണിടുന്നു. എല്ലാം സര്‍വലോക പരിപാലകനായ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി. അങ്ങനെയുള്ള ആത്മനിയന്ത്രണം നോമ്പിലൂടെ നേടിയെടുക്കുവാന്‍ സാധിച്ചാല്‍ ആ നോമ്പ് സാര്‍ഥകമായിത്തീരുന്നു.

 നരക ശിക്ഷയില്‍ നിന്നുള്ള രക്ഷക്കായി എല്ലാവിധ തിന്മകളില്‍ നിന്നും മനസ്സിനെ നിയന്ത്രിച്ച് നിര്‍ത്തുന്ന രക്ഷാകവചമാണ് വിശ്വാസികള്‍ അനുഷ്ഠിക്കുന്ന വ്രതം. നബിﷺ പറഞ്ഞു:

''നോമ്പ് ഒരു പരിചയാണ്. സത്യവിശ്വാസി അതുമുഖേന  നരകത്തെ പ്രതിരോധിക്കുന്നു''(അഹ്മദ്). ഈ തിരിച്ചറിവോടെ റമദാനിന്റെ രാപകലുകളെ ഉപയോഗപ്പെടുത്തുവാനും തുടര്‍ന്നുള്ള ജീവിതത്തില്‍ അതിന്റെ ചൈതന്യം നിലനിര്‍ത്തുവാനും വിശ്വാസിക്ക് സാധിക്കേണ്ടതുണ്ട്. 

0
0
0
s2sdefault