സ്ത്രീ സുരക്ഷയില്‍ സ്ത്രീ വിരുദ്ധത കാണുകയോ?

സുഫ്‌യാന്‍ അബ്ദുസ്സലാം

2018 ഏപ്രില്‍ 07 1439 റജബ് 20
അര്‍ഥരഹിതമായ ഉദാത്തവല്‍ക്കരണത്തിലൂടെ പെണ്ണുടലുകളെ ചൂഷണം ചെയ്യുന്ന പ്രവണതക്ക് മണിപ്രവാള സാഹിത്യത്തോളം പഴക്കമുണ്ട്, കേരളത്തില്‍. സ്്ത്രീ സുരക്ഷയുടെ വസ്തുനിഷ്ഠമായ പാഠങ്ങള്‍ വിശദീകരിക്കുന്നവരോട് ചൂഷകര്‍ക്ക് എന്നും തീര്‍ത്താല്‍ തീരാത്ത കലിപ്പാണ്. ഭൗതികതയുടെ മിന്നല്‍പ്രഭയില്‍ സ്ത്രീ സുരക്ഷയുടെയും സ്ത്രീ വിരുദ്ധതയുടെയും കൃത്യമായ കാഴ്ചപ്പാടുകള്‍ രൂപീകരിക്കാന്‍ കഴിയാതെ പോയ പെണ്ണിരകള്‍ക്കായി ഒരു വക്കാലത്ത്.

വിവിധ മതങ്ങളും സംസ്‌കാരങ്ങളും കലഹങ്ങളില്ലാതെ ഒരുമിച്ചു സഹവസിക്കുന്നുവെന്നതാണ് കേരളത്തിന്റെ വലിയ സവിശേഷതയായി ലോകം വിലയിരുത്തുന്നത്. ഇന്ത്യയുടെ തന്നെ വിവിധ പ്രദേശങ്ങളില്‍ സംസ്‌കാരങ്ങളുടെ പേരിലുള്ള ഏറ്റുമുട്ടലുകളുടെ എണ്ണം വര്‍ധിക്കുമ്പോഴും കേരളം അതിന്റെ തനത് ഗുണം നിലനിര്‍ത്തിപ്പോന്നിട്ടുള്ളതിന്റെ യഥാര്‍ഥ കാരണം വിവിധ മത വിഭാഗങ്ങളില്‍ നടന്നിട്ടുള്ള നവീകരണപ്രക്രിയകളാണ്. ഇത്തരം നവീകരണപ്രക്രിയകളിലൂടെയും നവോത്ഥാന സംരംഭങ്ങളിലൂടെയും കേരളം സ്വായത്തമാക്കിയ മാന്യതയും സഭ്യതയും കാത്തുസൂക്ഷിക്കാന്‍ പക്വതയും വിവേകവുമുള്ള വ്യക്തിത്വങ്ങള്‍ അതാത് മത വിഭാഗങ്ങള്‍ക്കും സാംസ്‌കാരിക കൂട്ടായ്മകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതുകൊണ്ടാണ് കേരളത്തിന്റെ പൊതുയിടങ്ങള്‍ മലീമസമാവാതെയും പേരുദോഷം വരുത്താതെയും മുമ്പോട്ട് പോയിട്ടുള്ളത്. 

എല്ലാ മതങ്ങളും മാന്യമായി വസ്ത്രം ധരിക്കണമെന്നാണ് പഠിപ്പിച്ചിട്ടുള്ളത്. ഓരോ മതത്തിന്റെയും പ്രമാണങ്ങളില്‍ വസ്ത്ര രീതികളിലോ മറക്കേണ്ട ഭാഗങ്ങളിലോ ഒക്കെയുള്ള ചില വ്യത്യാസങ്ങളുണ്ടാവാമെങ്കിലും പുരുഷനായിരുന്നാലും സ്ത്രീയായിരുന്നാലും തന്റെ സ്വകാര്യസ്ഥലങ്ങളെ വിട്ട് പൊതുസ്ഥലങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ സഭ്യതക്ക് നിരക്കുന്ന വസ്ത്രമണിയണം എന്നത് കേരളം അംഗീകരിച്ചുവന്നിട്ടുള്ള പൊതുനിയമമാണ്. ഹൈന്ദവ സനാതന തത്ത്വങ്ങള്‍ ഉപദേശിക്കുന്ന കേന്ദ്രങ്ങളിലും ക്രൈസ്തവ സഭകളിലും മുസ്‌ലിം പള്ളികളിലും അതാത് മതവിഭാഗങ്ങളില്‍ പണ്ഡിതര്‍ ഇക്കാര്യങ്ങള്‍ സമൂഹത്തെ ഉപദേശിക്കുക പതിവുള്ളതാണ്. കേരളത്തിന്റെ സാംസ്‌കാരിക തനിമ നിലനിര്‍ത്തുക സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്തമാണെന്നുള്ളതുകൊണ്ടുതന്നെ എല്ലാ മതങ്ങളുടെയും പണ്ഡിതരും നേതാക്കളും വസ്ത്രവിധാനത്തെ കുറിച്ച് കര്‍ശനമായി ഉപദേശിക്കാറുണ്ട്. ഈ ഉപദേശങ്ങളെ ഇക്കാലമത്രയും ഭരണകൂടവും പൊതുസമൂഹവും വലിയ മൂല്യങ്ങള്‍ നല്‍കി ആദരിക്കുകയാണ് ചെയ്തിട്ടുള്ളത്. പുരുഷന്മാരില്‍ നിന്നും ഭിന്നമായി സ്ത്രീശരീരത്തിന് അവരുടെ പ്രകൃതിപരമായ സവിശേഷതകളുണ്ടെന്നും അവ പുരുഷന്മാരുടെ കണ്ണുകളില്‍ നിന്നും സംരക്ഷിക്കുന്നതിനായി പ്രത്യേകം മറയ്ക്കുകയും ചെയ്യേണ്ടതുണ്ടെന്നുമാണ് മുഴുവന്‍ മതദര്‍ശനങ്ങളും പഠിപ്പിക്കുന്നത്. മതദര്‍ശനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുകയും മതനിരാസത്തെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നവരാണ് കേരളത്തിലെ മഹാഭൂരിപക്ഷം. മതനിരാസപ്രസ്ഥാനങ്ങള്‍ക്ക് അവരുടെ കാഴ്ചപ്പാടുണ്ടാവുക ഇന്ത്യന്‍ സാഹചര്യത്തില്‍ സ്വാഭാവികമാണ്. അവരുടെ സ്വാതന്ത്ര്യത്തെ ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ, കേരളീയ സമൂഹത്തിനു പരിചയമില്ലാത്തതും അവര്‍ വെറുപ്പോടെ കാണുകയും ചെയ്യുന്ന പാശ്ചാത്യന്‍ വേഷങ്ങളെ മതകീയ സാഹചര്യങ്ങളില്‍ വളര്‍ന്ന കേരളീയ സമൂഹം അംഗീകരിക്കുന്നില്ല. വിവിധ മത പ്രമാണങ്ങളിലൂടെ സഞ്ചരിച്ചാല്‍ കേരളീയ സ്ത്രീസമൂഹം എങ്ങനെയാണ് അവരുടെ വസ്ത്ര സംസ്‌കാരം ഉള്‍ക്കൊണ്ടതെന്നു മനസ്സിലാക്കാന്‍ സാധിക്കും. 

ഹൈന്ദവസമൂഹം വലിയ ആദരവോടെ അവരുടെ വേദഗ്രന്ഥമായി പരിഗണിക്കുന്ന ഋഗ്വേദത്തിലെ വരികള്‍ ശ്രദ്ധിക്കുക: ''ദൈവം നിന്നെ സ്ത്രീയായി സൃഷ്ടിച്ചിരിക്കുന്നു. നീ നിന്റെ ദൃഷ്ട്ടി താഴ്ത്തുകയും മനുഷ്യരുടെ നേര്‍ക്ക് നോക്കാതിരിക്കുകയും കാലുകള്‍ അടുപ്പിച്ച് വെക്കുകയും വസ്ത്രം വെളിപ്പെടുത്താതിരിക്കുകയും മൂടുപടം ഉപയോഗിക്കുകയും ചെയ്യുക'' (ഋഗ്വേദം 8:33:1920).

െ്രെകസ്തവ ഗ്രന്ഥങ്ങളിലും ഇങ്ങനെയാണ് കാണുന്നത്: ''സ്ത്രീ ശിരോവസ്ത്രം ഉപയോഗിക്കുന്നില്ലെങ്കില്‍ മുടി മുറിച്ചു കളയട്ടെ, മുടി മുറിച്ച് കളയുന്നതും തല ക്ഷൗരം ചെയ്യുന്നതും അവള്‍ക്ക് ലജ്ജയാണെങ്കില്‍ അവള്‍ ശിരോവസ്ത്രം ധരിക്കട്ടെ.'' (1 കൊരിന്ത്യന്‍സ് 11:6). ''സ്ത്രീ പുരുഷന്റെയൊ പുരുഷന്‍ സ്ത്രീയുടെയൊ വസ്ത്രം ധരിക്കരുത്. അപ്രകാരം ചെയ്യുന്നവന്‍ നിന്റെ ദൈവമായ കര്‍ത്താവിനു നിന്ദ്യരാണ്'' (ആവര്‍ത്തന പുസ്തകം 22:5).

ഈ വിഷയത്തില്‍ ഇസ്‌ലാമിന്റെ കാഴ്ചപ്പാട് പരക്കെ അറിയപ്പെട്ടതാണ്. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''പ്രവാചകരേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളായ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (ക്വുര്‍ആന്‍ 33:59).

ശരീരത്തിന്റെ നിമ്‌നോന്നതികളെ മറച്ചുവെച്ച് പുരുഷന്മാരിലെ ലൈംഗിക തൃഷ്ണകളില്‍ നിന്നും തങ്ങളുടെ ശരീരത്തെ സംരക്ഷിക്കുന്നതിനുവേണ്ടി മൂടുപടങ്ങള്‍ ഉപയോഗിക്കണമെന്ന് തന്നെയാണ് വിവിധ മതദര്‍ശനങ്ങള്‍ പഠിപ്പിക്കുന്നത്. എന്നാല്‍ സകല മൂടുപടങ്ങളെയും എടുത്ത് കളഞ്ഞ് ശരീരത്തിന്റെ മാംസളമായ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുത്തഴിഞ്ഞ ലൈംഗികതയ്ക്ക് വഴിയൊരുക്കി, മതം ഒരുക്കിയ സാംസ്‌കാരിക ചട്ടക്കൂടുകള്‍ തകര്‍ത്ത് തോന്നിയതുപോലെ ജീവിക്കാന്‍ പെണ്‍കുട്ടികളെയും യുവതികളെയും പ്രേരിപ്പിക്കുകയാണ് മതനിരാസപ്രസ്ഥാനങ്ങള്‍ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. ഭരണഘടന നല്‍കുന്ന അവകാശമാണ് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമെന്ന ന്യായമാണ് ഇവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതേ ഭരണഘടന തന്നെയാണ് മതവിശ്വാസവും ആചാരവും മതം പഠിപ്പിക്കുന്ന സാംസ്‌കാരികബോധവും പഠിപ്പിക്കുവാനും പ്രബോധനം ചെയ്യുവാനുമുള്ള അവകാശം പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ വ്യക്തിയുടെയും വ്യക്തിപരമായ കാര്യങ്ങളില്‍ നേര്‍ക്കുനേരെ കൈകടത്തി അവരുടെമേല്‍ നിയമം അടിച്ചേല്‍പ്പിക്കണമെന്ന് ആരും പറയില്ല. പക്ഷേ, ജീവിക്കുന്ന സമൂഹത്തില്‍ കാണുന്ന പച്ചയായ ആഭാസങ്ങള്‍ക്കെതിരെ മൗനിയാവാന്‍ സാംസ്‌കാരിക ബോധമുള്ള ഒരാള്‍ക്കും സാധിക്കില്ല. ആഭാസങ്ങളെ തുറന്നുകാട്ടി ശരിയായ മാര്‍ഗങ്ങളില്‍ വിദ്യാര്‍ഥി സമൂഹത്തെയും യുവതയെയും നയിക്കാന്‍ സ്‌കൂള്‍, കോളേജ് അധ്യാപകരടക്കമുള്ള പൊതുസമൂഹത്തിനു ബാധ്യതയുണ്ട്. പഴയകാലങ്ങളില്‍ നില നിന്നിരുന്ന 'കാരണവന്മാര്‍' ഒരു ഭരണഘടനയും സൃഷ്ടിച്ചതല്ല. അത് സമൂഹത്തില്‍ സന്ദര്‍ഭങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കുമനുസരിച്ച് സ്വമേധയാ ആവിര്‍ഭവിക്കുന്ന പ്രതിഭാസമാണ്. ചെറുപ്പക്കാര്‍ ആദരിക്കുകയും ഭയപ്പെടുകയും ചെയ്യുന്ന കാരണവന്മാരുടെ സാന്നിധ്യമായിരുന്നു കേരളത്തിന്റെ സാംസ്‌കാരിക പ്രസരിപ്പിനെ നിലനിര്‍ത്തിയിരുന്നത്. അത്തരം കാരണവ സമൂഹത്തിന്റെ അഭാവമാണ് കേരളം ഇന്ന് സഹിച്ചുകൊണ്ടിരിക്കുന്നത്. സ്‌കൂളുകളിലും കോളേജുകളിലുമൊക്കെ വിദ്യാര്‍ഥികളുടെ മാര്‍ഗദര്‍ശകരായി നിറഞ്ഞു നിന്നിരുന്ന അധ്യാപകര്‍ ഇന്ന് നോക്കുകുത്തികളായി മാറി. മാറിയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അധ്യാപകന്‍ കേവലം ശമ്പളക്കാരനായി മാറി. തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഒരധ്യാപകനും ഇടപെടേണ്ടതില്ലെന്ന ശാഠ്യം വിദ്യാര്‍ഥികളിലും വര്‍ധിച്ചു. കുടുംബത്തില്‍ മാതാപിതാക്കള്‍ക്ക് പോലും കുട്ടികളുടെ മേലുള്ള നിയന്ത്രണങ്ങള്‍ക്ക് നിയന്ത്രണങ്ങളായി. ലക്കും ലഗാനുമില്ലാതെ കുതിച്ചുപായുന്ന കൗമാരഹൃദയങ്ങളില്‍ ചിന്തകളും നിലപാടുകളും വളരുന്നതിന് പകരം ചിന്താശൂന്യതയും ബുദ്ധിയുടെ സങ്കോചവും എടുത്തുചാട്ടങ്ങളും മുതിര്‍ന്നവരോടുള്ള അനാദരവും വളര്‍ന്നുവന്നു. നല്ലത് ഉപദേശിച്ചു തരുന്നവരെ അവര്‍ ശത്രുതയോടെ കണ്ടുതുടങ്ങി. വിദ്യാര്‍ഥികളിലും യുവസമൂഹത്തിലും കണ്ടുവരുന്ന ഇത്തരം ദുഷ്പ്രവണതകള്‍ ചില അധ്യാപകരിലും മുതിര്‍ന്നവരിലും അസ്വസ്ഥത പടര്‍ത്തി. യുവസമൂഹത്തിന്റെ ഈ അപഥസഞ്ചാരത്തെ ചിലര്‍ അവരുടെ പ്രഭാഷണങ്ങളില്‍ സൂചിപ്പിച്ചു. ഫാറൂഖ് കോളേജിലെ മുന്‍ അധ്യാപകനും എം.പി.യും എം.എല്‍.എയുമൊക്കെയായിരുന്ന അറിയപ്പെടുന്ന പ്രഭാഷകന്‍ അബ്ദുസ്സമദ് സമദാനി മുസ്‌ലിം പെണ്‍കുട്ടികളില്‍ കാണുന്ന പുത്തന്‍ ഫാഷന്‍ ഭ്രമവും അമാന്യമായ വസ്ത്രധാരണവും സൂചിപ്പിച്ചുകൊണ്ട് വളരെ അമര്‍ഷത്തോടെ പറഞ്ഞത് തന്റെ മക്കളാണെങ്കില്‍ അവരെ അടിച്ചു ശരിയാക്കുമെന്നായിരുന്നു. 

ഈ വിഷയത്തിലുള്ള തന്റെ ഉത്കണ്ഠ രേഖപ്പെടുത്തിക്കൊണ്ട് ഗായകന്‍ ഡോ: കെ.ജെ യേശുദാസ് പൊട്ടിത്തെറിക്കുകയുണ്ടായിട്ടുണ്ട്. മലയാളി പെണ്‍കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ശരീരത്തോടൊട്ടി നില്‍ക്കുന്ന ജീന്‍സ് സംസ്‌കാരത്തെയാണ് അദ്ദേഹം ശക്തമായി വിമര്‍ശിച്ചത്. 2014ല്‍ സ്വാതി തിരുന്നാള്‍ സംഗീത കോളജില്‍ സംഘടിപ്പിച്ച 'ശുചിത്വ കേരളം സുന്ദര കേരളം' പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെ യേശുദാസ് പറഞ്ഞത് സ്ത്രീകള്‍ പുരുഷന്മാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കരുതെന്നും ജീന്‍സ്, ലെഗിന്‍സ് പോലുള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്നുമായിരുന്നു. സ്ത്രീകള്‍ മറച്ചുവയ്‌ക്കേണ്ടത് മറച്ചുവയ്ക്കണമെന്നും ആകര്‍ഷണശക്തി കൊടുത്ത് വേണ്ടാതീനം ചെയ്യിക്കാന്‍ ശ്രമിക്കരുതെന്നും സൗമ്യതയാണ് സ്ത്രീകളുടെ ആകര്‍ഷണമെന്നുമൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരു കാരണവര്‍ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ പ്രഭാഷണത്തിന് നേരെ ഉത്തരവാദപ്പെട്ട ചില മഹിളാ സംഘടനകള്‍ പോലും യുദ്ധം പ്രഖ്യാപിക്കുകയാണുണ്ടായത്. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നടന്ന പ്രഭാഷണത്തില്‍ ഡോ: രജിത് കുമാര്‍ നടത്തിയ പ്രഭാഷണത്തില്‍ സ്ത്രീകള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഇറുകിയ വസ്ത്രസംസ്‌കാരത്തെ അദ്ദേഹം വിമര്‍ശിച്ചപ്പോള്‍ ഒരു പെണ്‍കുട്ടി എഴുന്നേറ്റു നിന്ന് കൂവിയതും കേരളം കണ്ട കാഴ്ചയാണ്. സിനിമ നടന്മാരായ ജഗതി ശ്രീകുമാര്‍, ക്യാപ്റ്റന്‍ രാജു എന്നിവര്‍ പോലും ഇറുകിയതും ശരീരം മറയ്ക്കാത്തതുമായ വസ്ത്രരീതികളെ അധിക്ഷേപിച്ച് സംസാരിക്കണമെങ്കില്‍ അവര്‍ വിഹരിക്കുന്ന മേഖലകളിലും കേരളീയ പൊതു സമൂഹത്തിലും അത് വരുത്തിവെച്ച വിനകള്‍ എത്രമാത്രമായിരിക്കും! 2013 ജൂണില്‍ കലാകൗമുദിയില്‍ ലക്ഷ്മി ഭായ് തമ്പുരാട്ടി എന്ന ലേഖിക എഴുതിയ ലേഖനം ലെഗിന്‍സ് എന്ന വസ്ത്രത്തിനെതിരെയുള്ള സ്ത്രീ സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന ഒന്നായിരുന്നു. 

ഇങ്ങനെ ഒട്ടേറെ ലേഖനങ്ങളും പ്രഭാഷണങ്ങളും ചര്‍ച്ചകളുമെല്ലാം നമ്മുടെ നാട്ടില്‍ സ്ത്രീ വേഷങ്ങളെ കുറിച്ച് ഉണ്ടായിട്ടുണ്ട്. ഇതെല്ലാം സ്ത്രീ വിരുദ്ധമാണെന്നാണ് മതനിരാസ പ്രസ്ഥാനങ്ങളും മതേതരപ്രസ്ഥാനങ്ങളില്‍ പെട്ട ചില രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും വിമര്‍ശിക്കുന്നത്. ഇവിടെ ഏറ്റവും കൂടുതല്‍ പരിഗണിക്കേണ്ടത് പ്രഭാഷകരുടെയും എഴുത്തുകാരുടെയും ഉദ്ദേശശുദ്ധിയെയാണ്. തങ്ങളുടെ ചുറ്റും ജീവിക്കുന്ന, തങ്ങളേറെ സ്‌നേഹിക്കുന്ന യുവസമൂഹം അവരുടെ മതപ്രമാണങ്ങളില്‍ നിന്നും കുടുംബപരിസരങ്ങളില്‍ നിന്നുമെല്ലാം ആര്‍ജിച്ചെടുത്തിട്ടുള്ള മികവേറിയ സംസ്‌കാരത്തെ കയ്യൊഴിച്ച് നാടോടുമ്പോള്‍ നടുവേ ഓടുക എന്ന ശൈലിയില്‍ മറച്ചുവയ്‌ക്കേണ്ട ഭാഗങ്ങളെ തുറന്നുകാണിച്ച് അടിച്ചുപൊളിച്ച് നടക്കുന്നത് കാണുമ്പോളുള്ള അവരുടെ വിഷമവും അമര്‍ഷവും സ്‌നേഹവുമാണ് അവരുടെ പ്രഭാഷണങ്ങളിലും എഴുത്തുകളിലും തെളിഞ്ഞു നില്‍ക്കുന്നത്. പുരുഷന്മാരെക്കാളേറെ സംരക്ഷണം അനിവാര്യമായിട്ടുള്ള സ്ത്രീകള്‍ അവരുടെ സ്രഷ്ടാവ് കനിഞ്ഞരുളിയ വസ്ത്രങ്ങളെ ശരിയായ രൂപത്തില്‍ ഉപയോഗിച്ച് തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നത് സ്ത്രീപ്രകൃതി തന്നെ ആവശ്യപ്പെടുന്ന കാര്യമാണ്. 

കേരളം എന്നെന്നും ആദരിക്കുന്ന മാധവിക്കുട്ടിയെന്ന കമല സുരയ്യയുടെ വാചകങ്ങള്‍ വളരെ ശ്രദ്ധേയമാണ്. അവര്‍ പറഞ്ഞു: ''എന്നോട് എല്ലാവരും പറഞ്ഞു നിങ്ങള്‍ മറ്റൊരു മതം സ്വീകരിച്ചതിനെ ഞങ്ങള്‍ ഒന്നും പറയുന്നില്ല; പക്ഷേ, എല്ലാം മൂടിക്കെട്ടി പര്‍ദയിട്ട് നടക്കണോ എന്ന്. ഞാന്‍ പറഞ്ഞു; പകുതി അനാവരണം ചെയ്ത്, കുനിഞ്ഞാല്‍ മാറും വയറുമെല്ലാം കാണുന്ന തരത്തില്‍ ഒരു സ്ത്രീ പൊതുസ്ഥലങ്ങളില്‍ പോവുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നെ എന്ത് വിളിച്ചാലും എനിക്ക് വിരോധമില്ല, മുമ്പും ഞാന്‍ മുംബൈയില്‍ ആയിരുന്നപ്പോള്‍ പര്‍ദ ധരിച്ചിരുന്നു. യാത്ര ചെയ്യുമ്പോള്‍ അതൊരു രക്ഷാകവചം തന്നെയാണ്. പര്‍ദ ധരിച്ച ഒരു സ്ത്രീയെ ഒരാളും ഉപദ്രവിക്കില്ല; അതെന്റെ അനുഭവമാണ്. സ്ത്രീയുടെ സുരക്ഷയും അന്തസ്സും ഈ വേഷത്തിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പരപുരുഷന്മാരുടെ മുന്നില്‍ എന്റെ ശരീരം കാണിച്ചുകൊണ്ടുള്ള മാന്യത എനിക്കിഷ്ടമല്ല. ഭര്‍ത്താവിന് മാത്രം കാണിക്കേണ്ടത് മറ്റുള്ളവരെ കാണിക്കുന്നത് തീര്‍ത്തും ഞാന്‍ സഹിക്കില്ല. ചോളി ധരിക്കുന്നവരില്‍ ചിലരെ കണ്ടിട്ടില്ലേ, അവരുടെ മാര്‍, പൊക്കിള്‍, വയര്‍, പിന്‍ഭാഗം എല്ലാം പുറത്തേക്ക് അനാവരണം ചെയ്യപ്പെടുന്നു. അതെല്ലാം സ്വകാര്യ സ്ഥലങ്ങളാണ്. അവയെല്ലാം ഒളിച്ചുവെക്കേണ്ടതാണ്. വരുവിന്‍, കാണുവിന്‍, രസിപ്പിന്‍ എന്ന മട്ടിലുള്ള കാര്യങ്ങള്‍ ഞാന്‍ യോജിക്കില്ല.'' 

മാന്യമായി വസ്ത്രം ധരിക്കുകയും തന്റെ ശരീരസൗന്ദര്യത്തെ അന്യര്‍ക്ക് ദര്‍ശിക്കാന്‍ കൊടുക്കാതിരിക്കുകയും അതോടൊപ്പം ശക്തമായ ദൈവഭയം ഉള്ളില്‍ സൂക്ഷിക്കുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന സുരക്ഷ അനിര്‍വചനീയമാണെന്നു കമല സുരയ്യയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയില്‍ കൊലചെയ്യപ്പെട്ട 'നിര്‍ഭയ'യുടെയും കേരളത്തില്‍ പീഡിപ്പിക്കപ്പെട്ട 'പ്രമുഖ നടി'യുടെയും സംഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തിയത് സ്ത്രീ സുരക്ഷിതയാവണമെങ്കില്‍ പാലിക്കേണ്ട അടിസ്ഥാനപരമായ ചില ഘടകങ്ങള്‍ ഉണ്ടെന്നതാണ്. അതില്‍ വളരെ പ്രധാനപ്പെട്ടത് സ്ത്രീയുടെ വേഷവിധാനം തന്നെയാണ്. നിയമം വഴിയോ നിയമപാലകര്‍ വഴിയോ മാത്രം സുരക്ഷ പ്രതീക്ഷിക്കുന്നതിനു പകരം സുരക്ഷിതയാവാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന് ആദ്യം സ്വയം അന്വേഷിക്കുകയും അവ കണ്ടെത്തി ജീവിതത്തില്‍ അതിനെ പ്രയോഗവല്‍ക്കരിക്കുകയും ചെയ്ത ശേഷം മാത്രമെ നിയമസംവിധാനങ്ങളുടെ സഹായങ്ങള്‍ തേടിയിട്ട് കാര്യമുള്ളൂ. 

വസ്ത്രധാരണരീതികളില്‍ കൃത്യമായ നിയമങ്ങള്‍ പഠിപ്പിച്ച വിശുദ്ധ ക്വുര്‍ആനിന്റെയും പ്രവാചകാധ്യാപനങ്ങളുടെയും വക്താക്കളായ മുസ്‌ലിം സ്ത്രീകളോട് അവര്‍ സുരക്ഷിതരാവുന്നതിനു വേണ്ടി ഫാറൂഖ് ട്രെയിനിങ് കോളേജിലെ അധ്യാപകനും കൗണ്‍സിലിംഗ് രംഗത്ത് അറിയപ്പെടുന്ന വ്യക്തിയുമായ ഡോ: ജൗഹര്‍ മുനവ്വിര്‍ നടത്തിയ ഒരു ഉല്‍ബോധനപ്രസംഗം ചില സ്ത്രീ സുരക്ഷ വിരുദ്ധ കേന്ദ്രങ്ങള്‍ വിവാദമാക്കിയിരിക്കുകയാണ്. ഒരു വ്യക്തി ഒരു പ്രസംഗം വഴി സമൂഹത്തിനു നല്‍കുന്ന സന്ദേശമെന്താണോ അതാണ് ആ പ്രസംഗത്തിന്റെ അകക്കാമ്പ് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ആ വ്യക്തി ഉപയോഗിച്ച പദങ്ങളിലോ ശൈലികളിലോ അപാകതകള്‍ ഉണ്ടെങ്കില്‍ അവ ചൂണ്ടിക്കാണിക്കുന്നതിനു വിരോധമില്ല. എന്നാല്‍ ആ വ്യക്തി ഉദ്ദേശിക്കാത്ത തലങ്ങളിലേക്ക് അതിനെ ദുര്‍വ്യാഖ്യാനിക്കുകയും അയാളുടെ പ്രസംഗം കൊണ്ട് അയാള്‍ ലക്ഷ്യമിട്ട കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാതെ പദങ്ങളെ സ്ഥാനങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി തെറ്റിദ്ധരിപ്പിക്കുകയും അയാള്‍ ഉദ്ദേശിച്ചതിനു നേരെ വിപരീതാര്‍ഥം നല്‍കി സമൂഹത്തില്‍ വലിയ ദുഷ്പ്രചാരണം നടത്തുകയും ചെയ്യുകയെന്നത് കടുത്ത അപരാധമാണ്. ജൗഹര്‍ മുനവ്വിര്‍ അദ്ദേഹം ജോലി ചെയ്യുന്ന ക്യാംപസ് പരിസരങ്ങളില്‍ കാണുന്ന മുസ്‌ലിം കുടുംബങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥിനികളുടെ വസ്ത്രരീതികളില്‍ കണ്ട അപഭ്രംശം രക്ഷിതാക്കളടങ്ങുന്ന സമൂഹത്തോട് പങ്കുവെക്കുകയായിരുന്നു. ഒരിക്കലും ഏതെങ്കിലും ഒരു വിദ്യാര്‍ഥിനിയെയോ ക്യാമ്പസിനെ തന്നെയോ മോശമാക്കി ചിത്രീകരിക്കുന്നതിനു വേണ്ടിയായിരുന്നില്ല അത്. അതൊരിക്കലും സ്ത്രീ വിരുദ്ധതയുടെ സന്ദേശമായിരുന്നില്ല. സ്ത്രീ സുരക്ഷയുടെ സന്ദേശമായിരുന്നു. 

കേരളത്തിലെ അറിയപ്പെടുന്ന അച്ചടി മാധ്യമങ്ങളോ ദൃശ്യമാധ്യമങ്ങളോ ഒന്നും തന്നെ ജൗഹര്‍ സാറിന്റെ പ്രസംഗത്തില്‍ ഒരു അശ്ലീലതയും ദര്‍ശിച്ചിരുന്നില്ല. എന്നാല്‍ ചിലരുടെ ലക്ഷ്യപൂര്‍ത്തീകരണത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഒരു മാസം മുമ്പ് നടന്ന ഈ പ്രസംഗം ഇപ്പോള്‍ പുറത്തുവിട്ടത്. സെന്‍സേഷണല്‍ വാര്‍ത്തകള്‍ സൃഷ്ടിച്ച് ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടി ശ്രമിക്കുന്ന ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്ക് ഔദ്യോഗിക മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നതിനെക്കാളുള്ള സ്വീകാര്യത കിട്ടുന്നുവെന്ന തോന്നലുകളാണ് അര്‍ധസത്യങ്ങളെ സത്യവത്കരിക്കാന്‍ ശ്രമിച്ച് വ്യാഖ്യാനങ്ങളും തലവാചകങ്ങളും അടിക്കുറിപ്പുകളും നല്‍കി കളവുകള്‍ പടച്ചുവിടാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. സമൂഹത്തില്‍ സമാധാനവും ശാന്തതയും സംസ്‌കാരവും പ്രചരിപ്പിക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തേണ്ട സാങ്കേതികവിദ്യകളെ തെറ്റായ മാര്‍ഗത്തിലാണ് ഇക്കൂട്ടര്‍ പ്രയോജനപ്പെടുത്തുന്നത്. സ്ത്രീ സമൂഹത്തോട് സ്‌നേഹമുള്ളവര്‍ അവരുടെ സംരക്ഷണത്തിനും അവരിലൂടെ വരും തലമുറക്ക് ലഭിക്കേണ്ട നല്ല സംസ്‌കാരത്തിനുമാണ് പ്രഥമഗണന നല്‍കേണ്ടത്. സ്ത്രീ സമൂഹത്തിന്റെ നല്ല ഭാവിക്കുവേണ്ടി ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ വാക്കിലോ വാചകങ്ങളിലോ പിടിച്ചു തൂങ്ങി അത് പ്രചരിപ്പിച്ച് മറ്റാര്‍ക്കോ വേണ്ടി പണിയെടുക്കുകയല്ല ഒരു നല്ല മാധ്യമപ്രവര്‍ത്തകന്‍ ചെയ്യേണ്ടത്. സോഷ്യല്‍ മീഡിയയിലാകുമ്പോള്‍ ആര് ചോദിക്കാന്‍ എന്ന ധൈര്യം വെച്ച് കളിക്കുന്ന ഇവര്‍ക്കെതിരെ ശക്തമായ നിയമങ്ങള്‍ ആവിഷ്‌കരിച്ചില്ലെങ്കില്‍ സമൂഹത്തില്‍ പടരുന്നത് വലിയ വിപത്തായിരിക്കുമെന്നതില്‍ സംശയമില്ല. 

അതിനിടയിലാണ് കേരളത്തെയും കേരളത്തിലെ സ്ത്രീകളെയും ലജ്ജിപ്പിക്കുന്ന തരത്തില്‍ 'മാറ് തുറക്കല്‍' സമരവുമായി ചിലര്‍ കടന്നുവന്നത്. ചുംബന സമരമായിരുന്നു ഇന്നേ വരെ കേരളം കണ്ട ഏറ്റവും വലിയ ആഭാസസമരമെങ്കില്‍ ഇന്ന് അത് ഇവരുടെ മാറുകാണിക്കല്‍ സമരമായി മാറി. മലമൂത്രവിസര്‍ജനം നടത്തുമ്പോള്‍ ഭക്ഷിക്കരുതെന്ന് ഒരു കുട്ടിയെ ഉപദേശിച്ചപ്പോള്‍ 'നിങ്ങളാരാ പറയാന്‍ ഞാന്‍ കുത്തിത്തിന്നും' എന്ന് പ്രതികരിച്ച ഉദാഹരണമാണ് ഓര്‍മ വരുന്നത്. 'സഹോദരിമാരേ, ഞങ്ങളുടെ പൊന്നുകുട്ടികളേ... നിങ്ങളുടെ ശരീരത്തെ ഏറ്റവും മാന്യമായി മറയ്ക്കണം, അങ്ങനെ നിങ്ങള്‍ സുരക്ഷിതരാവണം' എന്ന് ഒരാള്‍ ഉപദേശിച്ചതിനു കിട്ടിയ പൈശാചികമായ ഒരു പ്രതികരണം! ഇത്തരം സമരങ്ങളുമായി ഇറങ്ങുന്ന പെണ്‍കുട്ടികള്‍ ഒരിക്കലും അവരുടെ സ്വന്തം താല്‍പര്യമനുസരിച്ചല്ല മറ്റാരുടെയൊക്കെയോ ചട്ടുകങ്ങളായാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം വ്യക്തമാണ്. സമൂഹത്തിലെ ഒരു വിഭാഗത്തിന് മാറ് മറയ്ക്കാനുള്ള സ്വാതന്ത്ര്യമില്ലാതിരുന്ന ഒരു കാലത്ത് ശക്തമായ സമരങ്ങള്‍ നടത്തിയാണ് കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും മാറ് മറയ്ക്കാനുള്ള അവകാശം നേടിയെടുത്തത്. 1829 മുതല്‍ ആരംഭിച്ച സമരം പതിറ്റാണ്ടുകള്‍ തുടര്‍ന്ന് മുമ്പോട്ട് പോയതിനു ശേഷമാണ് ലക്ഷ്യം നേടിയത്. സവര്‍ണ വിഭാഗങ്ങളില്‍ നിന്നും ശക്തമായ എതിര്‍പ്പ് നേരിട്ട ഈ സമരത്തിന്റെ ഗൗരവം മനസ്സിലാക്കിയ അന്നത്തെ മദ്രാസ് ഗവര്‍ണര്‍ ലോര്‍ഡ് ഹാരിസ് ശക്തിയേറിയ ഭാഷയില്‍ തിരുവിതാംകൂര്‍ റസിഡന്റ് ജനറല്‍ കല്ലന് ഇങ്ങനെ എഴുതി: 

''സത്യവും നീതിയും മാത്രമല്ല മനുഷ്യസാധാരണമായ സര്‍വ മനോവൃത്തികളും ഈ സംഗതിയില്‍ നമ്മുടെ വശത്താണ്. ഇങ്ങനെയുള്ള ഒരു സന്ദര്‍ഭത്തില്‍ നാം ഗൗരവപൂര്‍വം പ്രവര്‍ത്തിച്ചില്ലെങ്കില്‍ പരിഷ്‌കൃതലോകം മുഴുവന്‍ നമ്മെ പുച്ഛിക്കും. അതുകൊണ്ട് 1829ലെ തിരുവിതാംകൂര്‍ രാജകീയ വിളംബരത്തില്‍ അടങ്ങിയിരിക്കുന്ന ശാസനങ്ങള്‍ ഇക്കാലത്തിനോ, പരിഷ്‌കൃതാശയനായ ഒരു രാജാവിനോ യോജിച്ചതല്ലെന്ന് രാജാവിനെ അറിയിക്കേണ്ടത് നിങ്ങളുടെ ചുമതലയാകുന്നു.'' ഇങ്ങനെ വളരെക്കാലത്തെ സഹനത്തിലൂടെ മാറ് മറയ്ക്കാനുള്ള അവകാശം നേടിയെടുത്ത കേരളത്തിലെ നമ്മുടെ പൂര്‍വകാല അമ്മമാരെ പരസ്യമായി അവഹേളിക്കാനാണ് ആഭാസങ്ങളെ സംസ്‌കാരമായി സ്വീകരിച്ച പുത്തന്‍ സമരരീതിക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 

മുകളില്‍ സൂചിപ്പിച്ച സമരം തിരുവിതാംകൂറിലായിരുന്നുവെങ്കില്‍ മലബാറിലെ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാനുള്ള അനുമതി ലഭിച്ചത് ടിപ്പു സുല്‍ത്താന്റെ വരവോടു കൂടിയായിരുന്നുവെന്നതും പഠിക്കേണ്ടതുണ്ട്. തൃശൂര്‍ ജില്ലയിലെ ചേലക്കര എന്ന സ്ഥലത്തിന് ആ പേര് ലഭിക്കാനുണ്ടായ കാരണം ടിപ്പു സുല്‍ത്താന്റെ കാലത്ത് അന്ന് മാറ് മറയ്ക്കാന്‍ അവകാശമില്ലാതിരുന്ന സ്ത്രീകള്‍ക്ക് മേല്‍മുണ്ട് ഉടുക്കണമെന്ന ടിപ്പുവിന്റെ ഉത്തരവോടെ ചേല വിതരണം ചെയ്ത സ്ഥലം എന്ന നിലക്കാണെന്നാണ് ഒരു വിഭാഗം ചരിത്രകാരന്മാര്‍ പറയുന്നത്. സാമൂതിരി രാജാവ് വന്നുകൊണ്ടിരിക്കുന്ന വഴിയില്‍ മാറ് മറച്ച് ഒരു സ്ത്രീ നില്‍ക്കുകയായിരുന്നു. ഉേദ്യാഗസ്ഥര്‍ ആ സ്ത്രീയുടെ മാറിന്റെ മറ മാറ്റികൊണ്ട് ഇങ്ങനെ പറഞ്ഞുവത്രെ: 'തമ്പുരാന്‍ വരുന്നത് കണ്ടില്ലേ?' അപ്പോര്‍ അതുവഴി വന്ന ടിപ്പു സുല്‍ത്താന്‍ സ്വന്തം വസ്ത്രം അഴിച്ച് പെണ്ണിന് മാറ് മറയ്ക്കാന്‍ കൊടുക്കുകയും എന്നിട്ട് ഇന്നുമുതല്‍ നീ വസ്ത്രം ആരുടെയും മുന്നില്‍ അഴിക്കരുത്; അഴിക്കാന്‍ വരുന്നത് ആരായിരുന്നാലും എന്റെ അടുത്ത് വന്ന് പറഞ്ഞാന്‍ മതി അവരുടെ കാര്യം ഞാന്‍ നോക്കിക്കൊള്ളാംം എന്ന് പറയുകയും ചെയ്തു. ഇങ്ങനെ സ്വന്തം അഭിമാനത്തെയും അന്തസ്സിനെയും സംരക്ഷിക്കാന്‍ പോരാടിയ കേരളീയ സ്ത്രീസമൂഹത്തെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങളാണ് മാറ് തുറക്കല്‍ സമരങ്ങളിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്. സ്ത്രീയുടെ മാറിടവും മറ്റും കണ്ടുരസിക്കുകയെന്നത് പുരുഷകേന്ദ്രീകൃത ഏകാധിപത്യ സംവിധാനങ്ങളുടെ ചൂഷണ മനഃസ്ഥിതിയുടെ ഭാഗമാണ്. പരസ്യങ്ങളില്‍ എവിടെയും സ്ത്രീയാണ് ചൂഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്. ഇതെല്ലാം ചൂണ്ടിക്കാണിക്കുമ്പോള്‍ അതൊക്കെയും സ്ത്രീവിരുദ്ധമെന്നു വ്യാഖ്യാനിച്ച് സ്ത്രീ സൗന്ദര്യത്തിനു മേല്‍ കഴുകക്കണ്ണുകള്‍ വീഴ്ത്തി സ്ത്രീയെ ചൂഷണം ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നത്. ആടിനെ പട്ടിയാക്കാനുള്ള ഈ ശ്രമങ്ങളെ സ്ത്രീ സമൂഹം തിരിച്ചറിയേണ്ടതില്ലേ? ബുദ്ധിയും വിവേകവും അന്തസ്സും ആഭിജാത്യവുമുള്ള ക്യാംപസ് പെണ്‍കുട്ടികള്‍ അവയെ പ്രതിരോധിക്കേണ്ടതില്ലേ? 

കേരളാ പോലീസിന്റെ കാര്യമാണ് ബഹുജോര്‍! ഏതെങ്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു വഴിപോക്കന്‍ വെറുതെ ഒരു രസത്തിനു ഒരു പേപ്പറില്‍ ഒരു പെറ്റിഷന്‍ എഴുതിക്കൊടുത്താല്‍ ഉടനെ അത് വലിയ കേസാക്കി രജിസ്റ്റര്‍ ചെയ്യുന്ന ഒരു വഴിപാട് പരിപാടിയാണ് നമ്മുടെ പോലീസ് സ്‌റ്റേഷനുകളില്‍ പലപ്പോഴും നടക്കുന്നത്. ഡോ: ജൗഹര്‍ മുനവ്വിറിന്റെ പ്രസംഗത്തിന് വലിയ വലിയ വകുപ്പുകള്‍ ചാര്‍ത്തുവാന്‍ മാത്രം പൊലീസിന് ഈ വിഷയത്തിലുള്ള താല്‍പര്യം മനസ്സിലാവുന്നില്ല. ജാമ്യമുള്ള  വകുപ്പോ ജാമ്യമില്ലാത്ത വകുപ്പോ എന്നതല്ല, ഒരു വിഭാഗത്തിനെതിരെ വരുന്ന കേസുകളില്‍ അമിതാവേശം പോലീസ് കാണിക്കുന്നു എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ജാമ്യമില്ലാത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തിരിക്കുന്നുവെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇങ്ങനെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സമൂഹത്തെ ഭയപ്പെടുത്തിയിട്ടാണോ ഒരു കേസ് കൈകാര്യം ചെയ്യേണ്ടത്? പ്രഥമ ദൃഷ്ട്യാ തന്നെ ഈ കേസ് നിലനില്‍ക്കില്ല എന്ന് ചില നിയമവിദഗ്ധര്‍ അഭിപ്രായം പറയുമ്പോഴാണ് ജാമ്യമില്ലാ വകുപ്പിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് എന്ന പ്രചാരണം ഉണ്ടാവുന്നത്. ഇത്തരം കാര്യങ്ങളില്‍ നയം വ്യക്തമാക്കാന്‍ ഉന്നത പോലീസ് അധികാരികള്‍ക്ക് ബാധ്യതയുണ്ട്. ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുന്ന ഇത്തരം സംഭവങ്ങളെ നിസ്സാരമായി കാണാവതല്ല. കേരളാ സര്‍ക്കാരും ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും മുസ്‌ലിം സമൂഹത്തിലും ജനാധിപത്യ വിശ്വാസികളിലും നിലനില്‍ക്കുന്ന ആശങ്കകള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതോടൊപ്പം ഒരു കാര്യം കൂടി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരോടായി പറയട്ടെ: ഏതൊരു വാര്‍ത്തയും കടന്നുവരുമ്പോള്‍ ആദ്യം പ്രതികരിക്കുന്നത് ഞാനായിരിക്കണമെന്ന ചിന്തകള്‍ വലിയ ദോഷങ്ങളാണ് സൃഷ്ടിക്കുക. വസ്തുതയെന്തെന്നറിയാതെയുള്ള പ്രതികരണങ്ങള്‍ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരില്‍ ഉണ്ടായിക്കൂടാ. എന്തിലും ഞാന്‍ പ്രതികരിച്ചേ മതിയാവൂ എന്ന് ചിന്തിക്കുന്നതിനപ്പുറം തന്റെ ചിന്തകള്‍ മറ്റുള്ളവരുമായി പങ്കുവെച്ച് പറയേണ്ടതാണെങ്കില്‍ മാത്രം പറയുകയെന്ന പക്വത നേടിയെടുക്കേണ്ടതുണ്ട്. പണ്ഡിതരും നേതാക്കളുമായവരില്‍ നിന്നുണ്ടാവുന്ന പ്രതികരണങ്ങള്‍ പലപ്പോഴും അവരുടെ പ്രസ്ഥാനങ്ങളുടെ അഭിപ്രായമായിട്ടാണ് കരുതപ്പെടുക. തന്റെ എടുത്തുചാട്ടം കൊണ്ട് അത് തന്റെ പ്രസ്ഥാനത്തിനുകൂടി ദോഷകരമാവുമെന്നു മനസ്സിലാക്കാന്‍ എല്ലാ സംഘടനകളുടെയും തലപ്പത്തിരുന്നുകൊണ്ട് സോഷ്യല്‍ മീഡിയകളില്‍ അഭിരമിക്കുന്നവര്‍ തയ്യാറാവേണ്ടതുണ്ട്. വാക്കുകള്‍ കരുതിമാത്രം ഉപയോഗിക്കുകയും പക്വമായി സംസാരിക്കുകയും ചെയ്യുകയെന്ന പ്രവാചകരീതി അവലംബിക്കാന്‍ ഇസ്‌ലാമിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പണ്ഡിതന്മാരും നേതാക്കളും ജാഗ്രത കാണിക്കുകയും ചെയ്യേണ്ടതുണ്ട്. പൊതുസമൂഹങ്ങളില്‍ ഇടപെട്ടുകൊണ്ട് വലിയ ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന ഉന്നതവ്യക്തികളുടെ ഏതെങ്കിലും ഒരു സംസാരത്തിന്റെ കഷ്ണം എടുത്തുകൊണ്ട് അവര്‍ നിര്‍വഹിക്കുന്ന ഉന്നതമായ ദൗത്യങ്ങളെയും പഠിപ്പിക്കുന്ന ഉദാത്തമായ സംസ്‌കാരത്തെയും അറിയാന്‍ ശ്രമിക്കാതെ, അവരുടെ പ്രവര്‍ത്തന മേഖലയും ചരിത്രവും അന്വേഷിക്കാതെ അവരുടെ മേല്‍ കുതിരകേറുന്ന പ്രവണതകള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉപേക്ഷിക്കുകയും ചെയ്യണം.