വഴിമുട്ടുന്ന നവനാസ്തിക ചിന്തകള്‍

ശാഹുല്‍ പാലക്കാട്

2018 ശവ്വാല്‍ 23 1439 ജൂലായ് 07
ദാര്‍ശനികമായി മൃതപ്രായമെത്തി നില്‍ക്കുകയാണ് നിരീശ്വരവാദം. യുക്തിസഹമായ ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാതെ ഡിങ്കന്‍കളിയിലൂടെയും 'കുരുട വിമര്‍ശന'ങ്ങളിലൂടെയും ശിഷ്ടകാലം തള്ളി നീക്കാനാണ് കൊട്ടിഘോഷിച്ച നവനാസ്തികതയുടെ വക്താക്കളുടെയും പദ്ധതിയെന്ന് വേണം മനസ്സിലാക്കാന്‍. യുക്തിവാദികളുടെ ആദര്‍ശ പരാജയം വെളിച്ചത്ത് കൊണ്ട് വരുന്ന ലേഖനം.

ഇതെഴുതുമ്പോള്‍ നിരീശ്വരവാദം ദാര്‍ശനികമായി ഏതാണ്ട് മരിച്ച നിലയിലാണ് എന്നുതന്നെ പറഞ്ഞു തുടങ്ങാം. ഓരോ ദര്‍ശനവും അത് മുന്നോട്ടുവെക്കുന്ന അടിസ്ഥാന ആശയത്തിനുള്ള ന്യായം നല്‍കുന്നതിലൂടെ മാത്രമാണല്ലോ സജീവമാകുന്നത്. എങ്കില്‍ അന്ധമായ ദൈവമില്ലാവാദം മിനിറ്റില്‍ 60 വട്ടം ഛര്‍ദിച്ചുനടക്കുന്ന നവനാസ്തികതയ്ക്ക് ഇന്നോളമായിട്ടും ഈ അടിസ്ഥാന ആശയത്തെ ന്യായീകരിക്കുന്ന ഒരു വാദം പോലും മുന്നോട്ട്‌വെക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ നവനാസ്തികതയും ചത്തൊടുങ്ങിയതായല്ലേ വിലയിരുത്തേണ്ടത്? സാധാരണയായി നാസ്തിക പ്രമുഖരോട് തന്നെ ഈ ദൈവമില്ലാ വാദത്തിന്റെ തെളിവന്വേഷിച്ചാല്‍ 'ഇല്ല എന്ന് വാദിക്കാന്‍ തെളിവുകളൊന്നും വേണ്ട' എന്ന മുട്ടുന്യായം പറച്ചില്‍ മാത്രമാണ് തിരിച്ച് കേള്‍ക്കേണ്ടി വരുന്നത്. എന്തിനേറെ പറയുന്നു; നവനാസ്തികതയുടെ അന്താരാഷ്ട്ര അപ്പോസ്ഥലനായ റിച്ചാര്‍ഡ് ഡോക്കിന്‍സ് വരെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഒരു പബ്ലിക് ഡയലോഗിനിടെ താന്‍ നൂറുശതമാനം ദൈവമില്ലാന്ന് വാദിക്കുന്നവനല്ലെന്ന് സമ്മതിക്കുന്നുണ്ട്. വളരെ ചെറിയൊരു ശതമാനം മാത്രമാണ് അതിനുള്ള സാധ്യതയായി താന്‍ കരുതുന്നുള്ളൂവെന്ന് പറഞ്ഞ് അദ്ദേഹം അതിനെ ന്യായീകരിക്കാന്‍ നോക്കുന്നുണ്ടെങ്കിലും ഈ ഒരറ്റ പരാമര്‍ശത്തിലൂടെ ഡോക്കിന്‍സ് തന്നെ നാസ്തികവാദത്തിന്റെ വെടി തീര്‍ത്തിരിക്കുകയാണ് എന്ന് തന്നെ പറയാം. അല്‍പം ശതമാനമാണെങ്കിലും ദൈവമുണ്ടാവാനുള്ള സാധ്യതയുമുണ്ടെന്നംഗീകരിച്ചാല്‍ പിന്നെങ്ങനെയാണയാള്‍ നിരീശ്വരവാദിയാവുക? ദൈവം ഉണ്ടാവാനും ഇല്ലാതിരിക്കാനുമുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞാല്‍ പിന്നെ എങ്ങനെയാണ് ആജ്ഞേയവാദി എന്നാണയാള്‍ അറിയപ്പെടുക.

യുക്തിയുക്തമായ ചോദ്യങ്ങളെ നേരിടേണ്ടി വരുമ്പോള്‍ ഡോക്കിന്‍സിന് പോലും ചുവടുമാറ്റിക്കളിക്കേണ്ട ഗതികേടാണുള്ളത്. ദാര്‍ശനികമായി സ്വന്തം നിലപാടുകളെയോ, അതിന്റെ അടിസ്ഥാന ആശയങ്ങളെയോ ന്യായീകരിക്കാന്‍ ഇന്നും അതിന്റെ ആസ്ഥാന ദാര്‍ശനികര്‍ക്ക് പോലും കഴിയാതിരിക്കുന്നെങ്കില്‍ അതിനെ പരാജയമെന്ന് തന്നെയല്ലേ വിലയിരുത്തേണ്ടത്! നവനാസ്തികതയും ദാര്‍ശനികമായി ചത്തൊടുങ്ങിയ അവസ്ഥയിലാണെന്ന് പറഞ്ഞുതുടങ്ങിയത് അതുകൊണ്ടാണ്.

ഈ ആശയദാരിദ്ര്യം നേര്‍ക്കുനേരെ അനുഭവിക്കുന്നതുകൊണ്ടാവാം 'ദൈവമില്ലാവാദം' പറയാന്‍ ഡോക്കിന്‍സ് മുതല്‍ കേരളീയ യുക്തിവാദത്തിന്റെ സംഘത്തലവന്‍മാര്‍ക്ക് പോലും ഇന്ന് വലിയ ഉല്‍സാഹമൊന്നും കാണുന്നില്ല. ശിഷ്ടകാലം മതവിമര്‍ശനത്തിലൂടെയും ഡിങ്കന്‍കളിയിലൂടെയും അതിജീവിച്ച് പോവാമെന്ന പ്രത്യാശ മാത്രമാണ് നവനാസ്തികതയ്ക്ക് ബാക്കിയുള്ളതെന്ന് അവരുടെ വര്‍ത്തമാനകാല പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ചാല്‍ തന്നെ വ്യക്തമാണ്. സ്വന്തം ദര്‍ശനത്തെ ആദര്‍ശപരമായി സമര്‍ഥിക്കാന്‍ കഴിയാതെ മതങ്ങളെ കുറ്റംപറഞ്ഞും കൊഞ്ഞനം കുത്തിയും മാത്രം അതിജീവിച്ച് പോവാമെന്ന ഗതികേടിലേക്ക്് നവനാസ്തികതയ്ക്ക് പരിണമിക്കേണ്ടി വന്നെങ്കില്‍ ഇത് ആശയ ദാരിദ്രമല്ലാതെയെന്താണ്?

പലപ്പോഴും തങ്ങള്‍ ശാസ്ത്രവാദികളാണെന്ന ഓമനപ്പേരോടെയാണ് ചിലര്‍ ഈ ആശയദാരിദ്ര്യത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചു കാണുന്നത്. എന്നാല്‍ ശാസ്ത്ര വളര്‍ച്ചയുടെ പ്രാരംഭഘട്ടം മുതല്‍ ഇങ്ങോട്ട് അതിന്റെ വളര്‍ച്ചയില്‍ ഭൂരിഭാഗം പങ്ക് വഹിച്ചിട്ടുള്ളതും വിവിധ മതദര്‍ശനങ്ങളാണെന്നിരിക്കെ പിന്നെ ഈ ശാസ്ത്രവാദി ചമയലുകൊണ്ട് എന്തര്‍ഥമാണുള്ളത്? നിരീശ്വരവാദികളെ കാര്യമായി ശാസ്ത്രരംഗത്ത് കണ്ടുതുടങ്ങിയത് തന്നെ ശാസ്ത്രം പണം സമ്പാദിക്കാനുള്ള ഉപാധിയായി മാറ്റപ്പെട്ടതില്‍ നിന്നിങ്ങോട്ട് മാത്രമാണ്. അതിനും മുമ്പേ ഒരുപാട് നാഗരികതകളില്‍ ശാസ്ത്രം പൂത്ത് തളിര്‍ത്ത് നിന്നിരുന്നു. മധ്യകാല ഇസ്‌ലാമിക ലോകത്തും ഭാരതത്തിലുമെല്ലാമുണ്ടായ ഈ ശാസ്ത്ര വളര്‍ച്ചയുടെ സുവര്‍ണകാലഘട്ടം നാസ്തികാന്ധവിശ്വാസികള്‍ക്ക് സ്വപ്‌നം പോലും കാണാന്‍ കഴിയാത്തതാണ്. നാസ്തിക ചരിത്രമെടുത്തു നോക്കിയാല്‍ ഭാരതത്തില്‍ കാണാന്‍ കഴിയുന്നതാവട്ടെ ജീവിതലക്ഷ്യങ്ങള്‍ തിന്നുക, കുടിക്കുക, രസിക്കുക, രമിക്കുക എന്നിങ്ങനെയുള്ള ചില അര്‍ഥശൂന്യ സിദ്ധാന്തങ്ങളിലൊതുക്കുന്ന ചാര്‍വാകന്‍മരെയാണ്. ഈ ഭൗതികവാദ വീക്ഷണമാണെങ്കില്‍ ശാസ്ത്രവളര്‍ച്ചയെത്തന്നെ നിരുത്സാഹപ്പെടുത്തുന്നതാണ്. ജീവിതം സുഖിച്ച് മാത്രം തീര്‍ക്കാനുള്ളതാണെന്ന് കരുതുന്നവര്‍ക്കെങ്ങനെയാണ് ഒരു ഫലം പോലും ലഭിക്കുമെന്നുറപ്പില്ലാത്ത, തീവ്രമായ ഏകാഗ്രത ആവശ്യമുള്ള, വിലപിടിച്ച സമയവും പ്രയത്‌നവും ത്യാഗങ്ങളും വേണ്ടിവരുന്ന ശാസ്ത്രത്തിന്റെ ജ്ഞാനമര്‍ഗത്തില്‍ പ്രവേശിക്കാനാവുക?

ഇസ്‌ലാമിക ദര്‍ശനം പ്രകൃതിയെയും പ്രപഞ്ചത്തെയും പഠിക്കല്‍ അതിന് പിറകിലെ ദൈവാസ്തിത്വത്തെ മനസ്സിലാക്കാനുള്ള മാര്‍ഗവും നാളെ പരലോകത്ത് പ്രതിഫലമര്‍ഹിക്കുന്ന പുണ്യകര്‍മമായും പഠിപ്പിക്കുമ്പോള്‍ ഇതിന് നിരീശ്വരന്മാര്‍ക്ക് എന്താണ് പ്രേരണയായുള്ളത്? എന്ന് മാത്രമല്ല നിരീശ്വരവാദത്തിന്റെ അടിസ്ഥാന ആശയമെടുത്ത് പരിശോധിച്ചാല്‍ തന്നെ അന്ധമായ ശാസ്ത്ര വിരുദ്ധത മാത്രമാണത് എന്ന് വ്യക്തമാണ്.

പേര്‍ സൂചിപ്പിക്കുന്നതുപോലെത്തന്നെ പഞ്ചേന്ദ്രീയാതീതമോ പ്രപഞ്ചഹേതുവോ ആയ ഒരസ്തിത്വത്തെ അന്ധമായി നിഷേധിക്കുക എന്നിടത്താണല്ലോ നിരീശ്വരവാദത്തിന്റെ നിലനില്‍പ്പ് തന്നെ. ഇതുപോലൊരു അന്ധമായ നിഷേധസ്വരം താങ്ങിനടക്കുന്നതിലുള്ള പ്രശ്‌നമിതൊക്കെയാണ്:

1) യാതൊരു തെളിവുകളുടെയും പിന്‍ബലം കൂടാതെ അന്ധമായി 'ഇല്ല' എന്ന വാദം ഛര്‍ദിക്കുന്നത് ഒന്നാംതരം ശാസ്ത്ര വിരുദ്ധതയാണ്.

2) 'ഇല്ല' എന്ന് തീര്‍പ്പ് കല്‍പിക്കുന്നിടത്ത് സകലവിധ അന്വേഷണങ്ങളും അവസാനിക്കുന്നു. ഉദാഹരണത്തിന് ആറ്റങ്ങളെ കണ്ണുകൊണ്ട് കാണുന്നില്ല; അതുകൊണ്ട് ആറ്റങ്ങള്‍ തന്നെയില്ല എന്നു വാദിക്കുന്ന ഒരാളെ സംബന്ധിച്ച് ആറ്റത്തിന്റെ ഘടനയെയോ, ഗുണത്തെയോ, നിലനില്‍പിനെയോ കുറിച്ച് യാതൊന്നും പഠിക്കേണ്ടി വരുന്നില്ല.

3) മനുഷ്യന്റെ അന്വേഷണബുദ്ധിക്കും അതിലൂടെ ആര്‍ജിച്ചെടുക്കുന്ന പുരോഗതിക്കുമൊക്കെ വിരുദ്ധമാണ് അന്ധമായി ഇല്ലായെന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന ഇത്തരമൊരു നാസ്തികത പിടിവാശി.

നിരീശ്വരവാദം അതിന്റെ അടിസ്ഥാന ആശയംകൊണ്ട് തന്നെ ഇത്രയും ശാസ്ത്രവിരുദ്ധവും അന്ധവിശ്വാസവുമാണെന്ന് വ്യക്തമാണെങ്കിലും അതിനെ ശാസ്ത്രത്തിന്റെ പേരില്‍ തള്ളിക്കയറ്റാന്‍ നോക്കുന്നവര്‍ക്ക് ശാസ്ത്രമെന്താണെന്ന് പോലും തിരിഞ്ഞിട്ടില്ലെന്ന് വേണം കരുതാന്‍. ഈ അന്ധവിശ്വാസത്തെ സ്ഥാപിക്കാന്‍ മറ്റൊരു ന്യായമായി പറയുന്നതാവട്ടെ പദാര്‍ഥപരമായ ഒരു വസ്തുവിനെ അനുഭവിച്ചറിയുന്നത് പോലെ ദൈവത്തെ ശാസ്ത്രമുപയോഗിച്ച് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നും അതുകൊണ്ട് ദൈവമില്ലെന്നുമാണ്. എന്നാലിത് തന്നെ ഇവര്‍ക്ക് ശാസ്ത്രമെന്താണെന്നോ ദൈവമെന്താണെന്നോ മനസ്സിലായിട്ടില്ലെന്നതിന് ഉത്തമ ഉദാഹരണമാണ്. അല്ലെങ്കില്‍ ഇതുപോലുള്ള മഹാവൈരുധ്യങ്ങളെ ഒരു ന്യായമായി കൊണ്ടുനടക്കുമോ?

1) പദാര്‍ഥപരമായ സീമകള്‍ക്കെല്ലാം അപ്പുറവും പദാര്‍ഥലോകത്തിന്റെ തന്നെ ഉല്‍പത്തിക്ക് കാരണഹേതുവായതുമായ അസ്തിത്വത്തെയാണ് ദൈവമെന്ന് വിളിക്കുന്നത്.

2) പ്രപഞ്ചവു നാമനുഭവിക്കുന്ന സ്ഥലകാല ദ്രവ്യമാനങ്ങളുമെല്ലാം പ്രപഞ്ചോല്‍പത്തിയോടെ മാത്രമുണ്ടായവയാണ്.

3) അങ്ങനെയുള്ള പ്രപഞ്ചം മൊത്തമായെടുത്താല്‍ ഒരു മണ്‍തരിയുടെയത്ര പോലും സ്ഥാനമില്ലാത്തത്ര നിസ്സാരമായ ഭൂമിയില്‍ ജനിച്ചുജീവിക്കുന്ന, തന്റെ ചുറ്റുപാടിനനുസരിച്ചുള്ള യുക്തിയും ഇന്ദ്രിയങ്ങളുമടങ്ങിയ ജീവിയാണ് മനുഷ്യന്‍.

4) ഈ മനുഷ്യന്‍ അവന്റെ ചുറ്റുപാടിനെ പഠിക്കാനുപയോഗിക്കുന്ന ഉപാധി മാത്രമാണ് ശാസ്ത്രം.

(Science is the intellectual and practical activity encompassing the systematic study of the structure and behaviour of the physical and natural world through observation and experiment)

ഈ ശാസ്ത്രത്തിന്റെ methodology അനുസരിച്ച് ഒരു വിഷയം ശാസ്ത്രത്തിന്റെ കീഴില്‍ വരണമെങ്കില്‍ മൂന്ന് കാര്യങ്ങള്‍ ബാധകമാണ്.

1) Experimental ആവണം.

2) Observable ആയിരിക്കണം.

3) Physical/Natural ആവണം.

ദൈവം ഭൗതികമായ ഇത്തരം പരികല്‍പനകള്‍ക്കെല്ലാം അതീതവും ഇങ്ങനെയൊരു ഭൗതിക ലോകത്തിന്റെ തന്നെ സ്രഷ്ടാവുമാണെന്നിരിക്കെ പദാര്‍ഥത്തെ വിലയിരുത്തുന്ന ഈ methodology കൊണ്ട് അതിന്റെ സ്രഷ്ടാവിനെ നിരാകരിക്കാനിറങ്ങുന്നവര്‍ക്ക് വിവരമില്ലായ്മ ലേശമൊന്നുമല്ല എന്നുതന്നെ പറയാം. കാരണം ഒരു വിഷയത്തെ മനസ്സിലാക്കാന്‍ അതിന് യോജിച്ച ജ്ഞാനമാര്‍ഗത്തെ തന്നെ ഉപയോഗിക്കണം എന്നതാണ് യുക്തി. കാഴ്ച കാണുന്നതിന് കണ്ണിനെത്തന്നെ ഉപയോഗിക്കണം; മറിച്ച് കാതുകൊണ്ട് കാഴ്ച കാണുന്നില്ലെന്നും അതുകൊണ്ട് കാഴ്ച തന്നെയില്ലെന്നും വാദിച്ചാല്‍ അത് എത്ര വലിയ വിഡ്ഢിത്തമാവുമോ അതിന് സമാനമാണ് ഇത്തരം നാസ്തിക ന്യായങ്ങളും. ഉത്തരം മുട്ടുമ്പോള്‍ നാസ്തികവാദം ആകെ മുന്നോട്ട് വെക്കുന്ന വാദങ്ങള്‍ തന്നെ മഹാവൈരുധ്യങ്ങളാണെന്ന് ചുരുക്കം. ദൈവാസ്തിത്വത്തെ ബോധ്യപ്പെടാനാണെന്നുണ്ടെങ്കില്‍ അത് ശുദ്ധയുക്തിയില്‍ നിന്ന്തന്നെ വ്യക്തമാണെന്നതാണ് സത്യം. അബൂഹുറയ്‌റ(റ) നിവേദനം ചെയ്ത് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച പ്രസിദ്ധമായ ഹദീഥില്‍ ഇങ്ങനെ കാണാം: 'എല്ലാ കുട്ടികളും ജനിക്കുന്നത് ശുദ്ധ പ്രകൃതിയോടെയാണ്. എന്നിട്ട് അവന്റെ മാതാപിതാക്കളാണ് അവനെ യഹൂദിയും ക്രിസ്ത്യാനിയും മജൂസിയുമാക്കുന്നത്.'

മനുഷ്യന്റെ നൈസര്‍ഗികമായ പ്രകൃതത്തെ കാണിക്കാന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദമാണ്  'ഫിത്വ്‌റത്' എന്നത്.  ഇസ്‌ലാമിക ലോകത്ത് വലിയ രീതിയില്‍ വിശകലനവിധേയമാക്കപ്പെട്ട വാക്കാണിത്. പതിനാലാം നൂറ്റാണ്ടിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ബഹുമുഖ പ്രതിഭയുമായ ഇബ്‌നു തൈമിയ്യ ഇതിനെ വിശദീകരിക്കുന്നതിങ്ങനെയാണ്: 'സ്രഷ്ടാവിലുള്ള ബോധം സര്‍വ മനുഷ്യരുടെയും ഹൃദയങ്ങളില്‍ രൂഢമൂലമായി ഉള്ളതാണ്. മനുഷ്യന്റെ സൃഷ്ടിപ്പില്‍ നിന്നുണ്ടായ ബഹിസ്ഫുരണമാണത്.' പന്ത്രണ്ടാം നൂറ്റാണ്ടിലെ പ്രമുഖ പണ്ഡിതനായ അല്‍ റാഇബ് അല്‍ അസ്ഫാനിയും സമാനമായ രീതിയില്‍ ഇങ്ങനെ വിശദീകരിക്കുന്നു: 'ദൈവത്തിലുള്ള ബോധം ആത്മാവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.'

ഇതില്‍ നിന്നും ദൈവവിശ്വാസത്തെ സംബന്ധിച്ച ഇസ്‌ലാമിക വീക്ഷണം ഇങ്ങനെ സംഗ്രഹിക്കാം:

1) സര്‍വ മനുഷ്യരും തന്റെ സ്രഷ്ടാവിന്റെ അസ്തിത്വത്തെ ഉള്‍ക്കൊള്ളുന്നവരായാണ് ജനിക്കുന്നത്. മനുഷ്യന്റെ നൈസര്‍ഗികമായ ഗുണം തന്നെയതാണ്.

2) ഈ ശുദ്ധപ്രകൃതിയില്‍ നിന്നുള്ള വ്യതിചലനമാണ് മനുഷ്യനെ ഇതര ചിന്താഗതിക്കാരാക്കുന്നത്.

ഇസ്‌ലാമികമായ ഈ സാമൂഹ്യവീക്ഷണത്തെ അംഗീകരിക്കുന്നത് തന്നെയാണ് ശാസ്ത്രീയമായി നടന്നിട്ടുള്ള മിക്ക പഠനഫലങ്ങളും. ഇവ്വിഷയത്തില്‍ ഇരുപത് രാജ്യങ്ങളിലായി വ്യത്യസ്ത സാമൂഹ്യ ചുറ്റുപാടുകളില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനം പ്രധാനപ്പെട്ടതാണ്. മനുഷ്യന്‍ ദൈവത്തിലും പരലോകത്തിലും വിശ്വസിക്കാനുതകുന്ന നൈസര്‍ഗിക ചോദനയോടെയാണ് ജനിക്കുന്നത് എന്നതുതന്നെയായിരുന്നു പഠനഫലങ്ങളും വ്യക്തമാക്കിയത്.

പ്രൊഫസര്‍ ജസ്റ്റിന്‍ ബാരറ്റ് (Prof. Justin Barrett)  തന്റെ Born Believers: The Science of Children's Religious Belief എന്ന കൃതിയില്‍ ഈ ശുദ്ധപ്രകൃതിയെ അംഗീകരിച്ച് കൊണ്ട് കുഞ്ഞുങ്ങളിലെ ഈ നൈസര്‍ഗിക ബോധത്തെ വിളിക്കുന്നത് "Natural religion' എന്നാണ്. അഥവാ മനുഷ്യന്‍ എങ്ങനെ തന്റെ ഇന്ദ്രിയങ്ങളുപയോഗിച്ച് ചുറ്റുപാടുകളെ മനസ്സിലാക്കുന്നുവോ അതുപോലെ തന്റെ ശുദ്ധപ്രകൃതിയില്‍ നിന്നുണ്ടാവുന്ന ആത്മീയമായ ബോധ്യമാണ് ദൈവാസ്തിത്വം. എന്ന് മാത്രമല്ല മനുഷ്യന്റെ ശാരീരിക സംവിധാനങ്ങള്‍ തന്നെ സ്രഷ്ടാവിലുള്ള ബോധ്യം വര്‍ധിപ്പിക്കുന്ന തരത്തിലാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഇവ്വിഷകരമായി ഡ്യൂക്ക് യൂനിവേഴ്‌സിറ്റി (ഊസല ഡിശ്‌ലൃശെ്യേ)യിലെ ഗവേഷകര്‍ നടത്തിയ പഠനമിങ്ങനെയാണ്: 35നും 64നുമിടയില്‍ പ്രായമുള്ള 83 പുരുഷന്മാര്‍ക്കിടയില്‍ ചിലരില്‍ ഓക്‌സിടോസിന്‍ ഹോര്‍മോണ്‍ (Oxycontin hormone) കുത്തിവെച്ചും ചിലരില്‍ അതല്ലാതെയും ഉപയോഗിച്ച് ഗവേഷണം നടന്നു. ഇവര്‍ക്കിടയില്‍ തന്നെ ആരിലൊക്കെയാണ് ഓക്‌സിടോസിന്‍ കുത്തിവയ്ക്കപ്പെട്ടതെന്നത് രഹസ്യമാക്കി വെക്കപ്പെട്ടു. ശേഷം നടന്ന പഠനഫലങ്ങള്‍ പറയുന്നത് ജീവിതത്തിന് അര്‍ഥതലം നല്‍കുന്ന ഉയര്‍ന്ന ഒരസ്തിത്വത്തിലുള്ള അവബോധം ഓക്‌സിടോസിന്‍ ഹോര്‍മോണുകള്‍ കുത്തിവയ്ക്കപ്പെട്ടവരില്‍ കൂടുതലായി ഉണ്ടാവുന്നു എന്നാണ്. സാധാരണയായിത്തന്നെ ഈ ഹോര്‍മോണുകള്‍ വിവിധ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് മനുഷ്യമസ്തിഷ്‌കത്തിലെ പ്രധാനഭാഗമായ ഹൈപ്പോതലാമസ് ഉല്‍പാദിപ്പിക്കുന്നുണ്ട്. അതിനര്‍ഥം സ്രഷ്ടാവിനെ സംബന്ധിച്ച പൊതുബോധം നൈസര്‍ഗികമായിത്തന്നെ മനുഷ്യനിലുണ്ടെന്ന് മാത്രമല്ല ആ അവബോധത്തെ വളര്‍ത്തിക്കൊണ്ടു വരുന്നതാണ് മനുഷ്യന്റെ ആന്തരിക സംവിധാനങ്ങള്‍ തന്നെ. അതായത് ദൈവം എന്നത് മനുഷ്യന്റെ അസ്തിത്വവുമായി ബന്ധപ്പെട്ടുകിടക്കുന്ന പരമാര്‍ഥമാണ് (Self evident truth). അല്ലാതെ പുറത്തുനിന്നും കേവലമായി പഠിച്ചെടുക്കുന്ന ഒന്നല്ല അത്. തന്നെ ചുറ്റിയുള്ള ലോകം പരമാര്‍ഥമാണെന്ന് മനുഷ്യന്‍ ശുദ്ധയുക്തിയില്‍ നിന്നുമുള്‍ക്കൊള്ളുന്ന പോലെ, നന്മയും തിന്മയും ഉണ്ടെന്ന് ഉള്‍ക്കൊള്ളുന്ന പോലെ ശുദ്ധയുക്തിയില്‍ നിന്നും അസ്തിത്വപരമായി വ്യക്തമായ ഉണ്മയാണ് ദൈവം. ഇവിടെ സ്വന്തം അസ്തിത്വത്തില്‍ നിന്ന് തന്നെ വ്യക്തമായ സത്യത്തെ നിരാകരിച്ച് അന്ധമായ ദൈവമില്ലാ സിദ്ധാന്തം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനാണ് തെളിവുകള്‍ ആവശ്യം.

രണ്ടാമതായി ഈ ശുദ്ധയുക്തിയെ നിരാകരിച്ച് അന്ധമായ ദൈവനിഷേധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരോടായി വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് സകലതിന്റെയും സൃഷ്ടിപ്പിനെക്കുറിച്ച് ചിന്തിക്കാനും അതിലൂടെ യുക്തിയുപയോഗിച്ച് ദൈവാസ്തിത്വത്തെ മനസ്സിലാക്കാനുമാണ്.

''അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്?''(ക്വുര്‍ആന്‍ 52:35,36).

നമുക്ക് മുന്നിലൊരു പ്രപഞ്ചം നിലനില്‍ക്കുന്നുണ്ട് എന്നതൊരു സത്യമാണ്. എങ്കില്‍ അതിന്റെ ഉല്‍പത്തിക്ക് കാരണമായ സാധ്യതകളെ ഇങ്ങനെ വര്‍ഗീകരിക്കാം:

1) ഒന്നുമില്ലായ്മയില്‍ നിന്നുമുണ്ടായി.

2) സ്വയം സൃഷ്ടിച്ചു.

3) മറ്റൊരു ഭൗതിക അവസ്ഥ സൃഷ്ടിച്ചു.

4) ഭൗതികേതരമായ, കാര്യ കാരണങ്ങള്‍ക്കതീതമായ, സൃഷ്ടിക്കപ്പെടാത്ത ഒരസ്തിത്വം സൃഷ്ടിച്ചു.

നിരീശ്വരവാദത്തെ ഒരു സാധ്യതയായെങ്കിലും അംഗീകരിക്കണമെന്നുണ്ടെങ്കില്‍ മുകളില്‍ തന്നിട്ടുള്ളതില്‍ നിന്നും ആദ്യത്തെ മൂന്നെണ്ണത്തിലേതെങ്കിലുമൊന്ന് തെളിയിക്കണം. എന്നാല്‍ നിരീശ്വരാന്ധത മാറ്റിവച്ച് വിശകലനം ചെയ്താല്‍ ഇവ മൂന്നും സമ്പൂര്‍ണമായ അബദ്ധങ്ങളാണെന്ന് ശുദ്ധയുക്തിയില്‍ നിന്ന് തന്നെ വ്യക്തമാവും.

നമുക്കെല്ലാവര്‍ക്കുമറിയാം; ഒന്നുമില്ലായ്മയില്‍ നിന്നും ഒരുകാരണവും പ്രവര്‍ത്തിക്കാതെ വെറുതെഎന്തെങ്കിലും ഉണ്ടായിവരിക എന്നത് നിരര്‍ഥക സിദ്ധാന്തം മാത്രമാണെന്ന്. പൂജ്യം കൂട്ടണം പൂജ്യം കൂട്ടണം പൂജ്യം എന്നിങ്ങനെ എത്രതന്നെ കൂട്ടിയാലും ഒന്ന് എന്ന ഉത്തരം കിട്ടില്ലല്ലോ. അതുകൊണ്ട് തന്നെ ഇതിലെ ഒന്നാമത്തെ സാധ്യത യുക്തിസഹമല്ല. രണ്ടാമതായി പ്രപഞ്ചം സ്വയം സൃഷ്ടിച്ചു എന്ന് വാദിക്കണമെങ്കില്‍ സൃഷ്ടിക്കാന്‍ ആദ്യം തന്നെ ആ അസ്തിത്വം നിലനില്‍േക്കണ്ടേ? ഇല്ലാത്ത ഒന്നെങ്ങനെയാണ് സ്വയം സൃഷ്ടിക്കുക? നിങ്ങള്‍ നിങ്ങളെത്തന്നെ പ്രസവിക്കുകയായിരുന്നു എന്ന് പറയും പോലൊരു അബദ്ധ പ്രസ്താവന മാത്രമാണിതും. ഇനി ഭൗതികമായ മറ്റൊരു അവസ്ഥയാണ് ഈ പ്രപഞ്ചത്തിന് കാരണമെന്ന് വാദിച്ചാലോ? അതും യുക്തിസഹമാവില്ല! മറ്റൊരു ഭൗതിക അവസ്ഥയാണെന്നുണ്ടെങ്കില്‍ അതിന്റെ ഉല്‍പത്തിക്ക് കാരണമായതെന്തെന്ന ചോദ്യം വരും. ഇങ്ങനെ പിറകോട്ട് പോയാല്‍ കാര്യകാരണങ്ങളുടെ ഒരനന്തമായ ശ്രേണിയാവും ഉണ്ടാവുക. എന്നാലിതും സാധ്യമല്ല. അനന്തതയെന്നാല്‍ അറ്റമില്ലാത്തത് എന്നാണ്. എങ്കില്‍ പിന്നെയെങ്ങനെ അറ്റമില്ലാത്ത കാര്യകാരണ ബന്ധങ്ങളുടെ ഈയറ്റത്ത് നമ്മളുണ്ടാവും? അനന്തമായ (Infinite) രേഖയെ ഞാനിന്ന് മുറിച്ചുകടന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ? ഇല്ലെങ്കില്‍ പിന്നെയെങ്ങനെ അനന്തമായ കാര്യകാരണ ബന്ധങ്ങളുടെ പിന്നാമ്പുറങ്ങളെ മുറിച്ച്കടന്ന് നാമിവിടെയെത്തും?

ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം: നിങ്ങള്‍ ഒരു പ്രവൃത്തി ചെയ്യാന്‍ പോവുന്നെന്നും അത് ചെയ്യാന്‍ മറ്റൊരാളുടെ സമ്മതം വേണമെന്നും കരുതുക. അയാള്‍ സമ്മതം നല്‍കാന്‍ മറ്റൊരാളുടെ സമ്മതവും. അതിന് മറ്റൊരാളുടെ സമ്മതവുമെന്നിങ്ങനെ ഈ ശൃംഖല പിറകോട്ട് അനന്തമായി നീണ്ടുപോകുന്നുവെന്നുമിരിക്കട്ടെ. നിങ്ങള്‍ക്കെന്നെങ്കിലും ആ പ്രവൃത്തി ചെയ്യാനുള്ള അനുവാദം വന്നെത്തുമോ? അതുപോലുള്ള, കാര്യകാരണബന്ധങ്ങളുടെ അനന്തമായ പിന്നാമ്പുറമാണ് പ്രപഞ്ചത്തിന് പിറകിലെങ്കില്‍ ആ അനന്തതയെയും താണ്ടി പ്രപഞ്ചമെന്ന ഫലം ഉണ്ടാകുമോ? ഇല്ല! അപ്പോള്‍ ഭൗതികവാദം മുന്നോട്ടുവയ്ക്കുന്ന ലോക വീക്ഷണങ്ങളെല്ലാം ഒരു സാധ്യതപോലും അവശേഷിക്കാത്ത അബദ്ധസിദ്ധാന്തങ്ങളാണെന്ന കാര്യം വ്യക്തമാണ്. എന്നുമാത്രമല്ല കാര്യകാരണ ബന്ധങ്ങള്‍ (Cause effect relation)ക്കെല്ലാം അതീതമായ സര്‍വതിനും കാരണമായ, സര്‍വതിനെയും ഈ രൂപത്തില്‍ സംവിധാനിച്ച ആദിഹേതുവായൊരസ്തിത്വം ഉണ്ടായിരിക്കുക എന്നത് മാത്രമാണ് യുക്തിപൂര്‍വമായി അവശേഷിക്കുന്ന ഏക സാധ്യതയെന്ന് വ്യക്തമാണ്.