സര്‍ക്കാറിനെതിരെ സംസാരിക്കല്‍ രാജ്യദ്രോഹമോ?

പത്രാധിപർ

2018 സെപ്തംബര്‍ 15 1439 മുഹര്‍റം 04

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇടതുപക്ഷ-മനുഷ്യാവകാശ പ്രവര്‍ത്തകരായ അഞ്ചു പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അറസ്റ്റു ചെയ്യുകയും നാലുപേരുടെ വീടുകളില്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍ നടത്തുകയും ചെയ്തത് രാജ്യവ്യാപകമായി വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. ദളിതര്‍ക്കും ആദിവാസികള്‍ക്കും രാഷ്ട്രീയ തടവുകാര്‍ക്കും വേണ്ടി പ്രവര്‍ത്തക്കുന്നവരാണ് ഇവരെല്ലാം. 

ഒരു ജനാധിപത്യ രാഷ്ട്രം എന്നതില്‍നിന്ന് ഏകാധിപത്യത്തിലേക്ക് രാജ്യത്തെ നയിക്കുന്നതിന്റെ സമകാലിക അടയാളങ്ങളില്‍ ഒന്നുമാത്രമാണിത്. വിമര്‍ശനങ്ങളെ സഹിക്കാന്‍ കഴിയാതിരിക്കുക എന്നത് ഫാഷിസത്തിന്റെ അടയാളമാണ്. ഒരേയൊരു പാര്‍ട്ടി, ഒരേയൊരു മതം, ഒരേയൊരു ഭാഷ മാത്രമുള്ള ഇന്ത്യയാണ് ചിലര്‍ സ്വപ്‌നം കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇന്ത്യയെ ഒരു ഏകശിലാ രാഷ്ട്രമാക്കി മാറ്റുവാന്‍ കഴിയുമെന്ന് കരുതുന്നത് വ്യാമോഹം മാത്രമാണ്. വൈവിധ്യങ്ങളാണ് ഇന്ത്യയെ ഇന്ത്യയാക്കുന്നത്. ഈ വൈവിധ്യങ്ങളെ ഇല്ലാതാക്കി മാറ്റുവാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു എന്നത് കാണാതിരുന്നു കൂടാ.  

ഈ അവസരത്തിലാണ് കേന്ദ്ര നിയമ കമ്മീഷന്‍ രണ്ടു വര്‍ഷത്തിലേറെയായി വിദഗ്ധാഭിപ്രായ സ്വരൂപണത്തിലൂടെ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ 2016 ജൂണില്‍ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പിനായി ബി.ജെ.പി പുറത്തിറക്കിയ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്നായിരുന്നു. ഈ നീക്കത്തിന് തീരിച്ചടിയായി ഏകീകൃത സിവില്‍േകാഡ് നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിന് ആവശ്യമില്ലെന്നും രാജ്യം അത് ആഗ്രഹിക്കുന്നില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഭരണകൂടത്തിനെതിരെ സംസാരിക്കുന്നത് രാജ്യദ്രോഹ കുറ്റമല്ലെന്നും നിയമ കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്.രാജ്യദ്രോഹ നിയമം (ഇന്ത്യന്‍ ശിക്ഷാ നിയമം 124-എ) സംബന്ധിച്ച ചര്‍ച്ചാ രേഖയിലാണ് നിയമ കമ്മീഷന്റെ ഈ വിലയിരുത്തല്‍. ഭരിക്കുന്നവരുടെ നയത്തിന് നിരക്കാത്ത ഒരു ചിന്താധാര പ്രകടിപ്പിച്ചതിന്റെ പേരില്‍ മാത്രം ഏതെങ്കിലും വ്യക്തിയുടെ പേരില്‍ രാജ്യദ്രോഹ

കുറ്റം ചുമത്തരുത്. പൊതുസമാധാനം തകര്‍ക്കുക, അക്രമത്തിലൂടെയോ നിയമവിരുദ്ധ മാര്‍ഗത്തിലൂടെയോ

സര്‍ക്കാറിനെ അട്ടിമറിക്കുക, എന്നീ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുമ്പോഴാണ് രാജ്യദ്രോഹ കുറ്റം ചുമത്തേണ്ടതെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു.

അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അനിവാര്യതയാണ്. ക്രിയാത്മകമായ വിമര്‍ശനങ്ങളും ചര്‍ച്ചകളും ജനാധിപത്യ പ്രകിയക്ക് ആക്കം കൂട്ടുകയേയുള്ളൂ. സര്‍ക്കാറിന്റെ നയത്തിെല പിഴവുകള്‍ ചൂണ്ടിക്കാണിക്കപ്പെടണം. അവകാശങ്ങള്‍ നേടിയെടുക്കുവാനായി സമരം ചെയ്യേണ്ടി വന്നാല്‍ നിയമപരമായ രീതിയില്‍ സമരം ചെയ്യണം. അതിനൊന്നും സ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെ എന്തിനാണ് ബ്രിട്ടീഷുകാരെ നാം ആട്ടിയോടിച്ചത്? വിയോജിപ്പും വിമര്‍ശനവും ഊര്‍ജസ്വലമായ പൊതുചര്‍ച്ചയുടെ അവശ്യഘടകങ്ങളാണ്. അതിനുള്ള അവസരങ്ങള്‍ നിഷേധിക്കല്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ക്രൂരതയാണ്. 

0
0
0
s2sdefault