ആരും ശാശ്വതരല്ല

പത്രാധിപർ

2018 ഏപ്രില്‍ 07 1439 റജബ് 20

സുരക്ഷിതമായ ജീവിതം എന്നത് മനുഷ്യന്റെ വലിയ ആഗ്രഹമാണ്. ഭാവി ഭദ്രമാക്കുവാനും ജീവിതം സുരക്ഷിതമാക്കുവാനുമായി എന്തെല്ലാം കാര്യങ്ങളാണ് മനുഷ്യന്‍ ചെയ്തുകൊണ്ടിരിക്കുന്നത്! ഇന്‍ഷൂറന്‍സ് പദ്ധതികളടക്കമുള്ള, വിവിധ സാമൂഹ്യ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നവരാണ് പലരും. കുട്ടികളുടെ ഭാവി ഭദ്രമാക്കുന്നതിനായി, മികച്ച വിദ്യഭ്യാസവും മികച്ച തൊഴിലുമടക്കമുള ജീവിത സുരക്ഷാപദ്ധതികള്‍ ആസൂ്രതണം ചെയ്യാന്‍ ഓരോ രക്ഷിതാവും സന്നദ്ധനാകുന്നു. പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമില്ലാത്ത 'നല്ലനാളെ' എന്ന ശോഭനമായ ഭാവിക്കായി നാം അക്ഷീണം പരിശ്രമിക്കുന്നു. പകലന്തിയോളം മാത്രമല്ല, രാവിന്റെ സിംഹഭാഗവും തൊഴിലെടുക്കുന്നവരുണ്ട്. എല്ലാം നാളെയുടെ സുരക്ഷ ലക്ഷ്യംവെച്ചുകൊണ്ടു മാത്രം. 

ജീവിത വിഭവങ്ങള്‍ വെട്ടിപ്പിടിക്കുവാനും ഭാവി സുഭദ്രമാക്കുവാനും സുഖങ്ങള്‍ ആസ്വദിക്കുവാനുമുള്ള തത്രപ്പാടിനിടയിലായിരിക്കും മരണം കടന്നുവരുന്നത്. അതോടെ നമ്മുടെ ആസൂത്രണവും സുരക്ഷാപദ്ധതികളും മുഴുവന്‍ വ്യവഹാരങ്ങളും അവസാനിക്കുന്നു. ഇത് അറിയാത്തവരല്ല നാമാരും. എന്നിട്ടും മനുഷ്യന്‍ ദുരഭിമാനത്തിന്റെയും അഹങ്കാരത്തിന്റെയും കൊടുമുടിയില്‍ കയറിനിന്ന് താനിവിടെ ശാശ്വതനാണെന്ന മട്ടില്‍ വിരാജിക്കുന്നു. ധാര്‍മിക നിയമങ്ങളും സദാചാരസംഹിതകളും തച്ചുതകര്‍ക്കുന്നു. ജാതിയുടെയും മതത്തിന്റെയും വര്‍ഗത്തിന്റെയും വര്‍ണത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും കക്ഷിരാഷ്ട്രീയത്തിന്റെയുമൊക്കെ പേരില്‍ ചോരപ്പുഴകള്‍ ഒഴുക്കുന്നു. 

മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല. സൃഷ്ടിച്ച ദൈവം എല്ലാവരെയും പുനര്‍ജീവിപ്പിക്കും. അതിന് അവനൊരു ദിവസവും നിശ്ചയിച്ചിട്ടുണ്ട്. നാളത്തെ ജീവിതം മരണ ശേഷമുള്ള പരലോക ജീവിതമാണ്. ആ ജീവിതത്തില്‍ മനുഷ്യന് മരണമില്ല. അവിടെ രണ്ടുതരം ജീവിതമാണ് ദൈവം വാഗ്ദാനം ചെയ്യുന്നത്. ഒന്ന് നിത്യ സൗഭാഗ്യത്തിന്റെയും നിത്യാനന്ദത്തിന്റെയും കേന്ദ്രമായ സ്വര്‍ഗം. മറ്റൊന്ന് നിത്യ പീഡനത്തിന്റെ സങ്കേതമായ നരകം. നരകത്തിലായാലും സ്വര്‍ഗത്തിലായാലും അവിടെ മരണമില്ല. അതിനാല്‍ ബുദ്ധിമാന്മാര്‍ മത്സരിക്കേണ്ടത് സ്വര്‍ഗം കരസ്ഥമാക്കുവാനും നരകത്തില്‍ കടക്കാതെ രക്ഷപ്പെടുവാനുമാണ്. അതാണ് നാളെയുടെ രക്ഷ. സ്രഷ്ടാവായ ദൈവത്തെ അംഗീകരിക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്തവര്‍ക്ക് മാത്രമെ നാളെ പരലോകത്ത് രക്ഷ ലഭിക്കുകയുള്ളൂ. 

''ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ പൂര്‍വികരെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍ വേണ്ടി'' (ക്വുര്‍ആന്‍ 2:21).

മരണത്തോടുകൂടി ജീവിതം അവസാനിക്കുമെന്നത് ചിലരുടെ മിഥ്യാ ധാരണയാണ്. മരണാനന്തര ജീവിതം സത്യവും ബുദ്ധിയുടെ തേട്ടവുമാണ്. നന്മ തിന്മകള്‍ക്കുള്ള രക്ഷാശിക്ഷകള്‍ ഈ ലോകത്ത് പൂര്‍ണമായി നമുക്ക് നല്‍കാനാവില്ല. ഒരാളെ കൊന്നാലും നൂറുപേരെ കൊന്നാലും ഭൗതിക കോടതികള്‍ക്കു നല്‍കാനുള്ള ശിക്ഷകള്‍ വ്യത്യസ്തമല്ല. അതിനുള്ള കൃത്യമായ വേദിയാണ് പരലോകം. അല്ലാഹു ക്വുര്‍ആനില്‍ പറയുന്നത് കാണുക.

''ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ മാത്രമെ നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല''(3:185).