പ്രപഞ്ചത്തിലേക്ക് മിഴിതുറക്കുക

പത്രാധിപർ

2018 ഒക്ടോബര്‍ 20 1440 സഫര്‍ 09

അറിവ് കരസ്ഥമാക്കുന്നതിനെ ഇസ്‌ലാമിനോളം പ്രോത്സാഹിപ്പിച്ച ഒരു മതമോ പ്രത്യയശാസ്ത്രമോ ലോകത്തില്ല എന്ന് പറയുന്നതില്‍ അല്‍പം പോലും അതിശയോക്തിയുണ്ടെന്ന് തോന്നുന്നില്ല. മുഹമ്മദ് നബിﷺക്ക് ആദ്യമായി അവതീര്‍ണമായ ക്വുര്‍ആന്‍ വചനങ്ങള്‍ തന്നെ വായനക്കും ആഴത്തിലുള്ള പഠനത്തനും ചിന്തക്കും പ്രേരണ നല്‍കുന്നതാണെന്ന് കാണാം.

പൗരാണിക കാല മുസ്‌ലിം സമൂഹം ക്വുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും അന്തസ്സത്തയുള്‍ക്കൊണ്ട് സകല വിജ്ഞാനീയങ്ങളിലും വ്യുല്‍പത്തി നേടുവാന്‍ ശ്രമിച്ചിരുന്നതായി ചരിത്രം വ്യക്തമാക്കുന്നു. രാഷ്ട്രീയപരവും സാമൂഹ്യപരവുമായ കാരണങ്ങളാല്‍ പില്‍ക്കാലത്ത് ഈ രംഗത്ത് മുസ്‌ലിം ലോകം അല്‍പം പുറകോട്ടടിച്ചു എന്നത് വസ്തുതയാണ്. 

ആഴത്തിലുള്ള പഠനത്തിലൂടെയും ചിന്തയിലൂടെയും ദൈവാസ്തിത്വം തിരിച്ചറിയാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. സൃഷ്ടിപ്പിന്റെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ട് ക്വുര്‍ആന്‍ നല്‍കുന്ന വിവരണങ്ങളും വിജ്ഞാനങ്ങളും വിശ്വാസ ദൃഢീകരണത്തിനുതകുന്നതാണ്.  

''ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകളുടെ മാറ്റത്തിലും മനുഷ്യര്‍ക്കുപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും ആകാശത്തു നിന്ന് അല്ലാഹു മഴ ചൊരിഞ്ഞു തന്നിട്ട് നിര്‍ജീവാവസ്ഥക്കു ശേഷം ഭൂമിക്ക് അതുമുഖേന ജീവന്‍ നല്‍കിയതിലും കാറ്റുകളുടെ ഗതിക്രമത്തിലും ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്; തീര്‍ച്ച'' (ക്വുര്‍ആന്‍ 2:164). 

പ്രപഞ്ചത്തിലെയും പ്രകൃതിയിലെയും വിവിധ ഘടകങ്ങളെയും ക്രമീകരണങ്ങളെയും സൃഷ്ടിപ്പിലെയും വിതാനത്തിലെയും വൈവിധ്യങ്ങളെയും എടുത്തുപറഞ്ഞുകൊണ്ട് (ഈ പ്രതിഭാസങ്ങള്‍ക്കു പിന്നിലെ സൃഷ്ടികര്‍ത്താവിന്റെ വൈഭവപൂര്‍ണമായ ഇടപെടല്‍ ഓര്‍മിപ്പിച്ചുകൊണ്ട്) വ്യക്തികളെ സത്യവിശ്വാസം സ്വീകരിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുകയാണ് ക്വുര്‍ആന്‍.

''സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും അതിന് ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന് വേണ്ടി. യഥാര്‍ഥ മുറപ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാകുന്ന ആളുകള്‍ക്കു വേണ്ടി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുന്നു. തീര്‍ച്ചയായും രാപ്പകലുകള്‍ വ്യത്യാസപ്പെടുന്നതിലും, ആകാശങ്ങളിലും ഭൂമിയിലും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളവയിലും പല തെളിവുകളുമുണ്ട്'' (ക്വുര്‍ആന്‍ 10:5-6).

''ആകാശങ്ങളും ഭൂമിയും അല്ലാഹു ശരിയായ ക്രമത്തിലാണ് സൃഷ്ടിച്ചുള്ളതെന്ന് നീ കണ്ടില്ലേ?...'' (ക്വുര്‍ആന്‍ 14:19-2). 

അറിവിന്റെ അക്ഷയഖനികള്‍ നിറഞ്ഞതാണ് പ്രപഞ്ചം. അതില്‍നിന്നും ഓരോ മുത്ത് കണ്ടെടുക്കുമ്പോഴും പ്രപഞ്ച നാഥനെയും അവന്റെ നിസ്തുലമായ കഴിവുകളെയും കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. കുറ്റമറ്റ രീതിയിലുള്ള ഓരോ സ്ഥൂല-സൂക്ഷ്മ ജീവിയുടെയും സകല വസ്തുക്കളുടെയും സൃഷ്ടിപ്പിനു പിന്നില്‍ ആകസ്മികതയോ യാദൃച്ഛികതയോ അല്ലെന്നും സുക്ഷ്മജ്ഞാനിയും സര്‍വശക്തനുമായ ഒരുവന്റെ കരങ്ങളാണെന്നും കണ്ടെത്താന്‍ ചിന്താശേഷി ഉപയോഗിക്കുന്നവര്‍ക്ക് കഴിയുമെന്നതിനാലാണ് ക്വുര്‍ആനിലൂടെ അനേക തവണ ചിന്തിക്കുവാനും ഉറ്റാലോചിക്കുവാനും അല്ലാഹു ആഹ്വാനം ചെയ്തിരിക്കുന്നത്.