ഓര്‍മിക്കാന്‍ മറക്കാതിരിക്കുക

പത്രാധിപർ

2018 ശവ്വാല്‍ 16 1439 ജൂണ്‍ 30

'ആറു വയസ്സുകാരന്‍ ഒരു വര്‍ഷംകൊണ്ട് ക്വുര്‍ആന്‍ മനഃപാഠമാക്കി,' 'എത്ര സങ്കീര്‍ണമായ കണക്കിലെ ചോദ്യങ്ങള്‍ക്കും സെക്കന്റുകള്‍ക്കകം ഉത്തരം പറയുന്ന ബാലന്‍'... ഇങ്ങനെ അപാരമായ ഓര്‍മശക്തിയുള്ളവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നാം അത്ഭുതപ്പെടാറുണ്ട്. എങ്ങനെയാണിതിന് സാധിക്കുന്നത് എന്ന് ചിന്തിച്ച് വിസ്മയംകൊള്ളാറുണ്ട്.

കാണുന്നതും കേള്‍ക്കുന്നതും വായിക്കുന്നതും അനുഭവിച്ചറിയുന്നതുമെല്ലാം ബോധേന്ദ്രിയങ്ങളിലുടെ മസ്തിഷ്‌ക കേന്ദ്രത്തില്‍ ശേഖരിക്കാനും വേണ്ടപ്പോള്‍ പുറത്തെടുക്കാനും മനുഷ്യനെ പ്രാപ്തനാക്കുന്നത് ഓര്‍മശക്തി എന്ന ഗുണവിശേഷമാണ്.

ദൈനംദിന ജീവിതത്തിലെ സംഭവപരമ്പരകളുടെ വിശദാംശങ്ങളെല്ലാം അതേപടി ഓര്‍മിക്കാന്‍ ആര്‍ക്കും കഴിഞ്ഞെന്നുവരില്ല. നമുക്ക് പ്രധാനമെന്ന് തോന്നുന്നത് നമ്മുടെ ഓര്‍മയില്‍ സ്ഥലംപിടിക്കുന്നു. പ്രധാനമല്ലാത്തതിന് സ്ഥലം ലഭിക്കുന്നില്ല. അവ വിസ്മരിക്കപ്പെടുന്നു. പ്രധാനവും അപ്രധാനവും എന്ന വിവേചനം ആരംഭിക്കുന്നതോടെ ഓര്‍മ എന്ന വിസ്മയകരമായ പ്രതിഭാസം ഉടലെടുക്കുന്നു. നാം പ്രാധാന്യം കല്‍പിക്കുന്ന അനുഭവങ്ങളും സംഭവങ്ങളും വാര്‍ത്തകളും അറിവുകളും അതിവേഗം മസ്തിഷ്‌ക കേന്ദ്രങ്ങളില്‍ റിക്കാര്‍ഡ് ചെയ്യപ്പെടുന്നു. മറ്റുള്ളവ അതേവേഗത്തില്‍ തിരസ്‌കരിക്കപ്പെടുകയും ചെയ്യുന്നു.

ഓര്‍മ രണ്ടുവിധത്തിലുണ്ട്. നീണ്ടുനില്‍ക്കാത്തതും നീണ്ടുനില്‍ക്കുന്നതും. ദൈനംദിന സംഭവങ്ങളിലെ ബഹുഭൂരിപക്ഷം അനുഭവങ്ങളും നീണ്ടുനില്‍ക്കാത്ത ഓര്‍മകളുടെ വിഭാഗത്തില്‍ പെടുന്നവയാണ്. മസ്തിഷ്‌ക കേന്ദ്രത്തില്‍ റിക്കാര്‍ഡ് ചെയ്യപ്പെട്ട് ഏതാനും മിനുട്ടുകളോ മണിക്കൂറുകളോ കഴിയുമ്പോള്‍ നീണ്ടുനില്‍ക്കാത്ത ഓര്‍മ മാഞ്ഞുപോകുന്നു. അനുഭവങ്ങളില്‍ പ്രത്യേകതയുള്ള ചിലത് മാത്രം ദീര്‍ഘകാല ഓര്‍മയുടെ വിഭാഗത്തിലേക്ക് ചെല്ലുന്നു.

മനസ്സിലാക്കിയ കാര്യം വീണ്ടുംവീണ്ടും ഓര്‍മിക്കുന്നത് അക്കാര്യത്തെക്കുറിച്ചുള്ള ദൃഢവും ശക്തവുമാക്കാന്‍ ഉപകരിക്കും. ആവര്‍ത്തിച്ച് ഓര്‍മിക്കാനുള്ള പ്രേരണ വിഷയത്തോടുള്ള ആഭിമുഖ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഓര്‍മയും താല്‍പര്യവും ബന്ധപ്പെട്ടിരിക്കുന്നു എന്നര്‍ഥം. പരീക്ഷക്ക് വേണ്ടി മാത്രം പഠിച്ചത് പരീക്ഷ കഴിഞ്ഞാല്‍ വിസ്മൃതമാകും. ക്വുര്‍ആന്‍ മനഃപാഠമാക്കാന്‍ തുനിഞ്ഞിറങ്ങിയ ഒരാള്‍ക്ക് ആ വിഷയത്തോടുള്ള താല്‍പര്യം വലുതായിരിക്കും. അതുകൊണ്ട് തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പാരായണം ചെയ്യാനും എപ്പോള്‍ വേണമെങ്കിലും ഓര്‍ത്തെടുത്ത് പാരായണം ചെയ്യാന്‍ കഴിയുന്ന രൂപത്തില്‍ മനസ്സില്‍ അത് കൊത്തിവെക്കാനും അയാള്‍ പരിശ്രമിച്ചുകൊണ്ടിരിക്കും.

പഠിച്ചത് ഓര്‍ത്തെടുക്കാന്‍ സാധിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്? ഓര്‍മയും മറവിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. പല കാരണങ്ങള്‍ കൊണ്ട് മറവി സംഭവിക്കാം. ഒരിക്കല്‍ അറിഞ്ഞ കാര്യം പിന്നീടൊരിക്കലും ഉപയോഗിക്കാത്തത് കൊണ്ടോ ഓര്‍മകള്‍ തമ്മിലുള്ള അസാമാന്യമായ ഏകഭാവം സൃഷ്ടിക്കുന്ന സങ്കീര്‍ണത കൊണ്ടോ മറവി സംഭവിക്കാം. മനഃപാഠമാക്കിയത് ഇടയ്ക്കിടയ്ക്ക് പുതുക്കിയില്ലെങ്കില്‍ പാടെ മറന്നുപോകാന്‍ കാരണമാകും.

ഒരിക്കല്‍ ഓര്‍മയിലുദിച്ച ഒന്നിനെ പിന്നീട് തിരിച്ചറിയുന്നതില്‍നിന്ന് തടയുവാന്‍ മാനസിക വികാരങ്ങള്‍ക്ക് ശക്തിയുണ്ട്. ഭയം, ഉത്കണ്ഠ, വെറുപ്പ്, വിദേ്വഷം, അസൂയ തുടങ്ങിയ വൈകാരിക ഭാവങ്ങള്‍ സ്മൃതിപഥത്തില്‍ കടന്നുകൂടിയാല്‍ ഓര്‍മയെ വികലമാക്കും. മനസ്സ് ശുദ്ധമെങ്കില്‍ ഓര്‍മയും തെളിഞ്ഞതായിരിക്കും. എല്ലാറ്റിലുമുപരി സര്‍വശക്തനായ സ്രഷ്ടാവിന്റെ തീരുമാനം മാത്രമെ നടപ്പിലാകൂ എന്ന് നാം തിരിച്ചറിയുക.

''അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. പിന്നീട് അവന്‍ നിങ്ങളെ മരിപ്പിക്കുന്നു. നിങ്ങളില്‍ ചിലര്‍ ഏറ്റവും അവശമായ പ്രായത്തിലേക്ക് തള്ളപ്പെടുന്നു; (പലതും) അറിഞ്ഞതിന് ശേഷം യാതൊന്നും അറിയാത്ത അവസ്ഥയില്‍ എത്തത്തക്കവണ്ണം. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ കഴിവുമുള്ളവനുമാകുന്നു(ക്വുര്‍ആന്‍ 16:70).