പ്രവാചകനെ അനുസരിച്ച് സ്‌നേഹം പ്രകടിപ്പിക്കുക

പത്രാധിപർ

2018 നവംബര്‍ 24 1440 റബിഉല്‍ അവ്വല്‍ 16

മുഹമ്മദ് നബിﷺയെ അനുസരിച്ച് അദ്ദേഹത്തെ പിന്‍പറ്റി ജീവിക്കല്‍ ഒരു സത്യവിശ്വാസിയുടെ ബാധ്യതയാണ്. പ്രവാചകനെ ഒഴിവാക്കി അല്ലാഹുവിനെ അനുസരിക്കുക സാധ്യമല്ല. ലോകരുടെ മാതൃകാ പുരുഷനാണ് അദ്ദേഹം. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്...''(ക്വുര്‍ആന്‍ 33:21).

മനുഷ്യരാശിയുടെ മാര്‍ഗദര്‍ശനത്തിനായി അയക്കപ്പെട്ട ദൈവദൂതന്‍ എന്ന നിലയിലുള്ള സവിശേഷമായ അനുസരണമാണത്. വിശ്വാസികള്‍ പ്രവാചകനെ അനുസരിക്കേണ്ടതിന്റെ അനിവാര്യതയിലേക്ക് വെളിച്ചം വീശുന്ന നിരവധി വചനങ്ങള്‍ വിശുദ്ധ ക്വുര്‍ആനില്‍ കാണാം. 

''(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ, പറയുക: നിങ്ങള്‍ നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍...'' (ക്വുര്‍ആന്‍ 3:31-32).

പ്രവാചകനെ അനുസരിക്കല്‍ വിശ്വാസിയുടെ ബാധ്യതയാകുമ്പോള്‍ അനുസരിക്കാതിരിക്കല്‍ അവിശ്വാസത്തിന്റെ ലക്ഷണവും പരലോക ശിക്ഷക്കു വിധേയമാക്കുന്നതുമാണ്. 

ഉന്നതമായ സ്വഭാവ ഗുണങ്ങളുള്ള വ്യക്തിയായിട്ടാണ് വിശുദ്ധ ക്വുര്‍ആന്‍ പ്രവാചകനെ പരിചയപ്പെടുത്തിയിരിക്കുന്നത്. അല്‍പം പോലും തിന്‍മ കലര്‍ന്നിട്ടില്ലാത്ത ആ സ്വഭാവ വിശുദ്ധി മാനവരാശിക്ക് മാര്‍ഗദര്‍ശനമേകുന്ന അനന്യമായ ഒരു മാതൃകാ സ്വഭാവമാണ്. മുഹമ്മദ് നബിﷺയെയും അദ്ദേഹത്തെ പിന്‍തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്വഭാവ ഗുണങ്ങള്‍ അനുവര്‍ത്തിച്ച വിശ്വാസികളെയും ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. സ്വഭാവ ശീലങ്ങളിലെ കാര്‍ക്കശ്യത്തിലും ലീനത്വത്തിലുമെല്ലാം പ്രവാചകനും അനുയായികളും പിന്‍തുടര്‍ന്നിരുന്നത് ദൈവിക മാര്‍ഗദര്‍ശനത്തിന്റെ കൃത്യമായ പാതയായിരുന്നു. അതിനാല്‍ ചില നിഷേധ സ്വഭാവക്കാരോട് കര്‍ക്കശ്യം കാണിക്കേണ്ടി വന്നിട്ടുള്ള കാര്യം ക്വുര്‍ആന്‍ എടുത്തുപറയുന്നുണ്ട്. പ്രവാചകന്‍ﷺ ആരോടെങ്കിലും കാര്‍ക്കശ്യമായി പെരുമാറിയിട്ടുണ്ടെങ്കില്‍ അത് മാനവരാശിയുടെ നന്‍മക്കായുള്ള ഒരു നീതിയുക്ത നടപടി മാത്രമായിരുന്നു. അതില്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് യാതൊരു ഇടവുമില്ലായിരുന്നു. ക്വുര്‍ആന്‍ പറയുന്നു:

''തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു'' (ക്വുര്‍ആന്‍ 68:4). ''(നബിയേ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞുപോയിക്കളയുമായിരുന്നു...''(ക്വുര്‍ആന്‍ 31:159).

അന്ത്യദൂതരുടെ ആഗമനം മാനവരാശിക്ക് അനുഗ്രഹമാണ് എന്നാണ് ക്വുര്‍ആന്‍ പറയുന്നത്. കാരണം, സ്രഷ്ടാവ് ആഗ്രഹിക്കുന്ന മാര്‍ഗത്തില്‍ ചരിക്കേണ്ട മനുഷ്യന് ആ മാര്‍ഗം ഏതെന്ന് കാണിച്ചുകൊടുക്കല്‍ ഏറ്റവും വലിയ അനുഗ്രഹം തന്നെയാണ്.

''...എന്റെ അനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തരുവാനും നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കുവാനും വേണ്ടിയാണിതെല്ലാം. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പിച്ച് തരികയും നിങ്ങളെ സംസ്‌കരിക്കുകയും നിങ്ങള്‍ക്ക് വേദവും വിജ്ഞാനവും പഠിപ്പിച്ചുതരികയും നിങ്ങള്‍ക്കറിവില്ലാത്തത് നിങ്ങള്‍ക്കറിയിച്ചു തരികയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിങ്ങളിലേക്ക് നാം നിയോഗിച്ചത് (വഴി നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം) പോലെത്തന്നെയാകുന്നു ഇതും''(2:150-151).

ഈ മഹാനായ ദൈവദൂതന്റെ ചര്യകള്‍ പിന്‍പറ്റി ജീവിക്കലാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്നതിന്റെ ശരിയായ മാര്‍ഗം. അത് ഒരു പ്രത്യേക മാസത്തിലോ ദിവസത്തിലോ ഒതുക്കേണ്ട സ്‌നേഹമല്ല; മരണംവരെ തുടരേണ്ടതാണ്.